Current Date

Search
Close this search box.
Search
Close this search box.

‘നഗര നക്‌സലിസം’ പുതിയ രാഷ്ട്രീയായുധം സൃഷ്ടിക്കപ്പെടുന്നു

ആഗസ്റ്റ് 28ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് അഞ്ചു ഇന്ത്യന്‍ പൗരന്‍മാരെ പൂണെ പോലിസ് അറസ്റ്റ് ചെയ്യുകയും മറ്റു നാലു പേരുടെ വീടുകളില്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തുകയും ചെയ്ത സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. മനുഷ്യാവകാശ അഭിഭാഷകരും സാമൂഹ്യപ്രവര്‍ത്തകരും പണ്ഡിതന്‍മാരും കവികളും അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെല്ലാം തന്നെ ദലിതര്‍ക്കും ആദിവാസികള്‍ക്കും രാഷ്ട്രീയതടവുകാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരുമാണ്. ഭീകരവിരുദ്ധ നിയമത്തിന്റെയും യു.എ.പി.എയുടെയും വകുപ്പുകളാണ് അവര്‍ക്കു മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. കൂടാതെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റവും ചാര്‍ത്തപ്പെട്ടിട്ടുണ്ട്. ജനുവരി ഒന്നിന് പൂണെക്ക് സമീപമുള്ള ഭീമ കൊറേഗാവില്‍ പൊട്ടിപ്പുറപ്പെട്ട ജാതി അതിക്രമത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തപ്പെട്ട പൊതുയോഗവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പോലീസ് അറസ്റ്റിന് കാരണം.

‘നഗര നക്‌സലുകള്‍’ (Urban Naxal) എന്ന പുതിയ പൊതുശത്രുവിനെ സൃഷ്ടിക്കാനുള്ള ഭരണകൂട ഗൂഢാലോചനയുടെ ഭാഗം തന്നെയാണ് ഇപ്പോഴത്തെ അറസ്റ്റുകള്‍. പൂണെയില്‍ പൊതുയോഗം സംഘടിപ്പിക്കുന്നതില്‍ പങ്കുള്ള ‘ഉന്നത നഗര മാവോയിസ്റ്റ് പ്രവര്‍ത്തരാണ്’ അറസ്റ്റിലായിരിക്കുന്നത് എന്നാണ് പൂണെ പോലിസിന്റെ അവകാശവാദം. ജൂണില്‍ നടന്ന ആദ്യഘട്ട അറസ്റ്റിന്റെ തുടര്‍ച്ചയാണിത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരു അഭിഭാഷകനും ഇംഗ്ലീഷ് പ്രൊഫസറും പത്രാധിപരും ഉള്‍പ്പെടും. ശേഷം, പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരാണ് അറസ്റ്റു ചെയ്യപ്പെട്ടതെന്ന തങ്ങളുടെ ഭാഷ്യം സമര്‍ഥിക്കാന്‍ ഒരു അജ്ഞാത കത്തും പോലിസ് അവതരിപ്പിക്കുകയുണ്ടായി. തൊട്ടടുത്ത മാസം തന്നെ, മറ്റൊരു കത്തിനെ കുറിച്ചുള്ള ഫഌഷ് ന്യൂസുമായി അര്‍നാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി രംഗപ്രവേശനം ചെയ്തു. ചൊവ്വാഴ്ച്ച അറസ്റ്റു ചെയ്യപ്പെട്ട സുധ ഭരദ്വാജിന്റെ പേരിലുള്ളതായിരുന്നു പ്രസ്തുത കത്ത്. നഗര നക്‌സലുകളും കശ്മീരി വിഘടനവാദികളും തമ്മിലുള്ള ബന്ധത്തിന് തെളിവാണ് ആ കത്തെന്നായിരുന്നു ചാനലിന്റെ അവകാശവാദം. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെളിവുകളുടെ പിന്‍ബലമില്ലാത്തതുമാണെന്ന് ഭരദ്വാജ് പ്രതികരിച്ചിരുന്നു.

പക്ഷേ ആരാണ് എന്താണ് യഥാര്‍ഥത്തില്‍ ‘നഗര നക്‌സല്‍’? 2017 മെയ് മാസത്തില്‍, ‘സ്വരാജ്യ’ മാഗസിനില്‍ പ്രസിദ്ധീകരിച്ച സിനിമാനിര്‍മാതാവ് വിവേക് അഗ്നിഹോത്രിയുടെ ലേഖനത്തില്‍, ‘നഗര നക്‌സലുകള്‍ എന്നു പറയുന്നത് നഗര ബുദ്ധിജീവികളും സാമൂഹ്യപ്രവര്‍ത്തകരുമാണെന്നും, അവര്‍ ഇന്ത്യയുടെ ‘അദൃശ്യ ശത്രു’ക്കളാണെന്നും, രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരാണെന്നും’ പറയുന്നുണ്ട്. ‘ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുരുതര ഭീഷണി ഉയര്‍ത്തുന്ന ‘അര്‍ദ്ധ മാവോയിസ്റ്റുകള്‍” എന്ന വിഭാഗത്തെ കുറിച്ച് ജൂണില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തിരുന്നു. ഭരണകൂട വിരുദ്ധ സായുധ കര്‍ഷക പ്രസ്ഥാനത്തെയും ഭരണകൂടത്തിനെതിരെ ചോദ്യങ്ങള്‍ ചോദിക്കുന്നവരെയും പരസ്പരം ബന്ധിപ്പിക്കുന്ന പദസൃഷ്ടിയാണ് ഇതിലൂടെ നടത്തപ്പെടുന്നത്. നക്‌സലിസം എന്ന സംജ്ഞയെ കാടുകളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും പുറത്തുകൊണ്ടുവന്ന്, നഗരങ്ങളിലെ ടെലിവിഷന്‍ സ്റ്റുഡിയോകളില്‍ ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നവരുടെ മേല്‍ മുദ്രണം ചെയ്ത്, അവര്‍ നഗരപ്രേക്ഷകരുടെ ജീവനും നഗരാന്തരീക്ഷത്തിനും ഭീഷണിയാണെന്ന് അവതരിപ്പിക്കുന്ന ഒരു വ്യവഹാരം ഇവിടെ ശക്തിപ്പെട്ടുവരികയാണ്. ‘ദേശവിരുദ്ധര്‍’ എന്ന പദം ഇത്തരത്തിലാണ് ഭയമുല്‍പാദിപ്പിക്കുന്ന ഒരു ഭീകരപദമായി മാറിയത്.

എല്ലാതരത്തിലുള്ള എതിര്‍ശബ്ദങ്ങളെയും നിശബ്ദമാക്കാനും അപകീര്‍ത്തിപ്പെടുത്താനും ക്രിമിനല്‍വല്‍കരിക്കാനും ഈ പ്രക്രിയയിലൂടെ സാധിക്കും. ഇവിടെ ഇപ്പോള്‍ ഭീമ കൊറേഗാവിലെ ദലിത് പ്രതിഷേധങ്ങളാണ് ‘നഗര നക്‌സല്‍’ എന്ന പദത്തിന്റെ സൃഷ്ടിപ്പിന് കാരണമായി ഭവിച്ചത്. പെഷ്‌വാ സൈന്യത്തിനെതിരെ താഴ്ന്ന ജാതിയില്‍പെട്ട മഹാര്‍ സൈന്യം വിജയം വരിച്ചതിന്റെ വാര്‍ഷികാഘോഷങ്ങള്‍ എല്ലാവര്‍ഷവും നടത്തപ്പെടാറുണ്ട്. രാജ്യത്തുടനീളമുള്ള മഹാറുകളെയും ദലിതരെയും സംബന്ധിച്ചിടത്തോളം, ജാതി അതിക്രമത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ആദ്യപടിയാണ് പ്രസ്തുത യുദ്ധവിജയം. മുഖ്യധാര ദേശീയ ചരിത്രാഖ്യാനങ്ങള്‍ ബോധപൂര്‍വ്വം മറന്നുകളഞ്ഞ പെഷ്‌വകള്‍ തങ്ങളോട് ചെയ്ത അതിക്രൂരമായ അതിക്രമങ്ങള്‍ മറവിക്ക് വിട്ടുകൊടുക്കാതിരിക്കാനും, തങ്ങളുടെ ചരിത്രം തിരിച്ചുപിടിക്കാനും, ജാതി ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താനുമാണ് ദലിതര്‍ എല്ലാവര്‍ഷവും യുദ്ധവിജയത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം അതിന്റെ 200-ാം വാര്‍ഷികമായിരുന്നു. ഇതാണ് മറാത്തകളും ദലിതുകളും തമ്മിലുള്ള സംഘട്ടനത്തിലേക്ക് നയിച്ചത്. ദലിത് വിരുദ്ധ അതിക്രമത്തിന്റെ പേരില്‍ ഹിന്ദുത്വ സംഘങ്ങള്‍ക്കെതിരെ ആദ്യഘട്ടത്തില്‍ പോലിസ് കേസ് ഫയല്‍ ചെയ്തിരുന്നെങ്കിലും ആരും തന്നെ അറസ്റ്റ് ചെയ്യപ്പെട്ടില്ല. പകരം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദലിത് പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുത്ത ഡിസംബര്‍ 31-ന് സംഘടിപ്പിച്ച പൊതുയോഗമാണ് അക്രമത്തിന് കാരണമെന്ന് പോലിസ് വിധിച്ചു. ദലിതര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ട ഹിന്ദുത്വ ഭീകരരെ ഒഴിവാക്കി, അക്രമത്തിന് ഇരയായ ദലിതരെയും അവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ സാമൂഹിക പ്രവര്‍ത്തകരെയും വേട്ടയാടുന്ന സമീപനമാണ് പോലിസ് സ്വീകരിച്ചത്.

തികച്ചും ജനാധിപത്യവിരുദ്ധമായ നിലപാടുകളിലൂടെ മുന്നോട്ടുപോകുന്ന ബി.ജെ.പി ഇതിന് വലിയ വിലകൊടുക്കേണ്ടി വരും. ഒരുപക്ഷേ ഹിന്ദു ദേശീയവാദികളുടെ വോട്ടുബാങ്ക് സുരക്ഷിതമാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞേക്കുമെങ്കിലും, 2014-ലെ ലോകസഭ തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ദലിതരെ ബി.ജെ.പി വിരുദ്ധരാക്കി മാറ്റാന്‍ അവരുടെ ദലിത് വിരുദ്ധ നിലപാടുകള്‍ കാരണമായിട്ടുണ്ട്. ബി.എസ്.പിയുടെയും കോണ്‍ഗ്രസ്സിന്റെയും വോട്ടുബാങ്കുകളില്‍ കാര്യമായ വിള്ളലുകള്‍ വീഴ്ത്താന്‍ അന്ന് ബി.ജെ.പിക്ക് സാധിച്ചിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദലിതര്‍ക്കെതിരെ അരങ്ങേറി കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്ക് നേരെ കേന്ദ്ര ഗവണ്‍മെന്റ് മൗനം പാലിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യം ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള ബദല്‍ രാഷ്ട്രീയം ഉയര്‍ന്നുവരേണ്ടത് ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ തകര്‍ച്ചക്കും ജനാധിപത്യ മൂല്യങ്ങളും പുനഃസ്ഥാപനത്തിനും അനിവാര്യമാണ്.

വിവ. ഇര്‍ശാദ് കാളാചാല്‍
അവലംബം : Scroll.in

 

Related Articles