Current Date

Search
Close this search box.
Search
Close this search box.

സ്വാതന്ത്ര്യത്തിന്റെ പേരില്‍ ലോകത്തെ അടിമകളാക്കുന്നവര്‍

സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്. സ്വാതന്ത്ര്യത്തിന് വേണ്ടി മനുഷ്യര്‍ തങ്ങളുടെ രക്തം, ജീവന്‍, സമ്പത്ത്, ഭവനം തുടങ്ങി വിലപ്പെട്ടതെല്ലാം അര്‍പ്പിക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി ഇന്നും രക്തരൂക്ഷിത സംഘട്ടനങ്ങളിലും യുദ്ധത്തിലും ഏര്‍പ്പെടുന്ന സമൂഹങ്ങളുമുണ്ട്.

ഇസ്‌ലാമിക ചരിത്രം സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മഹിതമായ മാതൃകകളാല്‍ സമ്പുഷ്ടമാണ്. ബദര്‍, ഉഹ്ദ്, ഹവാസിന്‍, മുഅ്ത തുടങ്ങിയവ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള രക്തരൂക്ഷിത സംഘട്ടനങ്ങളില്‍ ചിലതുമാത്രമാണ്.

വിശ്വാസ സ്വാതന്ത്ര്യത്തിന് വേണ്ടി ബഹുദൈവാരാധകരോട് നടത്തിയ സമരപോരാട്ടങ്ങള്‍, ചിന്താപരവും ധാര്‍മികവുമായ ഔന്നിത്യം നേടിയെടുക്കാന്‍ വേണ്ടിയുള്ള പോരാട്ടങ്ങള്‍, അടിസ്ഥാനാവശ്യങ്ങള്‍ പോലും തടഞ്ഞുവെക്കപ്പെട്ട ഭൂരിപക്ഷം വരുന്ന ദരിദ്രര്‍ക്കും അഗതികള്‍ക്കും തങ്ങളുടെ അവകാശങ്ങള്‍ തിരിച്ചുപിടിച്ചു മാന്യമായ ജീവിതം നയിക്കാന്‍ വേണ്ടി നടത്തിയ പോരാട്ടങ്ങള്‍, ഭൗതിക പ്രമത്തതയില്‍ നിന്നും സുഖലോലുപതയില്‍ നിന്നും ദേഹേഛയില്‍ നിന്നും മുക്തിനേടാനുള്ള പോരാട്ടങ്ങള്‍ ഇവയെല്ലാം സ്വാതന്ത്ര്യത്തിന്റെ വിശാലാര്‍ഥത്തില്‍ പെടുന്നു.

ഖാദിസിയ്യ, യര്‍മൂക്ക്, അലക്‌സാണ്ട്രിയ, ഖൈറുവാന്‍ തുടങ്ങിയവയെല്ലാം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ പ്രധാനമാണ്. ജനതയെ അജഞതയില്‍ നിന്ന് മോചിപ്പിക്കാനും മുതലാളിത്തസേഛ്വാധിപത്യത്തിന് കീഴില്‍ അഭിമാനം ക്ഷതപ്പെട്ട ബഹുജനങ്ങളെ മോചിപ്പിക്കാനുള്ള പോരാട്ടങ്ങളും ഇതില്‍ പെടുന്നു. നമ്മുടെ രാഷ്ട്രത്തെയും ആദര്‍ശത്തെയും സംസ്‌കാരത്തെയും നാഗരികതയെയും തിരിച്ചുപിടിക്കാനുള്ള പോരാട്ടങ്ങളായിരുന്നു കുരിശുയുദ്ധങ്ങള്‍.

കോളനികളുടെ സേഛ്വാധിപത്യത്തില്‍ നിന്ന് തലമുറകളെ രക്ഷിക്കാനുള്ള പോരാട്ടങ്ങളായിരുന്നു ഹിംസിലേയും ഹുല്‍ബിലേയും പോരാട്ടങ്ങള്‍. ഫലസ്തീനിലും മൊറോകോയിലുമടക്കം എല്ലാ അറബ് ഇസ്‌ലാമിക പ്രവിശ്യകളും അധിനിവേശ ശക്തികളില്‍ നിന്ന് മോചിപ്പിക്കാനായുള്ള പോരാട്ടങ്ങളില്‍ നിരവധി പേര്‍ വീരരക്തസാക്ഷ്യം വരിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യസമരമെന്നു കേള്‍ക്കുമ്പോള്‍ രാഷ്ട്രീയമായ സ്വാതന്ത്ര്യമാണ് നമ്മുടെ മുമ്പില്‍ തെളിയുന്നത്. നിരവധി സമൂഹങ്ങള്‍ ഇന്നും അതിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. ഒരു പ്രബുദ്ധ സമൂഹത്തെ സംബന്ധിച്ചെടുത്തോളം ഇതിനുപുറമെ സ്വാതന്ത്ര്യത്തിനു വിശാലമായ തലങ്ങളാണുള്ളത്. വൈജ്ഞാനികവും ചിന്താപരവുമായ സ്വാതന്ത്ര്യം, ജോലി ചെയ്യാനും ഉപജീവനം തേടാനുമുള്ള സ്വാതന്ത്ര്യം തുടങ്ങിയ നിരവധി മേഖലകള്‍ ഇതിന്റെ വിശാല പരിപ്രേക്ഷ്യത്തില്‍ ഉള്‍പ്പെടുന്നതാണ്. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുന്നത് അന്ധവിശ്വാസത്തിനും അജ്ഞതക്കും എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണ്. അനാഥാലയങ്ങള്‍, അഭയകേന്ദ്രങ്ങള്‍, ആതുരാലയങ്ങള്‍ എന്നിവ നിര്‍മിക്കുന്നത് രോഗത്തിനും ഒറ്റപ്പെടലിനും എതിരെയുള്ള പോരാട്ടമാണ്. സാമൂഹിക സേവന സംരംഭങ്ങള്‍ ആരംഭിക്കുന്നത് ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണ്. പാര്‍ലമെന്റുകളും കൂടിയാലോചന സഭകളും രൂപപ്പെടുത്തുന്നത് ഏകാധിപത്യത്തിനും സേഛ്വാധിപത്യത്തിനും എതിരെയുള്ള പോരാട്ടമാണ്. രാഷ്ട്രത്തിലെ ഓരോ പൗരനും ആദരവ് ലഭിക്കുന്നത് ഉള്‍പ്പടെ സ്വാതന്ത്ര്യത്തിന്റെ തലങ്ങള്‍ വിശാലമാണ്. സ്വാതന്ത്ര്യത്തിന് എതിരെ നിലകൊള്ളുന്നത് എല്ലാ മതധാര്‍മിക നിയമ സംഹിതകളും വിലക്കുന്ന കാര്യമാണ്. പിന്നെ ആരാണ് ചിന്തിക്കാനും ഉപജീവനം തേടാനും ഭരണത്തിനുമുള്ള സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നത്? സമൂഹത്തിന്റെ സുരക്ഷക്ക് വിഘാതം നില്‍ക്കുന്ന കാര്യങ്ങള്‍ക്കെതിരെ എല്ലാ മാധ്യമങ്ങളും ഉപയോഗിച്ച് അന്ത്യനിമിഷം വരെ പോരാട്ടത്തിലേര്‍പ്പെടേണ്ടതുണ്ട്.

ഇസ്‌ലാമിക ശരീഅത്ത് അംഗീകരിച്ച സ്വാതന്ത്ര്യത്തിന്റെ ചക്രവാളം ഇതാണ്. നൂറ്റാണ്ടുകളായി നമ്മുടെ സമൂഹം നിലകൊള്ളുന്നതും ഇതിനു വേണ്ടിയാണ്. നമ്മുടെ നാടുകളില്‍ കോളനിഭരണം നടത്തുന്ന രാഷ്ട്രങ്ങളും തത്വത്തില്‍ അംഗീകരിച്ചതും ഭരണഘടനയില്‍ എഴുതിവെച്ചതും ഈ സ്വാതന്ത്ര്യം തന്നെയാണ്.

സ്വാതന്ത്ര്യത്തിന് ഇത്ര ഉദാത്തമായ ലക്ഷ്യങ്ങളുണ്ടെങ്കിലും ഇന്ന് അത് ചൂഷണത്തിനുള്ള ഉപകരണങ്ങളായി മാറിയിരിക്കുന്നു. പശ്ചാത്യന്‍ രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യം എന്നു പറയുന്നത് പൗരസ്ത്യദേശങ്ങളെ തങ്ങളുടെ അടിമത്തത്തിലാക്കി സാമ്പത്തികവും രാഷ്ട്രീയവുമായ തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കുക എന്നാണ്. ഫ്രാന്‍സിന്റെയും പോര്‍ച്ചുഗീസിന്റെയും ഡച്ചുകാരുടെയുമെല്ലാം സ്വാതന്ത്ര്യം ഇതുതന്നെയായിരുന്നു. അറബികളായ ഫലസ്തീനികളെ സ്വദേശത്ത് നിന്ന് ആട്ടിയോടിച്ച് ചട്ടമ്പി രാഷ്ട്രമായ ഇസ്രായേലിനെ സര്‍വായുധങ്ങളും പിന്തുണയും നല്‍കി അവിടെ കുടിയിരുത്തലാണ് അമേരിക്കയുടെ സ്വാതന്ത്ര്യ സങ്കല്‍പം. ഇറാന്റെ പെട്രോള്‍ ഉല്‍പന്നങ്ങളും അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ സ്വര്‍ണ്ണ ഖനിജങ്ങളും കീഴടക്കലും ജപ്പാന്റെ നിര്‍മാണശേഷിയെ തകര്‍ക്കലും ഏഷ്യന്‍ രാജ്യങ്ങളിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ നിര്‍വീര്യമാക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്. ഇപ്രകാരം സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്വാതന്ത്ര്യം കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നു. സ്വതന്ത്രലോകം എന്ന മുദ്രാവാക്യം ഉയര്‍ത്തി ലോകത്തെ തങ്ങളുടെ അടിമകളാക്കാന്‍ ശ്രമിക്കുകയാണ് അമേരിക്കയും പശ്ചാത്യന്‍ രാഷ്ട്രങ്ങളും ചെയ്യുന്നത്.

മൊഴിമാറ്റം: അബ്ദുല്‍ബാരി കടിയങ്ങാട്

Related Articles