Art & Literature

ഹലാൽ ലൗ സ്റ്റോറി നൽകുന്ന ദൃശ്യാനുഭവം

ഒത്തിരി കൗതുകത്തോടെയും ഇത്തിരി ആശങ്കകളോടെയുമാണ് ‘ഹലാൽ ലൗവ് സ്റ്റോറി’ കാണാനിരുന്നത്. സിനിമയുടെ പ്രമേയത്തെക്കുറിച്ച് അവ്യക്തമായ ചില ധാരണകൾ നേരത്തെ ഉണ്ടായിരുന്നു. തീർത്തും ലിബറലായ ഒരു സിനിമാ പരിസരത്ത് ഇത്തരം ഒരു പ്രമേയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതായിരുന്നു കൗതുകം; ആശങ്കയും. സിനിമയുടെ പേരിൽ നിന്ന് തുടങ്ങുന്നുണ്ട് ഈ ആശയക്കുഴപ്പം. സോദ്ദേശ സിനിമ നിർമിക്കാൻ ഒരുങ്ങുന്ന ഒരു മുസ്ലിം സംഘടനയുടെ പ്രവർത്തകർ (സംഘടന ജമാഅത്തെ ഇസ്ലാമി ആണെന്ന് മനസ്സിലാക്കാൻ പറ്റിയ ധാരാളം സൂചനകൾ സിനിമയിലുണ്ട്) അഭിമുഖീകരിക്കുന്ന ആദർശപരമായ ആത്മസംഘർഷങ്ങളെ മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് പറിച്ചുനടുക എന്ന വലിയ സാഹസത്തിനാണ് സംവിധായകൻ സകരിയ്യയും തിരക്കഥാകൃത്തുക്കളും ഒരുമ്പെട്ടിറങ്ങിയത്. സകരിയ്യയുടെ ആദ്യ സിനിമയായ ‘സുഡാനി’ യിലേത് പോലെയുള്ള സാർവലൗകികമായ ഒരു പ്രമേയമല്ല സിനിമ കൈകാര്യം ചെയ്യുന്നത് എന്നത് ഈ സാഹസത്തെ കൂടുതൽ സങ്കീർണമാക്കുന്നു. പൊതു സമൂഹത്തിലേക്ക് ഈ സിനിമ എങ്ങനെയാണ് വിനിമയം ചെയ്യപ്പെടുക എന്ന് പറയാനാവാനില്ലെങ്കിലും, സകരിയയുടെ സംവിധാന പ്രതിഭയിലുടെ മനം മടുപ്പില്ലാതെ കണ്ടിരിക്കാവുന്ന ഒരു ദൃശ്യാനുഭവമായി അത് മാറി എന്ന് നിസ്സംശയം പറയാം.

പുതിയ പ്രമേയങ്ങളെയും ജീവിത പരിസങ്ങളെയും അന്വേഷിക്കുന്ന ഇന്നത്തെ മലയാള സിനിമയിൽ ഇത്തരം ഒരു പ്രമേയത്തിന് എന്താണ് പ്രസക്തി എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. ഒരു സാധാരണ പ്രേക്ഷകന് ഇത് മത യാഥാസ്ഥിത കതയെ പരിഹസിക്കുന്ന സിനിമയായി അനുഭവപ്പെട്ടേക്കാം. അന്യരായ സ്ത്രീ പുരുഷൻമാർ ഇടകലർന്ന് അഭിനയിക്കുന്നത് ഒഴിവാക്കാൻ വേണ്ടി നായികാനായകൻമാർ ഭാര്യാ ഭർത്താക്കൻമാർ ആവണം എന്ന് നിർബന്ധം പിടിക്കുന്ന, ഭാര്യാ ഭർത്താക്കൻമാർ കെട്ടിപ്പിടിക്കുന്ന രംഗത്തെത്തച്ചൊല്ലി സംവിധായകനുമായി തർക്കിക്കുന്ന സംഘടനാ പ്രവർത്തകർ മലയാള സിനിമാ പ്രേക്ഷകർക്ക് വിചിത്രമായ കഥാപാത്രങ്ങളായി തോന്നാം. എന്നാൽ, ലിബറൽ മൂല്യവ്യവസ്ഥയിൽ തെറ്റിൻറെയും ശരിയുടെയും, ഹലാലിൻറെയും ഹറാമിൻറെയും പരിധികൾ പാലിച്ചുകൊണ്ട് ജീവിക്കാൻ പ്രതിജ്ഞാബദ്ധരായ ഒരു സമൂഹത്തിൻറെയും സിനിമയിൽ പോലും അത് നഗ്നമായി ലംഘിക്കപ്പെടാതിരിക്കാനുള്ള അവരുടെ കരുതലിൻറെയും വിമർശനാത്മകമായ കലാവിഷ്കാരമാണ് ഈ സിനിമ.

Also read: ഒരു മാതാവ് തന്റെ മകനെ അന്വേഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷമായി

സിനിമയെടുക്കാൻ ഇറങ്ങിത്തിരിക്കുന്ന മുസ്ലിം സംഘടനാ പ്രവർത്തകരുടെ ആശങ്കകകളുടെയും ആശയക്കുഴപ്പങ്ങളുടെയും നർമം നിറഞ്ഞ ദൃശ്യങ്ങളിലൂടെ മലയാള സിനിമക്ക് പരിചിതമല്ലാത്ത ഒരു ജീവിത പരിസരമാണ് ആവിഷ്കരിക്കപ്പെടുന്നത്‌. സിനിമ എന്ന ജനപ്രിയ മാധ്യമത്തിൻറെ സാധ്യതകൾ മനസ്സിലാക്കി, ‘ഇസ് ലാമിനെയും മുസ്ലിംകളെയും കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്താൻ വേണ്ടി ‘ സ്വന്തം ആദർശ പരിധികൾ പാലിച്ചുകൊണ്ട് സിനിമയെടുക്കാൻ ഒരുങ്ങുന്ന സംഘടനാ പ്രവർത്തകരുടെ പ്രതിസന്ധികൾ മറ്റൊരു തലത്തിൽ സിനിമയുടെ ലിബറൽ വാർപ്പ് മാതൃകകളെ നിരാകരിക്കുകയും പുതുവഴികൾ തേടുകയും ചെയ്യുന്നവരുടെ പ്രതിസന്ധികൾ കൂടിയായി മാറുന്നുണ്ട്. ക്ലൈമാക്സിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള കെട്ടിപ്പിടുത്തം ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ തർക്കത്തിനിടയിൽ സ്ക്രിപ്റ്റ് റൈറ്ററായി അഭിനയിക്കുന്ന തൗഫീഖ് ചോദിക്കുന്ന കനപ്പെട്ട ഒരു ചോദ്യമുണ്ട്: ‘സിനിമയിൽ ഒരു ഓപ്ഷൻ മാത്രമേ ഉള്ളൂ…. ഞങ്ങളെ പോലുള്ളവർക്ക് കാണാൻ പറ്റിയ സിനിമകളും വേണ്ടേ” എന്ന്. കെട്ടിപ്പിടിച്ചും കെട്ടിപ്പിടിക്കാതെയും കെട്ടിപ്പിടിത്തം ചിത്രീകരിക്കുന്ന മനോഹര രംഗം ഈ പ്രസ്താവനക്ക് മാറ്റ് കൂട്ടുന്നുമുണ്ട്.

അമേരിക്കൻ അധിനിവേശത്തിനെതിരെ മുസ് ലിം യുവാക്കൾ നടത്തുന്ന തെരുവ് പ്രതിഷേധത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. സാമാജ്യത്വത്തിനും മൃതലാളിത്തത്തിനുമെതിരെ ഇസ്‌ലാമിക പക്ഷത്ത് നിന്നുള്ള പ്രതികരണങ്ങളും പ്രതിഷേധങ്ങളും കേരളീയ സാമൂഹിക, രാഷ്ട്രീയ ജീവിതത്തിൻറെ ഭാഗമാണെങ്കിലും സിനിമയിൽ അത് ഇടതുപക്ഷത്തിന് മാത്രം അവകാശപ്പെട്ടതാണ്. സഖാവ് വിളികൾ കൊണ്ട് മുഖരിതമായ മലയാള സിനിമക്ക് സാഹിബ് വിളികൾ പരിചയപ്പെത്തുന്നു എന്ന കൗതുകവും ഈ സിനിമക്കുണ്ട്.

Also read: മുഗൾ കലിഗ്രഫി: മുസ്ലിം ഭരണാധികാരികളധികളുടെ പങ്ക്

സിനിമയെടുക്കാൻ ഇറങ്ങിയ സംഘടനാ പ്രവർത്തകരുടെ ഉദ്ദേശ ശുദ്ധി നിറഞ്ഞ നിഷ്കളങ്കതകൾക്ക് നേരെയുള്ള പരിഹാസങ്ങൾ സിനിമയിലെ ലിബറൽ കീഴ് വഴക്കങ്ങൾക്കെതിരായ പരിഹാസങ്ങൾ കൂടി ആയി മാറുന്നത് കാണാം. സിനിമക്ക് പൊതു സ്വീകാര്യത ലഭിക്കാൻ വേണ്ടി ഒരു ‘പൊതു ‘ സംവിധായകൻ അല്ലെ നല്ലത് എന്ന പ്രവർത്തകൻറെ ചോദ്യത്തിന് തൗഫീഖ് നൽകുന്ന മറുപടി ശ്രദ്ധേമാണ്: ‘സിറാജ് (സംവിധായകൻ) നമസ്കരിക്കാറില്ല. അപ്പോൾ തന്നെ പകുതി ‘പൊതു ‘ ആയി. പിന്നെ കുടിയും വലിയുമൊക്കെയുണ്ട്. അപ്പോൾ തീർത്തും ‘പൊതു’വായി’
സാധാരണ സിനിമയിൽ കാണുന്ന തരത്തിലുള്ള വൈകാരിക മുഹൂർത്തങ്ങളോ കഥാസന്ദർഭങ്ങളോ സിനിമയിൽ അധികം ഇല്ല എന്ന് പറയാം. സിനിമയെടുക്കാനുള്ള സംഘടനാ പ്രവർത്തകരുടെ വെപ്രാളങ്ങളിലൂടെ ആരംഭിക്കുന്ന സിനിമ ഭാര്യാഭർതൃബന്ധത്തിൻറെ മസൃണതയിലേക്കും സന്നിഗ്ദ്ധതകളിലക്കും ഭാവ സുന്ദരമായി വികസിക്കുന്നത് നല്ല ഒരനുഭവമായി മാറുന്നുണ്ട്. മതനിഷ്ഠ പുലർത്തുന്ന, നായികാനായകൻമാരായ ഭാര്യാ ഭർത്താക്കൻമാരുടെ ദാമ്പത്യ ജീവിതത്തിലെ മധുരമായ ചില പോറലുകളുടെ മറുപുറത്ത് മറ്റൊരു ജീവിത പരിസരത്ത് ജീവിക്കുന്ന സംവിധായകൻറെ ദാമ്പത്യ ജീവിതത്തിലെ തകർച്ച ആവിഷ്കരിക്കപ്പെടുന്നു. അഭിനയം ജീവിതമായി മാറുകയും സംവിധായകൻ സ്വയം മറന്ന് തൻറെ ദാമ്പത്യദുഖങ്ങൾ നായികാനായകൻമാരുടെ മുമ്പിൽ അവതരിപ്പിക്കുകയും ചെയുന്ന രംഗം അത്യന്തം ഹൃദയസ്പർശിയാണ്.

രണ്ട് തരം മുസ്ലിം സ്ത്രീ പ്രതിനിധാനങ്ങളാണ് മലയാള സിനിമക്ക് പരിചയമുള്ളത്. ഒന്ന് മത യാഥാസ്ഥിതികതയുടെ തടവുകാരിയായ, പർദയിൽ മൂടിയ അബലയായ മുസ് ലിം സ്ത്രീ. രണ്ട്, മതത്തിൻറെ ചട്ടക്കൂട് ഭേദിച്ച് പുറത്ത് കടക്കുന്ന ലിബറൽ, പുരോഗമന മുസ്ലിം സ്ത്രീ. ഇത് രണ്ടുമല്ലാത്ത, ആദർശനിഷ്ഠയുള്ള, സ്വന്തം സ്വത്വവും കർതൃത്വവും ഊന്നിപ്പറയുന്ന, തൻറേടവും നർമബോധവുമുള്ള, ഹിജാബ് ധാരിണിയായ മുസ് ലിം സ്ത്രീയെയാണ് സുഹ്റയിലൂടെ സിനിമ പരിചയപ്പെടുത്തുന്നത്. സിനിമയിലെ ഏറ്റവും മിഴിവാർന്ന കഥാപാത്രമാണ് സുഹ്റ.

Also read: നല്ല സ്വഭാവമുള്ളവർ ഏറ്റവും നല്ലവർ!

യാഥാസ്ഥിതികതയുടെയും തീവ്രവാദത്തിൻരെയും നിഗൂഢ മുദ്രകൾ ചാർത്തി അകറ്റി നിർത്തപ്പെടുന്ന മുസ്ലിം സംഘടനകളുടെ ആഭ്യന്തര ജീവിതത്തെയും സാമുഹിക ഇടപെടലുകളെയും മുഖ്യധാരാ സിനിമാഭാവുകത്വത്തിൻറെ സ്വാഭാവികതയിലേക്ക് കൊണ്ട് വരുന്നു എന്നതാണ് ഹലാൽ ലൗ സ്റ്റോറിയുടെ ഏറ്റവും ഗുണകരമായ വശം. സിനിമയിലെ ആക്ഷേപഹാസം സ്വയം ഏറ്റുവാങ്ങി പ്രേക്ഷകരോടൊപ്പം മനം തുറന്ന് ചിരിക്കാനുള്ള പ്രചോദനം സംഘടനാ ചട്ടക്കൂടിൽ ജീവിക്കുന്ന ഒരു കൂട്ടം ആസ്വാദകർക്ക് നൽകുന്നുവെന്നതും. സിനിമയിൽ അഭിനയിക്കാൻ വന്ന പ്രവർത്തകരെ ചിരിച്ചും കരഞ്ഞും അട്ടഹസിച്ചും കൂകിവിളിച്ചും അഭിനയം പഠിപ്പിക്കുന്ന രംഗം അത്യന്തം ആസ്വാദ്യകരവും പ്രതീകാത്മകവുമാണ്. സംഘടനയ്ക്കകത്തെ ഉദ്ബോധനവും ആത്മപരിശോധനാ ചാർട്ടും വരെ നിഷേധാത്മകമല്ലാത്ത രീതിയിൽ മലയാള സിനിമയിലെ പ്രതിപാദ്യങ്ങളായി മാറുന്നുവെന്നത് വലിയ കൗതുകം തന്നെയാണ്. ഒറ്റപ്പെട്ടതും സൂക്ഷ്മവുമായ ജീവിതാനുഭവങ്ങൾ സിനിമകളിലെ പ്രമേയമാവുന്ന കാലത്ത് ഈ സിനിമ അതിൻറെ വ്യത്യസ്തത കൊണ്ടു ശ്രദ്ധിക്കപ്പെടാൻ ധാരാളം സാധ്യതയുണ്ട്. ഇത്തരം ഒരു പ്രമേയം തെരഞ്ഞെടുക്കാൻ പ്രതിഭാധനനായ സംവിധായകനെയും അണിയറ ശിൽപികളെയും പ്രേരിപ്പിച്ച ഘടകവും ഇത് തന്നെയായിരിക്കണം. ഈ സിനിമ ഒന്നും ഒളിച്ചു കടത്തുന്നില്ല; ഒരു പുതിയ ജീവിത പരിസരത്തെയും അതിൻറെ ഭാവുകത്വങ്ങളെയും ഒളിക്കാതെ കടത്തുന്നുണ്ട്.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker