Current Date

Search
Close this search box.
Search
Close this search box.

ആ പാദചാരിയുടെ പാവനസ്മരണക്ക്

1918 ഡിസംബറിൽ ഞാൻ റാഞ്ചിയിൽ തർജുമാനുൽ ഖുർആൻ രചനാർഥം ഒരു വാടക വീട്ടിലായിരുന്നു ഒറ്റക്ക് താമസം. ഒരു ദിവസം ഇശാ നമസ്കാരം കഴിഞ്ഞ് പ്രാർത്ഥനകൾക്ക് ശേഷം പള്ളിയിൽ നിന്ന് പുറത്തിറങ്ങി വീട്ടിലേക്ക് തിരിച്ചു നടക്കുകയായിരുന്നു. പിന്നിൽ ഒരാളനക്കം,എന്റെ പുറകിൽ ആരോ വരുന്നുണ്ടെന്ന് എനിക്ക് തോന്നി. പിന്നിൽ കമ്പിളി ധരിച്ച് വിറച്ചു കൊണ്ട് ഒരു മനുഷ്യ രൂപം. ഞാൻ തിരിഞ്ഞു നിന്നു കൊണ്ട് അദ്ദേഹത്തോട് ചോദിച്ചു:
“നിങ്ങൾക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ?” ”
ആഗതൻ :”അതെ സർ, ഞാൻ വളരെ ദൂരെ നിന്നും ഇവിടെ എത്തിയത് താങ്കളെ കാണാൻ മാത്രമാണ്”
ഞാൻ :”എവിടെനിന്ന്? ”
ആഗതൻ :” അഫ്ഗാൻ അതിർത്തിയിൽ നിന്നും”
ഞാൻ :”എപ്പോഴാണ് നിങ്ങളിവിടെയെത്തിയത്?” ”
ആഗതൻ :”ഇന്ന് വൈകുന്നേരം എത്തിയതാണ്., ഞാൻ വളരെ ദരിദ്രനാണ്. കാന്തഹറിൽ നിന്ന് കാൽനടയായി ക്വറ്റയിലെത്തി. നാട്ടുകാരായ കുറച്ച് വ്യാപാരികൾ അവിടെയുണ്ടായിരുന്നു. അവർ എന്നെ താല്ക്കാലികമായി ജോലിക്കെടുത്ത് ആഗ്രയിലേക്ക് കൊണ്ടുപോയി. തുടർന്ന് ഞാൻ ആഗ്രയിൽ നിന്ന് കാൽനടയായി ഇവിടെയെത്തി.”
ഞാൻ: “ക്ഷമിക്കണം, നിങ്ങൾ എന്തിനാണ് ഇത്രയധികം കഷ്ടപ്പെട്ടത്?”
ആഗതൻ : “നിങ്ങളിൽ നിന്ന് വിശുദ്ധ ഖുർആനിലെ ചില ആശയങ്ങളും സന്ദർഭങ്ങളും മനസിലാക്കാൻ മാത്രം. ഞാൻ ഹിലാലിന്റെയും ബലാഗിന്റെയും (മൗലാനാ ആസാദിന്റെ പത്രാധിപത്വത്തിൽ ഇറങ്ങിയിരുന്ന രണ്ടു മാഗസിനുകൾ) സ്ഥിരം വായനക്കാരനാണ്. ഒരക്ഷരവും വിടാതെ ഞാനവ വായിക്കാറുണ്ട്.”

Also read: ആഇശയുടെ വിവാഹപ്രായവും വിമർശകരുടെ ഇരട്ടത്താപ്പും – 2

ആ മനുഷ്യൻ കുറച്ചുദിവസം എന്റെ കൂടെ താമസിച്ചു. ചില വിഷയങ്ങൾ ഞാനുമായി ചർച്ച ചെയ്തു.പിന്നീട് ഒരു സുപ്രഭാതത്തിൽ തിരിച്ചുപോയി. പോകുമ്പോൾ എന്നെ കാണാനൊന്നും നിന്നില്ല. മടക്കച്ചെലവിന് ഞാൻ പണം നൽകുമെന്ന് ഭയന്നാവും പാവം എന്നോട് പറയാതെ പോയത്. തന്റെ ഒരു ഭാരവും എന്റെ മേൽ ചുമത്താൻ അയാൾ ആഗ്രഹിച്ചിരുന്നില്ല. കാൽനടയായി തന്നെയാവണം ഈ ദൂരം മുഴുവൻ താണ്ടി തിരിച്ചു പോയിട്ടുണ്ടാവുക. അദ്ദേഹത്തിന് എന്ത് സംഭവിച്ചിരിക്കും?! പേര് പോലും എനിക്ക് ഓർമ്മയില്ല, ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് പോലും എനിക്കറിയില്ല. പക്ഷേ, എന്റെ ഓർമ്മ കൃത്യമായിരുന്നുവെങ്കിൽ ഞാൻ ഈ ഗ്രന്ഥത്തിന്റെ സമർപ്പണം അദ്ദേഹത്തിന്റെ പേരിലാക്കുമായിരുന്നു.

മൗലാനാ ആസാദ് ഒറ്റ നോട്ടത്തിൽ
ജനനത്തീയതി: 1888, നവംബർ 11
ജനന സ്ഥലം: മക്ക, സൗദി അറേബ്യ
മരണം: 1958, ഫെബ്രുവരി 22, ഡെൽഹി

(മൗലാന ആസാദിന്റെ തർജുമാനുൽ ഖുർആന്റെ ആമുഖത്തിൽ നിന്ന് )
സംഗ്രഹ വിവർത്തനം : ഹഫീദ് നദ്‌വി കൊച്ചി

 

Related Articles