Current Date

Search
Close this search box.
Search
Close this search box.

ശഹീദ് അബ്ദുല്‍ഖാദര്‍ ഔദ

കൊല മരത്തിന്റെ പ്ലാറ്റ്‌ഫോമില്‍ കയറി നിന്ന് അബ്ദുല്‍ഖാദര്‍ ഔദയുടെ ദൃഢസ്വരം മുഴങ്ങി. ‘യുദ്ധമുന്നണിയിലോ വിരിപ്പില്‍ കിടന്നോ, തടവുകാരനായോ, സ്വതന്ത്രനായോ, എങ്ങനെ മരിച്ചാലെന്ത്? ഞാന്‍ എന്റെ നാഥനായ അല്ലാഹുവിനെ കണ്ടുമുട്ടാന്‍ പോവുകയാണ്’.
ചുറ്റും കൂടിനിന്ന ഉദ്യോഗസ്ഥരെ നോക്കി. ‘എനിക്ക് ശഹാദത്ത് കനിഞ്ഞേകിയ അല്ലാഹുവിന് സര്‍വസ്തുതിയും. എന്റെ ഈ രക്തം സ്വേച്ഛാധിപതികള്‍ക്ക് മേല്‍ ശാപമായി പതിക്കും’.

വ്യക്തിചിത്രം
1906ലാണ് അബ്ദുല്‍ഖാദര്‍ ഔദയുടെ ജനനം.   1930ല്‍ കൈറോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദംനേടി. അഭിഭാഷകന്‍, പ്രോസിക്യൂട്ടര്‍, ന്യായാധിപന്‍, കൗണ്‍സില്‍ ജനറല്‍ എന്നീ നിലകളില്‍ ഔദ്യോഗിക ജീവിതം. നിയമവിഷയങ്ങളിലെ അവഗാഹവും നൈപുണിയും അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്ന ഘടകമാണ്. ജനറല്‍ മുജീബിന്റെ കാലത്ത് ഈജിപ്തിന്റെ ഭരണഘടന നിര്‍മാണസമിതിയില്‍ അംഗമായി. 1953ല്‍ ലിബിയയും അദ്ദേഹത്തെ ഭരണഘടന നിര്‍മാണസമിതിയില്‍ ഉള്‍പ്പെടുത്തി സേവനം ഉപയോഗപ്പെടുത്തി. ഇസ്‌ലാമിലെ ക്രിമിനല്‍ നിയമങ്ങളെ കുറിച്ച് അഗാധജ്ഞാനം നേടി.  1951ല്‍ ന്യായാധിപസ്ഥാനം രാജിവെച്ചശേഷം ഇഖ് വാനുല്‍ മുസ്‌ലിമൂനില്‍ സജീവമായി. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ സമുന്നത നേതാക്കളില്‍ ഇടംപിടിച്ച അദ്ദേഹം ഈജിപ്തിലെ ഏറ്റവും ജനസ്വാധീനമുള്ള നേതാക്കളിലൊരാളായി മാറി.

അത്തശ്‌രീഉല്‍ ജിനാഇയ്യ ഫില്‍ ഇസ്‌ലാം (ഇസ്‌ലാമിലെ ക്രിമിനല്‍ നിയമങ്ങള്‍), അല്‍ ഇസ്‌ലാം വ ഔദാഉനാ അല്‍-ഖാനൂനിയ്യ (ഇസ്‌ലാമും നമ്മുടെ നിയമവ്യവസ്ഥയും) അല്‍ ഇസ്‌ലാം ബൈന ജഹ്‌ലി അബ്‌നാഇഹി വ അജ്‌സി ഉലമാഇഹി (മതം ദുര്‍ബല ഹസ്തങ്ങളില്‍) തുടങ്ങിയവ അദ്ദേഹത്തിന്റെ ഈടുറ്റ ഗ്രന്ഥങ്ങളാണ്.

1954 ഡിസംബര്‍ ഒമ്പതിന് ജമാല്‍ അബ്ദുന്നാസിറിന്റെ ഭരണകൂടം ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ഉന്നതശീര്‍ഷരായ അഞ്ചുനേതാക്കളോടൊപ്പം അദ്ദേഹത്തെയും തൂക്കിലേറ്റി. ശൈഖ് മുഹമ്മദ് ഫര്‍ഗലി, യൂസുഫ് തല്‍അത്ത്, അഡ്വ. ഇബ്രാഹീം അത്വയ്യിബ്, അഡ്വ. ഹന്‍ദാവി ദുവൈര്‍, മഹ്മൂദ് അബ്ദുല്ലത്തീഫ് എന്നിവരാണ് ഔദയോടൊപ്പം ശഹീദായത്.

പശ്ചാത്തലം
ഇസ്‌ലാമിലെ ക്രിമിനല്‍ നിയമങ്ങളെ കുറിച്ച് അഗാധമായ അറിവ് നീതിന്യായരംഗത്തെ അബ്ദുല്‍ഖാദര്‍ ഔദയുടെ സേവനങ്ങള്‍ക്ക് കരുത്തുപകര്‍ന്നു. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ സമുന്നത നേതാവായ ഔദ സമകാലീന ഇസ്‌ലാമിക കര്‍മശാസ്ത്രരംഗത്തെ പ്രതിഭാശാലികളില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്നു. ഇസ്‌ലാമിക ശരീഅത്തിന്റെ പ്രയോഗവല്‍കരണത്തിന് ജീവിതം സമര്‍പ്പിച്ച മഹദ് വ്യക്തിത്വമായിരുന്നു ഔദ.

അബ്ദുല്‍ഖാദര്‍ ഔദയുടെ വധശിക്ഷക്ക് കാരണമായത് അദ്ദേഹം സ്വീകരിച്ച ഉറച്ച നിലപാടുകളായിരുന്നു. ഈജിപ്തിലെ പ്രസിഡന്റ് പദവിയില്‍ നിന്ന് കേണല്‍ മുഹമ്മദ് നജീബിനെ നീക്കാനുള്ള ഫ്രീ ഓഫീസേഴ്‌സ് ക്ലബ്ബിന്റെ തീരുമാനത്തിനെതിരെ ശക്തമായി നിലകൊണ്ട അബ്ദുല്‍ഖാദര്‍ ഔദ ജനസഹസ്രങ്ങളെ സംഘടിപ്പിക്കുകയും പ്രക്ഷോഭത്തിന് നേതൃത്വം ഏറ്റെടുത്ത് തീരുമാനം റദ്ദാക്കിക്കുകയും ചെയ്തു. ഈജിപ്തിന്റെ മണ്ണ് കണ്ടിട്ടില്ലാത്ത ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ ജമാല്‍ അബ്ദുന്നാസറിനോ അദ്ദേഹത്തിന്റെ മന്ത്രിസഭക്കോ ആയില്ല.

ഇന്ന് ലിബറേഷന്‍ സ്‌ക്വയര്‍ എന്നറിയപ്പെടുന്ന ഖസ്‌റുന്നീല്‍ മൈതാനത്താണ് അന്ന് അബ്ദുല്‍ഖാദര്‍ ഔദ ജനസഹസ്രത്തെ അഭിസംബോധന ചെയ്തത്. പ്രക്ഷോഭകാരികളായ ജനസഞ്ചയത്തോട് പിരിഞ്ഞുപോകാന്‍ പ്രസിഡന്റ് ജനറല്‍ നജീബ് പലവുരു ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്ത ഘട്ടത്തില്‍ ആബിദീന്‍ കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം ഒടുവില്‍ അബ്ദുല്‍ഖാദര്‍ ഔദയുടെ സഹായം തേടി. ഏതാനും അനുയായികളോടൊപ്പം ഇരമ്പിവന്ന ജീപ്പിന്റെ ബോണറ്റില്‍ കയറി അബ്ദുല്‍ഖാദര്‍ ഔദ ഒറ്റ വാക്കേ ഉച്ചരിച്ചുള്ളൂ. ഇന്‍സ്വരിഫൂ (നിങ്ങള്‍ പിരിഞ്ഞുപോകണം). നിമിഷനേരത്തിനുള്ളില്‍ പതിനായിരങ്ങള്‍ നിറഞ്ഞുനിന്ന മൈതാനം കാലിയായ അത്ഭുതദൃഷ്യത്തിന് ഈജിപ്തിന്റെ മണ്ണ് സാക്ഷിയായി. ഇത്രയും ജനസ്വാധീനമുള്ള വ്യക്തി തങ്ങള്‍ക്ക് ഭീഷണിയാണെന്ന സത്യം ജമാല്‍ അബ്ദന്നാസര്‍ അപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചിട്ടിരുന്നു. ഈ സംഭവം കഴിഞ്ഞു അഞ്ചുദിവസത്തിന് ശേഷം ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി അബ്ദുല്‍ഖാദര്‍ ഔദയെയും സഹപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു തടവിലാക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.
 
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തെ നിരോധിക്കാന്‍ ജമാല്‍ അബ്ദുന്നാസര്‍ ഒരുമ്പെട്ടപ്പോള്‍ അതില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതും നാസറിനെ രോഷാകുലനാക്കിയിരുന്നു. മാത്രമല്ല, നാസര്‍ ബ്രിട്ടീഷുകാരുമായി ഒപ്പിട്ട കരാര്‍ വിദേശശക്തികളുടെ അധിനിവേശം ഈജിപ്തില്‍ ശാശ്വതമാക്കാനേ ഉതകൂ എന്ന് ഉടമ്പടിയുടെ വിശദാംശങ്ങള്‍ പഠിച്ചു അബ്ദുല്‍ഖാദര്‍ ഔദ നിയമത്തിന്റെ കാഴ്ചപ്പാടില്‍ ഭരണകൂടത്തെയും ജനങ്ങളെയും ബോധ്യപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു. അതിനാല്‍ തന്നെ വിദേശ ശക്തികളും അദ്ദേഹത്തിന്റെ  രക്തം കൊതിച്ചിരുന്നു. ജമാല്‍ അബ്ദുന്നാസര്‍ അതിന് ആക്കം കൂട്ടി. 1954 ഡിസംബര്‍ ഒമ്പതിന് ജമാല്‍ അബ്ദുന്നാസിറിന്റെ ഭരണകൂടം ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ഉന്നതശീര്‍ഷരായ അഞ്ചുനേതാക്കളോടൊപ്പം അദ്ദേഹത്തെയും തൂക്കിലേറ്റാന്‍ കൊണ്ടുവന്നു . പ്രസ്തുത നിമിഷം കൊല മരത്തിന്റെ പ്ലാറ്റ്‌ഫോമില്‍ കയറി നിന്ന് അബ്ദുല്‍ഖാദര്‍ ഔദയുടെ ദൃഢസ്വരം മുഴങ്ങി. ‘യുദ്ധമുന്നണിയിലോ വിരിപ്പില്‍ കിടന്നോ, തടവുകാരനായോ, സ്വതന്ത്രനായോ, എങ്ങനെ മരിച്ചാലെന്ത്? ഞാന്‍ എന്റെ നാഥനായ അല്ലാഹുവിനെ കണ്ടുമുട്ടാന്‍ പോവുകയാണ്.’
ചുറ്റും കൂടിനിന്ന ഉദ്യോഗസ്ഥരെ നോക്കി. ‘എനിക്ക് ശഹാദത്ത് കനിഞ്ഞേകിയ അല്ലാഹുവിന് സര്‍വസ്തുതിയും. എന്റെ ഈ രക്തം സ്വേച്ഛാധിപതികള്‍ക്ക്  മേല്‍ ശാപമായി പതിക്കും.’

Related Articles