Current Date

Search
Close this search box.
Search
Close this search box.

മൂന്ന് വീഴ്ച്ചകള്‍

camel-arab.jpg

ഖലീഫ ഉമര്‍ ബിന്‍ ഖത്താബ് ജനങ്ങളുടെ ക്ഷേമമന്വേഷിക്കാനായി പാതിരാത്രിയില്‍ മദീനയിലൂടെ നടക്കുകയാണ്. അകലെ ഒരു വീട്ടില്‍ വെളിച്ചം കാണുന്നുണ്ട്. പതിയെ അങ്ങോട്ടു നടന്നു. മദ്യപിച്ച് കുഴഞ്ഞ ശബ്ദത്തില്‍ ആരോ പാട്ടുപാടുന്നുണ്ട്. അല്ലാഹുവിന്റെ ദൂതരുടെ നാട്ടില്‍ രഹസ്യമായി ആരോ പാപം ചെയ്യുന്നുവോ. അധികം ആലോചിച്ചില്ല മതിലുചാടി വീടിനുള്ളിലെത്തി. ‘അല്ലാഹുവിന്റെ ശത്രൂ, ഒറ്റക്കിരുന്ന് പാപംചെയ്താല്‍ ആരുമറിയില്ലെന്ന് കരുതിയോ, അല്ലാഹു പുറത്തറിയിക്കുകയില്ലെന്ന് ധരിച്ചുവോ?’ ഉമര്‍ ചോദിച്ചു.

അയാള്‍ ഞെട്ടിത്തരിച്ചുപോയി. അമീറുല്‍ മുഅ്മിനീന്‍, താങ്കളോ…. ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ. ഞാന്‍ ഒരു പാപമല്ലേ ചെയ്തിട്ടുള്ളൂ, താങ്കള്‍ മൂന്നു പാപം ചെയ്തല്ലോ.

കുറ്റവാളിയെ ശിക്ഷിക്കാന്‍ ഒരുങ്ങിനിന്ന ഉമര്‍ പകച്ചുപോയി. ഉമര്‍ ചോദിച്ചു: രക്ഷപ്പെടാനായി തന്ത്രം മെനയുന്നുവോ? പറയൂ എന്താണ് എന്റെ പാപങ്ങള്‍?

അയാള്‍ പറഞ്ഞു തുടങ്ങി: അമീറുല്‍ മുഅ്മിനീന്‍, ‘നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്.’ (അല്‍ഹുജുറാത്ത് 12). എന്നല്ലേ അല്ലാഹുവിന്റെ നിര്‍ദേശം. താങ്കള്‍ രഹസ്യം തേടിയിറങ്ങിയില്ലേ. ‘നിങ്ങള്‍ വീടുകളില്‍ അവയുടെ വാതിലുകളിലൂടെ പ്രവേശിക്കുക.’ (അല്‍ബഖറ:189) എന്ന കല്‍പനയും താങ്കള്‍ ലംഘിച്ചില്ലേ? മതില്‍ ചാടിയല്ലേ ഉള്ളിലെത്തിയത്. അനുവാദംപോലും ചോദിച്ചില്ല. അല്ലാഹു പറഞ്ഞിരിക്കുന്നു:’നിങ്ങളുേടതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്; നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ.’ (നൂര്‍ 27)

ഉമര്‍ ചോദിച്ചു: നിന്റെ തെറ്റുകള്‍ ഞാന്‍ മാപ്പാക്കിയാല്‍ എന്റെ തെറ്റുകള്‍ നീ എനിക്ക് മാപ്പാക്കുമോ? ഞാന്‍ പൊറുത്താല്‍ നീയും പൊറുക്കുമോ?
അയാള്‍ പറഞ്ഞു: അതെ. ഉമര്‍ അയാള്‍ക്ക് മാപ്പുകൊടുത്ത് തിരിച്ചുപോകുമ്പോള്‍ തന്റെ വീടിന്റെ ഉള്ളിലിരുന്ന് അപ്പോളും അയാള്‍ മദോന്മത്തനായി പാടുന്നുണ്ടായിരുന്നു.

മറ്റുള്ളവരുടെ രഹസ്യം അന്വേഷിക്കുന്നത് തെറ്റാണെന്ന പാഠമാണ് ഈ സംഭവം ഒന്നാമതായി നമ്മെ പഠിപ്പിക്കുന്നത്. അതോടൊപ്പം തന്നെ കുറ്റവാളിക്കും തന്റെ നിലപാട് വിശദീകരിക്കാനുള്ള അവകാശമുണ്ടെന്നും ന്യായമാണെങ്കില്‍ അംഗീകരിക്കപ്പെടേണ്ടതാണ് അതെന്നും ഇത് നമ്മെ പഠിപ്പിക്കുന്നു.
അവലംബം: കന്‍സുല്‍ ഉമ്മാല്‍

Related Articles