Current Date

Search
Close this search box.
Search
Close this search box.

പ്രവാചക നിന്ദക്ക് ശിക്ഷ ; ഒരു ജാഹിലിയ്യാ സമ്പ്രദായം

പ്രവാചകനെ നിന്ദിച്ചവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വിശ്വസിക്കുന്നവര്‍ക്ക്, അതിന്നുപോല്‍ബലകമായി, ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ യാതൊന്നും അവതരിപ്പിക്കാനാവുകയില്ല. പ്രവാചകന്റെ കാലത്ത് നടന്ന ഒരു സംഭവത്തിന്റെ വികൃതമായൊരു രൂപം മാത്രമേ അവര്‍ക്ക് അവതരിപ്പിക്കാന്‍ കഴിയുകയുള്ളു. പ്രവാചക നിന്ദയുടെ പേരില്‍, ഇന്നയാള്‍ വധിക്കപ്പെട്ടുവെന്നാണ് അവര്‍ പറയുന്നത്. തദാവശ്യാര്‍ത്ഥം, സാധാരണ ഉദ്ദരിക്കപ്പെടുന്ന ഒരു സംഭവം കഅബ് ബിന്‍ അശ്ഷ്‌റഫിന്റേതാണ്.

മദീനക്കാരനായിരുന്ന ഇയാള്‍ ഒരു കവിയും പ്രഭാഷകനുമായിരുന്നു. ജൂത ഗോത്രമായ ബനൂ നദീര്‍ക്കാരിയായിരുന്നു മാതാവ്. മദീനയില്‍, ആദ്യകാലത്ത്, തന്റെ പ്രഭാഷണവും കവിതയും വഴി, ഇയാള്‍ നബി(സ)യെയും അനുയായികളെയും അപകീര്‍ത്തിപ്പെടുത്താന്‍ തുടങ്ങിയിയരുന്നു. എന്നാല്‍, തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ തുടങ്ങിയ കഅബിന്റെ വ്യാജാരോപണങ്ങളെ ഖണ്ഡിക്കാന്‍, കവിയായ സഹാബി ഹസ്സാന്‍ ബിന്‍ ഥാബിതിനെ ചുമതലപ്പെടുത്തി എന്നത് മാത്രമായിരുന്നു നബി(സ) സ്വീകരിച്ച നടപടി. തദാനുസാരം, ഹസ്സാന്‍ കവിതയിലൂടെ കഅബിന്റെ ആരോപണങ്ങളെ ഖണ്ഡിക്കുകയും ചെയ്തു.

ജൂത ഗോത്രങ്ങളുമായി പ്രവാചകന്‍ ഒരു കരാറിലെത്തിയിരുന്നു. കഅബിന്റെ ഗോത്രമായ ബനൂ നദീറും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. മറ്റേതെങ്കിലുമൊരു ഗോത്രം, മുസ്‌ലിംകള്‍ക്കെതിരെ ആക്രമണം നടത്തുകയാണെങ്കില്‍ അവര്‍ക്ക് പിന്തുണയേകുകയില്ലെന്നതായിരുന്നു കരാര്‍. പക്ഷെ, മക്ക സന്ദര്‍ശിച്ച്, മുസ്‌ലിംകള്‍ക്കെതിരെ, ഖുറൈശികളെ ഇളക്കിവിട്ടു കൊണ്ട് കരാര്‍ ലംഘിക്കുകയാണ് കഅബ് ചെയ്തത്. ഖുറൈശികള്‍ മദീനക്ക് പുറത്തു നിന്നും, തന്റെ ഗോത്രം മദീനയുടെ അകത്തു നിന്നും, ഒരേയവസരം മുസ്‌ലിംകളെ അക്രമിക്കണമെന്നായിരുന്നു അയാളുടെ നിര്‍ദ്ദേശം. അങ്ങനെ, ഒരു വിഭാഗത്തിന്റെ വിപ്ലവ നായകനാവുകയായിരുന്നു കഅബ്. പ്രവാചകന്നും അനുയായികള്‍ക്കുമെതിരെ, ആളുകളെ പ്രകോപിപ്പിക്കുക മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. തന്റെ ഗോത്രത്തെ, മുസ്‌ലിംകള്‍ക്കെതിരെ തിരിച്ചു വിടുക മാത്രമായിരുന്നില്ല കഅബിന്റെ പേരിലുള്ള കുറ്റം. പ്രത്യുത, ഔസ് പോലുള്ള മറ്റു ഗോത്രങ്ങളെ ഇളക്കി വിടുന്നതിലും, നിര്‍ണായകമായൊരു പങ്കാണ് അയാള്‍ വഹിച്ചത്.

പ്രവാചകന്നും ബനൂനദീറിന്നുമിടയിലെ കരാറിന്റെ വ്യക്തമായ ലംഘനമായിരുന്നു ഇത്. രാജ്യദ്രോഹവും രാജ്യത്തെ ഒറ്റിക്കൊടുക്കലുമാണിത് വഴി അയാള്‍ ചെയ്തത്. ഈ രാജ്യദ്രോഹക്കുറ്റവും ഗൂഢാലോചനയുമായിരുന്നു അയാള്‍ വധിക്കപ്പെടാന്‍ കാരണം. പ്രവാചകനെ നിന്ദിക്കുകയോ, അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്തതിന്റെ പേരിലായിരുന്നില്ല.

പ്രവാചക നിന്ദയുടെ പേരിലാണ് ഈ വധം നടന്നതെന്ന, ആധുനിക പണ്ഡിതനായ ശൈഖ് മുഹമ്മദ് രിദയുടെ വാദം അര്‍ത്ഥമില്ലാത്തതാണ്. കാരണം,  ഖുര്‍ആനില്‍ നിന്നോ, ഹദീസില്‍ നിന്നോ, പൂര്‍വ പണ്ഡിതന്മാരുടെ കൃതികളില്‍ നിന്നോ, അതിന്നു ഉപോല്‍ബലകമായ തെളിവ് അവതരിപ്പിക്കാന്‍ സാധ്യമല്ല.

കഅബിന്റെ കുറ്റം പ്രവാചക നിന്ദയായിരുന്നില്ല, പ്രത്യുത, രാജ്യദ്രോഹമായിരുന്നുവെന്ന്, ഇബ്‌നു കഥീറിന്റെ ‘അല്‍ ബിദായ വന്നിഹായ’യുടെ താളുകളിലൂടെ കണ്ണോടിച്ചാല്‍ വ്യക്തമാകും.

ഇസ്‌ലാമിന്നു മുമ്പ്, ജാഹിലിയ്യാ കാലത്ത്, നിരവധിയാളുകള്‍ വിശ്വാസത്തിന്റെ പേരില്‍ കുറ്റവിചാരണ നടത്തപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: ‘ആ സത്യവിശ്വാസികളോട് അവര്‍ക്കുണ്ടായിരു വിരോധത്തിനു കാരണം, അവര്‍ അജയ്യനും സ്തുത്യര്‍ഹനുമായ, ആകാശ-ഭൂമികളുടെ ആധിപത്യത്തിനുടയവനായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതു മാത്രമായിരുന്നു.’ (85 : 8)

ഇസ്‌ലാമിന്റെ ആഗമനത്തോടെ, വിശ്വാസത്തിന്റെ പേരില്‍ കുറ്റ വിചാരണ നടത്തുന്ന ഈ ജാഹിലിയ്യാ സമ്പ്രദായം നീക്കം ചെയ്യപ്പെടുകയായിരുന്നു. എന്നാല്‍, അബ്ബാസീ കാലഘട്ടത്തില്‍, പ്രവാചക നിന്ദക്കെതിരെ, മുസ്‌ലിംകള്‍ ഇത് പുനരുജ്ജീവിപ്പിക്കുകയായിരുന്നു. ഇത് നിയമത്തിന്നും ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കും കടക വിരുദ്ധമാണ്. കാരണം, കൊലപാതകം പോലുള്ള കുറ്റങ്ങള്‍ക്ക് മാത്രമാണ് ഖുര്‍ആന്‍ വധ ശിക്ഷയനുവദിക്കുന്നത്. പ്രവാചകനെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, അവരില്‍ വധശിക്ഷ നടപ്പാക്കാനുള്ള ഒരു ഉത്തരവും ഖുര്‍ആനിലോ, ഹദീസിലോ ഇല്ല. മാത്രമല്ല, ഇത്തരം സന്ദര്‍ഭങ്ങളില്‍, മറ്റു പ്രവാചകന്മാരെപ്പോലെ സഹനം കൈകൊള്ളാനാണ്, പ്രവാചകനോടും അനുയായികളോടും ഖുര്‍ആന്‍ ആവശ്യപ്പെടുന്നത് തന്നെ. അല്ലാഹു പറയുന്നു: ‘അതിനാല്‍ പ്രവാചകാ, നിശ്ചയദാര്‍ഢ്യമുള്ള ദൈവദൂതന്മാര്‍ ക്ഷമിച്ചിട്ടുള്ളതുപോലെ നീയും ക്ഷമിക്കുക. ഇവരുടെ കാര്യത്തില്‍ ധൃതിപ്പെടരുത്’ (46: 35)

ലോകം ഒരു പരീക്ഷണ വേദിയാണ്. താന്‍ ഇഷ്ടപ്പെടുന്നതെന്തും ചെയ്യാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. സ്വാതന്ത്ര്യം നല്‍കാതെ പരീക്ഷണം നടക്കുകയില്ലല്ലോ. ജനങ്ങള്‍ക്ക് പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയത് അല്ലാഹുവല്ലാതെ മറ്റാരുമല്ല. അതിനാല്‍ തന്നെ, അത് പിടിച്ചെടുക്കാനും മറ്റാര്‍ക്കുമവുകയില്ല. അതിനാല്‍, പ്രവാചക നിന്ദ ശിക്ഷാ വിധേയമായിക്കൂടാ.

രണ്ടാമതായി, നബിനിന്ദാ ആരോപണ വിധേയനായൊരാളെ വധിക്കുന്നത് (പാകിസ്ഥാനില്‍ കുറച്ചു മുമ്പ് സംഭവിച്ചത് അതാണ്) തികച്ചും ഹറാമാണ്. ഒരാളില്‍ കുറ്റമാരോപിക്കപ്പെടുന്ന പക്ഷം, കേസ് അധികാരികള്‍ക്കടുത്തെത്തുന്നു; അവര്‍ അവനെതിരെ കേസ്സ് ഫയല്‍ ചെയ്യുന്നു; സ്റ്റേറ്റ് അധികാരപ്പെടുത്തിയ കോടതി അത് പരിശോധിക്കുന്നു; നാലു പേരില്‍ നിന്ന് സാക്ഷ്യം കേള്‍ക്കുന്നു; അതിന്നു ശേഷം ഉചിതമായ നിയമ പ്രക്രിയയിലൂടെ തീര്‍പ്പ് കല്‍പിക്കുന്നു; അയാള്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍, ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ ശിക്ഷ നടപ്പാക്കുന്നു. ഇതാണ് ഇസ്‌ലാമിന്റെ നിയമം. എന്നാല്‍, നബി നിന്ദകനായി  കരുതുന്ന ഒരാളെ, പൊതുജനങ്ങളിലൊരാള്‍, നിയമം കൈയിലെടുത്തു വെടിവെക്കുകയാണെങ്കില്‍, ഇസ്‌ലാമിക ചൈതന്യത്തിന്ന് വിരുദ്ധം പ്രവര്‍ത്തിച്ചവനായായിരിക്കും അയാള്‍ കണക്കാക്കപ്പെടുക.

അത് പോലെ, അബ്ദുല്ലാഹ് ബിന്‍ ഖത്തലിന്റെ കേസും പ്രവാചക നിന്ദയായിരുന്നില്ല. കഅബ് ബിന്‍ അഷ്‌റഫിനെ പോലെ, ഇയാളും തന്റെ കവിതകളിലൂടെ പ്രവാചക നിന്ദ നടത്തിയിരുന്നുവെന്നത് ശരിയാണ്. പക്ഷെ, അയാള്‍ വധിക്കപ്പെട്ടത് അതിന്റെ പേരിലായിരുന്നില്ല. പ്രത്യുത, ഒരു കൊലപാതകത്തിന്റെ പേരിലായിരുന്നു. തന്റെ ഭൃത്യനെ അയാള്‍ കൊന്നതായിരുന്നു കാരണം. ഇബ്‌നു തൈമിയ്യയുടെ ‘അസ്സ്വാരിമുല്‍ മസ്‌ലൂല്‍ അലാ ശാതിമിര്‍റസൂല്‍’ (വാ. 2: പേ. 265) എന്ന കൃതിയില്‍, ഈ വസ്തുത കാണാം.

പ്രവാചക നിന്ദാ നിയമം പിന്താങ്ങുന്നവര്‍ വിസ്മരിക്കാനിഷ്ടപ്പെടുന്ന സുപ്രധാനമായൊരു കാര്യമുണ്ട്. ഇത്തരമൊരു നിയമ നിര്‍മ്മാണത്തിന്ു മുമ്പ്, ഖുര്‍ആനിലോ, ഹദീസിലോ, അതേ കുറിച്ച വ്യക്തമായ പ്രസ്താവമുണ്ടായിരിക്കണമെന്ന ഇസ്‌ലാമിക ഫിഖ്ഹിലെ സുപ്രധാന തത്വമാണത്.

ഒരു വ്യക്തിയുടെ വധം മാനവരാശിയടെ ഒന്നടങ്കമുള്ള വധമാണെന്നാണ് ഖുര്‍ആനിന്റെ വ്യക്തമായ പ്രസ്താവം. ‘ഇക്കാരണത്താല്‍, ഇസ്രയേല്‍വംശത്തിനു നാം നിയമം നല്‍കിയിട്ടുണ്ടായിരുന്നു: ‘ഒരാത്മാവിനു പകരമായോ അല്ലെങ്കില്‍ നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു.'(5:32) പ്രവാചക നിന്ദക്ക് വധശിക്ഷയാണ് അനുയോജ്യമായി അല്ലാഹു കാണുന്നതെങ്കില്‍, ഖുര്‍ആന്‍ വ്യക്തമായി അത് പ്രസ്താവിക്കുമായിരുന്നുവല്ലോ.

അവലംബം : cpsglobal.org

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles