Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ വാഹകരുടെ മാതൃക

quran12.jpg

കള്ളപ്രവാചകന്‍ മുസൈലിമയുടെ ഗോത്രമായ ബനീ ഹനീഫയുമായുള്ള യുദ്ധം മതപരിത്യാഗികളോടുള്ള യുദ്ധത്തിലെ ഏറ്റവും തീക്ഷ്ണമായ ദിനങ്ങളിലൊന്നായിരുന്നു. അതില്‍ ഖുര്‍ആന്‍ മനപാഠമുള്ള സഹാബികള്‍ സ്വീകരിച്ച നിലപാട് പ്രസിദ്ധമാണ്. സൈന്യാധിപനായിരുന്ന ഖാലിദ് ബിന്‍ വലീദ് സൈന്യത്തിലെ ഒരു വിഭാഗത്തിന്റെ കൊടി നല്‍കാന്‍ ഒരാളെ തെരെഞ്ഞെടുക്കുകയാണ്. കൊടിവാഹകന്‍ മരിച്ച് വീഴുന്നത് വരെ ആ കൈകളില്‍ നിന്നും കൊടി താഴെ വീഴരുത്. അയാളുടെ ജീവനെടുത്തിട്ടല്ലാതെ ആ കൊടി പിടിച്ചെടുക്കാനും ആര്‍ക്കും സാധിക്കരുത്.

മുഹാജിറുകളുടെ കൊടി അബ്ദുല്ലാഹ് ബിന്‍ ഹഫ്‌സ് ബിന്‍ ഖാനിം അല്‍ഖുറശിയുടെ കൈകളിലായിരുന്നു. കൊല്ലപ്പെടുന്നത് വരെ അദ്ദേഹമത് മുറുകെ പിടിച്ചു. പിന്നീടത് സാലിം മൗലാ അബൂഹുദൈഫക്ക് കൈമാറി. ശാരീരിരകമായ ദുര്‍ബലനായിരുന്ന സാലിമിന്റെ മുന്നിലൂടെ ശത്രുക്കള്‍ കടുന്നുരാന്‍ സാധ്യതയുണ്ടെന്ന് മുസ്‌ലിംകള്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ ഖുര്‍ആന്‍ മനപാഠമുള്ള അദ്ദേഹം പറഞ്ഞു: ”അങ്ങനെയാണെങ്കില്‍ എത്ര മോശം ഖുര്‍ആന്‍ വാഹകനാണ് ഞാന്‍!”

താന്‍ താഴെ വീഴാതെ ആ കൊടിയൊരിക്കലും താഴെ വീഴില്ലെന്ന് അല്ലാഹുവോടും മുസ്‌ലിംകളോടും പ്രതിജ്ഞ ചെയ്തിട്ടെന്ന പോലെയായിരുന്നു അദ്ദേഹമത് കൈകാര്യം ചെയ്തത്. തനിക്ക് മുമ്പേ രക്തസാക്ഷികളായ ഖുര്‍ആന്‍ മനപാഠമാക്കിയ സഹോദരങ്ങളെ പോലെ അദ്ദേഹം ആ പ്രതിജ്ഞ നിറവേറ്റി. തന്റെ വലതുകരം ഛേദിക്കപ്പെടുന്നത് വരെ വലതുകൈയ്യില്‍ അത് മുറുകെ പിടിച്ചു. വലതുകൈ വെട്ടിമാറ്റപ്പെട്ടപ്പോള്‍ ഇടതു കൈയ്യിലേക്ക് മാറ്റിയ കൊടി അദ്ദേഹം നിലത്ത് വീഴുന്നത് വരെ ആ കൈകളില്‍ ഭദ്രമായിരുന്നു. പരിക്കേറ്റ് നിലത്തു വീണ് കിടക്കുന്ന അദ്ദേഹം തന്റെ യജമാനന്‍ അബൂഹുദൈഫക്ക് എന്താണ് പറ്റിയതെന്ന് അന്വേഷിച്ചു. അദ്ദേഹം രക്തസാക്ഷിയായിരിക്കുന്നുവെന്ന് അറിയിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്നെയും അദ്ദേഹത്തിന്റെ അടുക്കല്‍ കിടത്തൂ. ഇസ്‌ലാം സ്വീകരണത്തിലും ഹിജ്‌റയിലും ഒരുമിച്ചായിരുന്ന ഇരുവരെയും ഒന്നിച്ച് മറമാടുകയും ചെയ്തു.

ഇസ്‌ലാമിന്റെ പതാകയാണ് ഖുര്‍ആന്‍, അതിന്റെ വാഹകരാണ് ഇസ്‌ലാമിന്റെ കൊടിപിടിക്കുന്നവരെന്ന സന്ദേശമിത് നല്‍കുന്നുണ്ട്. വാളുകളുടെ സീല്‍ക്കാരങ്ങള്‍ക്ക് മുന്നില്‍ പതറാതെ മുന്നോട്ടു പോകാന്‍ അതവരെ സഹായിക്കും. പ്രയാസങ്ങളോ കടുത്ത പരീക്ഷണങ്ങളോ അവരെ പിന്തിരിപ്പിക്കുകയില്ല. ഖുര്‍ആന്‍ പഠിക്കുകയും തങ്ങളുടെ ജീവിതത്തിലേക്കത് ആവാഹിക്കുകയും ചെയ്തവരായിരുന്നു അവര്‍. ഖുര്‍ആന്റെയും ഇസ്‌ലാമിന്റെയും പേരില്‍ അഭിമാനം കൊണ്ടവരായിരുന്നു അവര്‍. എന്നാല്‍ പില്‍ക്കാലത്ത് ഖുര്‍ആനെ തങ്ങളുടെ ഉപജീവനമാര്‍ഗമാക്കിയ ഖുര്‍ആന്‍ വാഹകര്‍ വന്നിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കും മറ്റ് ഖുര്‍ആന്‍ വാഹകര്‍ക്കും നിന്ദ്യതയാണ് നല്‍കുന്നത്. പല ഖുര്‍ആന്‍ വാഹകരും തങ്ങള്‍ വഹിക്കുന്ന വചനങ്ങളുടെ മഹത്വം അറിഞ്ഞിട്ടില്ല.

Related Articles