Current Date

Search
Close this search box.
Search
Close this search box.

ചീത്തവസ്തുക്കള്‍ എന്തു കൊണ്ട് ഇസ്‌ലാം നിഷിദ്ധമാക്കി?

എല്ലാതരം മയക്കുമരുന്നുകളും മദ്യങ്ങളും ലഹരി വസ്തുക്കളും ശവവും പന്നിമാംസവും രക്തവും തുടങ്ങി എല്ലാ ചീത്ത വസ്തുക്കളും ഇസ്‌ലാമിക ശരീഅത്ത് നിഷിദ്ധമാക്കിയിട്ടുണ്ട്. വ്യക്തിക്കും സമൂഹത്തിനും ദോഷമുണ്ടാക്കുന്ന വസ്തുക്കളാണ് ഇത്തരത്തില്‍ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു : ‘ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു.’ (അല്‍-അഅ്‌റാഫ് : 157)

ഇത്തരം ചീത്തവസ്തുക്കള്‍ നിര്‍മിക്കുന്നവര്‍ക്കും അതിന്റെ വില്‍പനക്കാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും ശക്തമായ താക്കീതാണ് അല്ലാഹു നല്‍കുന്നത്. അതിന്റെ പ്രചാരകരാകുന്നവര്‍ അവന്റെ കാരുണ്യത്തില്‍ നിന്ന് അകറ്റപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. പ്രവാചകന്‍(സ) പറയുന്നു : ‘മദ്യത്തെയും അതു കുടിക്കുന്നവനെയും കുടിപ്പിക്കുന്നവനെയും വില്‍ക്കുന്നവനെയും വാങ്ങുന്നവനെയും പിഴിയുന്നവനെയും പിഴിയിക്കുന്നവനെയും കൊണ്ടുപോകുന്നവനെയും ആര്‍ക്കുകൊണ്ടു പോകുന്നുവോ അവനെയും അല്ലാഹു ശപിച്ചിരിക്കുന്നു.’ മനുഷ്യന്റെ ഉന്നതമായ ദീനിനെയും ബുദ്ധിയെയും സ്വഭാവത്തെയും അത് നഷിപ്പിക്കുന്നു എന്ന കാരണത്താലാണ് ശരീഅത്ത് ഇവയെ വിലക്കിയിരിക്കുന്നത്. അവന്റെ മാന്യതയും അന്തസ്സും നശിപ്പിക്കുന്നതും അല്ലാഹു അവന് കല്‍പിച്ചിരിക്കുന്ന സവിശേഷമായ മഹത്വം ഇല്ലാതാക്കുന്നതുമാണ് അത്. മനുഷ്യന്‍ സ്രഷ്ടാവ് കനിഞ്ഞേകിയ ഈ സ്ഥാനം നശിപ്പിക്കുമ്പോള്‍ പിശാചിനെ അനുസരിക്കുന്നവനായിട്ടവന്‍ മാറുന്നു. മനുഷ്യനോട് പ്രതികാരം ചെയ്യാന്‍ അല്ലാഹുവോട് അന്ത്യദിനം വരെ അവധി ആവശ്യപ്പെട്ട് നേടിയവനാണ് പിശാച് എന്ന് നാം മറന്നു കൂടാ. അല്ലാഹു പറയുന്നു : ‘വിശ്വസിച്ചവരേ, മദ്യവും ചൂതും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചികവൃത്തികളില്‍പെട്ട മാലിന്യങ്ങളാണ്. അതിനാല്‍ നിങ്ങള്‍ അവയൊക്കെ ഒഴിവാക്കുക.’ (അല്‍-മാഇദ : 90) ശാശ്വത ലോകത്ത് തന്റെ നാഥനെ കണ്ടുമുട്ടാനുള്ള യോഗ്യതയില്‍ മനുഷ്യനെ വളര്‍ത്തുകയാണ് ഇസ്‌ലാമിക ശരീഅത്തിന്റെ ഉദ്ദേശ്യം. അല്ലാഹു മനുഷ്യരോട് കാണിച്ചിരിക്കുന്ന കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഭാഗമാണ് അവനോട് കാണിച്ചിരിക്കുന്ന ആദരവ്. അതുകൊണ്ട് തന്നെ മനുഷ്യന്‍ അല്ലാഹുവിന്റെ മാത്രം അടിമയായി നിലകൊള്ളണം. പിശാചിന്റെ അടിമയോ തിന്മയുടെ കൂട്ടുകാരനോ ആയിട്ടല്ല അവന്‍ ജീവിക്കേണ്ടത്. അവനെ പരിശുദ്ധനും ഉന്നതനുമാക്കുകയാണ് മയക്കുമരുന്നുകളും ചീത്തവസ്തുക്കളും നിഷിദ്ധമാക്കിയതിലൂടെ ചെയ്തിരിക്കുന്നത്. ശാശ്വതമായ സ്വര്‍ഗത്തിന് അവനെ അര്‍ഹനാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

മനുഷ്യന് തന്റെ പെരുമാറ്റം കാത്തുസൂക്ഷിക്കുന്നതിന് മനസ്സിന് നല്ല കരുത്തുണ്ടായിരിക്കണം. അതിലൂടെയാണ് ദൈവിക സമര്‍പ്പണത്തിന്റ ഭൂമിയില്‍ അവന് കര്‍മനിരതനാവാന്‍ സാധിക്കുക. താന്‍ ജീവിക്കുന്ന സമൂഹത്തിന് ഗുണം ചെയ്യുന്നവനായി മാറുന്നതിന് അനിവാര്യമാണത്. നമ്മുടെ സമൂഹത്തിന്റെ മൂല്യങ്ങളെയും നാഗരികതയെയും ശോഭനമായ ചരിത്രത്തെയും ചേര്‍ത്തു പിടിക്കുന്നതിനും അതാവശ്യമാണ്. അല്ലാഹു സൃഷ്ടിച്ച ശുദ്ധപ്രകൃതിയില്‍ മാറ്റം വരുത്തുന്നു എന്ന കാരണത്താലാണ് മയക്കുമരുന്നുകളും ചീത്തവസ്തുക്കളും നിഷിദ്ധമാക്കിയിരിക്കുന്നത്. ഇത്തരം നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ദീനിന്റെ അടിസ്ഥാനമായ നമസ്‌കാരം പോലും അസ്വീകാര്യമായി മാറുന്നു. നബി(സ) പറയുന്നു : ‘ഒരാള്‍ മദ്യപിക്കുകയും ലഹരിബാധിച്ചവനാവുകയും ചെയ്താല്‍ നാല്‍പത് ദിവസം അവന്റെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല. അവന്‍ മരിച്ചാല്‍ നരകത്തില്‍ പ്രവേശിക്കുകയും ചെയ്യും. അവന്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അല്ലാഹു അവന് പൊറുത്തു നല്‍കും.’ അബൂദാവൂദ്) മദ്യപിക്കുന്നത് എത്രത്തോളം ഗൗരവമുള്ള തെറ്റാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. അപ്പോള്‍ മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും അടിമപ്പെട്ടവരുടെ അവസ്ഥ എത്ര ഭയാനകമായിരിക്കും!

പ്രവാചകന്‍(സ)യുടെ അടുക്കല്‍ ഉപദേശം തേടി എത്തിയ വ്യക്തിക്ക് നല്‍കയി ഉപദേശം അല്ലാഹുവില്‍ പങ്കുചേര്‍ക്കരുതെന്നും മദ്യപിക്കുന്നതെന്നുമായിരുന്നു. എത്രത്തോളമാണ് ലഹരി ഉപയോഗിക്കുന്നതിന്റെ ഗൗരവം എന്നാണിത് വ്യക്തമാക്കുന്നത്. ഇത്തരം മ്ലേച്ഛതകളില്‍ നിന്ന് സമൂഹത്തെ പ്രത്യേകിച്ചും യുവാക്കളെ സംരക്ഷിച്ച് നിര്‍ത്തേണ്ടത് നിര്‍ബന്ധ ബാധ്യതയായി നാം മനസ്സിലാക്കേണ്ടതുണ്ട്. അതുപയോഗിക്കുന്നവരെ പശ്ചാത്താപത്തിലേക്ക് നയിക്കാനും സാധിക്കണം. ഉപദേശങ്ങള്‍ കൊണ്ട് അതില്‍ നിന്ന് ആളുകളെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കാതെ വരുമ്പോള്‍ ശിക്ഷയിലൂടെ അവരെ ഭയപ്പെടുത്തി അതില്‍ നിന്ന് അകറ്റണമെന്നുമാണ് ശരീഅത്ത് ആവശ്യപ്പെടുന്നത്.

വിവ : അഹ്മദ് നസീഫ്‌

Related Articles