Current Date

Search
Close this search box.
Search
Close this search box.

ജമാല്‍ ഖഷോഗി; രണ്ട് വര്‍ഷത്തിനിപ്പുറവും നീതി പുലര്‍ന്നില്ല

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം നടന്നിട്ട് കഴിഞ്ഞ ദിവസം രണ്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. അധികാരത്തിന്റെ പ്രസരിപ്പിന് മുന്നില്‍ നീതി ലഭിക്കാതെ ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്ന ചോദ്യമടക്കം അങ്ങിനെ തന്നെ നിലനില്‍ക്കുകയാണിപ്പോഴും. യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയും പിടിക്കപ്പെട്ട പ്രതികളെ വെറുതെ വിടുന്ന അവസ്ഥയുമാണ് പ്രമാദമായ ഈ കൊലപാതക കേസിലും ഉണ്ടായിരിക്കുന്നത്.

2018 ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് സൗദി പൗരനും വാഷിങ്ടണ്‍ കോളമിസ്റ്റുമായ ജമാല്‍ ഖഷോഗി കൊല്ലപ്പെടുന്നത്. മുഹമ്മദ് ബിന്‍ സല്‍മാനെയും സൗദി ഭരണകൂടത്തെയും വിമര്‍ശിച്ച് നിരന്തരം ലേഖനങ്ങള്‍ എഴുതിയിരുന്ന ഖഷോഗി സൗദി ഭരണകൂടിത്തിന് എന്നും കണ്ണിലെ കരടായിരുന്നു. ഖഷോഗിയുടെ തിരോധാനം രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിരവധി വാദപ്രതിവാദങ്ങളാണ് വിഷയത്തില്‍ നടന്നുകഴിഞ്ഞത്.

പുനര്‍വിവാഹത്തിനാവശ്യമായ രേഖകള്‍ ഒരുക്കാന്‍ പ്രതിശ്രുത വധുവുമായി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയ ഖഷോഗിയെ പിന്നീട് കാണാതാവുകയായിരുന്നു. അവസാനമായി കോണ്‍സുലേറ്റിനുള്ളിലേക്ക് കയറിപ്പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഖഷോഗി കൊല്ലപ്പെട്ടതാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയും കൊലക്ക് പിന്നില്‍ സൗദി ഭരണകൂടത്തിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് വ്യാപക ആരോപണമുയരുകയും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. വിഷയത്തല്‍ സൗദി അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുകയും അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തു. തുര്‍ക്കിയില്‍ വെച്ചാണ് കൊല നടന്നത് എന്നതിനാല്‍ തുര്‍ക്കി നീതി ലഭ്യമാക്കാന്‍ ആവോളം ശ്രമം നടത്തിയിരുന്നു. ഖഷോഗിയുടെ തിരോധാനം വെളിച്ചത്തു കൊണ്ടുവരാന്‍ ഒന്നാം ദിനം മുതല്‍ തന്നെ തുര്‍ക്കി പൊലിസും അന്വേഷണ ഉദ്യോഗസ്ഥരും പഴുതടച്ച അന്വേഷണമാണ് ആരംഭിച്ചത്. എന്നാല്‍ ഒരു രാജ്യത്തിന്റെ കോണ്‍സുലേറ്റ് ഓഫീസുമായി ബന്ധപ്പെട്ട് നടന്ന വിഷയമായതിനാല്‍ പലവിധ തടസ്സങ്ങളും പിന്നീട് തുര്‍ക്കിക്ക് നേരിടേണ്ടി വരികയായിരുന്നു.

Also read: പാശ്ചാത്യലോകത്തെ ഞെട്ടിക്കുന്ന കുടുംബശൈഥില്യങ്ങള്‍

ഖഷോഗിയുടെ കൊലപാതകത്തിലെ പ്രതികളായ അഞ്ച് പേര്‍ക്ക് വധശിക്ഷയാണ് സൗദി കോടതി ശിക്ഷ വിധിച്ചിരുന്നത്. എന്നാല്‍ ഖഷോഗിയുടെ മക്കള്‍ പ്രതികള്‍ക്ക് മാപ്പ് നല്‍കിയതിനെത്തുടര്‍ന്ന് വധശിക്ഷ കോടതി റദ്ദാക്കി. പകരം ജീവപര്യന്തം തടവാക്കി ചുരുക്കുകയായിരുന്നു. മുഖ്യപ്രതികളായ അഞ്ച് പേര്‍ക്ക് 20 വര്‍ഷത്തെ തടവ് ശിക്ഷയും ഒരാള്‍ക്ക് ഏഴു വര്‍ഷവും രണ്ടു പേര്‍ക്ക് 10 വര്‍ഷം തടവുശിക്ഷയുമാണ് റിയാദ് ക്രിമിനല്‍ കോടതി കഴിഞ്ഞ മാസം വിധിച്ചത്. വിധി അന്തിമമാണെന്നും നടപ്പാക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഈ കേസ് ഒരു അടഞ്ഞ അധ്യായമാകുകയും ആര്‍ക്കും അപ്പീലിന് പോകാന്‍ സാധിക്കാതെ വരികയും ചെയ്തു.

ഖഷോഗിയുടെ മക്കളെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശിച്ചിരുന്നു. മക്കള്‍ക്ക് വീടും പണവും വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. കൊലപാതകവുമായി ബന്ധമുണ്ടെന്ന വ്യാപക ആരോപണമുണ്ടായിരുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മുന്‍ ഉപദേഷ്ടാവും അടുത്ത അനുയായിയുമായ സൗദ് അല്‍ ഖഹ്താനിയെ കോടതി നേരത്തെ തന്നെ വെറുതെ വിട്ടിരുന്നു.

അവിചാരിതമായി നടന്ന ഏറ്റുമുട്ടലില്‍ ഖഷോഗി കൊല്ലപ്പെട്ടുവെന്നാണ് സൗദി പിന്നീട് പറഞ്ഞത്. എന്നാല്‍ എങ്ങിനെയാണ് കൊല്ലപ്പെട്ടതെന്നോ, മൃതദേഹം എവിടെയാണെന്നോ ഇതുവരെ സൗദി പുറത്തുവിട്ടിട്ടില്ല. മൃതദേഹം ചെറുകഷ്ണങ്ങളാക്കി വെട്ടിനുറുക്കി തുര്‍ക്കിയില്‍ നിന്നും കൊണ്ടു പോയെന്നും ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

15ഓളം അംഗങ്ങള്‍ വരുന്ന സംഘമാണ് ഖഷോഗിയെ കൊലപ്പെടുത്തിയതെന്നും നേരത്തെ തുര്‍ക്കിയും യു.എസും ആരോപിച്ചിരുന്നു. മയക്കു മരുന്ന് കുത്തിവെച്ചാണ് കൊന്നതെന്നും മൃതദേഹം കത്തിച്ചതാകാമെന്നും തുടങ്ങി അഭ്യൂഹങ്ങള്‍ നിറഞ്ഞ നിരവധി റിപ്പോര്‍ട്ടുകളാണ് ഖഷോഗി കൊലയുമായി ബന്ധപ്പെട്ട് പുറത്തുവന്നത്.

Also read: ശൈഖ് നൂറുദ്ധീന്‍ അല്‍ ഇത്റ്; ഹദീസ്ശാസ്ത്രത്തിലെ മഹാ പ്രതിഭ

സൗദി മുന്‍കൂട്ടി തയാറാക്കിയ കൊലപാതകത്തിന്റെ ഇരയാണ് ഖഷോഗി എന്നാണ് അന്താരാഷ്ട സമൂഹം പൊതുവെ വിലയിരുത്തിയത്. യു.എന്നും യു.എസും അടക്കമുള്ള ലോകനേതാക്കള്‍ വരെ വിഷയത്തില്‍ സമഗ്ര ഇടപെടല്‍ നടത്തിയിട്ടും ഖഷോഗി വിഷയത്തില്‍ ഇപ്പോഴും നീതി പുലര്‍ന്നിട്ടില്ലെന്ന് തന്നെ നമുക്ക് നിസ്സംശയം പറയാന്‍ സാധിക്കും.

 

Related Articles