Current Date

Search
Close this search box.
Search
Close this search box.

ചോര തന്നെ കൊതുകിന്നു കൗതുകം

മദീനയിലെ പ്രബലമായ രണ്ടു വിഭാഗമായിരുന്നു ഔസ് ഖസ്റജ് ഗോത്രങ്ങള്‍. പ്രവാചകന്‍ മദീനയില്‍ വരുന്നതിനു മുമ്പ് അവര്‍ക്കിടയില്‍ നിതാന്ത ശത്രുത നിലനിന്നിരുന്നു. ഇസ്ലാം അവര്‍ക്കിടയില്‍ സമാധാനവും സഹവര്‍ത്തിത്വവും കൊണ്ട് വന്നു. ഇത് ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത് അന്നത്തെ മദീനയിലെ പ്രബല വിഭാഗമായ ജൂതരെയായിരുന്നു. ഭിന്നിപ്പിച്ചു നിര്‍ത്തുക എന്ന അവരുടെ നിലപാട് അവര്‍ തുടര്‍ന്ന് കൊണ്ടിരുന്നു. അതിനവര്‍ സ്വീകരിച്ച രീതി സദസ്സില്‍ വെച്ച് ഒരു ഗോത്രത്തിന്റെയും പൂര്‍വ തലമുറകള്‍ ചെയ്ത കൃത്യങ്ങള്‍ എടുത്തു പറയുക എന്നതായിരുന്നു. അത് കേള്‍ക്കെ ആക്രമിക്കപ്പെട്ട ഗോത്രത്തിനു വല്ലാത്ത അസ്വസ്ഥത ഉണ്ടാകും. മനുഷ്യര്‍ എന്ന നിലയില്‍ അവരില്‍ ചിലര്‍ ചിലപ്പോള്‍ പഴയ ജാഹിലിയ്യ കാലത്തേക്ക് തിരിച്ചു പോകാന്‍ സാധ്യത ശത്രു കണ്ടിരുന്നു. അത്തരം നിലപാടുകള്‍ സ്വീകരിക്കുന്ന ജൂതരെയും അതിനു കീഴടങ്ങുന്ന വിശ്വാസികളെയും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്.

ഈ പ്രവര്‍ത്തനങ്ങള്‍ ഒരു പഴയ കഥയായി നാം കണക്കാക്കരുത്. മുസ്ലിം സമുദായത്തിന്റെ ഏകീകരണം എന്നും പലര്‍ക്കും വിഷമമുണ്ടാക്കും. കേരളത്തിലെ പോലെ മുസ്ലിം സംഘടനകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങള്‍ ഇന്ത്യയില്‍ തന്നെ കുറവാണ്. അതിന്റെ ഗുണവും ദോഷവും നാം അനുഭവിക്കുന്നു. ഇസ്ലാം സംവാദം ഇഷ്ടപ്പെടുന്നു. മറ്റുള്ളവരോട് മാന്യമായ രീതിയില്‍ വേണം സംവദിക്കാന്‍ എന്ന് മതം നിഷ്കര്‍ഷിക്കുകയും ചെയ്യുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് മറ്റുള്ളവരെ കുറിച്ചു നല്ല ധാരണയുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും അവര്‍ തമ്മില്‍ പലവിധ സംവാദങ്ങളും വാദപ്രതിവാദങ്ങളും നടന്നിട്ടുണ്ട്. എങ്കിലും കേരളത്തില്‍ ഇന്ന് കാണുന്ന എല്ലാ രീതിയിലുമുള്ള പുരോഗതിക്കും മത സംഘടനകള്‍ അവരുടെ കഴിവില്‍ സാധ്യമായ എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട് എന്നത് ഒരു സത്യവുമാണ്.

Also read: പൂര്‍ണമുസ്‌ലിമിന്റെ രൂപീകരണം

സംവാദം വൈജ്ഞാനികവും രചനാത്മകവുമാകണം എന്നതില്‍ നിന്നും മാറി പലപ്പോഴും അത് വ്യക്തി വിദ്വേഷത്തിലേക്കും സംഘട്ടനത്തിലെക്കും മാറിയിരുന്നു. അതിന്റെ പേരില്‍ തന്നെ പല മത സംഘടനകളും പിളര്‍ന്നിട്ടുണ്ട്. ആ പിളര്‍പ്പിനെ ഉപയോഗപ്പെടുത്താന്‍ പലപ്പോഴും രാഷ്ട്രീയക്കാരും ശ്രമം നടത്തിയിട്ടുണ്ട്. നില്‍ക്കുന്ന തറയെ മറന്നു കൊണ്ടായിരുന്നു പലപ്പോഴും സംഘടനകള്‍ തര്‍ക്കിച്ചത്. സമൂഹത്തില്‍ ഇസ്ലാമിന് അത് നല്‍കിയത് നല്ല പ്രതിച്ഛായയായിരുന്നില്ല. അപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പൗരത്വ നിയമവുമായി രംഗത്ത്‌ വന്നത്. വിഷയത്തിന്റെ ഗൗരവം പെട്ടെന്ന് തന്നെ മുസ്ലിം സംഘടനകള്‍ മനസ്സിലാക്കി. അവര്‍ ഒന്നിച്ചാണ് ആ നിയമത്തിനെതിരെ പോരാടിയത്. മുസ്ലിംകള്‍ ഒന്നിക്കുന്നത് മറ്റുള്ളവരുടെ ഒരു അവകാശവും വേണ്ടെന്നു വെക്കാന്‍ വേണ്ടിയായിരുന്നില്ല. അവരുടെ അവകാശങ്ങള്‍ ചവിട്ടി മെതിക്കാന്‍ പാടില്ല എന്നത് മാത്രമായിരുന്നു അവര്‍ ഉന്നയിച്ച ആവശ്യം. കുറുക്കന്റെ ബുദ്ധിയോടെ ചിലര്‍ ഈ ഒന്നിക്കലിനെ കണ്ടു. മുസ്ലിം സംഘടനകള്‍ക്കിടയില്‍ ഒരു ഭിന്നിപ്പ് അവര്‍ക്ക്  ആവശ്യമായി തോന്നി.

പരസ്പരം അറിഞ്ഞു കൊണ്ട് തന്നെയാണ് എല്ലാ മത സംഘടനകളും പൊതു വിഷയത്തില്‍ ഒന്നിച്ചത്. അതൊരു അനിവാര്യത എന്ന നിലയില്‍ സംഭവിച്ചതാണ്. കേരളത്തില്‍ ഇപ്പോള്‍ ദൃശ്യ മാധ്യമങ്ങളുടെ മുഖ്യ ജോലി മുസ്ലിം മത സംഘടനക നേതാക്കളെ അഭിമുഖം നടത്തുക എന്നതാണ്. നേരത്തെ പറഞ്ഞ മദീനയിലെ ജൂതരുടെ മറ്റൊരു രീതി എന്ന് പറയാം. മാറിയ സാഹചര്യത്തിലെ രാഷ്ട്രീയമാണ് അതിനു പിന്നിലെ മുഖ്യ ഘടകം. തങ്ങളുടെ എതിര്‍ ദിശയില്‍ നില്‍ക്കുന്ന സംഘടനകളെ കുറ്റപ്പെടുത്തുക എന്നതില്‍ നിന്നും ഭിന്നമായി അവരുടെ നേട്ടങ്ങളെ പര്‍വതീകരിച്ചു മറ്റുള്ളവരെ ഭീതിയിലാഴ്ത്തുക എന്നതാണ് മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന രീതി. സ്വാഭാവികമായും ചോദ്യം ചോദിക്കപ്പെടുന്ന സംഘടനയുടെ നേതാവിന് പ്രതികരിക്കേണ്ടി വരും. ആ പ്രതികരണത്തിലാണ് മാധ്യമ പ്രവര്‍ത്തകന്‍ കണ്ണ് വെക്കുന്നതും.

Also read: കൈസ്തവര്‍ക്കും മുസ്ലിംങ്ങള്‍ക്കുമിടയില്‍ പാലം പണിയുന്ന അധ്യായം

ഇസ്ലാമിക ഭരണം എന്നത് ഇന്ത്യയിലെ ഭൂരിപക്ഷത്തെ ഭയപ്പെടുത്താന്‍ പറ്റിയ വിഭവമാണ്. ഇന്ത്യ പോലെ ഫാസിസ്റ്റുകള്‍ക്ക് ഭരണമുള്ള നാട്ടില്‍ അത് പ്രചരിപ്പിച്ചാല്‍ ഇസ്ലാമോഫോബിയ കൂടുതല്‍ സജീവമാക്കാം എന്നത് മാത്രമാണ് ഫലം. ഉത്തരേന്ത്യയില്‍ ഉവൈസിയുടെ വിജയവും ഇസ്ലാമിക ഭരണത്തില്‍ വരവ് വെക്കാന്‍ ചില മാധ്യമ പ്രവര്‍ത്തകര്‍  ശ്രമിക്കുന്നു. ഉവൈസിക്ക് ഒരു വേരുമില്ലാത്ത കേരളത്തില്‍ മത സംഘടനകള്‍ അതിന്റെ പേരില്‍ എന്തിനു മറുപടി പറയണം എന്നതാണ് അതിലെ കൗതുകം. ഉവൈസി വടക്കേ ഇന്ത്യന്‍ മണ്ണില്‍ പച്ചപിടിക്കാന്‍ കാരണമായ കാര്യത്തെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു വിചിന്തനത്തിന് തയ്യാറാകുന്നില്ല എന്ന് മാത്രമല്ല അതിന്റെ പേരില്‍ കേരളത്തിലെ മത സംഘടനകളെ തീവ്രവാദ മുദ്ര കുത്താനുള്ള ശ്രമവും അവര്‍ തുടരുന്നു.

കേരള മണ്ണില്‍ ഒരു തീവ്രവാദ സംഘങ്ങളും വേരുറക്കില്ല എന്നുറപ്പാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ ജനം സൂക്ഷമായി വിശകലനം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. പലപ്പോഴും വര്‍ഗീയതയെ എതിര്‍ക്കുന്ന പ്രസ്ഥാനങ്ങള്‍ വര്‍ഗീയ കക്ഷികളുമായി മേശക്കടിയിലൂടെ നടത്തുന്ന നീക്കുപോക്കുകള്‍ കേരള മണ്ണില്‍ അവര്‍ക്ക് ഊര്‍ജം നല്‍കുന്നു. അതെ സമയം നിലപാടുകളുടെ പേരില്‍ പരസ്യമായ നിലപാടുകള്‍ സ്വീകരിക്കുന്നവരെ ആരോപണം ഉന്നയിച്ചു മാറ്റി നിര്‍ത്തിക്കാനുള്ള ശ്രമവും നടക്കുന്നു അതിന്റെ ഭാഗമാണ് തുടര്‍ന്ന് കൊണ്ടിരിക്കുന്ന ദൃശ്യ മാധ്യമങ്ങളിലെ മുഖാമുഖങ്ങള്‍. പലപ്പോഴും മത സംഘടന നേതാക്കള്‍ മാധ്യമങ്ങള്‍ വിരിച്ച കെണിയില്‍ വീണുപോകുന്നു. അത്തരം നീക്കങ്ങളെ സമര്‍ത്ഥമായി നേരിടാന്‍ കഴിയുക എന്നത് തന്നെയാണ് കേരളത്തില്‍ സംജാതമായ ഒരു പുതിയ സാമൂഹിക അവസ്ഥയെ നിലനിര്‍ത്താന്‍ വേണ്ട ഒന്നാമത്തെ ആയുധം.

“ വാക്കുകളെ അതിന്റെ ഉദ്ദേശങ്ങളില്‍ നിന്നും തെറ്റിക്കുക” എന്നൊരു പ്രയോഗം ഖുര്‍ആന്‍ നടത്തുന്നുണ്ട് . പ്രവാചക കാലത്തെ ജൂതൻമാരെയാണ് അത് കൂടുതല്‍ സൂചിപ്പിക്കുന്നത്. അതെ ബുദ്ധി തന്നെയാണ് പലരും ഉപയോഗിക്കുന്നത് എന്നത് ചരിത്രത്തിന്റെ ആവര്‍ത്തനമായി മാത്രംകണ്ടാല്‍ മതി.

Related Articles