Editors Desk

മരണത്തിനും ജീവിതത്തിനുമിടയിൽ മരുപ്പച്ച തേടുന്ന അഭയാർഥികൾ

ജീവിതത്തെ കുറിച്ച് വലിയ പ്രതീക്ഷകളില്ലെങ്കിലും ജീവൻ നിലനിർത്തുകയെന്ന പ്രതീക്ഷയുമായാണ് ഓരോ അഭയാർഥിയും തന്റെ രാജ്യം വിടുന്നത്. അവർ മരണത്തിനും ജീവിതത്തിനുമിടയിൽ ജീവിക്കുന്നവരാണ്. കപ്പലിൽ കയറി യാത്ര തുടങ്ങുമ്പോൾ അവർ മരണത്തെ മുന്നിൽ കാണുന്നു. മാത്രമല്ല ചിലർ മരിക്കുകയും ചെയ്യുന്നു. മരിക്കുമെന്ന് അറിയാമെങ്കിലും അത് ജീവന്റെ അവസാന ശ്വാസവും പോരാടികൊണ്ടാവണമെന്ന് തീർച്ചപ്പെടുത്തിയവരാണ് അഭയാർഥികൾ. ഒരേസമയം ഭരണകൂടങ്ങളാണ് അഭയാർഥിയോട് കനിവും ക്രൂരതയും കാണിക്കുന്നത്. തന്റെ രാജ്യത്തെ ഭരണകൂടം ക്രൂരത കാണിക്കുമ്പോൾ മറ്റൊരു രാജ്യം കനിവ് കാണിക്കുന്നു. അങ്ങനെ രാജ്യാതിർത്തി കടന്നുവരുന്ന അഭയാർഥികളെ രാഷ്ട്രങ്ങൾ സ്വീകരിക്കുന്നു. ഇവിടെ മാനുഷികത അതിരുകൾ കടന്ന് ആകാശത്തോളം വിശാലമാവുകയാണ്. മനുഷ്യനെ മനുഷ്യനാക്കുന്നത് മനുഷ്യപ്പറ്റാണ്. ഈ മാനുഷിക പ്രതിസന്ധി പരിഹിരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രങ്ങൾ അഭയാർഥികളെ സ്വീകരിക്കുകയെന്നതിനെ നാം പ്രോത്സാഹിപ്പിക്കാറുണ്ട്. ഒരു പരിധിയിൽ കവിഞ്ഞ് അതിനെ നമുക്ക് പ്രോത്സാഹിപ്പിക്കാൻ കഴിയുമോ? അഭയാർഥികളെ സൃഷ്ടിക്കുന്ന രാഷ്ട്രങ്ങളെ കുറ്റപ്പെടുത്തുന്നതിനെക്കാൾ അഭയാർഥികളെ സ്വീകരിക്കാതിരിക്കുന്ന രാഷ്ട്രങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയാണോ?

Also read: സ്വന്തം അമ്മയുടേതിന് സമമാണന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്

മരുപ്പച്ച തേടി യാത്ര തിരിക്കുന്ന അഭയാർഥികൾ തിരിച്ചറിയുന്നു മരീചകയാണ് തങ്ങൾ തേടിയതെന്ന്. ഒക്ടോബർ രണ്ടിന് അൽജസീറ റിപ്പോർട്ട് ചെയ്ത വാർത്ത ഇതിനൊരു ഉദാഹരണം മാത്രമാണ്. സൗദിയിൽ തടവിൽ കഴിയുന്ന അഭയാർഥികളായ രണ്ട് എത്യോപ്യൻ പൗരന്മാർ ഫോൺ സംഭാഷണത്തിൽ പറഞ്ഞത് അവരുടെ ജീവിതമായിരുന്നു. അങ്ങനെ തടവിൽ കഴിയുന്ന 300ഓളം അഭയാർഥികളായ എത്യോപ്യൻ പൗരന്മാരുടെ ജീവിതം ലോകം അറിയുകയാണ്. മനുഷ്യത്വമില്ലാതെ ഞങ്ങളെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. കക്കൂസിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന മാലിന്യങ്ങളിലാണ് ഞങ്ങൾ കിടന്നുറങ്ങുന്നത്. ഞങ്ങൾക്ക് തിരിച്ച് വീട്ടിലേക്ക് പോകണമെന്നുണ്ട്. ഏത്യോപ്യൻ അധികൃതർ ഉൾപ്പടെ ഞങ്ങളെ ആരും സഹായിക്കുന്നില്ല- അഭയാർഥികളിലൊരാൾ പറഞ്ഞുനിർത്തി. നരകതുല്യമായ അവസ്ഥ കാത്തിരിക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ ഞങ്ങളുടെ രാജ്യം വിടുമായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലായി ആത്മഹത്യയെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു. ഇത് അസഹനീയമാണ്. ഞങ്ങൾ എന്തെങ്കിലും പരാതിപ്പെട്ടാൽ അവർ ഞങ്ങളെ ഇലക്ട്രിക്ക് വയറുകൊണ്ട് അടിക്കുകയാണ്. അവർ ഞങ്ങളുടെ പണവും ഫോണുമെല്ലാം കൊണ്ടുപോയി. ഇപ്പോൾ ഒരു ആഗ്രഹമേയുള്ളൂ. തിരിച്ച് സ്വന്തം രാജ്യമായ എത്യോപയിലേക്ക് തിരിക്കുക. പക്ഷേ അത് ഇപ്പോൾ സ്വപ്നം മാത്രമാണ്- രണ്ടാമത്തെയാൾ പറയുന്നു.

മരിക്കുമെന്ന് അറിയാമെങ്കിലും അത് ജീവന്റെ അവസാന ശ്വാസവും പോരാടികൊണ്ടാവണമെന്ന് തീർച്ചപ്പെടുത്തിയവരാണ് അഭയാർഥികൾ. ഒരേസമയം ഭരണകൂടങ്ങളാണ് അഭയാർഥിയോട് കനിവും ക്രൂരതയും കാണിക്കുന്നത്.

അതെ, രാജ്യത്തിനകത്തും പുറത്തും ദുരിതം അനുഭവിക്കാൻ വിധിക്കപ്പെട്ടവരെ നാം വിളിക്കുന്ന പേരാണ് അഭയാർഥികൾ എന്ന്! സോമാലിയയിൽ നിന്നും ജിബൂട്ടിയിൽ നിന്നുമായി ഏദൻ ഉൾക്കടലിലൂടെയോ ചെങ്കടലിലൂടെയോ ആയിരക്കണക്കിന് എത്യോപ്യക്കാരാണ് ഓരോ വർഷവും സൗദിയിലേക്ക് മെച്ചപ്പെട്ട ജീവിതം തേടി എത്തുന്നത്. കൂടാതെ യുദ്ധം ഉഴുതുമറിച്ച യമനിലൂടെയും അഭയാർഥികൾ എത്തുന്നു. ആയിരക്കണക്കിന് എത്യോപ്യക്കാർ സൗദിയിലെത്താൻ പണം കണ്ടെത്തുന്നതിനായി വടക്കൻ യമനിൽ ജോലിചെയ്തുവരുന്നവെന്ന് ആംനസ്റ്റി ഇന്റർനാഷനൽ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ സെപ്തംബർ തുടക്കം മുതൽ അൾജീരിയ 240 സ്ത്രീകളും 430 കുട്ടികളുമടങ്ങുന്ന 3400 കുടിയേറ്റക്കാരെയാണ് നൈജറിലേക്ക് നാടുകടത്തിയത്. 2018ലും 2019ലും 25000 കുടിയേറ്റക്കാരെ നൈജറിലേക്ക് നാടുകടത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. അഭയം തേടിയെത്തുന്ന അഭയാർഥികൾ ഭയത്തോടെ അന്യനാട്ടിൽ മരിച്ചുകൊണ്ട് ജീവിക്കുമ്പോഴും, വന്നെത്തിയ നാട്ടിൽ നിന്ന് വീണ്ടും ആട്ടിപുറത്താക്കുമ്പോഴും അഭയാർഥി പ്രശ്നം പരിഹരിക്കുന്നതിനുള്ള കാതലായ ചർച്ചക്ക് ലോക രാഷ്ട്രങ്ങൾ ഇനിയും തയാറാകുന്നില്ലെന്നത് ഖേദകരവും ദു:ഖമുളവാക്കുന്നതുമാണ്.

Also read: അപഹരിക്കപ്പെടുന്ന ഇസ് ലാമും പരിഹാര മാര്‍ഗ്ഗങ്ങളും

കഴിഞ്ഞ തിങ്കൾ എട്ട് സ്ത്രീകളും മൂന്ന് കുട്ടികളടക്കം പതിനൊന്ന് ആഫ്രിക്കൻ അഭയാർഥികൾ മരണപ്പെട്ട വാർത്താണ് ഏറ്റവും അവസാനമായി നാം കേൾക്കുന്നത്. യുദ്ധവും ദാരിദ്രവും കാരണമായി മെഡിറ്ററേനിയിൽ കടൽ വഴി യൂറോപിലെത്താൻ ആഗ്രഹിച്ച് തെക്കൻ തുനീഷ്യയിൽ മുങ്ങിമരിക്കേണ്ടിവന്ന ഹതഭാഗ്യർ. ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയിൽ നിന്നും തുനീഷ്യയിൽ നിന്നും ഒരുപാട് പേർ അഭയാർഥികളായിക്കൊണ്ടിരിക്കുകയാണ്. 2014 മുതൽ 20000 അഭയാർഥികളാണ് മെഡിറ്ററേനിയൻ കടൽ യാത്രയിൽ മരണപ്പെട്ടത്. ഈ വർഷം 620 അഭയാർഥികൾ വരെ മുങ്ങിമരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കുകൾ പറയുന്നത്. ലിബിയയിൽ നിന്നും തുനീഷ്യയിൽ നിന്നുമായി 17000ത്തോളം അഭയാർഥികളാണ് ഈ വർഷം ഇറ്റലിയിലും മാൾട്ടയിലുമെത്തിയിട്ടുള്ളത്. 2019ലെ അഭയാർഥികളുടെ കണക്ക് പരിശോധിക്കുമ്പോൾ മൂന്ന് ഇരട്ടിയായാണ് വർധിച്ചിരിക്കുന്നത്. വർധിക്കുന്ന കണക്കുകൾക്ക് മുന്നിൽ, പൊലിയുന്ന ജീവനുകൾക്ക് മുന്നിൽ ലോകം കാണിക്കുന്ന നിസ്സംഗത എത്ര സങ്കടകരവും ഭയാനകവുമാണ്.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker