Current Date

Search
Close this search box.
Search
Close this search box.

കടിഞ്ഞാണില്ലാതെ കുതിക്കുന്ന ഇന്ധന വില

രാജ്യത്തെ പൗരന്മാര്‍ ഇന്ന് ഒന്നടങ്കം ഭീഷണി നേരിടുന്ന ഒന്നാണ് ദിനേനയുള്ള ഇന്ധന വില വര്‍ധനവ്. ഇന്ധന വില ദിനേന വര്‍ധിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായെങ്കിലും അടിക്കടി മുന്നോട്ടു കുതിച്ച് നൂറിനടുത്തേക്ക് കടക്കുകയാണിപ്പോള്‍. മെട്രോ നഗരമായ മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 89.97 രൂപയാണ് ഇന്നത്തെ വില. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില ഇവിടെയാണ്. ഇവിടെ ഡീസലിന് 77.92 രൂപയുമാണ്.

ഇന്ധന വില വര്‍ധനവിനെതിരെ വിവിധ രീതിയിലുള്ള പ്രക്ഷോഭങ്ങളും ഹര്‍ത്താലും നേരത്തെയും അരങ്ങേറിയിട്ടുണ്ടെങ്കിലും വില വര്‍ധനവ് തടയാനൊന്നും ഇക്കാലം വരെ അതുകൊണ്ടായിട്ടില്ല. ഇത്തവണ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് ഭാരന്ത് ബന്ധിന് ആഹ്വാനം ചെയ്ത ദിവസും ബന്ദ് നടക്കുന്നതിനിടയിലും പെട്രോളിയം കമ്പനികള്‍ കൂസലില്ലാതെ തന്നെ വീണ്ടും വില വര്‍ധിപ്പിച്ചു. യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് പെട്രോളിയം ഉതപന്നങ്ങളുടെ വില നിര്‍ണയാധികാരം സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതി നല്‍കിയത്. നേരത്തെ മാസത്തില്‍ രണ്ടു തവണ മാത്രമായിരുന്നു ഇന്ധന വില പെട്രോളിയം കമ്പനികള്‍ പുന:പരിശോധിച്ചിരുന്നത്. എന്നാല്‍ മോദി അധികാരത്തിലെത്തിയതോടെ ഇന്ധന വില നിര്‍ണ്ണയം ഓരോ 24 മണിക്കൂറിനിടെയും പുന:പരിശോധിക്കാന്‍ കമ്പനികള്‍ക്ക് അനുവാദം നല്‍കുകയായിരുന്നു. ഇതോടെ രാജ്യത്തെ ഇന്ധന വില വര്‍ധനവ് കടിഞ്ഞാണില്ലാതെ അതിവേഗം മുന്നോട്ടു കുതിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.

തങ്ങള്‍ അധികാരത്തിലേറിയാല്‍ പെട്രോളിന് ലിറ്ററിന് 50 രൂപയില്‍ താഴെയാക്കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പിക്ക് കീഴില്‍ പെട്രോള്‍ വില ഇപ്പോള്‍ 100 രൂപയ്ക്ക് തൊട്ടടുത്തെത്തി നില്‍ക്കുകയാണ്. ഓരോ തവണ വില വര്‍ധിക്കുമ്പോഴും അബദ്ധന്‍ ന്യായീകരണങ്ങള്‍ നിരത്താന്‍ മത്സരിക്കുകയാണ് പ്രധാനമന്ത്രി മുതല്‍ താഴെതട്ടില്‍ വരെയുള്ള ബി.ജെ.പി നേതാക്കളും അനുയായികളും.

ഇന്ധന വില വര്‍ധനവിലും രൂപയുടെ മൂല്യമിടിഞ്ഞതിലും പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികളില്‍ ഭൂരിഭാഗവും ഇന്ന് നടന്ന ബന്ദിന്റെ ഭാഗമായി എന്നത് നേരിയ രീതിയിലെങ്കിലും ശുഭ പ്രതീക്ഷ നല്‍കുന്നുണ്ട്. അടുത്ത വര്‍ഷം വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യനിരയുടെ ആദ്യ ചുവടുവെപ്പായി ഇതിനെ കാണാം. വിവിധ സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമായിരുന്നു. ചിലയിടങ്ങളില്‍ ബന്ദ് അക്രമാസക്തമാവുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. എങ്കിലും രാജ്യത്തെ മുഴുവന്‍ പൗരന്മാരും ഒന്നിച്ചു നിന്നു ചെറുത്ത് തോല്‍പിക്കേണ്ട ഒന്നു തന്നെയാണ് ഈ വില വര്‍ധനവ്. പെട്രോള്‍,ഡീസല്‍ വില വര്‍ധനവ് രാജ്യത്തെ സമസ്ത മേഖലകളെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ്. ഇന്ത്യയിലെ 125 കോടി ജനങ്ങളും നേരിട്ടോ അല്ലാതായോ ഇന്ന് വാഹനങ്ങളെ ആശ്രയിക്കുന്നവരാണ്. അതിനാല്‍ തന്നെ ഇത് സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുമെന്ന കാര്യത്തില്‍ സംശയില്ല.

കോര്‍പറേറ്റ് ഭീമന്മാരുടെ കൈയില്‍ നിന്നും ഇന്ധന വില വര്‍ധനവിന്റെ കടിഞ്ഞാണ്‍ പിടിച്ചുവാങ്ങി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ മറ്റൊരു ജനകീയ പ്രക്ഷോഭത്തിനാകും രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരിക. നിര്‍ഭാഗ്യവശാല്‍, രാജ്യത്തെ ഭൂരിപക്ഷം ജനതയും കേവലം ട്രോളുകളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും മാത്രം വിലവര്‍ധനവിനെതിരെ പ്രതിഷേധിക്കുകയാണ് ചെയ്യുന്നത്. അതു തന്നെയാണ് കേന്ദ്ര സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതും. രാജ്യത്തെ യുവജനങ്ങളും പുതുതലമുറയുമടക്കം ഈ നിലപാടില്‍ മാറ്റം വരുത്താന്‍ തയാറായെങ്കില്‍ മാത്രമേ ഈ പകല്‍കൊള്ളക്ക് തടയിടാനാവൂ എന്ന ബോധം നമുക്കുണ്ടാവേണ്ടതുണ്ട്.

Related Articles