Editors Desk

പ്രക്ഷോഭത്തിന്റെ ഒരാണ്ട്; പ്രതിസന്ധി മാറാതെ ലെബനാന്‍

2010ലെ അറബ് വസന്തത്തെ ഓര്‍മിപ്പിക്കും വിധമുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ക്കാണ് 2019 ഒക്ടോബറില്‍ പശ്ചിമേഷ്യന്‍ രാഷ്ട്രമായ ലെബനാനിലും അരങ്ങേറിയത്. ‘ഒക്ടോബര്‍ വിപ്ലവം’ എന്നാണ് ലെബനാന്‍ ജനത പ്രക്ഷോഭത്തെ ഓമനപ്പേരിട്ടു വിളിച്ചിരുന്നത്. പതിവ് ജനകീയ സമരങ്ങള്‍ പോലെ ഭരണകൂടത്തിനും രാജ്യത്തെ അധികാര നേതൃത്വങ്ങള്‍ക്കും എതിരായിരുന്നു ലെബനാന്‍ പ്രക്ഷോഭവും. പെട്രോള്‍ അടക്കമുള്ള ഇന്ധനങ്ങള്‍ക്കും സിഗരറ്റിനും നികുതി വര്‍ധിപ്പിച്ചതിനും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതുമൊക്കെയാണ് ജനങ്ങളെ സര്‍ക്കാരിനെതിരെ സമരരംഗത്തിറങ്ങാന്‍ ചൊടിപ്പിച്ചത്. തുടര്‍ന്ന് തലസ്ഥാന നഗരിയായ ബെയ്‌റൂത്തില്‍ ആരംഭിച്ച പ്രക്ഷോഭം രാജ്യത്തുടനീളം വളരെ പെട്ടെന്ന് തന്നെ പടര്‍ന്നു പിടിക്കുകയായിരുന്നു.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമായതോടെ യുവതി-യുവാക്കള്‍ അടക്കമുള്ള ജനത വര്‍ധിത വീര്യത്തോടെ തെരുവിലിറങ്ങി. ലെബനീസ് പതാകകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്ത് പതിനായിരങ്ങളാണ് പ്രധാന നഗരങ്ങളിലെല്ലാം ഒരുമിച്ചു കൂടിയത്. പൊതുമേഖലയില്‍ പിടികൂടിയ അഴിമതിയും അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കുടിവെള്ളം, ശുചീകരണം അടക്കം വിതരണം ചെയ്യുന്നതില്‍ വന്ന അലംഭാവവുമെല്ലാം പ്രക്ഷോഭം ആളിക്കത്താന്‍ ഇടയാക്കി. 2019 ഒക്ടോബര്‍ 17നാണ് രാജ്യത്ത് ആദ്യമായി പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നത്.

Also read: സൂറത്തു അര്‍റൂം: പ്രവചനവും ദൃഷ്ടാന്തങ്ങളും ഉള്‍ചേര്‍ന്ന അധ്യായം

വര്‍ണ്ണ-വര്‍ഗ്ഗ ഭേദമില്ലാതെ എല്ലാതരത്തിലുള്ള വിഭാഗീയതകളും മറികടന്നാണ ജനങ്ങള്‍ ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങിയത്. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും മേധാവിത്വം നല്‍കാതെ തീര്‍ത്തും ജനകീയമായിട്ടാണ് ഈ സമരം എന്നതാണ് ശ്രദ്ധേയം. പ്രക്ഷോഭം ശക്തിയാര്‍ജിച്ചതോടെ 2019 ജനുവരിയില്‍ അധികാരത്തിലേറിയ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അതേവര്‍ഷം തന്നെ രാജിവെച്ചു. തുടര്‍ന്ന് 2020 ജനുവരി 21ന് ഇതേ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഹസന്‍ ദിയാബ് പുതിയ പ്രധാനമന്ത്രിയായി അധികാരത്തിലേറി. ഹിസ്ബുള്ളയടക്കമുള്ള സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് ദിയാബ് അധികാരത്തിലേറിയതും 20 അംഗ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തത്. എന്നാല്‍ മുന്‍ മന്ത്രിസഭാംഗം കൂടിയായ ദിയാബിനെയും അംഗീകരിക്കാന്‍ പ്രതിഷേധക്കാര്‍ തയാറായില്ല. അവര്‍ പ്രക്ഷോഭസമരവുമായി തെരുവില്‍ തന്നെ തുടര്‍ന്നു. ഇതിനിടെ സമരക്കാരുമായി വിവിധ ചര്‍ച്ചകളും സാമ്പത്തിക പാക്കേജുകളും പ്രഖ്യാപിച്ചെങ്കിലും ഇതൊന്നും അംഗീകരിക്കാന്‍ ജനങ്ങള്‍ തയാറായില്ല.

എന്നാല്‍ ഇതിനിടെയാണ് 2020 ഓഗസ്റ്റ് നാലിന് ലെബനാനെ ഞെട്ടിപ്പിച്ച് കൂറ്റന്‍ സ്‌ഫോടനം അരങ്ങേറുന്നത്. ബെയ്‌റൂത്ത് തുറമുഖത്തിനു സമീപമുള്ള സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച രണ്ട് വെയര്‍ഹൗസുകള്‍ക്ക് തീപിടിച്ച് ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടു. നിരവധി കെട്ടിടങ്ങളും വീടുകളും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. ഇതോടെ ലെബനാനിലെ രാഷ്ട്രീയ പ്രതിസന്ധിയും ഇരട്ടിയായി. ജീവിതാവസ്ഥ പ്രതിസന്ധിയിലായതോടെ ജനങ്ങള്‍ സമരം ശക്തമാക്കി. നിരവധി പേര്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. അവസാനം ഗത്യന്തരമില്ലാതെ സമരത്തിനു മുന്നില്‍ വഴങ്ങളി 2020 ഓഗസ്റ്റ് 10ന് ദിയാബിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചു.

Also read: കെട്ടുകൾ മുറുകിക്കൊണ്ടേയിരിക്കട്ടെ!

എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയപ്രതിസന്ധിയും രൂക്ഷമായി അനുഭവിക്കുന്ന ലെബനാനിലെ തെരുവുകള്‍ ഇന്നും ശാന്തമല്ല. ഹരീരിക്കും ദിയാബിനും ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഈ സമരത്തിനായില്ല. നാളത്തെ പുതിയ പ്രഭാതം തേടി രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ മറികടന്ന് പുതിയ നേതൃത്വം അമരത്തിരിക്കുന്ന ലെബനാനെ സ്വപ്‌നം കണ്ട് തെരുവില്‍ കഴിയുകയാണ് ഇന്നും ലെബനീസ് ജനത.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker