Current Date

Search
Close this search box.
Search
Close this search box.

ഇഖ്‌വാനുൽ മുസ്‌ലിമൂൻ ജോർദാൻ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ!

സൗദി അറേബ്യയോട് തെക്കുകിഴക്കായും, ഇറാഖിനോട് വടക്കുകിഴക്കായും, സിറിയയോട് വടക്കായും, ഇസ്രായേലിനോടും ഫലസ്തീനോടും പടിഞ്ഞാറായും അതിർത്തി പങ്കിടുന്ന രാജ്യമായ ജോർദാൻ നവംബർ പത്തിന് പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. സൗദി അറേബ്യ, ഇറാഖ്, സിറിയ, ഇസ്രായേൽ, ഫലസ്തീൻ തുടങ്ങിയ അതിർത്തി പങ്കിടുന്ന രാഷ്ട്രങ്ങളുടെ രാഷ്ട്രീയം ജോർദാനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. അഭയാർഥി പ്രശ്നവും, അധിനിവേശവുമെല്ലാം ജോർദാന്റെ രാഷ്ട്രീയ നിലപാടിൽ അതുകൊണ്ട് തന്നെ പ്രസക്തവുമാണ്. കൊറോണ വൈറസ് പ്രതിസന്ധി കാരണം നിലവിലെ പാർലമെന്റിന്റെ കാലവാധി നീട്ടുമോയെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയായി നിയമാനുസൃതമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന രാജകീയ ഉത്തരവ് വരികയും ചെയ്തിരുന്നു. ഇപ്പോൾ, പ്രതിസന്ധികൾക്കിടയിലും രാജ്യം തെരഞ്ഞെടുപ്പ് നടപടികളിലേക്ക് പ്രവേശിക്കുകയാണ്. മാർച്ച് മുതൽ ജൂൺ വരെ രാജ്യം പൂർണമായും അടിച്ചിട്ടിരുന്ന സാഹചര്യത്തിലും സ്വതന്ത്ര്യ തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയിരുന്നു. കൊറോണ വൈറസ് പ്രതിസന്ധി മൂലം ശക്തമായ മുന്നൊരുക്കങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് ഒരുക്കിയിരിക്കുന്നത്.

Also read: ബിൽകീസും മോഡിയും ടൈം മാഗസിന്റെ നൂറിൽ എണ്ണുമ്പോൾ

പരമാധികാര രാഷ്ട്രമായ ജോർദാനിൽ ഭരണഘടനാപരമായ രാജവാഴ്ചയാണുള്ളത് (Constitutional monarchy). നിയമനിർമാണവും (Executive), കാര്യനിർവഹണവുമെല്ലാം (Legislative) രാജാവിന്റെ വിപുലമായ അധികാര പരിധിയിലാണ്. അതിനാൽ തന്നെ പാർട്ടികളുടെ പങ്കാളിത്തമെന്നത് വലിയ അളവിൽ നിയന്ത്രണ വിധേയമായിരിക്കും. രാജാവിൽ അധികാരം നിക്ഷിപ്തമാകയാൽ, ഒരു പാർട്ടിക്കും ഭരണചക്രം തിരിക്കുന്നതിനുള്ള വിജയം തെരഞ്ഞെടുപ്പിലൂടെ നേടിയെടുക്കാൻ സാധ്യമല്ല. കൂടാതെ, തെരഞ്ഞെടുപ്പ് സമ്പ്രദായമെന്നത് ഗ്രാമീണ മേഖലക്ക് അനുകൂലമായി വിഭജിക്കപ്പെടുന്നുവെന്നതാണ്. അഥവാ, ജോർദാനിൽ അംഗീകാരമുള്ള 54 രാഷ്ട്രീയ പാർട്ടികളുണ്ടെങ്കിലും, യഥാർഥ രാഷ്ട്രീയ പദ്ധതിയെ മുൻനിർത്തിയല്ലാതെ, ഗോത്രങ്ങളെയും, പ്രാദേശിക-ഭൂമിശാസ്ത്രത്തെയും അടിസ്ഥാനമാക്കികൊണ്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയെന്നത് ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ രാഷ്ട്രീയ പാർട്ടിയായ ജബ്ഹത്തുൽ അമലിൽ ഇസ്‌ലാമിയാണ് (Islamic Action Front). 2016 സെപ്തംബർ 20ന് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ 37 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

Also read: മകനുമായുള്ള നൂഹ് നബിയുടെ സംഭാഷണം

ജബ്ഹത്തുൽ അമലിൽ ഇസ്‌ലാമി തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നുവെന്ന പാർട്ടി സെക്രട്ടറി ജനറൽ മുറാദ് അൽഅദായലയുടെ പ്രഖ്യാപനം വിമർശനത്തിന് കാരണമായിരിക്കുകയാണ്. കൂടിയാലോചന സമിതിയിൽ ദീർഘനേരം ചർച്ച ചെയ്തതിന് ശേഷം, പത്രസമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഈ പാർലമെന്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന അഭിപ്രായത്തിനാണ് കൂടിയാലോചന സമിതിയിൽ  മുൻതൂക്കമുണ്ടായിരുന്നതെങ്കിലും, രാജ്യത്തിന്റെ നന്മയാണ് കൂടുതൽ പരിഗണിക്കേണ്ടതെന്ന നിലപാടിലെത്തുകയായിരുന്നുവെന്നാണ് പാർട്ടി വക്താക്കൾ വിശദീകരിക്കുന്നത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന നിലപാട് പാർട്ടി ഇപ്പോൾ തിരുത്തിയിരിക്കുകയാണ്. ജബ്ഹത്തുൽ അമലിൽ ഇസ്‌ലാമിയെ സംബിന്ധിച്ചിടത്തോളം ബഹിഷ്കരണത്തിന് ചരിത്ര നാൾവഴികളുണ്ട്. ഇസ്രായേലുമായി ജോർദാൻ ഏർപ്പെട്ട സമാധാന കരാറിന് മൂന്ന് വർഷങ്ങൾക്ക് ശേഷം, ഭരണകൂട കൃത്രിമത്തെ വിമർശിച്ച് 1997ൽ പാർട്ടി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ ഉൾപ്പടെയുള്ള ജോർദാനികളുടെ ആഗ്രഹത്തിനൊത്ത് പരിഷ്കരണം സാധ്യമാക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ആക്ഷേപിച്ച് 2010ലും 2013ലും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഈ വരുന്ന നവംബറിലെ തെരഞ്ഞടുപ്പും ബഹിഷ്കരിക്കുമെന്ന പാർട്ടിയുടെ നിലപാട് തിരുത്തിയതാണിപ്പോൾ വിമർശനത്തിന് വഴിവെച്ചിരിക്കുന്നത്.

ഈ വിഷയം സാമൂഹിക മാധ്യമങ്ങളിൽ സജീവ ചർച്ചയാവുകയും, പ്രഖ്യാപനത്തിനെതിരെ അഭൂതപൂർവമായ വിമർശനവുമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഒട്ടകം ഗർഭം ചുമന്ന് എലിയെ പ്രസവിച്ചുവെന്നാണ് ഒരുപാട് പേർ ഈ നിലപാടിനെ വിശേഷിപ്പിച്ചത്. രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇഖ്‌വാനുൽ മുസ്‌ലിമൂൻ ഈ തീരുമാനത്തിലെത്തിയിരിക്കുന്നതെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഒന്ന്, ഇത് പൂർണമായും വ്യക്തിപരമായ താൽപര്യമാണ്. പാർട്ടിയിലെ സ്വാധീനമുള്ള നേതാക്കളുടെ സ്ഥാനാർഥിത്വം നിൽക്കാനുള്ള മോഹമോ മറ്റോ ആണ് ഇതിന് പന്നിൽ. രണ്ട്, തങ്ങൾ നിയമത്തിനെതിരെ തിരിയുന്നവരാണെന്ന (കൊണ്ടുവന്ന നിയമങ്ങൾക്കെതിരെ ശക്തമായ വിമർശനം പാർട്ടി രേഖപ്പെടുത്തിയിരുന്നു.) സമൂഹത്തിന്റെ തോന്നലുമായി ബന്ധപ്പെട്ടതാണ്. അതിനാലാണ് സ്ഥാനിർഥികളെ നിർത്തിയും വോട്ടുചെയ്തും പങ്കാളിത്തം അറിയിക്കാൻ ജബ്ഹത്തുൽ അമലിൽ ഇസ്‌ലാമി തീരുമാനിച്ചത്. അഥവാ വിമർശകരിൽ നിന്ന് സ്വയം രക്ഷ നേടുന്നതിന് പ്രതിരോധ നിര സൃഷ്ടിക്കുകയാണെന്ന് സാരം.

Also read: കാറൽ മാർക്സും തൃശൂരിലെ കച്ചവടക്കാരനും

സാമൂഹിക മാധ്യമങ്ങളിലും മറ്റുമായി ഉയർന്നുവരുന്ന നിശിതമായ വിമർശനങ്ങൾ നൽകുന്ന സൂചനയെന്താണ്? തെരഞ്ഞെടുപ്പ് ആദ്യം ബഹിഷ്കരിക്കുകയും പിന്നീട് നിലപാടിൽ നിന്ന് മാറുകയും ചെയ്തതാണോ യഥാ‍ർഥത്തിൽ വിമർശനത്തിന്റെ പിന്നിലെ രഹസ്യം? അതല്ല, ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ നിലപാടിനെ തിരസ്കരിക്കുകയെന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ള നിലപാടുമായി ബന്ധപ്പെട്ട് നിൽക്കുന്നതാണോ? ഈ ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരമാണ് നവംബർ പത്തിലെ പാർലമെന്റ് തെരഞ്ഞെടുപ്പ് നൽകുക!

Related Articles