Current Date

Search
Close this search box.
Search
Close this search box.

മുഹറത്തിന്റെ രാഷ്ട്രീയം

hijra.jpg

മുഹറം പത്ത് പുണ്യകരമായതു ഇമാം ഹുസ്സൈന്‍ അവര്‍കളുടെ മരണം കൊണ്ടല്ല. അത് പുണ്യമായതു മുഹമ്മദ് നബിക്കും മുമ്പുള്ള കാരണങ്ങള്‍ കൊണ്ടാണ്. പ്രവാചക ജീവിതത്തില്‍ മുഹറവുമായി ബന്ധപ്പെട്ട കാര്യമായ ഒന്നും പറഞ്ഞു കേട്ടിട്ടില്ല. പ്രവാചകന്റെ ഹിജ്റ നടന്ന മാസവും മുഹറമല്ല. എങ്കിലും മുഹറത്തിലെ രണ്ടു നോമ്പുകള്‍ കുറിച്ച് ഹദീസുകളില്‍ കാണാം. ഒരു വര്‍ഷത്തെ ചെറിയ പാപങ്ങള്‍ മായ്ച്ചു കളയാന്‍ പര്യാപ്തം എന്നാണ് വായിക്കാന്‍ കഴിയുന്നതും.

മുഹറം ഒമ്പതിന് നോമ്പിനെ കുറിച്ചും പ്രവാചകന്‍ പറഞ്ഞു എന്നത് മാത്രമാണ് ആ ദിവസം നോമ്പ് അനുഷ്ഠിക്കാന്‍ നമുക്ക് ആധാരം. ഇമാം ഹുസ്സൈന്‍ കൊല്ലപ്പെട്ടത് പ്രവാചകന് ശേഷം അമ്പത് വര്ഷം കഴിഞ്ഞാണ്. സ്ഥാനം കൊണ്ട് ഇമാം ഹുസൈന്റെ മുന്നില്‍ നില്‍ക്കുന്ന പലരും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രവാചകന്‍ ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും. പക്ഷെ അവരുടെ മരണ ദിവസം പ്രത്യേകമായി പ്രവാചകന്‍ ഓര്‍ക്കാന്‍ പറഞ്ഞതായി നമുക്കറിയില്ല. അങ്ങിനെ ആളുകളെ സ്മരിക്കുന്നു തെറ്റാണ് എന്ന് പറയാന്‍ കഴിയില്ല. പക്ഷെ അതൊരു പുണ്യമായി കരുതാന്‍ നമ്മുടെ പക്കല്‍ തെളിവില്ല എന്ന് സാരം.

പുതിയ ആചാരങ്ങള്‍ തുടക്കമായിരിക്കുന്നു. മുഹറം പത്തു ഒരു നോമ്പില്‍ അവസാനിച്ചിരുന്നു സ്ഥലത്തു ഇപ്പോള്‍ ഇമാം ഹുസ്സൈന്‍ ആണ്ടു നേര്ച്ച എന്നായി തീര്‍ന്നിരിക്കുന്നു. ഇമാം ഹുസൈനെ ഓര്‍ക്കുമ്പോള്‍ എന്ത് കൊണ്ട് ഇമാം അവര്‍കള്‍ കൊല്ലപ്പെട്ടു എന്ന ചോദ്യം പ്രസക്തമാണ്. യസീദുമായി അദ്ദേഹത്തിനുണ്ടായിരുന്ന വിരോധം ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതില്‍ പുതിയ രീതി സ്വീകരിച്ചു എന്നതാണ്. ഖിലാഫത്തു തിരിച്ചു കൊണ്ട് വരിക എന്നതായിരുന്നു ഇമാം ഹുസ്സൈന്‍ അവര്കള് ആഗ്രഹിച്ചത്. ഇസ്ലാമിനെതിരെ ഇമാം ഹുസ്സൈന്‍ ഇറങ്ങി പുറപ്പെട്ടു എന്നതല്ല യസീദിനെ ചൊടിപ്പിച്ചത് പകരം തന്റെ അധികാരരത്തെ ചോദ്യം ചെയ്യാന്‍ അദ്ദേഹം മുതിരുന്നു എന്നതാണ്. ഇമാം ഹുസൈന്റെ അനുസ്മരണം നല്ലതാണ്. ഒരു വ്യവസ്ഥ നില നിര്‍ത്താന്‍ അദ്ദേഹം നടത്തിയ ത്യാഗം ഓര്‍ക്കുന്നതും നല്ലതാണ്. ദിവസങ്ങളോളം വെള്ളവും ഭക്ഷണവും നല്‍കാതെയാണ് ഭരണ കൂടം അദ്ദേഹത്തെയും കുടുമ്പത്തെയും പീഡിപ്പിച്ചത്. ഇതൊരു ഷിയാ സുന്നി വിഷയമായി പിന്നീട് മാറിയതാണ്.

അപ്പോള്‍ കര്‍ബല സ്മരിക്കുന്നവര്‍ ഇസ്ലാമിന്റെ രാഷ്ട്രീയമാണ് സ്മരിക്കുന്നത്. കാലഘട്ടത്തിലെ അക്രമികളായ ഭരണാധികാരികള്‍ക്കെതിരെ സമരം ചെയ്യല്‍ ഒരു അനിവാര്യതയാണ് എന്ന തിരിച്ചറിവ് ഉണ്ടായാല്‍ ഈ അനുസ്മരണം ഗുണം ചെയ്യും. ഭരണാധികാരികള്‍ക്കെതിരെ സമരം ചെയ്യല്‍ നിഷിദ്ധമാണ് എന്ന് പറയുന്നവര്‍ ഇമാം ഹുസൈനെ ഓര്‍ക്കുന്നത് തീര്‍ത്തും കാപട്യമാണ്. ഭരണാധികാരിക്കെതിരെ സമരം ചെയ്ത ചരിത്രം വേറെയും കാണാം. കലാപവും സമരവും രണ്ടാണ്. മോഡിക്കെതിരെ ഒന്നും പറയാത്തത് സുന്നത്തു ജമാഅത്തു അനുസരിച്ചു ജീവിക്കാന്‍ അനുവദിച്ചാല് പിന്നെ സമരം ചെയ്യല്‍ പാടില്ല എന്ന കാരണത്താലാണെന്നു പറഞ്ഞു വരുന്നു. യസീദിന്റെ ഭരണത്തില്‍ ഒരു ആരാധന കര്‍മവും ആരും തടഞ്ഞില്ല. പ്രവാചക കാലത്തു ഒന്നായിരുന്ന പള്ളിയും പാര്‍ലമെന്റും രണ്ടാക്കി എന്നത് മാത്രമാണ് നാം കാണുന്നത്.

കര്‍ബലയുടെ രാഷ്ട്രീയം പിന്നെ ആത്മീയമാക്കി മാറ്റി എന്നതാണ് ശിയാക്കള്‍ ചെയ്തത്. ഇമാം ഹുസ്സൈന്‍ അനുഭവിച്ച പീഡനങ്ങള്‍ അവര്‍ സ്വയം ഏറ്റു വാങ്ങുന്നു. അത് അതിന്റെ ആത്മീയ വശം. യസീദിനെയും മുആവിയയെയും തെറി വിളിക്കുക എന്നത് അതിന്റെ രാഷ്ട്രീയവും. ഷിയാക്കള്‍ക്കു ആ വിഷയത്തില്‍ കൃത്യമായ നിലപാടുണ്ട്. നമ്മുടെ നാട്ടിലെ ആഘോഷക്കമ്മിറ്റിക്കാര്‍ രാഷ്ട്രീയമാണോ അതോ മതമാണോ ഉദ്ദേശിക്കുന്നത് എന്നതാണ് അതിലെ കൗതുകം

Related Articles