Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠങ്ങള്‍

ഇസ്രായേല്‍ ജനസംഖ്യയുടെ 21 ശതമാനമാണ് അറബി ജനസംഖ്യ. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ 13 സീറ്റ് നേടിയെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്കും പ്രധാന എതിരാളിയായ ബെന്നി ഗാന്റസിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്കും ഭരിക്കാനുള്ള അധികാരം ജനം നല്‍കിയില്ല. അത്‌കൊണ്ട് തന്നെ ഒരു ഐക്യ സര്‍ക്കാരിനാണ് ഇസ്രായേലില്‍ സാധ്യത കാണുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യന്‍ ഫാസിസ്റ്റ് മാതൃകയില്‍ ശുദ്ധ അതിദേശീയതയായിരുന്നു ലിക്വിഡ് പാര്‍ട്ടി പ്രയോഗിച്ചത്. താന്‍ വിജയിച്ചാല്‍ ജോര്‍ദാന്‍ താഴ്‌വര ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കും എന്നതായിരുന്നു നെതന്യാഹു മുന്നോട്ടു വെച്ച ഉറപ്പ്. മാത്രമല്ല തിരഞ്ഞെടുപ്പിന് മുമ്പ് വെസ്റ്റ്ബാങ്കില്‍ അനധികൃത കുടിയേറ്റ ഭവനങ്ങള്‍ക്ക് അനുമതിയും നല്‍കിയിട്ടുണ്ട്. വെറുപ്പിന്റെ വികാരം എത്രമാത്രം കത്തിക്കാന്‍ കഴിയുമോ അതിന്റെ എല്ലാ പരിധികളും തകര്‍ത്താണ് ലിക്വിഡ് പാര്‍ട്ടി പ്രചാരണം നടത്തിയത്.

അതെ സമയം മുഖ്യ എതിരാളിയായ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി ജൂത ദേശീയത കൈവിടാതെ തന്നെ ഒരു സഹവര്‍ത്തിത്വത്തിന്റെ കണക്കാണ് പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ലിക്കുഡ് പാര്‍ട്ടിയേക്കാള്‍ രണ്ടു സീറ്റ് കൂടുതല്‍ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്കു ലഭിച്ചു എന്നതിനേക്കാള്‍ കൗതുകം The Joint List (القائمة المشتركة‎, al-Qa’imah al-Mushtarakah) എന്ന ഇസ്രായേലിലെ പ്രധാന അറബ് ആധിപത്യ രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യം 13 സീറ്റ് നേടിയെടുത്തു എന്നതു മാത്രമല്ല, വരാനിരിക്കുന്ന ഭരണ സംവിധാനത്തില്‍ അവര്‍ക്കു വലിയ രാഷ്ട്രീയ നേട്ടമാണുണ്ടാവുകയെന്നാണ് ലോകം വിലയിരുത്തുന്നത്. ഇസ്രായേലില്‍ ഭരണം നടത്താന്‍ 61 സീറ്റുകള്‍ ലഭിക്കണം. മുഖ്യ സഖ്യങ്ങള്‍ കൂടി ചേര്‍ന്നാല്‍ അത്രയും സംഖ്യ വരും. പിന്നെ ബാക്കിയുള്ളത് ചെറിയ പാര്‍ട്ടികളാണ്. ഇതുവരെ ലഭിച്ച സൂചന അനുസരിച്ച് സീറ്റു വിവരം ഇങ്ങിനെ വായിക്കാം:

Blue and White   33
Likud   31
The Joint List   13
Shas    9
Yisrael Beytenu    8
UTJ     8
Yamina     7
Labor-Gesher     6
Democratic Union   55

Total 120

അറബ് സഖ്യത്തിന്റെ സഹായത്തോടെ നെതന്യാഹു അധികാരത്തില്‍ വരിക എന്നത് അസംഭവ്യമാണ്. അതെ സമയം ബ്ലൂ ആന്‍ഡ് വൈറ്റ് സഖ്യവുമായി നീക്കുപോക്കിന് അവര്‍ സന്നദ്ധരുമാണ്. രണ്ടു പ്രമുഖ സഖ്യങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ആരാണ് പ്രധാനമന്ത്രി എന്നിടത്താണ് ഇപ്പോള്‍ തര്‍ക്കം നടക്കുന്നത്. അതിനു പരിഹാരമായാല്‍ പോലും ഈ സഖ്യവും കൂടുതല്‍ മുന്നോട്ടു പോകില്ല എന്നാണ് ഇസ്രായേലി പത്രങ്ങള്‍ തന്നെ നല്‍കുന്ന സൂചന. തനിക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന അഴിമതി കേസുകള്‍ അദ്ദേഹത്തെ കൂടുതല്‍ ദുര്‍ബലനാക്കും എന്നും പത്രങ്ങള്‍ പറയുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് ലിക്വിഡ് പാര്‍ട്ടി തങ്ങളുടെ പോസ്റ്ററുകളില്‍ മോദിയുടെ ചിത്രവും കൂടി ഉള്‍പ്പെടുത്തിയിരുന്നു. മോദിയെ കൂടാതെ മറ്റു ലോക നേതാക്കളുടെ കൂടി ചിത്രങ്ങള്‍ അവര്‍ ഉപയോഗിച്ചിരുന്നത്രെ. ലോക നേതാക്കളുമായി നെതന്യാഹുവിനുള്ള ബന്ധം കാണിക്കാനായിരുന്നു അതെന്നാണ് ഔദ്യോഗിക ഭാഷ്യം. അടുത്തിടെ ഇന്ത്യയും ഇസ്രാഈലും തമ്മില്‍ കൂടുതല്‍ അടുപ്പവും കാണിക്കുന്നു. മോഡി കാലത്ത് അതിന്റെ ആഴം കൂടിയിട്ടുണ്ട്. ഇന്ത്യയിലെ ഫാസിസത്തിന് ഇസ്രായേലിലെ സയണിസവും തമ്മില്‍ വളരെ അടുപ്പമുണ്ട്. കശ്മീര്‍ വിഷയത്തില്‍ പോലും ഇസ്രായിലിന്റെ പങ്കിനെ കുറിച്ച് ചര്‍ച്ച നടന്നിരുന്നു. ഇസ്റായേല്‍ സമര്‍ത്ഥമായി എങ്ങിനെ ഫലസ്തീനികളെ ഒഴിപ്പിച്ചു എന്നത് കശ്മീരില്‍ ബി ജെ പി സര്‍ക്കാരും നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്ന വിലയിരുത്തലും അന്ന് വായിച്ചതാണ്.

പക്ഷെ തീവ്ര ദേശീയത ഇസ്രാഈല്‍ ജനത തള്ളിക്കളഞ്ഞു എന്നത് ആശ്വാസമാണ്. ചര്‍ച്ചയുടെയും സഹവര്‍ത്തത്തിന്റെയും ജാലകം ഇപ്പോഴും തുറന്നു കിടക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് നല്‍കുന്ന ശുഭ സൂചന. രണ്ടു വലിയ സഖ്യങ്ങളും ഒന്നിച്ചു ഭരിച്ചാല്‍ പ്രതിപക്ഷ കക്ഷിയുടെ റോള്‍ അറബ് മുന്നണിയായ Joint Litsനു ലഭിക്കും. ഇസ്രായേലി നിയമമനുസരിച്ച് പ്രതിപക്ഷ നേതാവിന് വലിയ റോളുകളാണുള്ളത്. പ്രധാനമന്ത്രിയുമായുള്ള പ്രതിവാര കൂടിക്കാഴ്ച, വിദേശ അതിഥികളുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉപചാരങ്ങളുടെ ഭാഗമാവും അദ്ദേഹം. അത് കൊണ്ട് തന്നെ തങ്ങള്‍ ശത്രുക്കളായി മാറ്റി നിര്‍ത്തുന്ന ഒരു വിഭാഗം ഭരണകൂടത്തിന്റെ തന്നെ ഭാഗമാകുന്ന തമാശയാണ് ഈ തിരഞ്ഞെടുപ്പിന്റെ വലിയ പ്രത്യേകത.

അറുപതു ശതമാനം പേര് വോട്ടു ചെയ്തപ്പോഴാണ് ജോയിന്റ് ലിസ്റ്റിന് 13 സീറ്റ് ലഭിച്ചത്. അറബികളുടെ രാഷ്ട്രീയ ബ്ലോക്ക് ആയ ജോയന്റ് ലിസ്റ്റിനുമുണ്ട് രാഷ്ട്രീയ കൗതുകങ്ങള്‍. ജനാധിപത്യ, മൃദു ഇടതു പാര്‍ട്ടിയായ ബലദ്, മാര്‍ക്‌സിസ്റ്റ് -ലെനിനിസ്റ്റ് പാര്‍ട്ടിയായ ഹദശ്, മതേതര അറബ് ദേശീയവാദ പാര്‍ട്ടിയായ തആല്‍, മുസ്ലിം ബ്രദര്‍ഹുഡ് ആശയങ്ങള്‍ പിന്‍പറ്റുന്ന ഇസ്ലാമിസ്റ്റ് പാര്‍ട്ടിയായ യുനൈറ്റഡ് അറബ് ലിസ്റ്റ്് എന്നിവയുടെ സംഗാതമാണ് ജോയന്റ് ലിസ്റ്റ്. ഒരു പീഡിത ന്യൂനപക്ഷ സമൂഹത്തിന്റെ അതിജീവനത്തിനായി പ്രത്യയശാസ്ത്ര മര്‍ക്കട മുഷ്ടികള്‍ മാറ്റിവെച്ച് ഒരു ജനത രാഷ്ട്രീയമായി യോജിക്കുന്നതിന്റെ അപൂര്‍വ ചിത്രം കൂടിയാണത്. രാഷ്ട്രീയമായ വിവേചനങ്ങള്‍ കാരണം നിരാശരായി മാറിനില്‍ക്കുകയല്ല, കൂടുതല്‍ നയതന്ത്രതയോടെ ഇടപെടുകയാണ് വേണ്ടത് എന്ന സന്ദേശമാണ് അവര്‍ നല്‍കുന്നത്. ഒരു തീവ്രവലതുപക്ഷ പാര്‍ട്ടി, ന്യൂനപക്ഷങ്ങളെ അരികുവത്കരിച്ച് അവരുടെ അജണ്ടകള്‍ നടപ്പാക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇസ്രായേലിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒട്ടേറെ പാഠങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്.

Related Articles