Current Date

Search
Close this search box.
Search
Close this search box.

യൂറോപ്പില്‍ ഇസ്ലാമോഫോബിയ ഫലം കാണുന്നുവോ ?

യൂറോപ്പ് കടുത്ത വംശീയതയിലൂടെ കടന്നു പോകുന്നു എന്ന് പറയാന്‍ കഴിയില്ലെങ്കിലും മുമ്പത്തേക്കാള്‍ അതിന്റെ തോത് കൂടി വരുന്നു. പുതുതായി ഇറ്റലിയും ബ്രിട്ടനും അതിന്റെ ഇരകളാവുന്നു എന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വംശീയത എല്ലാ അതിരുകളും കടന്ന് ഇറ്റലിയില്‍ ആക്രമണത്തിലേക്കു എത്തിയിരിക്കുന്നു.

നമ്മുടെ നാട്ടിലേതു പോലെ പുതുതായി ഭരണത്തിലേറിയ പാര്‍ട്ടിയുടെ മന്ത്രിമാര്‍ വരെ ഈ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്നു. ഇറ്റലിയിലെ പുതിയ ആഭ്യന്തര മന്ത്രിയായ വലതുപക്ഷ ലീഗ് പാര്‍ട്ടിയുടെ നേതാവ് മാറ്റൊ സാല്‍വിനിയെ പിന്തുണച്ചു ആക്രമികള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഫ്രിക്കന്‍, മുസ്ലിം വിഭാഗങ്ങളെ തിരഞ്ഞു പിടിച്ചു മര്‍ദ്ദിക്കുക എന്നതാണ് പുതിയ സംഭവങ്ങള്‍. തെരുവില്‍ കച്ചവടം ചെയ്തിരുന്ന ഒരു ആഫിക്കന്‍ യുവാവിനെ പരസ്യമായി വെടിവെച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

മുഖം മറക്കുന്ന സ്ത്രീകളെ കുറിച്ച് അടുത്തിടെ മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി നടത്തിയ അഭിപ്രായം ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. നിക്കാബ് ധരിച്ച സ്ത്രീകളെ സഞ്ചരിക്കുന്ന എഴുത്തുപെട്ടി എന്നാണു അദ്ദേഹം ആക്ഷേപിച്ചത്. തന്റെ വാക്കുകള്‍ പിന്‍വലിക്കണം എന്ന് അദ്ദേഹത്തോട് പലരും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി തെരേസ മേ പറഞ്ഞിട്ട് പോലും അദ്ദേഹം അനുസരിച്ചില്ല എന്നാണു വിവരം. അതിനു ശേഷം പൊതു നിരത്തില്‍ പോലും മുസ്ലിം സ്ത്രീകളോട് ആളുകള്‍ മോശമായി പെരുമാറുന്നു എന്നും വാര്‍ത്തകള്‍ വരുന്നു.

ഇസ്ലാമോഫോബിയ യൂറോപ്പില്‍ ഫലം കണ്ടു വരുന്നു എന്ന് മനസ്സിലാക്കണം. സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ പോലും സഹപ്രവര്‍ത്തകരില്‍ നിന്നും പൊതുജനത്തില്‍ നിന്നും നിഖാബിന്റെ പേരില്‍ ആക്ഷേപം നേരിടേണ്ടി വരുന്നു. ഇസ്ലാമിനെ കുറിച്ച് പേടിപ്പെടുത്തല്‍ കൃത്യമായി തന്നെ പ്രവര്‍ത്തിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ട്രംപിന്റെ വരവും ഈ പ്രവണതക്ക് ആക്കം കൂട്ടിയിട്ടുണ്ട് എന്നതാണ് ജന സംസാരം. ഏതു ധരിക്കണം എന്നത് വ്യക്തിയുടെ വിഷയമാണ്. എന്നിട്ടും വികസിത സമൂഹങ്ങള്‍ പോലും പലപ്പോഴും പിറകോട്ടു പോകുന്നു.

വലതുപക്ഷ മുഖമുള്ള പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സ്വാധീനം ലഭിക്കുന്നു എന്നതു രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നു. ജര്‍മനി,ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഈ പ്രവണത മുമ്പേ കണ്ടു തുടങ്ങിയിരുന്നു. ക്രമേണ അത് മറ്റു രാജ്യങ്ങളിലേക്കും പടരുന്നു എന്നത് ആശ്വാസകരമായ നിലപാടായി തോന്നുന്നില്ല. ഇറ്റലിയില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ മുപ്പതില്‍ കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലതിലും മരണം വരെ സംഭവിച്ചിട്ടുണ്ട്.

Related Articles