Current Date

Search
Close this search box.
Search
Close this search box.

ഈ തിരിനാളത്തില്‍ പ്രതീക്ഷയര്‍പ്പിക്കാം

കഴിഞ്ഞ അഞ്ചു ദിവസമായി രാജ്യതലസ്ഥാനമായ ദില്ലി അക്ഷരാര്‍ത്ഥത്തില്‍ കര്‍ഷക സമരത്താല്‍ കൊടുമ്പിരികൊള്ളുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെയും വിവാദമായ കാര്‍ഷിക ബില്ലിനെതിരെയും രാജ്യം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഐതിഹാസികമായ പുത്തന്‍ സമര സങ്കല്‍പത്തിനാണ് കര്‍ഷകര്‍ തുടക്കം കുറിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭാഗമാകാതെ തീര്‍ത്തും സ്വതന്ത്രരായി തങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്കും സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനും എതിരായി അരങ്ങേറിയ സമരം എല്ലാ അര്‍ത്ഥത്തിലും നമുക്ക് മാതൃകയാണ്. പൗരത്വ പ്രക്ഷോഭ സമരമാണ് ഇതിന് മുന്‍പ് രാജ്യ തലസ്ഥാനത്തെ ഇത്തരത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയത്.

ദില്ലിയിലേക്കുള്ള എല്ലാ പ്രധാന വഴികളും പൂര്‍ണമായും സ്തംഭിപ്പിച്ച് രാജ്യതലസ്ഥാനത്തെ നിശ്ചലമാക്കാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ കര്‍ഷകര്‍ ഒറ്റയ്ക്കും കൂട്ടായും കഴിഞ്ഞ ദിവസങ്ങളിലായി ദില്ലിയിലേക്ക് ഒഴുകുകയാണ്. ദില്ലി ചലോ എന്ന പേരിലാണ് പ്രക്ഷോഭം അരങ്ങേറുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും തങ്ങളുടെ സമരവേദിയിലേക്ക് അടുപ്പിക്കില്ല എന്ന ഇവരുടെ ഉറച്ച നിലപാടും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മാത്രവുമല്ല തങ്ങളുടെ ആവശ്യം നടപ്പാക്കിയിട്ടേ ഇനി മടക്കമുള്ളൂ എന്ന ദൃഢനിശ്ചയത്തോടെയാണ് അവര്‍ തലസ്ഥാന നഗരിയിലെത്തിയത്. മറ്റേതൊരു സമരത്തെയും പോലെ ഈ പ്രക്ഷോഭത്തെയും ലാത്തികൊണ്ടും ഗ്രനേഡ് കൊണ്ടും ജലപീരങ്കി കൊണ്ടും അടിച്ചൊതുക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെയും അമിത് ഷായുടെ പൊലിസിന്റെയും വ്യാമോഹം ഏറ്റില്ലെന്നു മാത്രമല്ല ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള തിരിച്ചടിയാണ് പൊലിസിന് നേരിടേണ്ടി വന്നത്. പൗരത്വം സമരത്തെ ചോരയില്‍ മുക്കിയ പോലെ ഇതും നിശബ്ദമാക്കാം എന്നായിരുന്നു ഡല്‍ഹി പൊലിസിന്റെയും കണക്കു കൂട്ടല്‍.

എന്നാല്‍ മണ്ണില്‍ പണിയെടുത്ത്് തഴക്കമുള്ള ഉത്തരേന്ത്യയിലടക്കമുള്ള കര്‍ഷകര്‍ക്ക് മുന്നില്‍ ജലപീരങ്കിയും ബാരിക്കേഡും ഒന്നുമല്ലായിരുന്നു. പൊലിസ് ഒരുക്കിയ എല്ലാ തടസ്സങ്ങളെയും വകഞ്ഞ്മാറ്റി നിഷ്പ്രയാസം തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് മുന്നോട്ടുകുതിക്കുന്ന സമരഭടന്മാരെയാണ് കഴിഞ്ഞ ദിവസങ്ങളിലായി നാം ഡല്‍ഹിയില്‍ കണ്ടത്. സുരക്ഷ സേനയുടെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ചാണ് കര്‍ഷകര്‍ ദില്ലിയിലേക്കൊഴുകിയെത്തിയത്.

അതിനാല്‍ തന്നെ അമിത് ഷായുടെ പൊലിസ് ഒരുക്കിയ പ്രതിരോധ സംവിധാനങ്ങളൊന്നും മതിയാതാവാതെ വന്നു. ട്രാക്ടറുകളും ട്രക്കുകളും വാനുകളുമായാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്കെത്തിയത്. ഇവരുടെ വരവ് തടയാനായി വിവിധ സംസ്ഥാനങ്ങള്‍ കിടങ്ങുകുഴിച്ചും വഴിയടച്ചും ബാരിക്കേഡുകള്‍ വെച്ചും തടസ്സപ്പെടുത്തിയെങ്കിലും അവയെയെല്ലാം വകഞ്ഞുമാറ്റിയായിരുന്നു ഇവരുടെ മുന്നോട്ടുള്ള പ്രയാണം.

ഉപാധികളോടെ ചര്‍ച്ചയാവാമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന നിരുപാധികം തള്ളിക്കളയുക മാത്രമല്ല, ഇത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് കര്‍ഷക സംഘടന നേതാക്കള്‍ തിരിച്ചടിച്ചു. 30 കര്‍ഷക സംഘടനകള്‍ സംയുക്തമായാണ് ഇപ്പോള്‍ സമരരംഗത്തുള്ളത്. ഡല്‍ഹിയിലേക്കുള്ള പ്രധാനപ്പെട്ട അഞ്ച് പ്രവേശന കവാടങ്ങളും പൂര്‍ണമായും സ്തംഭിപ്പിച്ച് വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നിശ്ചയിച്ച സമരവേദിയിലേക്ക് മാറണമെന്ന ആവശ്യം നിരസിച്ച കര്‍ഷകര്‍ അതൊരു തുറന്ന ജയിലാണെന്നും അതിനാല്‍ അങ്ങോട്ട് പോകില്ലെന്നും അമിത് ഷാ ചര്‍ച്ച ആഗ്രഹിക്കുന്നെങ്കില്‍ ഇങ്ങോട്ട് വരട്ടെയെന്നുമാണ് തീര്‍ത്തുപറഞ്ഞത്. ഞങ്ങളുടെ മക്കല്‍ നാലു മാസത്തേക്കുള്ള റേഷന്‍ ഉണ്ടെന്നും അതിനാല്‍ ഞങ്ങള്‍ക്ക് ഭയമില്ലെന്നും അമിത് ഷാ ഇങ്ങോട്ട് വന്ന് ഞങ്ങളുടെ കൂടെ ഭക്ഷണം കഴിച്ച് ചര്‍ച്ചയാകാമെന്ന അവരുടെ നിലപാട് അമിത് ഷാക്കും കൂട്ടര്‍ക്കും മുഖത്തേറ്റ അടിയാണ്. അതിനാല്‍ തന്നെ മറ്റു സമരങ്ങളെ പോലെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് കര്‍ഷകരെ കിട്ടില്ലെന്ന് വൈകിയാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കും. സംഘ്പരിവാര്‍ ഭരണകൂടം രാജ്യത്തെ സകലമാന സ്ഥാപനങ്ങളെയും വ്യവസ്ഥിതികളെയും കാവിവത്കരണത്തിലേക്ക് തെളിക്കുമ്പോള്‍ അതിനെ മുന്നില്‍ നിന്നും പടനയിച്ച് തിരുത്തുകയാണ് ഈ കര്‍ഷകര്‍.

തങ്ങളുടെ ആവശ്യം പൂര്‍ത്തീകരിക്കാനും കര്‍ഷക ദ്രോഹമായ കാര്‍ഷിക ബില്‍ തള്ളിക്കളയും വരെയും ദല്ലിയുടെ നടുറോഡില്‍ തങ്ങളുണ്ടാകുമെന്നാണ് ഇവര്‍ ഉറക്കെ പറയുന്നത്. ട്രാക്ടറുകളില്‍ അന്തിയുറങ്ങിയും ഭക്ഷണം വെച്ച് വിളമ്പിയും അവര്‍ പ്രക്ഷോഭത്തെ കൂടുതല്‍ കത്തിക്കുന്നു. മോദി-അമിത് ഷാ കൂട്ടുകെട്ടിന് മുന്നില്‍ പുതിയ ചോദ്യങ്ങളുയര്‍ത്തുന്ന ഈ കര്‍ഷ പോരാളികളെയാണ് ഇപ്പോള്‍ രാജ്യം ഉറ്റു നോക്കുന്നത്.പൗരന്മാരുടെ വിശപ്പകറ്റാനും വയറു നിറക്കാനും മഴയത്തും വെയിലത്തും മണ്ണില്‍ പണിയെടുക്കുന്ന ഈ പോരാളികളിലാണ് രാജ്യത്തിന്റെ പുതിയ പ്രതീക്ഷകള്‍ എന്ന് നമുക്ക് നിസ്സംശയം പറയാം.

Related Articles