Current Date

Search
Close this search box.
Search
Close this search box.

ജി-20 ഉച്ചകോടിയും പ്രതീക്ഷകളും

15ാമത് ജി-20 രാജ്യങ്ങളുടെ വാര്‍ഷിക ഉച്ചകോടിക്ക് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ തുടക്കമായിരിക്കുകയാണ്. നവംബര്‍ 21, 22 തീയതികളില്‍ സൗദി ആതിഥ്യമരുളുന്ന ഉച്ചകോടിക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്. 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും അടക്കം 20 അംഗങ്ങള്‍ ഉള്ളതുകൊണ്ടാണ് ഗ്രൂപ് ഓഫ് 20 എന്നതിനെ ചുരുക്കി ജി-20 എന്നു വിളിക്കുന്നത്. 1999ല്‍ സ്ഥാപിച്ച സംഘടനയുടെ പ്രധാന ലക്ഷ്യം അന്താരാഷ്ട്ര സാമ്പത്തിക മേഖലയില്‍ സ്ഥിരത കൈവരിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട നയം ചര്‍ച്ച ചെയ്യുക എന്നതുമെല്ലാമാണ്. വിവിധ രാഷ്ട്രതലവന്‍മാര്‍, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാര്‍, വിദേശ, ധനകാര്യ മന്ത്രിമാര്‍ എന്നിവരെല്ലാം ഗ്രൂപ്പില്‍ അംഗങ്ങളാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനെയാണ് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധീകരിക്കുന്നത്. മൊത്തം ലോക ഉത്പാദനത്തിന്റെ 90 ശതമാനവും ഏകദേശം ജി 20 സമ്പദ്‌വ്യവസ്ഥതയുടേതാണ്.

ലോകത്താകമാനം കോവിഡ് പിടിമുറുക്കിയതിന് ശേഷമുള്ള ആദ്യത്തെ ഉച്ചകോടിയാണ് സൗദിയില്‍ വെച്ച് നടക്കുന്നതെന്നാണ് ഒന്നാമത്തെ പ്രത്യേകത. മാത്രവുമല്ല, അംഗങ്ങള്‍ നേരിട്ട് പങ്കെടുക്കാതെ ഓണ്‍ലൈന്‍ മുഖേന പങ്കെടുക്കുന്ന ആദ്യത്തെ വെര്‍ച്വല്‍ ഉച്ചകോടിയെന്ന സവിശേഷതയുമുണ്ട്. അംഗങ്ങളെല്ലാം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉച്ചകോടിയില്‍ തങ്ങളുടെ സാന്നിധ്യമറിയിക്കുന്നത്. സൗദി ആദ്യമായി ആഥിത്യം വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് ഉച്ചകോടിയുടെ അധ്യക്ഷന്‍. ഉച്ചകോടിക്ക് മുന്നോടിയായി ലോകനേതാക്കളെയെല്ലാം ഒറ്റഫ്രെയിമില്‍ ഉള്‍ക്കൊള്ളിച്ചുള്ള വെര്‍ച്വല്‍ ഫാമിലി ഫോട്ടോ റിയാദില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു. ലോക സമ്പദ് വ്യവസ്ഥ കോവിഡ് ഭീഷണി മൂലം തകര്‍ന്നടിഞ്ഞ വേളയില്‍ നടക്കുന്ന ഉച്ചകോടിയെ ലോകം മുഴുവന്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് ഉറ്റുനോക്കുന്നത്. തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്താനും ആഗോള വിപണിയെ തിരിച്ചുപിടിക്കാനും ഇതുകൂടാതെ കോവിഡ് വാക്‌സിനും അതോടനുബന്ധിച്ചുള്ള ഫണ്ടുകളുമെല്ലാമാണ് ഉച്ചകോടിയുടെ പ്രധാന ചര്‍ച്ച വിഷയം. വാര്‍ഷിക ഉച്ചകോടിക്ക് മുന്‍പായി നിരവധി അനുബന്ധ സമ്മേളനങ്ങള്‍ അംഗരാഷ്ട്രങ്ങള്‍ തമ്മില്‍ നടന്നിരുന്നു. നിരവധി പദ്ധതികളും സാമ്പത്തിക പാക്കേജുകളാണ് ഇതിലെല്ലാം ചര്‍ച്ച ചെയ്ത് അന്തിമ പട്ടികയിലെത്തിയത്. ഇങ്ങിനെ അന്തിമ പട്ടികയില്‍ ഇടംപിടിച്ച പദ്ധതികളും തീരുമാനങ്ങളുമാണ് 22ന് സമാപിക്കുന്ന ഉച്ചകോടിയില്‍ പ്രഖ്യാപിക്കുക.

കൂടാതെ സൗദിയില്‍ വിവിധ പദ്ധതികളും ഉച്ചകോടിക്ക് മുന്നോടിയായി ആവിഷ്‌കരിച്ചിരുന്നു. ജനങ്ങളുടെ ശാക്തീകരണം, പ്രകൃതി സംരക്ഷണം, ജനങ്ങളുടെ സുരക്ഷ, യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കിയുള്ള പുതിയ തൊഴിലവസരങ്ങള്‍ എന്നിവയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണത്തിന് കീഴില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ തങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളുമായി കൈകോര്‍ത്ത് മുന്നോട്ട് കുതിക്കാന്‍ ഉച്ചകോടി സഹായകരമാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ കഴിഞ്ഞ ദിവസം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

അതേസമയം, സൗദി ആതിഥ്യം വഹിക്കുന്ന ഉച്ചകോടിക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധമുയര്‍ന്നത് സൗദിക്ക് കല്ലുകടിയായി. ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് സൗദിയില്‍ നടക്കുന്നതെന്നും അതിനാല്‍ അംഗരാഷ്ട്രങ്ങള്‍ ഉച്ചകോടിയില്‍ നിന്നും പിന്മാറണമെന്നുമാവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തിയിരുന്നു. ജമാല്‍ ഖഷോഗിയുടെ ജീവിതപങ്കാളിയും സൗദിയില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ആക്റ്റിവിസ്റ്റ് ലുജൈന്‍ ഹത്‌ലൂലിന്റെ അടക്കം സൗദി ജയിലില്‍ കഴിയുന്ന തടവുകാരുടെ ബന്ധുക്കളും രംഗത്തുവന്നിരുന്നു. സൗദി ഉച്ചകോടി ബഹ്ഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് അന്താരാഷ്ട്ര തലത്തില്‍ ക്യാംപയിനും നടന്നിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയിലും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. സൗദി ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെയും ആക്റ്റിവിസ്റ്റുകളെയും വിട്ടയക്കണമെന്നും ബഹിഷ്‌കരണ ക്യാംപയിനില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നിരുന്നാലും, കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ എങ്ങിനെ കൂട്ടായി പരിഹരിക്കാം എന്നു തന്നെയാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. മാത്രമല്ല, ആഗോള തലത്തില്‍ കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ജി 20യുടെ സാമ്പത്തിക സഹായം ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഏറെ പ്രതീക്ഷകളും ആകാംക്ഷയും നിറഞ്ഞാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ അടക്കം സൗദിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.

 

Related Articles