Current Date

Search
Close this search box.
Search
Close this search box.

മതത്തെ കുടുസ്സാക്കുന്നവര്‍

J.jpg

 

കേരളത്തിലെ ഒരു പ്രമുഖ ഉല്‍പതിഷ്ണു നേതാവിന്റെ മറഞ്ഞ മയ്യിത്തിന് വേണ്ടിയുള്ള നമസ്‌കാരം ഒരിക്കല്‍ അബുദാബി മദീനത് സായിദ് പള്ളിയില്‍ വെച്ച് നടന്നു. ജീവിച്ചിരിക്കുന്ന കാലത്തു മറഞ്ഞ മയ്യിത്തിനു വേണ്ടി നമസ്‌കരിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്നതിനാല്‍ ഞാന്‍ ആ നമസ്‌കാരത്തില്‍ പങ്കെടുത്തില്ല. നമസ്‌കാരം കഴിഞ്ഞു പുറത്തു ഒരു ചെറിയ ‘കുശുകുശുപ്പ്’. മറഞ്ഞ മയ്യിത്തിനു വേണ്ടി നമസ്‌കരിച്ചതിന്റെ വിഷയമായിരുന്നു ചര്‍ച്ചയില്‍. പ്രവര്‍ത്തകരില്‍ ചിലര്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടു. ‘മയ്യിത്ത് നമസ്‌കാരം അടിസ്ഥാന പ്രമാണമാക്കിയാല്‍ ഇതിലപ്പുറവും സംഭവിക്കും’ എന്നായിരുന്നു അവരോടു എന്റെ പ്രതികരണം.

ചുരുക്കത്തില്‍ ഇസ്ലാമിലെ കര്‍മങ്ങളുടെയും വിശ്വാസങ്ങളുടെയും അവസ്ഥകള്‍ ഇനിയും മനസ്സിലായിട്ടു വേണം. എല്ലാത്തിനും ഒരേ അവസ്ഥയും സ്ഥാനവുമില്ല എന്ന തിരിച്ചറിവ് നിര്‍ബന്ധമാണ്. അല്ലെങ്കില്‍ മുന്‍ഗണനാ ക്രമം തെറ്റിപ്പോകാന്‍ സാധ്യത കൂടുതലാണ്.  രാത്രി നമസ്‌കാരം ഒരു നിര്‍ബന്ധ ഘടകമല്ല. അതെ സമയം നിര്‍ബന്ധ നമസ്‌കാരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും പുണ്യമായത് എന്നാണു പ്രവാചകന്‍ പറഞ്ഞത്. പ്രവാചകന്‍ അതിന്റെ എണ്ണത്തെ കുറിച്ചല്ല പറഞ്ഞത് അതിന്റെ വണ്ണത്തെ കുറിച്ചാണ്. പക്ഷെ നമ്മുടെ മത സംഘടനകള്‍ എണ്ണത്തില്‍ തര്‍ക്കിച്ചു വണ്ണത്തെ അവഗണിച്ചു.

റമദാന്‍ ആഗതമാകുമ്പോള്‍ കേരളക്കരയില്‍ എന്നും പൊന്തിവരുന്ന ചര്‍ച്ചകളില്‍ ഒന്ന് ഇതായിരുന്നു. ഇസ്ലാമില്‍ എല്ലാം ഒരേ അവസ്ഥയിലല്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. നിര്‍ബന്ധ നമസ്‌കാരം,നോമ്പ് എന്നിവയുടെ കാര്യത്തില്‍ ആര്‍ക്കിടയിലും എണ്ണത്തിന്റെ കാര്യത്തില്‍ തര്‍ക്കമുള്ളതായി അറിവില്ല. നമസ്‌കാര രീതികളെ കുറിച്ച് പല അഭിപ്രായങ്ങളും കാണാം. പക്ഷെ രൂപത്തെ കുറിച്ചും രീതിയെ കുറിച്ചും അങ്ങിനെ ഒന്ന് കണ്ടിട്ടില്ല. അതെ സമയം രാത്രി നമസ്‌കാരം എണ്ണത്തിന്റെ കാര്യത്തില്‍ അത്ര കണിശത വേണമെന്ന് ഇസ്ലാമും ആഗ്രഹിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍. ഐച്ഛികം എന്നത് വ്യക്തിയുമായി ബന്ധപ്പെട്ട വിഷയമാണ്. നൂറില്‍ പരം എണ്ണം റക്അത്തുകള്‍ നമസ്‌കരിച്ചവരെ കുറിച്ചും ചരിത്രത്തില്‍ നാം വായിക്കുന്നു. മദ്ഹബീ ഇമാമുകള്‍ പലരും അങ്ങിനെ നമസ്‌കരിച്ചവരാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഇസ്ലാം വിശാലമാക്കി വിട്ടേച്ചു പോയ മേഖലകള്‍ കുടുസ്സാക്കാന്‍ ശ്രമിച്ചു എന്നതാണ് പല നവോത്ഥാന സംരംഭകരും ചെയ്തത്. ഈമാന്‍ കാര്യങ്ങളുടെ ഭാഗമായ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ അതെ ഗൗരവത്തില്‍ തന്നെ രാത്രി നമസ്‌കാരവും ഖുനൂത്തും കൈകെട്ടലും അവര്‍ ചര്‍ച്ച ചെയ്തു. ആദര്‍ശം എന്നിടത്തു വരെ പലരും ഇതൊക്കെ എഴുതിവെച്ചു. സുന്നത്തു നമസ്‌കാരങ്ങളുടെ എണ്ണം പഠിപ്പിക്കാനാണ് പ്രവാചകന്‍ വന്നത് എന്ന് പോലും തോന്നുന്ന രീതിയില്‍ പലപ്പോഴും ചര്‍ച്ചകള്‍ കാടുകയറി. ഒരു വിഭാഗം ഇരുപത്തിമൂന്നിലും മറ്റൊരു വിഭാഗം പതിനൊന്നിലും ഉറച്ചു നിന്നപ്പോള്‍ ഇസ്ലാമിക സമൂഹത്തിനു അത് നല്‍കിയ ഫലം സമൂഹത്തിനിടയില്‍ കൂടുതല്‍ അകല്‍ച്ച എന്നതായിരുന്നു. ഒരുവേള ഈ വിഷയത്തില്‍ പരസ്പരം ഇസ്ലാമില്‍ നിന്നും പുറത്താക്കുന്ന അവസ്ഥ വരെ കാര്യങ്ങളെത്തി.

അപ്പുറത്തു ഇതെല്ലാം ശാഖാപരമാണ് എന്ന് പറയുകയും വിശ്വസിക്കുകയും ചെയ്തവരെ നവോത്ഥാന സംരംഭ പ്രവര്‍ത്തകര്‍ വിമര്‍ശിച്ചത് ഇത്തരം വിഷയങ്ങളില്‍ ഇസ്ലാമിക ലോകം സ്വീകരിക്കുന്ന വിശാല നിലപാട് സ്വീകരിച്ചു എന്ന കാരണത്താലാണ്. ഏതൊരു പ്രസ്ഥാനത്തിന്റെയും അടിത്തറ അത് അതിന്റെ പ്രവര്‍ത്തകര്‍ക്ക് മനസ്സിലാവുക എന്നിടത്താണ്. തൗഹീദ് അടിസ്ഥാനമായി സ്വീകരിച്ചവരാണ് എല്ലാ സംഘടനകളും. അടിസ്ഥാനവും ശാഖകളും എന്നത് ഇസ്ലാമില്‍ അംഗീകൃത വിഷയങ്ങളാണ്. അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതും അല്ലാഹു അല്ലാത്തവരെ പരമമായി അനുസരിക്കുന്നതും കൂട്ടുപ്രാര്‍ത്ഥനയും കൈകെട്ടും തറാവീഹ് നമസ്‌കാരവും ഒരുപോലെയാണ് എന്ന നിലപാട് ശരിയല്ല. സംഘടന വളര്‍ത്താന്‍ വാദപ്രതിവാദം നല്ലതാണ് അതുകൊണ്ട് ഇസ്ലാമിന് എന്ത് ഗുണം എന്നതാണ് അധികം പേരും ചിന്തിക്കാതെ പോകുന്നത്.

ഇസ്ലാമിലെ ആരാധന കാര്യങ്ങളുടെ നിലപാടുകള്‍ വ്യക്തമായിട്ടു കാലമേറെയായി. ഹദീസുകളുടെ ശരി തെറ്റുകളും അങ്ങിനെ തന്നെ. പുതിയ പഠനവും നിലപാടുകളും വേണ്ടത് പുതുതായി ഉണ്ടാകുന്ന വിഷയങ്ങള്‍ക്കായാണ്. കേരളത്തിലെ ഈ വിഷയത്തില്‍ ഒട്ടനവധി വാദപ്രതിവാദങ്ങള്‍ നടത്തിയ ഒരു പണ്ഡിതന്‍ തനിക്കു സംഭവിച്ച തെറ്റ് ഏറ്റുപറഞ്ഞു ഒരു ലേഖനം പ്രസിദ്ധീകരിച്ചത് നല്ല സൂചനയാണ്. അനാവശ്യ ചര്‍ച്ചകളില്‍ നിന്നും ദീനിനെയും സമൂഹത്തെയും മോചിപ്പിക്കുക എന്നത് അത്യാവശ്യ കാര്യമാണ്. പ്രവാചകന്റെ സഹാബികള്‍ പോലും ഒരു വിഷയത്തില്‍ പല നിലപാടുകള്‍ സ്വീകരിച്ചിരുന്നു എന്നിരിക്കെ വിഷയങ്ങള്‍ വായിച്ചും കേട്ടും മനസ്സിലാക്കിയവര്‍ പല രീതിയില്‍ ചിന്തിക്കുക എന്നത് സാധ്യമാണ്.

 

 

Related Articles