Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു പിന്നില്‍

hgkui.jpg

ആറു ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തിയത്. ചരിത്രപരമായും രാഷ്ട്രീയമായും ഒട്ടേറെ പ്രത്യേകതകളുണ്ട് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്. ജറൂസലം വിഷയത്തിലുള്ള അലയൊലികള്‍ ലോകത്ത് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് ഈ സന്ദര്‍ശനം.

നെതന്യാഹുവുമായി ഉറ്റ സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് മോദി. ഭരണതലത്തില്‍ പലപ്പോഴും ഇരുവരെയും ഒരേ അളവുകോല്‍ കൊണ്ടാണ് ലോക മാധ്യമങ്ങള്‍ അളക്കാറുള്ളത്. ജൂത-സയണിസ്റ്റ് -ഫാഷിസ്റ്റ് ഭരണകൂടത്തെയാണ് നെതന്യാഹു പ്രതിനിധാനം ചെയ്യുന്നതെങ്കില്‍ തീവ്ര-ഹിന്ദുത്വ-ഫാഷിസ്റ്റ് കോക്കസിനെയാണ് മോദി ഇന്ത്യയില്‍ പ്രതിനിധീകരിക്കുന്നത്. മാത്രമല്ല, ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന ഒരു രാജ്യം കൂടിയാണ് ഇസ്രായേല്‍.

ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചതിനു പിന്നാലെയാണ് നെതന്യാഹു ഇന്ത്യയിലെത്തുന്നത്. അടുത്ത കാലങ്ങളായി ഇസ്രായേലുമായി മൃദൃ സമീപനം പുലര്‍ത്തുന്ന ഇന്ത്യ ജറൂസലേം വിഷയത്തില്‍ യു.എന്നില്‍ നടന്ന വോട്ടെടുപ്പില്‍ ഇസ്രായേലിനെതിരായിട്ടായിരുന്നു വോട്ടു ചെയ്തിരുന്നത്. യു.എന്നില്‍ നേരത്തെ തുടരുന്ന നിലപാടില്‍ മുന്നോട്ടു പോകുകയായിരുന്നു ഇന്ത്യ. അതുകൊണ്ടു തന്നെയാണ് ഇന്ത്യയിലെത്തിയ ഉടനെ നെതന്യാഹു ഈ വിഷയത്തെ മറ്റൊരു തരത്തിലേക്ക് വ്യാഖ്യാനിച്ച് ലളിതവത്കരിച്ചത്.

യു.എന്നിലെ ഒരു വോട്ടുകൊണ്ട് വിള്ളല്‍ വീഴുന്നതല്ല ഇന്ത്യയുമായുള്ള ബന്ധമെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. തങ്ങള്‍ക്കെതിരെ വോട്ടു ചെയ്തതിലുള്ള ദു:ഖം തുറന്നു പറഞ്ഞ അദ്ദേഹം ഇന്ത്യയുമായുള്ള ബന്ധത്തെ സ്വര്‍ഗത്തില്‍ വച്ചു നടക്കുന്ന വിവാഹത്തോടാണ് ഉപമിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലൂടെ ലോകത്തെ തന്നെ മാറ്റാന്‍ കഴിയുമെന്നും പറഞ്ഞ് ഇന്ത്യയെ വാനോളം പുകഴ്ത്തുന്നതായിരുന്നു ഡല്‍ഹിയില്‍ കാണാന്‍ കഴിഞ്ഞത്.

1960ല്‍ യു.എന്നുമായി ചേര്‍ന്ന് ഗസ്സയില്‍ ഇന്ത്യന്‍ സൈന്യത്തെ വിന്യസിക്കാന്‍ ധൈര്യം കാണിച്ച ഇന്ത്യ ഇന്ന് ഇസ്രായേലിന് ഓശാന പാടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. 1950നു ശേഷം ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ കാലത്താണ് ഇസ്രായേലിനെ ഇന്ത്യ ഒരു രാഷ്ട്രമായി അംഗീകരിച്ചത്. തുടര്‍ന്ന് മുംബൈയില്‍ ഇമിഗ്രേഷന്‍ ഓഫിസും കോണ്‍സുലേറ്റും ആരംഭിക്കാന്‍ അനുമതി നല്‍കി. പിന്നീട് 1980ല്‍ അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ ഇസ്രായേലുമായി ബന്ധം മെച്ചപ്പെടുത്താന്‍ ആരംഭിച്ചത്.  
ഇസ്രായേല്‍ വിരുദ്ധ നിലപാടിനു ഇന്ത്യയില്‍ തുടക്കമിട്ടതും നെഹ്‌റു തന്നെയായിരുന്നു എന്നതാണ് വസ്തുത.

ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. 2003ല്‍ ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 1996ല്‍ പ്രസിഡന്റായിരുന്ന എസര്‍ വീസ്മാനാണ് ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച ഇസ്രായേല്‍ രാഷ്ട്ര നേതാവ്. 2017 ജൂണില്‍ മോദിയുടെ സന്ദര്‍ശനത്തോടെ ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാമന്ത്രിയെന്ന വിശേഷണവും മോദി സ്വന്തമാക്കി.

1992ലാണ് ഇസ്രായേലുമായി ഇന്ത്യ പൂര്‍ണ നയതന്ത്ര ബന്ധം ആരംഭിക്കുന്നത്. അമേരിക്കയുടെ സമ്മര്‍ദ്ദം മൂലമായിരുന്നു അതെന്നാണ് ചരിത്രകാരന്മാര്‍ വിശദീകരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ 25 വര്‍ഷമായി വ്യാപാര-വ്യവസായ ഇടപാടുകള്‍  തുടരുന്നുണ്ട്. ഇതിനോടകം 4.16 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് നടന്നത്. ആയുധ ഇടപാടുകള്‍ ഒഴിവാക്കിയുള്ള കണക്കാണിത്. വജ്രങ്ങള്‍,ഇലക്ട്രോണിക്‌സ് സാമഗ്രികള്‍,വാഹന സാമഗ്രികള്‍,ലോഹങ്ങള്‍,വിലപിടിപ്പുള്ള രത്‌നങ്ങള്‍ എന്നിവയാണ് ഇസ്രായേലില്‍ നിന്നും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ചരക്കുകള്‍.

മുംബൈയിലുള്ള ജൂത സമൂഹത്തിലെ നേതാക്കന്മാരുമായും വ്യവസായ പ്രമുഖരുമായും നെതന്യാഹു ചര്‍ച്ച നടത്തുന്നുണ്ട്്. ബോളിവുഡുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. തങ്ങളുടെ ആയുധ വിപണിയുടെ പ്രധാന മാര്‍ക്കറ്റായ ഇന്ത്യയുമായും നരേന്ദ്ര മോദിയുമായും ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുമായി കൂടുതല്‍ വ്യാപാര-വ്യവസായ കരാറില്‍ ഏര്‍പ്പെടുന്നതിലൂടെ ജറൂസലം വിഷയത്തില്‍ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഒറ്റപ്പെട്ട ഇസ്രായേല്‍ ഇന്ത്യയെ തങ്ങളുടെ വരുതിയിലാക്കുന്നതിനും ഇനിയുള്ള നീക്കങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുക എന്നുമുള്ള ഒളിയജണ്ടയും നെതന്യാഹുവിന്റെ ഈ സന്ദര്‍ശനത്തിനു പിന്നിലുണ്ട് എന്നു വേണം മനസ്സിലാക്കാന്‍.

 

Related Articles