Current Date

Search
Close this search box.
Search
Close this search box.

തെളിയിക്കപ്പെടേണ്ട ദേശസ്‌നേഹം

Muslim-man.jpg

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ, മതേതരത്വ രാഷ്ട്രമായ ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമാണ് മുസ്‌ലിംകള്‍. ഇന്ത്യയെ ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളില്‍ നിന്ന് മോചിപ്പിച്ച് സ്വതന്ത്ര രാഷ്ട്രമാക്കി മാറ്റുന്നതില്‍ അതുല്യമായ പങ്കാണ് മുസ്‌ലിംകള്‍ വഹിച്ചത്. സ്വാതന്ത്രാനന്തര ഭാരതത്തിന്റെ പുനര്‍നിര്‍മ്മാണത്തിലും, അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിലും അതിന്റെ അഭിവൃദ്ധിയിലും നിസ്തുലമായ പങ്കാണ് ഭാരതീയമുസ്‌ലിംകള്‍ വഹിച്ചിട്ടുള്ളത്. എന്നാല്‍ അടുത്ത കാലത്തായി  മുസ്‌ലിംകള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന പ്രചരണങ്ങളും പ്രസ്താവനകളും അവരുടെ ദേശസ്‌നേഹവും ദേശക്കൂറും ചോദ്യം ചെയ്യുന്ന തരത്തിലുള്ളതും വാസ്തവ വിരുദ്ധവും ചരിത്രത്തിന് നിരക്കാത്തതുമാണ്. രാഷ്ട്രീയലാഭവും വര്‍ഗ്ഗീയധ്രുവീകരണവും ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്കു നേരേ രാജ്യത്തിന്റ ഐക്യവും അഖണ്ടതയും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരായ ഭരണകൂടം നിസ്സംഗത പുലത്തുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. മാത്രമല്ല, ഭരണകൂടം പരോക്ഷമായെങ്കിലും ഇത്തരം ചെയ്തികള്‍ക്ക് കൂട്ടുനില്‍്ക്കുകയും ചെയ്യുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആത്മാര്‍ത്ഥമായ സമരപോരാട്ടങ്ങള്‍ കാഴ്ചവെച്ച ജനവിഭാഗമാണ് മുസ്‌ലിംകള്‍. മുസ്‌ലിംകള്‍ക്കിടയിലെ സമുന്നതരായ മതപണ്ഡിതന്മാര്‍ അവയുടെ മുന്‍പന്തിയില്‍ നിന്നിരുന്നതായി കാണാന്‍ സാധിക്കും. ‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’ എന്ന വിഖ്യാത ഖുര്‍ആന്‍ തഫ്‌സീറിന്റെ ഗ്രന്ഥ കര്‍ത്താവും സ്വതന്ത്ര ഭാരതത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമുയ മൗലാനാ അബുല്‍കലാം ആസാദും ഫത്ഹുല്‍മുഈന്റെ കര്‍ത്താവ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമും ആലി മുസ്‌ല്യാരുമെല്ലാം ഇതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം. ഇന്ത്യക്ക് വേണ്ടി യുദ്ധം ചെയ്യല്‍ ഓരോ മുസ്‌ലിമിന്റെയും ഫര്‍ദ് കിഫായ (വ്യക്തിപരമായ ബാധ്യത) ആണെന്നാണ് സൈനുദ്ദീന്‍ മഖ്ദൂം ആഹ്വാനം ചെയ്തത്. അക്കാലത്ത് നിലവിലുണ്ടായിരുന്ന പല ഉത്തരേന്ത്യന്‍ മുസ്‌ലിം മതകലാലയങ്ങളില്‍ നിന്നും ഇത്തരം ഫത്‌വകള്‍ ഉയര്‍ന്നു വന്നതായി കാണാന്‍ സാധിക്കും. സ്വന്തം മക്കളെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് പറഞ്ഞയക്കുകയും മാത്രമല്ല, ബ്രിട്ടീഷുകാര്‍ക്കനുകൂലമായി വല്ല കരാറിലും ഒപ്പുവെക്കുകയാണെങ്കില്‍ നിങ്ങളെ കഴുത്തുഞെരിച്ചു കൊല്ലുമെന്ന് മക്കള്‍ക്ക് താക്കീത് നല്‍കുകയും ചെയ്ത ബീഉമ്മയെ അറിയാത്തവര്‍ അന്ന് രാജ്യത്ത് വിരളമായിരുന്നു. അവരുടെ മക്കളായ മൗലാനാ മുഹമ്മദലിയും ശൗക്കത്തലിയും ഇന്ത്യയിലെ സ്വാതന്ത്ര്യപോരാളകള്‍ക്ക് ആവേശമായിരുന്നു. ടിപ്പു സുല്‍ത്താനെപ്പോലെയുള്ള ധീരരായ ഭരണാധികാരികളും കുഞ്ഞാലിമരക്കാരെ പോലുള്ള നാവികഭടന്മാരും ഈ ഗണത്തില്‍ മുന്നില്‍ നിന്നവരാണ്. ഇന്ത്യന്‍ മുസ്‌ലിം പണ്ഡിതന്മാരുടെ കാര്‍മികത്വത്തിമല്‍ രൂപം കൊണ്ട ഖിലാഫത്ത് പ്രസ്ഥാനം സ്വാതന്ത്ര്യ സമരപോരാട്ടത്തിലെ ഏറ്റവും നിര്‍ണ്ണായക പ്രവര്‍ത്തനങ്ങളിലൊന്നാണ്. ഇന്ന് വലിയ രാജ്യ സ്‌നേഹികളായിച്ചമയുന്ന പല സവര്‍ണ വിഭാഗങ്ങളും വ്യക്തികളും അന്ന് ബ്രിട്ടീഷുരുടെ കൂടെ നിന്നവരും രാജ്യത്തെ ഒറ്റിക്കൊടുത്തവരുമായിരുന്നു എന്നും നാം മറക്കരുത്. രാജ്യത്തിന് യാതൊരു സേവനവും ചെയ്തില്ലെന്ന് മാത്രമല്ല  കീഴ്ജാതിക്കാരായ ഹിന്ദുക്കളും മുസ്‌ലിംകളും ഒറ്റക്കെട്ടായി നടത്തിയ അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി അവര്‍ മാറുകയും ചെയ്തു. ജന്മിത്വ വ്യവസ്ഥ നില നിന്നിരുന്ന അക്കാലത്ത് കീഴ്ജാതി വിഭാഗങ്ങളെ കാണുന്നതുപോലും അവര്‍ക്ക് അസഹ്യമായിരുന്നു.

കേരളത്തില്‍ മുമ്പ് ഉയര്‍ന്നു വന്നിരുന്നതും ഇന്ന് രാജ്യത്തുടനീളം വിവാദ ചര്‍ച്ചാവിഷയമായിക്കൊണ്ടിരക്കുന്നതുമായ ലവ്ജിഹാദ് മുസ്‌ലിംകള്‍ക്കെതിരെയുള്ള സംഘ്പരിവാര്‍ അജണ്ടകളുടെ സമകാലിക ഉദാഹരണമാണ്. തികച്ചും യാഥാര്‍ത്ഥ്യ വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് കേരളത്തില്‍ ഈ വിവാദം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ കോടതി പറഞ്ഞിരുന്നു. പുതിയ വിവാദവും അങ്ങിനെത്തന്നെയാണെന്ന് വസ്തുതകള്‍ തെളിയിക്കുന്നു. ദേശസ്‌നേഹം മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് ഉറച്ചു വിശ്വസിക്കുകയും അത് സമൂഹത്തോട് തുറന്ന് പ്രഖ്യാപിക്കുകയും പ്രായോഗിമായി തെളിയിക്കുകയും ചെയ്ത മുസ്‌ലിം ജനവിഭാഗത്തിനെതിരെയുള്ള ഇത്തരം നികൃഷ്ടമായ ചെയ്തികള്‍ മതസഹിഷ്ണുതയിലധിഷ്ടിതമായ മതേതരത്വ ജനാധിപത്യ രാഷ്ട്രവ്യവസ്ഥ വിഭാവന ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്നും, ആരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികളെന്നും തിരിച്ചറിയേണ്ടതുണ്ട്.

Related Articles