Current Date

Search
Close this search box.
Search
Close this search box.

അറഫയുടെ സന്ദേശം നമ്മിലൂടെ പ്രസരിക്കട്ടെ

arafa.jpg

പശ്ചാത്താപത്തിന്റെ മനസ്സുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ അറഫയില്‍ ഒരുമിച്ച് കൂടിയിരിക്കുകയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജിബ്‌രീല്‍ മുഖേന അറിയിക്കപ്പെട്ട സന്തോഷ വാര്‍ത്തയില്‍ പ്രതീക്ഷയര്‍പ്പിച്ച് എത്തിയിരിക്കുന്നവരാണവര്‍. സൂര്യാസ്തമയം വരെ അറഫയില്‍ സമയം ചിലവഴിച്ച നബി തിരുമേന ബിലാല്‍(റ)നെ വിളിച്ചു പറഞ്ഞു: ‘എന്റെ വാക്കുകള്‍ ശ്രവിക്കാന്‍ ആളുകളോട് നിശ്ശബ്ദരാകാന്‍ പറയൂ.’
ബിലാല്‍(റ) എഴുന്നേറ്റ് നിന്ന് ആളുകളോട് ശാന്തരാകാനും നബി(സ)യുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാനും ആവശ്യപ്പെട്ടു. ജനങ്ങള്‍ ശാന്തരായപ്പോള്‍ പ്രവാചകന്‍(സ) പറഞ്ഞു: ‘ അല്ലയോ ജനങ്ങളേ, അല്‍പം മുമ്പ് ജിബ്‌രീല്‍ എന്റെ അടുക്കല്‍ വന്നിരുന്നു. അല്ലാഹുവില്‍ നിന്നുള്ള അഭിവാദ്യങ്ങളര്‍പ്പിച്ച ശേഷം ഈ ദിവസം അറഫയില്‍ സമയം ചിലവഴിച്ചവര്‍ക്കെല്ലാം അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നു എന്ന് അറിയിക്കുകയും ചെയ്തു.’
ഇത് കേട്ട് ഉമര്‍ ബിന്‍ ഖത്താബ്(റ) എഴുന്നേറ്റ് നിന്ന് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ക്ക് മാത്രമാണോ ഇത്.’ നബി(സ) മറുപടിയായി പറഞ്ഞു : ‘നിങ്ങള്‍ക്കും, അന്ത്യദിനം വരെ നിങ്ങള്‍ക്ക് ശേഷം വരാനിരിക്കുന്നവര്‍ക്കും.’

ഹജ്ജ് അതിന്റെ മുറപ്രകാരം നിര്‍വഹിച്ചവന്‍ നിഷ്‌കളങ്കനായ ഒരു കുട്ടിയെ പോലെയായിരിക്കും മടങ്ങുകയെന്ന് നബി തിരുമേനി പറഞ്ഞത് ഇത്തരത്തില്‍ അറഫാ സംഗമത്തിലൂടെ അവരുടെ പാപങ്ങളെല്ലാം മായ്ച്ചു കളയപ്പെടുന്നത് കൊണ്ടു തന്നെയായിരിക്കാം. ‘ഹജ്ജ് എന്നാല്‍ അറഫയാണ്’ എന്ന പ്രവാചക വചനവും അതിന്റെ പ്രാധാന്യത്തിലേക്ക് തന്നെയാണ് വെളിച്ചം വീശുന്നത്. തക്ബീറും തഹ്‌ലീലും മുഴക്കി തല്‍ബിയത്ത് ചൊല്ലി അവിടെ സംഗമിക്കുന്ന ഹാജിമാരോടുള്ള ഐക്യദാര്‍ഢ്യമായി വിശ്വാസി സമൂഹം നോമ്പെടുക്കുകയും ചെയ്യുന്നു. കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ വര്‍ഷത്തെ പാപങ്ങള്‍ക്ക് പരിഹാരമാണ് പ്രസ്തുത നോമ്പെന്ന് അല്ലാഹുവിന്റെ ദൂതന്‍ നമ്മെ പഠിപ്പിക്കുന്നു.

സ്വയം വിലയിരുത്തലിന്റെയും വിചാരണയുടെയും വേദിയാണ് അറഫ. അങ്ങനെ സ്വന്തത്തെ തിരിച്ചറിയുന്നു എന്ന അര്‍ത്ഥത്തിലേക്കാണ് അറഫയെന്ന പേരു പോലും സൂചിപ്പിക്കുന്നതെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അറഫയില്‍ സ്വന്തത്തെ പ്രതികൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്ത ശുദ്ധീകരിക്കുന്നു. അങ്ങനെ ശുദ്ധീകരിക്കപ്പെട്ടവര്‍ക്കുള്ള പ്രതിഫലം സ്വര്‍ഗമാണ്.

ലോകതലത്തില്‍ ഇസ്‌ലാമിക സമൂഹങ്ങള്‍ പലവിധ പരീക്ഷങ്ങള്‍ക്കും വിധേയമായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് അറഫയുടെ ചരിത്ര പശ്ചാത്തലം ഒന്നുകൂടി നാം വായിക്കേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും ഉന്നതമായ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു പ്രവാചകന്‍(സ) നടത്തിയ അറഫാ പ്രസംഗം. അതിലെ ഓരോ വരികളും നാം ജീവിക്കുന്ന കാലഘട്ടത്തോട് ചേര്‍ത്ത് വായിക്കേണ്ട കാര്യങ്ങളാണ്. ഇക്കാലത്തും പ്രസക്തമാണ് അതിലെ ഓരോ വാക്കുകളും. ഒന്നാമതായി നബി(സ) അതിലൂടെ പ്രഖ്യാപിച്ചത് മനുഷ്യജീവന്റെ പവിത്രതയാണ്. നിങ്ങളുടെ രക്തവും അഭിമാനവും സമ്പത്തും ഈ വിശുദ്ധ ദിനത്തെയും വിശുദ്ധ നാടിനെയും പോലെ അന്ത്യദിനം വരെ പവിത്രമാണ് എന്ന് പ്രഖ്യാപിച്ച നേതാവിന്റെ അനുയായികളെയാണിന്ന് ലോകത്ത് ഭീകരതയുടെ പ്രതീകമായി മുദ്രകുത്തപ്പെടുന്നത്. അന്യായമായി ഒരു തുള്ളി രക്തം ചിന്തുന്നത് പോലും ഇസ്‌ലാം അംഗീകരിക്കുന്നില്ല. അങ്ങനെ ചെയ്യുന്നവര്‍ ഇസ്‌ലാമിന്റെ ഭാഗമല്ലെന്ന് തുറന്ന് പറയാന്‍ ഓരോ വിശ്വാസിക്കും സാധിക്കേണ്ടതുണ്ട്. മനുഷ്യന്റെ അഭിമാനത്തിനും രക്തത്തിനും സമ്പത്തിനും ഇസ്‌ലാം കല്‍പ്പിച്ചിട്ടുള്ള പവിത്രത വാക്കുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും സമൂഹത്തിലേക്ക് പ്രസരിപ്പിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

Related Articles