Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക ഫൈനാന്‍സ് : തുര്‍ക്കിയില്‍ നിന്ന് പഠിക്കേണ്ടത്

ഏറ്റവും ശക്തരായ മുസ്‌ലിം രാജ്യങ്ങളിലൊന്നാണ് തുര്‍ക്കി. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്നതും ഈ രാജ്യം തന്നെ. പലകാര്യങ്ങളിലും തുര്‍ക്കി വ്യതിരിക്തമാണ്. 1924-ല്‍ ഖിലാഫത്തിന്റെ തകര്‍ച്ചക്ക് ശേഷം ഇസ്‌ലാമുമായി പ്രത്യക്ഷ യുദ്ധത്തില്‍ തന്നെയായിരുന്ന മതേതരത്വത്തിന്റെ പാതയിലാണ് ആ രാജ്യം മുന്നോട്ട് നീങ്ങുന്നത്. പക്ഷേ, തുര്‍ക്കി ഒരിക്കല്‍ കൂടി തങ്ങളുടെ സവിശേഷത വിളിച്ചറിയിക്കുകയാണ്. മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമായ തുര്‍ക്കി ഇതുവരെ അരക്ഷിതാവസ്ഥയിലായിരുന്നിട്ടില്ല. അസാമാന്യമായ അന്തസ്സോടെയും, സ്ഥൈര്യത്തോടെയും വിവേകത്തോടെയുമാണ് നവമതേതര വെല്ലവിളികളെ തുര്‍ക്കി നേരിട്ടത്.

ഇത്തരമൊരു മാറ്റത്തില്‍ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി നിര്‍വ്വഹിച്ച പങ്ക് വളരെ വലുതാണ്. സാമൂഹ്യ പ്രസ്ഥാനങ്ങളും തങ്ങളുടേതായ പങ്ക് വഹിച്ചു. സമൂഹത്തില്‍ ഒരു മാറ്റമുണ്ടാവുന്നതിനു മുമ്പ് ഒരു ഭരണഘടനാ മാറ്റത്തിന് അവര്‍ മുതിര്‍ന്നില്ല. നിലവിലുള്ള പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍ പ്രായോഗികമായ നടപടികളിലൂടെ സമൂഹത്തില്‍ പ്രത്യക്ഷമായ ഘടകം കൊണ്ടുവരുന്നതിലാണ് അവര്‍ ശ്രമിച്ചത്.

2002-ല്‍ അധികാരത്തില്‍ വന്നപ്പോഴും തങ്ങളുടെ ഹിതം അവര്‍ നടപ്പിലാക്കിയില്ല. ഭരണഘടനയെയും രാജ്യത്തിന്റെ നിയമങ്ങളെയും മാനിച്ച് ചെറിയ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. കഴിഞ്ഞയാഴ്ച തെരഞ്ഞെടുപ്പിലുള്‍പ്പെടെ ഈ രീതി അവര്‍ക്ക് അനിതരസാധാരണമായ വിജയങ്ങളാണ് നേടിക്കൊടുത്തത്. സമൂഹത്തില്‍ മൂല്യപരമായ മാറ്റം കൊണ്ടുവരുന്നതിനുള്ള ജനാധിപത്യപരവും പ്രായോഗികവുമായ നടപടിയായിരുന്നു അത്.

എകെപി അധികാരത്തില്‍ വരുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാമിക കാഴ്ചപാടിലൂടെ വെന്‍ചുവര്‍ കാപിറ്റലിനെ പഠിക്കുന്ന എന്റെ പിഎച്ചഡി തിസീസ് പൂര്‍ത്തിയായിരുന്നു. വെന്‍ചുവര്‍ കാപിറ്റല്‍ മേഖലയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഒരാളെന്ന നിലക്ക് എന്റെ ലക്ഷ്യം വളരെ വ്യക്തമായിരുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വ്യതിരിക്തമായ ഒരു മാതൃക എന്ന നിലക്ക് ഇസ്‌ലാമിക് വെന്‍ചുവര്‍ കാപിറ്റലിനെയോ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിനെയോ അവതരിപ്പിക്കുക. അന്ന് നിക്ഷേപകരെ ലഭിക്കാത്തതിനാല്‍ എന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല. സെപ്തംബര്‍ 11-ന് ശേഷമാണ് ഞാന്‍ ആ ഉദ്യമത്തിന് ഇറങ്ങിത്തിരിക്കുന്നത്.

എന്റെ ഉദ്യമം പരാജയപ്പെട്ടപ്പോള്‍, ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം ലക്ഷ്യം നേടണമെങ്കില്‍ ഒരു സംഗതി ആവശ്യമായിരിക്കുമെന്ന് എനിക്ക് മനസിലായി. നിലവിലെ ക്രമത്തില്‍ നിന്നും അടിസ്ഥാനപരമായി തന്നെ വ്യത്യസ്തമായ പ്രായോഗികവും സാമ്പത്തികമായി സുസ്ഥിതിയുള്ളതുമായ ഒരു മാതൃക. എന്റെ ചിന്താക്രമം വ്യക്തമായിരുന്നു. കേന്ദ്ര ബാങ്കിന്റെയോ, പാര്‍ലിമെന്റിന്റെയോ നിയമഭേദഗതികള്‍ ബാധിക്കാതെ പ്രവര്‍ത്തിക്കാനാവുന്നതായിരിക്കണം അത്. എന്നാല്‍, നിലവിലെ അവസ്ഥയില്‍ മുസ്‌ലിം രാജ്യങ്ങളില്‍ പോലും ഇസ്‌ലാമിന്റെ പേരില്‍ ഇത് സാധ്യമല്ല. അമുസ്‌ലിം രാജ്യങ്ങളിലെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ..?

വിവിധ സര്‍ക്കാര്‍ ഏജന്‍സികളെയും റിസര്‍വ്വ് ബാങ്കിനെയും സ്വാധീനിച്ച് ഇസ്‌ലാമിക് ബാങ്കിങിന് അനുമതി നേടിയെടുക്കാന്‍ കൊണ്ടുപിടിച്ച ശ്രമമാണ് ഇന്ത്യയില്‍ നടക്കുന്നത്. എന്നാല്‍ ഏതാനും മേഖലകള്‍ പ്രത്യേകം തെരഞ്ഞെടുത്ത് ആ മേഖലയില്‍ ഇസ്‌ലാമിക് ബാങ്കിങ് എങ്ങനെയാണ് സമൂഹത്തിന് ഉപകാരപ്പെടുക എന്ന് കാണിച്ചുകൊടുക്കുക എന്ന തന്ത്രം സ്വീകരിക്കണമെന്ന് കാലങ്ങളായി ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ തന്ത്രം പിന്നീട് തുര്‍ക്കി ഉപയോഗിക്കുകയും വിജയിക്കുകയും ചെയ്തു. ഗ്രാമീണ മേഖലക്ക് മാത്രമായി ഒരു പലിശരഹിത ചെറുകിട വായ്പാ പദ്ധതിയും കോര്‍പറേറ്റുകള്‍ക്കായി ഇസ്‌ലാമിക് വെന്‍ചുവര്‍ കാപിറ്റലും ആവിഷ്‌കരിക്കുകയെന്നതായിരുന്നു എന്റെ വാദം. ഇത് നിലവിലുള്ള നിയമവ്യവസ്ഥകള്‍ക്കനുസൃതമായി തന്നെ ചെയ്യാവുന്നതാണ്.

രണ്ടു പദ്ധതികളും യോഗ്യതയും അനുഭവസമ്പത്തുമുള്ള മനുഷ്യവിഭവങ്ങളും അതോടൊപ്പം ആവശ്യത്തിന് സാമ്പത്തികശേഷിയും ആവശ്യമായുള്ളതാണ. (പ്രസ്ഥാനപ്രവര്‍ത്തകരോ, മതസംഘടനയുടെ അണികളോ ഈ ജോലിക്ക് മതിയാകുമെന്ന് തോന്നുന്നില്ല.) നിലവിലുള്ള ബാങ്കുകള്‍ക്ക് കീഴില്‍ ഇസ്‌ലാമിക് ബാങ്കുകളോ, ഇസ്‌ലാമിക് ബാങ്കിങ് വിന്‍ഡോകളോ ആരംഭിക്കാന്‍ സമയവും ഊര്‍ജ്ജവും പാഴാക്കരുതെന്ന് തന്നെ പറയാം. കാരണം സാമ്പത്തികവ്യവസ്ഥയില്‍ അത്തരമൊരു നടപടി സമൂഹത്തില്‍ സാമൂഹിക-സാമ്പത്തിക നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന് വിഘാതമായേക്കും.

അതിനുപകരം, ഇസ്‌ലാമിക സാമ്പത്തിക നിയമത്തില്‍ പാണ്ഡിത്യമുള്ളതോടൊപ്പം ബാങ്കിങ്, അക്കൗണ്ടിങ്, ബിസിനസ് രംഗങ്ങളില്‍ പരിജ്ഞാനവുമുള്ള ഒരു വിഭാഗം ആളുകളെ വളര്‍ത്തിയെടുക്കുക എന്നതിനായിരിക്കണം നമ്മള്‍ ശ്രദ്ധചെലുത്തേണ്ടത്. അവരെ ഉന്നത സാമ്പത്തികപഠന സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസവും നല്‍കണം. മദ്രസകളില്‍ ഇസ്‌ലാമിക ബാങ്കിങ് കോഴ്‌സ് നടപ്പിലാക്കാനുള്ള ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഫിനാന്‍സിന്റെ ശ്രമങ്ങള്‍ കാലത്തെ ഒരുപാട് ദൂരം പിന്നോട്ടടിപ്പിക്കാനുള്ളതാണെന്നാണ് എന്റെ പക്ഷം.

ICIFന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെ ഞാന്‍ സസൂക്ഷ്മം നിരീക്ഷിക്കാറുണ്ട്. അവരുടെ കാഴ്ചപ്പാടും ശ്രമങ്ങളും ഉന്നതവും ശ്ലാഘനീയവുമാണ്. എന്നാല്‍ 2013-ലെ അവരുടെ റിപ്പോര്‍ട്ട് (www.icif.inല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്) പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പറയട്ടെ അവര്‍ക്ക് ഊന്നല്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിക് ഫിനാന്‍സ് ഇന്ത്യയില്‍ നടപ്പിലാവാന്‍ ആകാശത്തിന് കീഴെ സാധ്യമാവുന്ന എന്തും ചെയ്യുക എന്നതാണെന്ന് തോന്നുന്നു അവരുടെ രീതി.

മാനുഷിക വിഭവങ്ങളും സാമ്പത്തിക പരാധീനതകളുമുള്ളപ്പോഴാണ് ICIF ഇത് ചെയ്യുന്നത്. ഏതാനും റിട്ടയേഡ് വ്യക്തികളും സന്നദ്ധപ്രവര്‍ത്തകരുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അത്തരമൊരു പരിമിതസാഹചര്യത്തില്‍, ഒരു പരിപൂര്‍ണ്ണ ഇസ്‌ലാമിക ബാങ്ക് സ്ഥാപിക്കാന്‍ നിയമഭേദഗതികള്‍ നടത്തുക എന്ന ഒരിക്കലും സംഭവിക്കാനിടയില്ലാത്ത ഒരു കാര്യത്തിനുവേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങളെ സ്വാധീനിക്കുന്നതിനും മറ്റും അളവറ്റ ഊര്‍ജ്ജം പാഴാക്കുന്നതിനു പകരം സാധ്യമാവുന്ന ഏതാനും പദ്ധതികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്.

സാമ്പത്തിക സ്ഥാപനങ്ങള്‍ എന്ന് നമ്മള്‍ കരുതുന്ന ബാങ്കുകള്‍ ഇല്ലെങ്കില്‍ പോലും ഇസ്‌ലാമിക സാമൂഹിക-സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാവുന്നതേയുള്ളൂ. പക്ഷേ, അത് സാധ്യമാക്കാന്‍ വൈകാരികമായ നമ്മുടെ ബോധമണ്ഡലങ്ങളില്‍ നിന്നും പുറത്ത് കടന്ന് പ്രായോഗികതയുടെ മണ്ഡലങ്ങളിലേക്ക് കാലെടുത്ത് വെച്ചേ പറ്റൂ. മനുഷ്യര്‍ എപ്പോഴും അക്ഷമരാണ്. പക്ഷെ, 21-ാം നൂറ്റാണ്ടില്‍ മാറ്റത്തിനുള്ള വാഗ്ദാനങ്ങള്‍ അറിയാനല്ല, യഥാര്‍ഥ മാറ്റങ്ങള്‍ അനുഭവിക്കാനാണ് നാം അശ്രാന്തപരിശ്രമികളാവേണ്ടത്.

കഴിഞ്ഞകാലങ്ങളില്‍ പലപ്പോഴായി, ICIF യുടെ ഉന്നത കൈകാര്യകര്‍ത്താക്കളെ പലരെയും അവരുടെ ഇപ്പോഴത്തെ രീതി മാറ്റി, ചില പൊടിക്കൈകള്‍ ഉപയോഗിച്ച് വിജയം കൊയ്ത് ഇപ്പോള്‍ ഇസ്‌ലാമിക് ബാങ്കിങിനെ വേലിപുറത്ത് നിര്‍ത്തിയിരിക്കുന്ന മുസ്‌ലിങ്ങളെ മാത്രമല്ല, അമുസ്‌ലിങ്ങളെ കൂടി ഇതിലേക്ക് ആകര്‍ഷിക്കേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അത്തരമൊരു നടപടി, ഇസ്‌ലാമിനെ പോലെ തന്നെ, മുസ്‌ലിം അമുസ്‌ലിം വ്യത്യാസമില്ലാതെ മുഴുവനാളുകള്‍ക്കും നേട്ടം കൈമാറുന്നതാണ് ഇസ്‌ലാമിക് ഫിനാന്‍സുമെന്ന് രാജ്യത്തെ ബഹുഭൂരിപക്ഷത്തിന് ബോധ്യമാവും. ഈ പരസ്യലേഖനം, തങ്ങളുടെ സ്ട്രാറ്റജി മാറ്റാന്‍ ICIFന് പ്രേരകമാവുമെന്ന് പ്രതീക്ഷിക്കുന്നു!

വിവ: മുഹമ്മദ് അനീസ്

Related Articles