Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം എങ്ങനെയാണ് യാചന പരിഹരിക്കുന്നത്

Beggar.jpg

ഇസ്‌ലാം രൂപകല്‍പന നടത്തുകയും ഉറപ്പുവരുത്തുകയും ചെയ്യുന്ന സാമൂഹ്യസ്ഥാപനം ശ്രേഷ്ഠതയിലും നീതിബോധത്തിലുമുള്ളതാണ്. സമൂഹമെന്നത് പാവപ്പെട്ടവരും പണക്കാരും കൂടി ചേര്‍ന്നതാണ്. വളരെ ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ളവരും തീരെ ദരിദ്രരായവരും ശക്തിയുള്ളവരും ശക്തിയില്ലാത്തവരും പരസ്പരധാരണയോടെയും സഹവര്‍ത്തിത്തത്തോടെയും ജീവിക്കാനാവശ്യമായ എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇസ്‌ലാം മതം.

ഇസ്‌ലാമിക സമൂഹത്തിലെ അംഗങ്ങള്‍ പണക്കാരായാലും പാവപ്പെട്ടവരായാലും വളരെ ശ്രേഷ്ഠമായ പ്രത്യകതയുള്ള സ്വഭാവക്കാരാണ്. നമുക്ക് പ്രവാചകന്‍(സ) യില്‍ നിന്നുള്ള ഹദീസുകള്‍ പരിശോധിക്കാം. അബൂ ഹുറൈറയില്‍ നിന്ന് നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം പറയുന്നു: ”പാവപ്പെട്ട ചില ആളുകളുണ്ട്. അവര്‍ ജനങ്ങളുടെ ഇടയിലേക്കിറങ്ങി കൈ നീട്ടി യാചിക്കുകയില്ല. ഒന്നോ രണ്ടോ കാരക്ക കൊണ്ടോ അല്ലെങ്കില്‍ ഒരു ഉരുള കൊണ്ടോ തൃപ്തിയടയുന്നവരായിരിക്കും അവര്‍.”

പ്രവാചകന്‍ മുഹമ്മദ്(സ) എങ്ങനെയാണ് പഴയ അറേബ്യന്‍ ചര്യകള്‍ പുനര്‍നിര്‍വചനം ചെയ്തതെന്ന് വളരെ അത്ഭുതകരമാണ്. അവയ്ക്ക് പുതിയ അര്‍ഥതലങ്ങള്‍ അദ്ദേഹം നല്‍കി. തന്റെ അനുയായികളെ ഉയര്‍ന്ന് ചിന്തിക്കുന്നവരാക്കുകയും ചെയ്തു.

ചിലയാളുണ്ട്, അവര്‍  ഏത്രതന്നെ പട്ടിണിക്കാരാണെങ്കിലും ദാരിദ്രത്താല്‍ കഷ്ടപ്പെടുന്നവരാണെങ്കിലും അവര്‍ സ്വയം നിയന്ത്രിക്കുകയും മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടാതിരിക്കാന്‍  ശ്രമിക്കുകയും ചെയ്യുന്നു. അല്ലാഹു അവര്‍ക്ക് എന്താണോ നല്‍കിയത് അത് എത്ര തന്നെ ചെറുതാണെങ്കിലും  അതുകൊണ്ട് അവര്‍ സംതൃപ്തിയടയുന്നു. ഇതിനോട് യോജിക്കുന്ന പഴയൊരു ചൊല്ലുണ്ട്. അതിങ്ങനെ വായിക്കാം ‘സംതൃപ്തി എന്നത് മറ്റാര്‍ക്കും  കൊടുക്കുവാന്‍ കഴിയാത്ത നിധിയാണ്.’
ഇത്തരം ചിന്താഗതിയുള്ള ആളുകളെ കുറിച്ച് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ‘ഭൂമിയില്‍ സഞ്ചരിച്ച്അന്നമന്വേഷിക്കാന്‍      അവസരമില്ലാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തിലെ തീവ്രയത്‌നങ്ങളില്‍ ബന്ധിതരായ ദരിദ്രര്‍ക്കുവേണ്ടി ചെലവഴിക്കുക. അവരുടെ മാന്യത കാരണം അവര്‍ ധനികരാണെന്ന് അറിവില്ലാത്തവര്‍ കരുതിയേക്കാം. എന്നാല്‍ ലക്ഷണംകൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവര്‍ ആളുകളെ ചോദിച്ച് ശല്യംചെയ്യുകയില്ല. നിങ്ങള്‍ നല്ലത് എത്ര ചെലവഴിച്ചാലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാണ്.” (2: 273)

പാവപ്പെട്ട ചില ആളുകളുണ്ട്, അവരുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുവാന്‍ വേണ്ടി ദാരിദ്രത്തെ മറ്റുള്ളവരില്‍ നിന്നും ഒളിച്ചുവക്കും. അങ്ങനെ ചെയ്യുക വഴി അഭിമാനം നഷ്ടപ്പെടുത്തുകയില്ല, ആരെങ്കിലും ഏതെങ്കിലും തരത്തില്‍ സഹായിക്കുകയാണെങ്കില്‍ അത് വിനയപൂര്‍വം അന്തസ്സിന് കോട്ടം തട്ടാത്തവിധത്തില്‍ സ്വീകരിക്കും.

താഴെ പറയുന്ന ഹദീസില്‍ വ്യക്തമാക്കുന്നതും അത് തന്നെയാണ്. അല്ലാഹുവിന്റെ ദൂതന്‍ ഉമറുബ്‌ന് ഖത്താബിന് ഒരു സമ്മാനം കൊടുത്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു:”അല്ലാഹുവിന്റെ ദൂതരെ എന്നെക്കാള്‍ ആവശ്യമുള്ളവരാരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കിത് കൊടുക്കൂ.”  അപ്പോള്‍ അല്ലാഹുവിന്റെ ദൂതന്‍ പറഞു. ”ഇത് എടുക്കൂ. ഒന്നുകില്‍ നീ ഇത് എടുക്കുക. അല്ലെങ്കില്‍ ദാനമായി ഇത് മറ്റാര്‍ക്കെങ്കിലും കൊടുക്കുക. ഇങ്ങനെ വരുന്ന ഏതൊരു സമ്പത്തും യാചിച്ചും അത്യാഗ്രഹം കൊണ്ടും ലഭിച്ചതല്ല. ഇത് സ്വീകരിച്ചോളൂ.” ഇതിന് ശേഷമാണ് അബ്ദുല്ലാഹ് ബിന്‍ ഉമര്‍ ആരെങ്കിലും എന്തെങ്കിലും കൊടുത്താല്‍ അത് നിഷേധിക്കാതിരുന്നത്. ആര്‍ക്കെങ്കിലും ആരെങ്കിലും ദാനമായി എന്തെങ്കിലും നല്‍കിയാല്‍ അത് സ്വീകരിക്കണമെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. എന്നാല്‍ ആരെങ്കിലും എന്തെങ്കിലും നല്‍കിയില്ലെങ്കില്‍ അതിന് പിന്നാലെ പരക്കം പായുകയും ചെയ്യരുത്. ആവശ്യക്കാരന് അവന് യാചിക്കാതെ ലഭിക്കുന്നത് സ്വീകരിക്കാമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. ശരിയായ ആവശ്യമില്ലാതെ മറ്റുള്ളവരോട് യാചിക്കുന്നത് പ്രവാചകന്‍ (സ) വിലക്കുന്നു. അത്തരം പ്രവര്‍ത്തി ഈ ലോകത്തിലും പരലോകത്തിലും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും.

ഹംസാ ഇബ്‌നു അബ്ദില്ലാ ഇബ്‌ന് ഉമരില്‍ നിന്ന് നിവേദനം: അദ്ദേഹത്തിന്റെ പിതാവ് പറയുന്നു. ”അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു. ഒരു മനുഷ്യന്‍ ജനങ്ങളുടെ ഇടയില്‍ നിരന്തരം യാചിച്ചുകൊണ്ടിരുന്നാല്‍  അന്ത്യനാളില്‍ മാംസമില്ലാത്ത മുഖവുമായി അയാള്‍ പ്രത്യക്ഷപ്പെടും.” അബു ഹുറൈറ റിപ്പോര്‍ട്ടുചെയ്ത മറ്റൊരു ഹദീസില്‍ ഇപ്രകാരം പറയുന്നു: ”സ്വന്തം സ്വത്ത് വര്‍ധിപ്പിക്കാനായി യാചിക്കുകയാണെങ്കില്‍ അയാള്‍ നരകാഗ്നിയാണ് യാചിച്ചു വാങ്ങുന്നത്.

യാചന അനുവദിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍
ചില പ്രത്യക സാഹചര്യത്തില്‍ ഒരാള്‍ക്ക് മറ്റുള്ളവരോട് സാമ്പത്തിക സഹായം ആവശ്യപ്പെടേണ്ടി വരും. ആ സാഹചര്യവും അത്തരം ആളുകളും ആരെല്ലാമാണെന്ന് പ്രവാചകന്‍ (സ) പ്രത്യേകം പറഞ്ഞിട്ടുണ്ട്.

മൂന്ന് വിഭാഗം ആളുകള്‍ക്ക് മാത്രമേ മറ്റുള്ളവരോട് സാമ്പത്തിക സഹായം ആവശ്യപ്പെടാന്‍ അല്ലെങ്കില്‍ യാചിക്കാന്‍  അനുവാദമുള്ളൂ എന്ന് പ്രവാചകന്‍ സ) പറഞ്ഞതായി ഇബ്‌നു മുഖരിക് അല്‍ ഹില്ലാല്‍ വെളിവാക്കുന്നു  ഒന്ന്,  കലഹിക്കുന്നവര്‍ തമ്മില്‍ അനുരജ്ഞനമുണ്ടാക്കാന്‍ വേണ്ടി. രണ്ട്,  പ്രകൃതി ദുരന്തത്തില്‍ സ്വത്ത് നഷ്ടപ്പെട്ടവര്‍ – അവര്‍ക്ക് അവരുടെ ജീവിതോപാധി ലഭിക്കുന്നത് വരെ മറ്റുള്ളവരോട് സഹായം തേടുന്നതില്‍ വിരോധമില്ല. അടുത്തത,്  ദാരിദ്ര്യം ജീവിതത്തെ പാടെ അവശനാക്കിയവര്‍. അവര്‍ ദരിദ്രരാണെന്ന് വിവേകമുള്ള മൂന്ന് പേരെങ്കിലും സാക്ഷ്യപ്പെടുത്തണം. ജീവിതം ഒന്ന് കരുപ്പിടിപ്പിക്കാന്‍ ആവശ്യമായത് ലഭിക്കുന്നത് വരെ മാത്രമേ ഇത് പാടുള്ളൂ.   ഈ വിഭാഗത്തില്‍ പെട്ടവര്‍ക്കൊഴികെ യാചന വിലക്കപ്പെട്ടതാണ്.  
 
ഇസ്‌ലാം തൊഴിലിനെ പ്രോത്സാഹിപ്പിക്കുന്നു.
ഓരോ മുസ്‌ലിമിനെയും ഉത്പാദനക്ഷമതയള്ള അംഗമായാണ് ഇസ്‌ലാം കാണുന്നത്. മറ്റുള്ളവരോട് അവരുടെ സമ്പത്തോ ദനമോ യാചിക്കാത്ത വിധത്തില്‍ സ്വയം ഉല്‍പാദക്ഷമതയുള്ളവരാകാന്‍ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നു. ഓരോ മുസ്‌ലിമും അവന്റെ അന്തസ്സ് കാക്കണം. അത് നശിപ്പിക്കുന്നതൊന്നും അവന്‍ ചെയ്യാന്‍ പാടില്ല. അന്തസ്സോടെ ജോലി ചെയ്ത് സമ്പാദിക്കുന്നതിന് പ്രവാചകന്‍ അനുയായികളെ പ്രോത്സാഹിപ്പിച്ചു. ഈ കാര്യം അസ്സുബൈര്‍ ഇബ്‌നു അവ്വാം റിപ്പോര്‍ട്ട് ചെയ്ത ഹദീസിലൂടെ മനസ്സിലാക്കാം. പ്രവാചകന്‍ പറഞ്ഞു. ”നിങ്ങള്‍ക്ക് ഏറ്റവും ഉത്തമമായത് ഒരു കയറിന്റെ കഷ്ണമെടുത്ത് കാട്ടില്‍ പോവുകയും അവിടെ നിന്ന് വിറക് ചുമലിലേറ്റി കൊണ്ടുവന്ന് അത്  വില്‍ക്കുകയും ചെയ്യുന്നതാണ്. അങ്ങനെയുള്ള ഒരാളുടെ  അന്തസ്സ് അല്ലാഹു സരക്ഷിക്കുകയും സമൂഹത്തില്‍ അയാളുടെ പദവി ഉയര്‍ത്തുകയും ചെയ്യും.മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടുന്നതിനെക്കാല്‍ ഉത്തമമാണത്. അങ്ങനെ അവന്‍ അവന്റെ സ്വന്തം കാര്യം ചെയ്യുകയും ബാക്കി വല്ലതുമുണ്ടെങ്കില്‍ ദാനം ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുന്നതുകൊണ്ട് അവന്‍ സ്വയം സ്വതന്ത്രനും അതിന്‍മേല്‍ ഉടമസ്ഥനുമാകും.

അന്തസ്സ് താഴ്ത്തുകയും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയും ചെയ്യുന്ന യാചനയെക്കാള്‍ എന്തൂകൊണ്ടും ഏറ്റവും ഉത്തമമാണത്. താഴ്ന്നിരിക്കുന്ന കൈകളെക്കാള്‍ ഏറ്റവും ഉത്തമം ഉയര്‍ന്നുനില്‍ക്കുന്ന കൈകളാണ. (മുസ്‌ലിം)

വിവ : ഫൗസിയ ഷംസ്

Related Articles