Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെ ആദ്യ സ്വതന്ത്ര ചലചിത്രമേളയും വെല്ലുവിളികളും

കോവിഡ് അടക്കം രാജ്യം നേരുടന്ന വിവിധ പ്രതിസന്ധികള്‍ക്കിടെ ആദ്യമായി രാജ്യത്ത് ചലചിത്ര മേള നടത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ഇറാഖിലെ സിനിമ ആസ്വാദകര്‍. ഇറാഖിലെ സ്വതന്ത്ര ഫിലിം ഫെസ്റ്റിവലിന്റെ(IIFF) ആദ്യ എഡിഷനാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ വെള്ളിയാഴ്ച തിരശ്ശീല ഉയര്‍ന്നത്.

ഇറാഖിലെ സിനിമപ്രവര്‍ത്തകരുടെ തെരഞ്ഞെടുത്ത 13 സിനിമകളാണ് ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കുന്നത്. സിനിമ ആസ്വാദകര്‍ക്ക് വെബ്‌സൈറ്റിലൂടെ സൗജന്യമായി കാണാനുള്ള സംവിധാനമാണ് അണിയറക്കാര്‍ ഒരുക്കിയിട്ടുള്ളത്. ഇറാഖിന്റെ ചരിത്രവും സംസ്‌കാരവും അഭ്രപാളിയിലെത്തിക്കുമ്പോള്‍ അതിലെ അവിഭാജ്യ ഘടകമായ ഒന്നാണ് രാജ്യത്തെ യുദ്ധങ്ങളും രാഷ്ട്രീയവും വിദേശശക്തികളുടെ ഇടപെടലുകളെ തുടര്‍ന്നുണ്ടായ ദുരിതങ്ങളും.

പ്രശസ്ത ഇറാഖ് സിനിമ സംവിധായകനായ മുഹമ്മദ് അല്‍ ദറദ്ജിയുടെ 2008ല്‍ പുറത്തിറക്കി. ‘ഇറാഖ്: യുദ്ധം,പ്രണയം,ദൈവം,ഭ്രാന്ത്’ എന്ന ഡോക്യുമെന്ററിയായിരുന്നു ഉദ്ഘാടന ചിത്രം. 2005ല്‍ പുറത്തിറക്കിയ ‘അഹ്‌ലാം’ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ താന്‍ അനുഭവിച്ച പ്രതിസന്ധികളാണ് ഇതില്‍ കാണിക്കുന്നത്. ഇറാഖില്‍ അമേരിക്ക നടത്തിയ അധിനിവേശത്തിന്റെ തൊട്ടുപിന്നാലെയായിരുന്നു സിനിമയുടെ ചിത്രീകരണം. സ്വിസ്-ഇറാഖി സംവിധായകനായ സമീറിന്റെ In my shadow എന്ന സിനിമയോടെയാണ് ചലചിത്രമേളക്ക് തിരശ്ശീല വീഴുക.

വളര്‍ന്നുവരുന്ന ഇറാഖ് പൗരന്മാരും പ്രവാസികളുമായ സംവിധായകരുടെയും മുതിര്‍ന്ന സംവിധായകരുടെയും ഹ്രസ്വവും സവിശേഷതകളുമുള്ള ഫിക്ഷന്‍ സിനിമകളും ഡോക്യുമെന്ററികളുമാണ് ചലചിത്രമേളക്കായി അധികൃതര്‍ തെരഞ്ഞെടുത്തത്. മേളയില്‍ ഹ്രസ്വ ചിത്രങ്ങളെ രണ്ട് വിഭാഗമായി തിരിച്ചാണ് പ്രദര്‍ശിപ്പിക്കുന്നത്. ഒന്ന് പുതിയ തലമുറ സിനിമ നിര്‍മാണവും രണ്ടാമത്തേത് ഇറാഖി സിനിമയിലെ സമകാലിന ഫെമിനിസവും എന്ന വിഭാഗവുമാണ്.

Also read: തന്‍റെ ദിവസങ്ങള്‍ എണ്ണപ്പെട്ടതാണെന്ന് മുര്‍സിക്ക് അറിയാമായിരുന്നെന്ന് കുടുംബം

ഇറാഖിലെ സ്വതന്ത്ര സിനിമ പ്രവര്‍ത്തനം

പ്രവാസികളായി കഴിയുന്ന നാല് ഇറാഖി പൗരന്മാരായ അഹ്മദ് അല്‍ ഹബീബ്, ഇസ്‌റ അല്‍ കമാലി,ഷഹ്‌നാസ് ദുലൈമി,റൊയ്‌സിന്‍ ടപ്പോനി എന്നിവരാണ് ഈ സ്വതന്ത്ര ചലചിത്രമേളയുടെ പിറവിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ സൃഷ്ടികളിലും പ്രവര്‍ത്തനത്തിലും പൂര്‍ണമായ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിന് വേണ്ടി ചലചിത്രമേളയിലേക്കുള്ള സ്‌പോണസര്‍ഷിപ്പുകളും ധനസഹായവും അവര്‍ നിരസിച്ചു. സ്വകാര്യ-പൊതുമേഖലെ സ്ഥാപനങ്ങളെ അഫിലിയേറ്റ് ചെയ്യാനും അവര്‍ തയാറായില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് കൊണ്ട് ഒരുപാട് നേട്ടങ്ങളുണ്ടെന്നും ഏതെങ്കിലും സ്ഥാപനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവരുടെ രാഷ്ട്രീയത്തിന് കീഴൊതുങ്ങേണ്ടി വരുമെന്നും പറയുകയാണ് ഈ സിനിമ പ്രവര്‍ത്തകര്‍.

2003ന് ശേഷമുള്ള ഇറാഖി സിനിമയുടെ സ്വത്വം വികസിപ്പിക്കുന്നതിനും ഇറാഖി സിനിമപ്രവര്‍ത്തകര്‍ക്ക് തങ്ങളുടേതായ സ്വതന്ത്ര ഇടം ഒരുക്കുന്നതിനും ഈ മേഖലയിലെ വാര്‍പ്പുമാതൃകകളും വംശീയതയും തകര്‍ക്കുകയുമാണ് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു വെക്കുന്നു അണിയറ പ്രവര്‍ത്തകര്‍. ഇറാഖിലെ ആളുകള്‍, ഇറാഖിനെക്കുറിച്ചുള്ള അവരുടെ കഥകള്‍, ഇറാഖിലെ അവരുടെ അനുഭവങ്ങള്‍, അതുപോലെ തന്നെ വിദേശങ്ങളില്‍ കഴിയുന്ന ഇറാഖികള്‍ ഇതെല്ലാം ഉള്‍ച്ചേര്‍ന്നതാണ് ഈ ഫെസ്റ്റിവല്‍.

അവാര്‍ഡ് ജേതാവായ ഇറാഖി-ലെബനീസ് നടിയും സംവിധായകയുമായ സഹ്‌റ ഖന്‍ദൂറിന്റെ I dream എന്ന സിനിമയും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ സിനിമകളെല്ലാം ഇറാഖിലെയും പ്രവാസികളായ ചലച്ചിത്ര പ്രവര്‍ത്തകരുമായി ബന്ധിപ്പിക്കുന്നതിനും ഇറാഖിലെ ചലച്ചിത്ര വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും നിര്‍ണ്ണായകമാണെന്നും വരും വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ വിപുലമായ രീതിയില്‍ വളരുമെന്നും സഹ്‌റ ഖന്‍ദൂര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

‘എന്റെ ജനതയുടെ കഷ്ടപ്പാടുകള്‍ പ്രകടമാക്കുന്ന സിനിമകള്‍ നിര്‍മ്മിക്കുക എന്നതാണ് എന്റെ ആഗ്രഹം, അങ്ങനെ ഞങ്ങള്‍ ഇറാഖികള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് ലോകത്തിന് അറിയിച്ചുകൊടുക്കണം’ മേളയിലെ ചെറുപ്പക്കാരനായ സിനിമസംവിധായകന്‍ ഹുസൈന്‍ അല്‍ ആസാദി പറയുന്നു. ചലച്ചിത്രനിര്‍മ്മാണത്തില്‍ തനിക്ക് അതിയായ അഭിനിവേശമുണ്ടെങ്കിലും ഇറാഖില്‍ നിന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടുള്ള തൊഴിലാണ്. ഞാന്‍ നേരിട്ട ഏറ്റവും വലിയ പ്രശ്നങ്ങള്‍ സിനിമയുടെ നിര്‍മാണവും സാമ്പത്തിക സഹായവുമാണ്. സിനിമക്കായി സ്വയം ഫണ്ട് കണ്ടെത്തേണ്ടതുണ്ട്, അതിനായി പരസ്യം ചെയ്യേണ്ടിവരികയാണ്- 23കാരനായ ഹുസൈന്‍ പറഞ്ഞു.

Also read: സാഹോദര്യത്തിന്റെ സൗന്ദര്യം

ഇറാഖിലെ സിനിമ നിര്‍മാണം

ഇറാഖിലെ ഭൂരിക്ഷവും യാഥാസ്ഥിതിക വിഭാഗമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ ആളുകള്‍ക്ക് സിനിമയോടുള്ള താല്‍പര്യം കുറക്കാന്‍ ഇടയാക്കി. ഇത് സ്വാഭാവികമായും സിനിമ നിര്‍മാതാക്കളെയും ബാധിച്ചു. അതിനാല്‍ തന്നെ സിനിമക്ക് ഇറാഖിന്റെ മണ്ണില്‍ വലിയ വളക്കൂറ് ലഭിച്ചില്ല.

രാജ്യത്ത് സര്‍ക്കാരിനെതിരെ ശബ്ദിക്കുന്ന ആക്റ്റിവിസ്റ്റുകളെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും കൊന്നൊടുക്കുന്ന കാഴ്ചയാണ് നമുക്ക് കാണാനാവുക. കഴിഞ്ഞ ദിവസവും ഇറാഖിലെ പ്രമുഖ വനിത ആക്റ്റിവിസ്റ്റും ഡോക്ടറും അഭിഭാഷകയുമായി റഹാം യാഖൂബൂം മറ്റൊരു ആക്റ്റിവിസ്റ്റായ ഫലാഹ് അല്‍ ഹസ്‌നവിയും കൊല്ലപ്പെട്ടത് നാം കണ്ടതാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു ഇവര്‍.

സുരക്ഷ പ്രശ്‌നങ്ങളും സാമൂഹിക-രാഷ്ട്രീയ സമ്മര്‍ദവും ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകളുമെല്ലാം തങ്ങളുടെ കലാസൃഷ്ടികള്‍ക്കുമേല്‍ കത്രിക വെക്കാനിടയാക്കുന്നുവെന്നാണ് ഇറാഖിലെ ചലചിത്രപ്രവര്‍ത്തകര്‍ പറയുന്നത്. തങ്ങളുടെ സര്‍ഗ്ഗാത്മകതയെയാണ് സെന്‍സര്‍ഷിപ്പ് ചെയ്യുന്നത്.

പൊതുജനങ്ങളുടേതിനേക്കാള്‍ വ്യത്യസ്തമായ ആശയങ്ങളും അഭിപ്രായങ്ങളും ഉള്ളത് കലാകാരന്മാരെ നിരന്തരം അപകടത്തിലാക്കുന്നു. ഞങ്ങള്‍ക്കിവിടം സുരക്ഷിതമല്ലെന്ന് നിരന്തരം അനുഭവപ്പെടുന്നു. ഇറാഖിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെ യുവതലമുറയ്ക്ക് ഐ.ഐ.എഫ്.എഫ് പുതിയ വാതില്‍ തുറന്നുകൊടുക്കുമെന്നും വിശാലമായ പ്രേക്ഷകരെയും ഇറാഖിലെ ചലച്ചിത്രമേഖലയ്ക്ക് കൂടുതല്‍ പിന്തുണ ആവശ്യമുണ്ടെന്നും പറഞ്ഞു വെക്കുകയാണ് ഇറാഖില്‍ ഉദയം കൊണ്ട പുതുതലമുറ സിനിമ പ്രവര്‍ത്തകര്‍. ഈ പ്രതിസന്ധികള്‍ക്കിടെയാണ് ചെറുതായിട്ടെങ്കിലും ഇറാഖിലെ ഒരു കൂട്ടം സിനിമപ്രവര്‍ത്തകര്‍ ആദ്യത്തെ സ്വതന്ത്ര ചലചിത്ര മേളക്ക് സമാരംഭം കുറിച്ചത്.

അവലംബം: അല്‍ജസീറ
വിവ: സഹീര്‍ വാഴക്കാട്

Related Articles