Current Date

Search
Close this search box.
Search
Close this search box.

അതിജീവനത്തിന്റെ പെയിന്റിങ്ങുകള്‍

2013ലാണ് സിറിയന്‍ കാലാകാരനായ അനസ് അല്‍ ബ്രാഹിയുടെ ഉമ്മ കാന്‍സര്‍ മൂലം മരണപ്പെടുന്നത്. ഉമ്മ മരണപ്പെട്ടതിന്റെ ആഘാതത്തിനിടെയാണ് രാജ്യത്ത് രൂക്ഷമായ സിവില്‍ യുദ്ധം നടക്കുന്നത്. യുദ്ധത്തെത്തുടര്‍ന്ന് അനസിന് തന്റെ ജന്മനാടായ അല്‍ സെയ്ദയില്‍ നിന്നും നാടുവിടേണ്ടി വന്നു. അടുത്ത വര്‍ഷം മുതല്‍ ലെബനാനിലെ ബെയ്‌റൂതില്‍ പുതിയ ഒരു ജീവിത്തിന് അല്‍ ബ്രാഹി തുടക്കമിടുകയായിരുന്നു.

27ാം വയസ്സില്‍ സെയ്ദ തന്റെ ഉമ്മയുടെ ഓര്‍മക്കായി വിവിധ പെയിന്റിങ്ങുകള്‍ വരക്കാന്‍ തുടങ്ങി. ‘പ്രിയപ്പെട്ടവരെ ഓര്‍ക്കാന്‍ വേണ്ടി പഴയ ഓര്‍മകളെല്ലാം പിന്നീട് ക്യാന്‍വാസിനുള്ളിലേക്ക് പകര്‍ത്തുകയായിരുന്നു ഞാന്‍. ഉമ്മ മരിച്ചതിന്റെ വേദനകളും വികാരങ്ങളുമെല്ലാം ഞാന്‍ പെയിന്റിങ്ങിലൂടെ മറികടക്കുകയായിരുന്നു’.

തുടര്‍ന്നാണ് ദു:ഖങ്ങളെ കലാപരമായി കൈകാര്യം ചെയ്യാനായി ആര്‍ട് തെറാപ്പിക്ക് അനസ് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് 2014ല്‍ ലെബനീസ് സര്‍വകലാശാലയില്‍ നിന്നും ആര്‍ട് തെറാപിയില്‍ മാസ്റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കി. സ്വയം അച്ചടക്കം, മാനസികാരോഗ്യം വീണ്ടെടുക്കല്‍ എന്നിവയായിരുന്നു ബിരുദത്തിന്റെ പ്രത്യേകത. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മറക്കാനും ക്ഷമിക്കാനും ഇതിലൂടെ സാധിച്ചു. കല എന്നത് നിങ്ങള്‍ ഭൂതകാലത്ത് നേരിട്ട ദുരന്തങ്ങളില്‍ നിന്നും മനസ്സിനെ സുഖപ്പെടുത്താന്‍ സഹായിക്കും. എത്രത്തോളം വേദനയുണ്ടായിരുന്നു എന്നത് ഒരു വിഷയമേയല്ല. ആര്‍ക്കും ഇത്തരത്തില്‍ ഒരു കലാകാരനാകം. അല്‍ ബ്രാഹി പറയുന്നു.

തന്റെ ബാല്യകാലത്തും കൗമാരകാലഘട്ടത്തിലും താന്‍ നേരിട്ട പ്രയാസങ്ങളും പ്രതിബന്ധങ്ങളുമാണ് ഓരോ ചിത്രത്തിലും വരച്ചിട്ടിരിക്കുന്നത്. ഓരോ ക്യാന്‍വാസുകള്‍ക്കും അനസ് ഓരോ പേര് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വളരെ പ്രസിദ്ധമായ പെയിന്റിങ്ങുകളാണ് ‘പിന്‍വാങ്ങലിന്റെ വര്‍ണങ്ങള്‍ ‘, ചന്ദ്രന്റെ അയല്‍ക്കാര്‍’ എന്നിവ.

ഇതില്‍ പിന്‍വാങ്ങലിന്റെ വര്‍ണങ്ങള്‍ എന്ന പെയിന്റിങ്ങുകള്‍ ഓഗസ്റ്റ് 17ന് ലണ്ടനിലെ പി21 ഗ്യാലറി മള്‍ട്ടിമീഡിയ ആര്‍ട് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 6 വരെ പ്രദര്‍ശനം നീണ്ടു നില്‍ക്കും.

സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ മനസ്സിലേറ്റിയ 11 സിറിയന്‍,ലബനീസ് കലാകാരന്മാരുടെ ചിത്രങ്ങളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്. യുദ്ധത്തിന്റെ നടുക്കുന്ന ഓര്‍മകളും നാടുകടത്തലും നഷ്ടങ്ങളും വ്യക്തിത്വത്തിനായുള്ള അലച്ചിലുകളുമെല്ലാമാണ് എല്ലാവരുടെയും ചിത്രത്തിന്റെ പ്രമേയത്തിലുള്ളത്.

അറബ് ഫണ്ട് ഫോര്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറിന്റെ സഹകരണത്തോടെയാണ് പ്രദര്‍ശനം. ‘നമ്മുടെ സ്വന്തം ബുദ്ധിമുട്ടുകളെ ക്രിയാത്മകമായും സര്‍ഗാത്മകമായും കൈകാര്യം ചെയ്യാനുള്ള വഴികള്‍’ എന്നാണ് പ്രദര്‍ശനം മുന്നോട്ടു വെച്ച പ്രമേയം. ഇതിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ലൈവ് ഇന്ററാക്റ്റീവ് കാലിഗ്രഫി പെര്‍ഫോമന്‍സ്,ആര്‍ട് തെറാപി സെമിനാര്‍, ശില്‍പശാലകള്‍ എന്നവയാണവ.

Related Articles