Current Date

Search
Close this search box.
Search
Close this search box.

വലാഇനെയും ബറാഇനെയും ബിദ്അത്തിന്റെ അടയാളമായി കാണാമോ?

വിശ്വാസികൾക്കിടയിലെ ബന്ധം വിശ്വാസം നിലനിൽക്കുവോളം മുറിഞ്ഞുപോവുകയില്ല. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവർ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും, നമസ്കാരം മുറപോലെ നിർവഹിക്കുകയും, സകാത് നൽകുകയും, അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട് അല്ലാഹു കരുണ കാണിക്കുന്നതാണ്. തീർച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.’ (അത്തൗബ: 71)

തെറ്റ് ചെയ്യുന്നതിലൂടെ വിശ്വാസികൾക്കിടിയിലെ ഈ ബന്ധം (വലാഅ്- മിത്രങ്ങളായി സ്വീകരിക്കുക) ഇല്ലാതാകുന്നില്ല. ഒരു വിശ്വാസിയെ മന:പൂർവം കൊലപ്പെടുത്തിയ മറ്റൊരു വിശ്വാസിയുടെ കടമയെ സംബന്ധിച്ച് വിശുദ്ധ ഖുർആൻ പറയുന്നു: ‘ഇനി അവന്ന് (കൊലയാളിക്ക്) തന്റെ സഹോദരന്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കിൽ അവൻ മര്യാദ പാലിക്കുകയും, നല്ല നിലയിൽ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവർത്തിക്കുകയാണെങ്കിൽ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.’ (അൽബഖറ: 178) പൊറുത്തുകൊടുക്കുന്നവൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കൊലചെയ്യപ്പെട്ടവന്റെ കുടുംബമാണെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ അഭിപ്രായപ്പെടുന്നു. ഇവിടെ കൊലചെയ്തവൻ എന്നത് മന:പൂർവം കൊലചെയ്തവനെയാണ് കുറിക്കുന്നത്. ഇബ്നു അബ്ബാസ്(റ) ഉൾപ്പടെയുള്ളവർ പറയുന്നു: ‘ഇളവ് നൽകുകയെന്നത് മന:പൂർവം കൊലചെയ്തതിന് നഷ്ടപരിഹാരം സ്വീകരിക്കലാണ്. ഏഴ് വൻപാപങ്ങളിൽ ഒന്നായി ഗണിക്കപ്പെടുന്ന മന:പൂർവമുള്ള കൊല നടത്തിയിട്ടും വിശ്വാസപരമായ സാഹോദര്യം നിലനിൽക്കുന്നുവെന്നതാണ് ഈ സൂക്തങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.’

അപ്രകാരം, വിശ്വാസികൾ പരസ്പരം പോരടിക്കുകയാണെങ്കിൽ പോലും അവർക്കിടയിലെ ബന്ധം നിലനിൽക്കുന്നതാണ്. വിശുദ്ധ ഖുർആൻ പറയുന്നു: ‘സത്യവിശ്വാസികളിൽ നിന്നുള്ള രണ്ടു വിഭാഗങ്ങൾ പരസ്പരം പോരടിച്ചാൽ നിങ്ങൾ അവർക്കിടയിൽ രജ്ഞിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടിൽ ഒരു വിഭാഗം മറുവിഭാഗത്തിനെതിരിൽ അതിക്രമം കാണിച്ചാൽ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവർ അല്ലാഹുവിന്റെ കൽപനയിലേക്ക് മടങ്ങുന്നതുവരെ നിങ്ങൾ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരുകയാണെങ്കിൽ നീതിപൂർവം ആ രണ്ടു വിഭാഗങ്ങൾക്കിടയിൽ രജ്ഞിപ്പുണ്ടാക്കുകയും നിങ്ങൾ നീതി പാലിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.’ (അൽഹുജറാത്ത്: 9) ഈ സൂക്തത്തിന്റെ തുടക്കത്തിൽ വ്യക്തമാക്കുന്നത്, പരസ്പരം പോരടിക്കുമ്പോഴും വിശ്വാസിയെന്ന വിശേഷണമാണ് അവർക്കുള്ളതെന്നാണ്. സൂക്തത്തിന്റെ അവസാനത്തിൽ വിശ്വാസികൾക്കിടയിൽ സാഹോദര്യം നിലനിൽക്കേണ്ടതുണ്ടെന്ന് പറഞ്ഞുവെക്കുന്നു. മൂന്നാമതായി സാഹോദര്യ ബന്ധത്തിനിടയിൽ സംസ്കരണം ആവശ്യമാണെന്നതിനെ വിശുദ്ധ ഖുർആൻ ബലപ്പെടുത്തുന്നു. ‘സത്യവിശ്വാസികൾ (പരസ്പരം) സഹോദരങ്ങൾ തന്നെയാകുന്നു. അതിനാൽ നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ നിങ്ങൾ രജ്ഞിപ്പുണ്ടാക്കുക.’ (അൽഹുജറാത്ത്: 10) ഈ സൂക്തങ്ങൾ സൗഹാർദവും ആത്മബന്ധവും (വലാഅ്) കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് ഖണ്ഡിതമായി സ്ഥാപിക്കുകയാണ്. കൊലചെയ്യുകയാണെങ്കിലും വിശ്വാസികൾക്കിടിയിലെ ബന്ധം മുറിഞ്ഞുപോകുന്നില്ല. അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ നിലകൊള്ളുന്ന വിശ്വാസികൾക്കിടയിലെ തീവ്ര ചിന്താധാരകളുടെയും, ഖവാരിജുകളുടെയും വാദം ഇതുമുഖേന തിരസ്കരിക്കപ്പെടുകയാണ്.

Also read: ഹൃദയ നൈര്‍മല്യമുള്ളവരാകാന്‍ പത്ത് വഴികള്‍

സഹോദരിനിൽ നിന്നുണ്ടാകുന്ന തെറ്റിനെയും കുറ്റത്തെയും വെറുക്കുകയെന്നത് വിശ്വാസികളുടെ മേൽ നിർബന്ധമാണെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് തെറ്റിനെ വെറുക്കുകയും തള്ളിക്കളയുകയും ചെയ്യേണ്ടതുണ്ട്. പക്ഷേ, തെറ്റിനോടുള്ള വെറുപ്പ് അത് ചെയ്യുന്ന വിശ്വാസിയോടുള്ള വെറുപ്പായി തീരാൻ പാടില്ല. മറിച്ച്, വിശ്വാസത്തിന്റെ ചട്ടകൂടിൽ നിന്നുകൊണ്ട് അവരെ സ്നേഹിക്കുകയും, വിശ്വാസത്തിലേക്ക് ക്ഷണിക്കുകയുമാണ് ചെയ്യേണ്ടത്. തെറ്റിൽ നിന്ന് വിട്ടുനിൽക്കാനും, കഴിയാവുന്ന എല്ലാ സാധ്യതകളും ഉപയോഗിച്ച് അതിൽ നിന്ന് മാറിനിൽക്കാനും അവരെ പ്രേരിപ്പിക്കേണ്ടതുമുണ്ട്.

സത്യവാഹകർ തിന്മയെയും അത് പ്രവർത്തിക്കുന്ന ആളെയും വേർതിരിക്കുന്നതാണ്. എത്രത്തോളമെന്നാൽ നിഷേധത്തിന്റെ വാക്കിനെയും അത് പറഞ്ഞ വ്യക്തിയെയും. അപ്രകാരം ആ പദം കുഫ്റാകുന്നതാണ്. എന്നാൽ, അത് പറഞ്ഞ വ്യക്തിക്ക് മേൽ കുഫ്റ് വിധിക്കുകയില്ല. ഇത് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു: ‘നിന്റെ അടുത്ത ബന്ധുക്കൾക്ക് നീ താക്കീത് നൽകുക. നിന്നെ പിന്തുടർന്ന സത്യവിശ്വാസികൾക്ക് നിന്റെ ചിറക് താഴ്ത്തി കൊടുക്കുകയും ചെയ്യുക. ഇനി അവർ നിന്നെ അനുസരിക്കാതിരിക്കുന്ന പക്ഷം, നിങ്ങൾ പ്രവർത്തിക്കുന്നതിനൊന്നും ഞാൻ ഉത്തരവാദിയല്ലെന്ന് നീ പറഞ്ഞേക്കുക.’ (അശ്ശുഅറാഅ്: 214-216) അല്ലാഹുവിന്റെ പ്രവാചകൻ അവരുടെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ്; അവരിൽ നിന്നല്ല. ‘അവർ നിന്നെ നിഷേധിച്ചു തള്ളുകയാണെങ്കിൽ നീ പറഞ്ഞേക്കുക. എനിക്കുള്ളത് എന്റെ കർമമാകുന്നു. നിങ്ങൾക്കുള്ളത് നിങ്ങളുടെ കർമവും. ഞാൻ പ്രവർത്തിക്കുന്നതിൽ നിന്ന് നിങ്ങൾ വിമുക്തരാണ്. നിങ്ങൾ പ്രവർത്തിക്കുന്നതിൽ നിന്നും ഞാനും വിമുക്തനാണ്.’ (യൂനുസ്: 41) വിട്ടനിൽക്കുകയെന്നത് പ്രവൃത്തിയെ അടിസ്ഥാനമാക്കിയാണെന്നാണ് ഈ സൂക്തങ്ങളെല്ലാം വ്യക്തമാക്കുന്നത്. തെറ്റുചെയ്യുന്നവരിൽ നിന്ന് വിട്ടുനിൽക്കുകയെന്നതല്ല. ‘പറയുക: ഞങ്ങൾ കുറ്റം ചെയ്തതിനെപ്പറ്റി നിങ്ങൾ ചോദിക്കപ്പെടുകയില്ല. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി ഞങ്ങളും ചോദിക്കുപ്പെടുകയില്ല.’ (സബഅ്: 25)

അപ്രകാരം തന്നെ ഇബ്റാഹീം പ്രവാചകന്റ രീതിയും കാണാൻ കഴിയുന്നതാണ്. ഇബ്റാഹീം പ്രവാചകൻ തുടക്കത്തിൽ തന്റെ പിതാവിൽ നിന്നും, അദ്ദേഹത്തിന്റെ കൂട്ടാളികളിൽ നിന്നും വിട്ടുനിന്നിരുന്നില്ല. മറിച്ച് നിഷേധികളായ അവരുടെ പ്രവർത്തനങ്ങളിൽ നിന്നാണ് വിട്ടുനിന്നത്. ‘തീർച്ചയായും ഞാൻ നിങ്ങൾ ആരാധിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നവനാകുന്നു. എന്നെ സൃഷ്ടിച്ചവനൊഴികെ. കാരണം തീർച്ചയായും അവൻ എനിക്ക് മാർഗദർശനം നൽകുന്നതാണ്.’ (അസ്സുഖ്റുഫ്: 26-27) എന്നാൽ, പിന്നീട് അവർ അല്ലാഹുവിന്റെ ശത്രുക്കളാണെന്ന് ബോധ്യപ്പെടുകയും, ഉപദേശം അവർക്ക് ഉപകാരപ്പെടുന്നില്ലെന്ന് തിരിച്ചറിയുകയും ചെയ്തപ്പോൾ അവരിൽ നിന്ന് വിട്ടുനിൽക്കുകയാണ് ചെയ്തത്. ‘നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവയുമായുള്ള ബന്ധത്തിൽ നിന്ന് തീർച്ചയായും ഞങ്ങൾ ഒഴിവായവരാകുന്നു.’ (അൽമുംതഹന: 4) കരാ‍ർ ലംഘനം നടത്തിയ നിഷേധികളോടൊപ്പം ഇതുപോലെ പ്രവാചകൻ(സ) ഇരുപതിലധികം വർഷം എല്ലാ പരിശ്രമവും നടത്തി മുന്നോട്ടുപോയി. നിഷേധികൾ തർക്കിക്കുകയും, ഇസ് ലാമിന്റെയും അതിന്റെ അനുയായികളുടെയും അടിവേര് പിഴുതെറിയാൻ എല്ലാ മാർഗവും അന്വേഷിക്കുകയായിരുന്നു. എന്നാൽ, അവർ കൊലയിലും, കാപട്യത്തിലും ഉറച്ചുനിൽക്കുകയാണെന്ന് ബോധ്യപ്പെട്ടപ്പോൾ അവരിൽ നിന്ന് പ്രവാചകൻ വിട്ടുനിന്നു. ‘ബഹുദൈവ വിശ്വാസികളിൽ നിന്ന് ആരുമായും നിങ്ങൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ അവരോട് അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഭാഗത്ത് നിന്നുള്ള ബാധ്യത ഒഴിഞ്ഞതായി ഇതാ പ്രഖ്യാപിക്കുന്നു.’ (അത്തൗബ: 1)

Also read: വൈവിധ്യങ്ങളുടെ മഴവിൽ കൂടാരം

അല്ലാഹുവിനോട് യുദ്ധം ചെയ്യുന്ന അല്ലാഹുവിന്റെ ശത്രുക്കളെ ഉറ്റ മിത്രങ്ങളായോ, സ്നേഹഭാജനമായോ വിശ്വാസികൾക്ക് സ്വീകരിക്കാവതല്ലെന്നത് നിസ്സംശയമായമാണ്. മിക്ക ഖുർആനിക സൂക്തങ്ങളും ശിർക്കിൽ നിന്നും, അല്ലാഹുവിനോടും അവന്റെ ദൂതനോട് യുദ്ധം ചെയ്യുന്നവരിൽനിന്നും വിട്ടുനിൽക്കണമെന്ന് വ്യക്തമാക്കുന്നവയാണ്. ഈ സാഹചര്യങ്ങളിൽ അതിക്രമകാരികളായ നിഷേധികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതാണെന്നത് നിസ്തർക്കമായ കാര്യമാണ്.

വലാഇനെയും ബറാഇനെയും ബിദ്അത്തിന്റെ അടയാളമായി ചില സലഫുകൾ കാണുന്നു:

തങ്ങളുടെ അടിസ്ഥാനങ്ങളെ എതിർക്കുന്ന ആളുകളെയും, വൻപാപങ്ങൾ ചെയ്യുന്ന മുസ് ലിംകളെയും കാഫിറാക്കാൻ തുടങ്ങിയ ഖവാരിജുകളുടെ കാലത്തല്ലാതെ വലാഅ്-ബറാഅ് എന്നത് മുസ് ലിംകൾക്കിടയിൽ ഒരു പ്രയോഗമായി അറിയപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ഖവാരുജുകളിൽ നിന്ന് വിട്ടുനിൽക്കുകയും, അവരോട് പോരാടുകയും ചെയ്യേണ്ടതായി വന്നു. ഇസ്തഖ് രിയുടെ നിവേദനത്തിൽ ഇമാം അഹ്മദ് പറയുന്നു: ‘വലായത്തെന്നത് (ആത്മമിത്രങ്ങളെ സ്വീകരിക്കുക) ബിദ്അത്താണ്. ബറാഅത്തെന്നത് (സ്നേഹ-സൗഹൃദ ബന്ധങ്ങളിൽ നിന്ന് വിട്ടിനിൽക്കുക) ബിദ്അത്താണ്. അവർ ഇപ്രകാരം പറയുന്നവരാണ്; ഞങ്ങൾ ഇന്നാലിന്ന വ്യക്തിയെ ആത്മമിത്രമായി സ്വീകരിക്കുന്നു. ഞങ്ങൾ ഇന്നാലിന്ന വ്യക്തയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നു. ഇ‍പ്രകാരം പറയുകയെന്നത് ബിദ്അത്താണ്. അതിനാൽ അതിൽ നിന്ന് വിട്ടുനിൽക്കേണ്ടതാണ്.’ അബ്ദുല്ലാഹി ബിൻ അഹ്മദിന്റെ ‍കിതാബുസുന്നയിൽ ഇപ്രകാരം കാണാവുന്നതാണ്: ‘അബൂസഈദ് അൽഖുദ്രി(റ) പറയുന്നു; ശഹാദത്ത് (നിശ്ചിത വ്യക്തി സ്വർഗത്തിലാണെന്നും അല്ലെങ്കിൽ നരകത്തിലാണെന്നും സാക്ഷ്യപ്പെടുത്തുക) ബിദ്അത്താകുന്നു. ബറാഅത്ത് (വിട്ടുനിൽക്കുക) ബിദ്അത്താകുന്നു. ഇർജാഅ് (മുർജിഅ- വിശ്വാസപരമായി വ്യതിചലിച്ച വിഭാഗം) ബിദ്അത്താകുന്നു.’ അലി(റ)വിൽ നിന്ന് റിപ്പോർച്ച് ചെയ്യപ്പെടുന്നു: ‘ഇർജാഅ് ബിദ്അത്താണ്. ശഹാദത്ത് ബിദ്അത്താണ്. ബറാഅത്ത് ബിദ്അത്താണ്.’ സലമത് ബിൻ കുഹൈൽ(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു: ‘അദ്ദേഹം പറയുന്നു: ഞങ്ങൾ -അബൂ ബുഖ്തുരി, മൈസറ, അബൂസ്വാലിഹ്, ളഹാക്ക് അൽമശ്രിഖി, ബുകൈർ താഈ- ജമാജിമിൽ (കൂഫക്കടുത്തുള്ള സ്ഥലം) ഒരുമിച്ചുകൂടി. ഇർജാഅ്, വലായത്ത്, ബറാഅത്ത്, ശഹാദത്ത് എന്നിവ ബിദ്അത്താണെന്നതിൽ യോജിക്കുകയും ചെയ്തു.’
മുസ് ലിംകളെ കാഫിറാക്കാനും, അവരിൽ നിന്ന് വിട്ടുനിൽക്കാനുമുള്ള ഒരു ചിഹ്നമായി, പ്രയോഗമായി ഇവയെ കാണാൻ പാടുള്ളതല്ല.

അതിക്രമികളല്ലാത്തവരോട് നന്മ കാണിക്കുന്നതിന് അല്ലാഹു വിശ്വാസികളോട് ആവശ്യപ്പെടുന്നു:

യുദ്ധം ചെയ്യാത്ത വിശ്വാസകിളുമായി നന്മയിൽ വർത്തിക്കുകയെന്നത് ഖുർആൻ മുഖേന സ്ഥിരപ്പെട്ടതാണ്. ‘മതകാര്യത്തിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. മതകാര്യത്തിൽ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതിൽ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ച് മാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് -അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീ ബന്ധം പുലർത്തുന്ന പക്ഷം അവർ തന്നെയാകുന്നു അതിക്രമകാരികൾ.’ (അൽമുംതഹന: 8-9) ഈ രണ്ട് സൂക്തങ്ങൾ വന്നിരിക്കുന്നത് സൂറത്ത് മുംതഹനയിലെ തുടക്കത്തിലെ ഈ സൂക്തങ്ങൾക്ക് ശേഷമാണ്. ‘ഹേ, സത്യവിശ്വാസികളേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട് സ്നേഹബന്ധം സ്ഥാപിച്ച് കൊണ്ട് നിങ്ങൾ അവരെ മിത്രങ്ങളാക്കി വെക്കരുത്. നിങ്ങൾക്ക് വന്നുകിട്ടിയിട്ടുള്ള സത്യത്തിൽ അവർ അവിശ്വസിച്ചിരിക്കുകയാണ്. നിങ്ങൾ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൽ വിശ്വസിക്കുന്നതിനാൽ റസൂലിനെയും നിങ്ങളെയും അവർ നാട്ടിൽ നിന്ന് പുറത്താക്കുന്നു. എന്റെ മാർഗത്തിൽ സമരം ചെയ്യുവാനും, എന്റെ പ്രീതിതേടുവാനും നിങ്ങൾ പുറുപ്പെട്ടിരിക്കുകയാണെങ്കിൽ (നിങ്ങൽ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്). നിങ്ങൾ അവരുമായി രഹസ്യബന്ധം സ്ഥാപിക്കുന്നു. നിങ്ങൾ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാൻ നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങളിൽ നിന്ന് അപ്രകാരം പ്രവർത്തിക്കുന്ന പക്ഷം അവൻ നേർമാർഗത്തിൽ നിന്ന് പിഴച്ചുപോയിരിക്കുന്നു. അവർ നിങ്ങളെ കണ്ടുമുട്ടുന്ന പക്ഷം അവർ നിങ്ങൾക്ക് ശത്രുക്കളായിരിക്കും. നിങ്ങളുടെ നേർക്ക് ദുഷ്ടതയും കൊണ്ട് അവരുടെ കൈകളും നാവുകളും അവർ നീട്ടുകയും നിങ്ങൾ അവിശ്വസിച്ചിരുന്നുവെങ്കിൽ എന്ന് അവർ ആഗ്രഹിക്കുകയും ചെയ്യും.’ (അൽമുംതഹിന: 1-2)

Also read: ചിലത് അങ്ങനെയാണ്.. മറച്ചു വെക്കാന്‍ കഴിയില്ല

സന്തുലനത്തിന്റെ കർമശാസ്ത്രം:

ഇവിടെ സന്തുലനത്തിന്റെ കർമശാസത്രം വളരെ കൃത്യമാവുകയാണ്. യുദ്ധത്തിന്റെയും, വിദ്വേഷത്തിന്റെയും, അടിവേര് പിഴുതെറിയുന്നതിന്റെയും മാപിനിയാണെങ്കിൽ, അത് ശത്രുക്കളെ പ്രതിരോധിക്കുന്നതിനും, ഇല്ലാതാക്കുന്നതിനും വേണ്ടിയുമുള്ള വിട്ടുനിൽക്കലിന്റെയും പരുഷതയുടെയും അടിസ്ഥാനത്തിലാണ്. സമാധാനത്തിന്റെയും, സഹവാസത്തിന്റെയും മാപിനിയെന്നത് നന്മയുടെയും, നീതിയുടയും, ക്ഷേമത്തിന്റെയും അടിസ്ഥാനത്തിലാണ്.

വിവ: അർശദ് കാരക്കാട്

Related Articles