Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍-സിറിയന്‍ പ്രണയ സാഫല്യം: ദുരന്ത വേളയാക്കി ഇസ്രായേല്‍

കഴിഞ്ഞ ദിവസം നടന്ന ഇസ്രായേലിന്റെ വ്യോമാക്രമണത്തെത്തുടര്‍ന്ന് ഫലസ്തീനികള്‍ അവരുടെ വീടുകളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഈ സമയമാണ് അല്‍ റഹ്മ കെട്ടിടത്തില്‍ അവര്‍ അസാധാരണമായ ആ കാഴ്ച കണ്ടത്. ഭാഗികമായി തകര്‍ന്ന ആ കെട്ടിടത്തിലെ ബെഡ്‌റൂമിനകത്ത് വധുവിന്റെ വിവാഹ വസ്ത്രം തൂക്കിയിട്ടതാണ് ആ കാഴ്ച. പൊടിയും ചളിയും നിറഞ്ഞ അവസ്ഥയിലായിരുന്നു കല്യാണപ്പെണ്ണിന്റെ പുതുവസ്ത്രം.

ആശ്ചര്യത്തോടെ ജനങ്ങളെല്ലാം അവിടെ ഒരുമിച്ചു കൂടി,അഞ്ചു വര്‍ഷത്തെ പ്രണയത്തിന്റെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും ദുരന്ത കഥയാണ് അതിന് പിന്നിലുണ്ടായിരുന്നത്. 2013ലാണ് 22കാരനായ ഗസ്സയിലെ ഫാദി അല്‍ ഗസ്സാലിയും സിറിയന്‍ നഗരമായ ഖാന്‍ ശൈഖൂനിലെ 21കാരിയായ യാര അല്‍ സൂബിയും ഫേസ്ബുക്ക് മുഖേന പരിചയപ്പെടുന്നത്. തുടര്‍ന്ന് അവരുടെ ബന്ധം അതിവേഗം പ്രണയമായി വളര്‍ന്നു. ആദ്യ കാഴ്ചയില്‍ തന്നെ അവള്‍ എന്റെ ആത്മസഖിയായി മാറി. മനുഷ്യ മനസ്സിന് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത അത്രയും ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. 2008ലും 2012ലും 2014ലും മൂന്ന് യുദ്ധങ്ങളെ ഇതിനകം ഞാന്‍ അതിജീവിച്ചിട്ടുണ്ട്. എനിക്ക് അവളെ മനസ്സിലാക്കാന്‍ കഴിയും- ഫാദി അല്‍ ഗസ്സാലി പറയുന്നു.

ഓരോ തവണയും പരസ്പരം കണ്ടുമുട്ടുന്നതിന് ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായ പ്രതിസന്ധികളും അവര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നു. എല്ലാവരെയും പോലെ ഞങ്ങളുടെയും സ്വപ്‌നമായിരുന്നു ഒരുമിച്ചു ജീവിക്കുക എന്നത്. ഞാന്‍ ഉപരോധ ഗസ്സയിലും അവള്‍ യുദ്ധ ഭൂമിയായ സിറിയയിലും- അതിനാല്‍ തന്നെ ഒരുമിച്ചു ചേരുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. അങ്ങിനെ ഫാദിയുടെ കുടുംബം അവളുടെ കുടുംബമായി ബന്ധപ്പെടാനും വിവാഹം നടത്താനും തീരുമാനിച്ചു. അങ്ങനെ ഇരു കുടുംബവും വിവാഹത്തിന് സന്നദ്ധത അറിയിച്ചു.

തുടര്‍ന്ന് ഫാദി തന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ യാരക്ക് അവസാനം ഈജിപ്ത് അധികൃതര്‍ റഫ അതിര്‍ത്തി വഴി ഗസ്സയിലേക്ക് കടക്കാനുള്ള അനുമതി നല്‍കി. സിറിയയില്‍ നിന്നും അവള്‍ക്ക് പുറത്തുകടക്കാന്‍ കഴിഞ്ഞത് ഒരു മഹാത്ഭുതമാണ്. അങ്ങിനെ ഞങ്ങള്‍ അത് സാധ്യമാക്കി. എന്റെ പ്രിയ കാമുകി റഫ അതിര്‍ത്തിയിലെത്തിയപ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര സന്തേഷത്തിലായിരുന്നു. ഞങ്ങളുടെ പ്രണയ കഥ കേട്ടറിഞ്ഞ് ജനങ്ങളെല്ലാം വിവാഹാഘോഷത്തിന് എന്റെ വീട് ലക്ഷ്യമാക്കിയെത്തി.

ഈജിപ്തിന്റെയും ഇസ്രായേലിന്റെയും നിയന്ത്രണങ്ങള്‍ മൂലം യാരയുടെ കുടുംബത്തിന് ഗസ്സയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. സിറിയയില്‍ നിന്നും വിവാഹ വസ്ത്രവുമായിട്ടാണ് യാര എത്തിയത്. വിവാഹത്തിനുള്ള എല്ലാം ഞങ്ങള്‍ സജ്ജമാക്കി. ഞങ്ങളുടെ വീട്,ഫര്‍ണിച്ചറുകള്‍,വിവാഹ വസ്ത്രങ്ങള്‍ തുടങ്ങി എല്ലാം. ഭൂമിയില്‍ വച്ച് ഞാന്‍ ഏറ്റവും ആവേശകരമായി കാത്തിരുന്ന ആ ദിനം വന്നെത്തി. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന വിവാഹ സുദിനം.

തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഫാദിയുടെ കുടുംബത്തിന് ഒരു ഫോണ്‍ കോള്‍ വന്നു. ഇസ്രായേല്‍ സൈന്യം തങ്ങളുടെ വീട് നില്‍ക്കുന്ന പ്രദേശം ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്താന്‍ പോകുന്നു എന്നായിരുന്നു ആ വാര്‍ത്ത. ഉടന്‍ തന്നെ ഫാദി തന്റെ പ്രിയതമയെയും കുടുംബത്തെയും കൂട്ടി അവിടെ നിന്നും ഇറങ്ങിയോടി. അഞ്ചു നിലയുള്ള അല്‍ റഹ്മ കെട്ടിടം വ്യോമാക്രമണത്തില്‍ തകര്‍ന്നു. തൊട്ടടുത്ത ഫാദിയുടെ വീടാണ്. ഉടന്‍ തന്നെ തന്റെ വീടിനു നേരെയും ആ മിസൈല്‍ പതിച്ചു.

പിറ്റേ ദിവസം രാവിലെ അവര്‍ വീട്ടിലെത്തിയപ്പോള്‍ തകര്‍ന്നു ജീര്‍ണ്ണാവസ്ഥയിലായ തന്റെ വീടാണ് ഫാദിക്കും കുടുംബത്തിനും കാണാന്‍ സാധിച്ചത്. എന്റെ സ്വപ്‌നമാണ് ചിന്നിച്ചിതറിയത്. ഞാനും എന്റെ പ്രിയതമയും സ്തംബധരായി. നമ്മുടെ വീട് ഇസ്രായേല്‍ തകര്‍ത്തു. എന്റെ റൂം ഫര്‍ണിച്ചറുകള്‍,മുറികള്‍,വസ്ത്രങ്ങള്‍ എല്ലാം നശിച്ചു.കരഞ്ഞു കലങ്ങിയ കണ്ണുമായി ഫാദി പറഞ്ഞു. യാരയുടെ വിവാഹ വസ്ത്രം അപ്പോഴും അവിടെ തൂങ്ങി നില്‍ക്കുന്നതായി കാണാം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഞാന്‍ സമ്പാദിച്ച എന്റെ പണം,പ്രയത്‌നം എല്ലാം ഇപ്പോള്‍ പോയി. ആ ദിവസം മുഴുവന്‍ കരഞ്ഞു കൊണ്ടാണ് നവ ദമ്പതികള്‍ കഴിച്ചു കൂട്ടിയ്ത്. എന്റെ ജീവിതത്തിലുടനീളം യുദ്ധം എന്നെ പിടിമുറുക്കിയിട്ടുണ്ട്. എന്നാല്‍ അത് എന്നെ ഇപ്പോഴും വിടാതെ പിന്തുടരുകയാണ് ഏറെ സങ്കടത്തോടെ യാര ഫാദിയോട് പറയുന്നു.

കല്യാണ നടത്തിപ്പുകാര്‍,കാറ്ററിങ് കമ്പനികള്‍,ഫോട്ടോഗ്രാഫേര്‍സ്,അലങ്കാരപ്പണിക്കാര്‍,തയ്യല്‍ക്കാര്‍ തുടങ്ങി ആ നാടും നാട്ടുകാരും മുഴുവന്‍ പേരും തങ്ങളുടെ സേവനങ്ങള്‍ സൗജന്യമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുന്നോട്ടു വന്നിരുന്നു ഈ പ്രണയ സാഫല്യത്തിന്. ഒരു കൂട്ടം മനുഷ്യ സ്‌നേഹികള്‍ അവര്‍ക്ക് നിരവധി സമ്മാനങ്ങള്‍ നല്‍കാന്‍ തയാറായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഗസ്സയില്‍ എന്നും ബോംബിങ്ങും ആക്രമണങ്ങളും നിറഞ്ഞു തന്നെ നില്‍ക്കുകയാണ്. ഇതിവിടെ പതിവാണ്. അവരുടെ മുടങ്ങിപ്പോയ വിവാഹ ചടങ്ങുകള്‍ പുന:സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ചിന്തിക്കാന്‍ തന്നെ ഭയപ്പെട്ടിരിക്കുകയാണിവര്‍. ദുരന്തത്തില്‍ നിന്നും പൂര്‍ണ മോചരായതിനു ശേഷം തകര്‍ക്കപ്പെട്ട സ്വപ്‌നങ്ങളും വീടും വീണ്ടും കെട്ടിപടുക്കാനൊരുങ്ങുകയാണ് ഫാദിയും യാരയും.

അവലംബം: അല്‍ജസീറ
മൊഴിമാറ്റം: സഹീര്‍ അഹ്മദ്

 

Related Articles