Current Date

Search
Close this search box.
Search
Close this search box.

ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, പകരം പുസ്തകങ്ങള്‍; വ്യത്യസ്തമായി അലി ഖാസിമിന്റെ ടാക്‌സി

പല വിധത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കി യാത്രക്കാരെ ആകര്‍ഷിപ്പിക്കുന്ന ടാക്‌സി വാഹനങ്ങള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അവയിലൊന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി നാം കണ്ടിട്ടില്ല. എന്നാല്‍ എല്ലാം ഇന്റര്‍നെറ്റ് അധിഷ്ടിതമായ ‘ഇ’ ലോകത്ത് ആളുകളെ വായനയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള എളിയ ശ്രമത്തിലാണ് ഇറാഖിലെ അലി മുഅയ്യദ് ഖാസിം എന്ന യുവാവ്.

തന്റെ ടാക്‌സി കാര്‍ ഓട്ടത്തിനു വിളിക്കുന്നതിന് മുന്‍പ് അലി ഒരു നിബന്ധന മാത്രമേ യാത്രക്കാര്‍ക്ക് മുന്നില്‍ വെക്കാറുള്ളൂ. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയകളും മറ്റും ഉപയോഗിക്കരുത്. പകരം പുസ്തകങ്ങള്‍ വായിക്കാം. എന്നാല്‍ പലര്‍ക്കും ഉള്‍കൊള്ളാനാവാത്ത ഈ നിബന്ധന വെച്ച് തന്നെ തന്റെ വിജയവഴിയില്‍ യാത്ര തുടരുകയാണ് അലി മുഅയ്യദ്.

‘യാത്ര ചെയ്യൂ..വായന ആസ്വദിക്കൂ’ എന്നാണ് അദ്ദേഹം തന്റെ കാറിനു മുന്നില്‍ പരസ്യവാചകമായി വെച്ച ബോര്‍ഡ്. ‘ഞാന്‍ ഈ ജോലി തുടങ്ങിയപ്പോള്‍ എനിക്ക് എഴുത്തും വായനയും നഷ്ടപ്പെട്ടു. എനിക്ക് വായന തുടരാന്‍ സാധിച്ചില്ല. അങ്ങിനെയാണ് മറ്റുള്ളവരെ എങ്ങിനെ ഇതിലേക്ക് കൊണ്ടുവരാം എന്ന് ഞാന്‍ ചിന്തിച്ചതും. ഈ തീരുമാനത്തിലെത്തിയതും’ അലി പറയുന്നു.

യാത്രക്കാര്‍ക്ക് വായിക്കാന്‍ നല്‍കുന്ന പുസ്തകങ്ങള്‍ അലി തിരിച്ച് വാങ്ങാറില്ല, അത് വായിച്ചു കഴിഞ്ഞ ശേഷം മറ്റൊരാള്‍ക്ക് കൈമാറാന്‍ ആവശ്യപ്പെടുകയാണ് ചെയ്യാറുള്ളത്. ഇത്തരത്തില്‍ ആളുകള്‍ക്ക് കൈമാറി വായന പരക്കട്ടെ എന്നാണ് അലി മുന്നോട്ടുവെക്കുന്ന സന്ദേശം. ഒരു വര്‍ഷമായപ്പോഴേക്കും അലിക്ക് സൗജന്യമായി പുസ്തകങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി പുസ്തക പ്രസാധകരും ലൈബ്രറികളും രംഗത്തെത്തി. പുസ്തകങ്ങള്‍ പണം കൊടുത്ത് വാങ്ങി വായിക്കാന്‍ മടിക്കുന്നവര്‍ക്കും ഈ സംവിധാനം ഇഷ്ടപ്പെട്ടുവെന്നും അലി അനുഭവസാക്ഷ്യം പറയുന്നു. പൊതുവെ ഇറാഖില്‍ പുസ്തകങ്ങള്‍ക്ക് വില കൂടുതലാണെന്നും അദ്ദേഹം പറയുന്നു.

ഇത് തികച്ചും വ്യത്യസ്തവും വളരെ മികച്ചതുമായ ഒരു സന്ദേശമാണെന്നും ടാക്‌സികളില്‍ ലൈബ്രറി എന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നുമാണ് അലിയുടെ ടാക്‌സിയില്‍ യാത്ര ചെയ്യുന്ന വിദേശികളടക്കം പറയുന്നത്. ഇത്തരത്തില്‍ മൊബൈല്‍ അല്‍പനേരമെങ്കിലും മാറ്റിവെക്കാന്‍ തയാറുള്ളവരെ തന്റെ ടാക്‌സിയിലേക്ക് ക്ഷണിക്കുകയാണ് ഇറാഖിലെ ബസറയിലെ അലി മുഅയ്യദ് ഖാസിം.

അവലംബം: middleeasteye.net

Related Articles