Current Date

Search
Close this search box.
Search
Close this search box.

കാല്‍ നീട്ടുന്നവന്‍ കൈ നീട്ടാറില്ല

Umayyad_Mosque.jpg

ശാമിലെ പ്രമുഖ പണ്ഡിതനായിരുന്ന ശൈഖ് സഈദ് അല്‍ഹലബി അമവി മസ്ജിദില്‍ നമസ്‌കരിക്കാനെത്തിയവര്‍ക്ക് ക്ലാസെടുത്തു കൊണ്ടിരിക്കെ ഈജിപ്തിലെ ഭരണധികാരി മുഹമ്മദ് അലിയുടെ മകന്‍ ഇബ്‌റാഹീം പാഷ മസ്ജിദില്‍ പ്രവേശിച്ചു. ഇബ്‌റാഹീം പാഷ ശൈഖിന്റെ അരികിലൂടെ കടന്നുപോയി. ആ സമയത്ത് ശൈഖ് തന്റെ നീട്ടിവെച്ചിരുന്ന കാല്‍ വലിക്കുകയോ ഇരുത്തത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുകയോ ചെയ്തില്ല. ശൈഖിന്റെ ഈ ഭാവം ഇബ്‌റാഹീം പാഷയെ ചൊടിപ്പിച്ചു. ഉള്ളില്‍ ശൈഖിനോടുള്ള പകയുമായിട്ടായിരുന്നു അദ്ദേഹം മസ്ജിദില്‍ നിന്നും പുറത്തു പോയത്.

കൊട്ടാരത്തിലെത്തിയപ്പോള്‍ കപടന്‍മാര്‍ അദ്ദേഹത്തിന് ചുറ്റും കൂടി. തന്റെ അധികാരത്തെയും സ്ഥാനത്തെയും വെല്ലുവിളിച്ച ശൈഖിനെ എങ്ങനെ ഇല്ലാതാക്കണമെന്ന് അവര്‍ അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു. ചങ്ങലയില്‍ ബന്ധിച്ച് അദ്ദേഹത്തെ ഹാജരാക്കാന്‍ കല്‍പിക്കുന്നിടത്തോളം പക അവര്‍ അദ്ദേഹത്തില്‍ നിറച്ചു. ശൈഖിന് പിടിച്ച് കൊണ്ടുവരാന്‍ സൈനികര്‍ ഒരുങ്ങിയപ്പോഴേക്കും ഇബ്‌റാഹീം പാഷ തന്റെ നിലപാട് മാറ്റി. ശൈഖിനോട് അപമര്യാദയായി പെരുമാറുന്നത് തനിക്ക് പരിഹരിക്കാന്‍ സാധിക്കാത്ത ഗുരുതരമായ പ്രശ്‌നങ്ങളുടെ കവാടങ്ങള്‍ തുറക്കുമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.

ശൈഖിനോട് പ്രതികാരം ചെയ്യാനുള്ള മറ്റു വഴികളെ കുറിച്ച് അദ്ദേഹം ആലോചിച്ചു. പണം കൊടുത്ത് അദ്ദേഹത്തെ പ്രലോഭിപ്പിക്കാം എന്ന വഴി അദ്ദേഹത്തിന്റെ മുന്നില്‍ തെളിഞ്ഞു. ശൈഖ് അത് സ്വീകരിക്കുകയാണെങ്കില്‍ ഒറ്റ വെടിക്ക് കിട്ടുന്നത് രണ്ട് പക്ഷികളെയായിരിക്കുമെന്ന് അദ്ദേഹം ചിന്തിച്ചു. അതിലൂടെ അദ്ദേഹത്തിന്റെ തന്നോടുള്ള കൂറ് ഉറപ്പാക്കുന്നതോടൊപ്പം മുസ്‌ലിം മനസ്സുകളില്‍ അദ്ദേഹത്തിനുള്ള സ്ഥാനവും സ്വാധീനവും ഇല്ലാതാക്കുകയും ചെയ്യാം.

ഇബ്‌റാഹീം പാഷ ആയിരം ലീറ സ്വര്‍ണ നാണയങ്ങള്‍ ശൈഖിന്റെ അടുക്കലേക്ക് കൊടുത്തയച്ചു. അക്കാലത്ത് ആരെയും മോഹിപ്പിക്കാന്‍ മതിയായ തുകയായിരുന്നു അത്. ശൈഖിന്റെ ശിഷ്യഗണങ്ങളുടെയും അനുയായികളുടെയും കണ്‍മുന്നില്‍ വെച്ചു തന്നെ അത് കൊടുക്കാന്‍ മന്ത്രിയെ അദ്ദേഹം ശട്ടം കെട്ടി. പണവുമായി മന്ത്രി മസ്ജിദിലെത്തിയപ്പോള്‍ ശൈഖ് തന്റെ ശിഷ്യന്‍മാര്‍ക്ക് ക്ലാസ്സെടുക്കുകയായിരുന്നു. സലാം പറഞ്ഞു കൊണ്ട് ശൈഖിന്റെ ചുറ്റുമുണ്ടായിരുന്നവരെല്ലാം കേള്‍ക്കും വിധത്തില്‍ പറഞ്ഞു: ”ഇതാ ആയിരം സ്വര്‍ണ നാണയങ്ങള്‍, താങ്കളെ സഹായിക്കുന്നതിനായി പാഷ തന്നുവിട്ടിട്ടുള്ളതാണ്.”

ശൈഖ് സഹതാപത്തോടെ മന്ത്രിയെ നോക്കി. എന്നിട്ട് വളരെ ശാന്തമായി പറഞ്ഞു: മോനേ, ഈ പണം കൊണ്ടു പോയി നിന്റെ യജമാനന് തന്നെ കൊടുക്ക്. എന്നിട്ട് അദ്ദേഹത്തോട് ഇങ്ങനെ പറയണം: ”കാല്‍ നീട്ടുന്നവന്‍ കൈ നീട്ടാറില്ല.”

മൊഴിമാറ്റം: നസീഫ്‌

Related Articles