Current Date

Search
Close this search box.
Search
Close this search box.

ഇമാം മാലിക്; മദീനയുടെ പണ്ഡിതന്‍

asdfg.jpg

കഴിഞ്ഞ 1400 വര്‍ഷത്തിനിടയില്‍ മുസ്‌ലിം സമൂഹം ചെയ്ത ഏറ്റവും പ്രധാനപ്പെട്ടതും വെല്ലുവിളിയുയര്‍ത്തിയതുമായ പ്രവര്‍ത്തനം എന്നത് ഇസ്‌ലാമിക നിയമത്തിന്റെ സമാഹരണവും ക്രോഡീകരണവുമാണ്. ഒരു ഫഖീഹ് ആകണമെങ്കില്‍ ഖുര്‍ആന്‍, ഹദീസ്, ഇസ്‌ലാമിക നിയമം, വ്യാകരണം, ചരിത്രം എന്നിവയിലെല്ലാം ഒരാള്‍ക്ക് അഗാധമായ പരിജ്ഞാനം ഉണ്ടാവേണ്ടതുണ്ട്. ഇസ്‌ലാമിക നിയമത്തില്‍ അഗ്രഗണ്യരായിരുന്ന പ്രമുഖരില്‍ ഒരാളാണ് എട്ടാം നൂറ്റാണ്ടില്‍ മദീനയില്‍ ജീവിച്ചിരുന്ന മാലിക് ബിന്‍അനസ്. ഫിഖ്ഹ്, ഹദീസ് തുടങ്ങിയ വിജ്ഞാനശാഖകള്‍ ക്രോഡീകരിക്കേണ്ട ആവശ്യം മുസ്‌ലിം സമൂഹം നേരിട്ട സന്ദര്‍ഭത്തിലാണ് അദ്ദേഹം കടന്ന് വരുന്നത്. അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെയും ശിഷ്യന്‍മാരുടെയും ഗ്രന്ഥങ്ങള്‍ക്ക് ഇപ്പോഴും മുസ്‌ലിം സമൂഹത്തിനിടയുള്ള സ്വാധീനം വിളിച്ച് പറയുന്നത് അദ്ദേഹത്തിന്റെ മഹിതമായ പാരമ്പര്യത്തെയാണ്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
മദീനയില്‍ 711 ലാണ് ഇമാം മാലിക് ജനിക്കുന്നത്. മുഹമ്മദ്(സ)യുടെ മരണത്തിന് ശേഷം 79 വര്‍ഷം കഴിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ജനനം. യമനിലാണ് അദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്നത്. ഉമര്‍ ബിന്‍ ഖത്താബിന്റെ കാലത്ത് അദ്ദേഹത്തിന്റെ പിതാമഹന്‍ മദീനയിലേക്ക് വരികയുണ്ടായി. മദീനയില്‍ ജീവിച്ചിരുന്ന പ്രവാചക അനുയായികള്‍ക്ക് കീഴിലാണ് അദ്ദേഹത്തിന്റെ പിതാവും പിതാമഹനും മതവിദ്യാഭ്യാസം നടത്തിയിരുന്നത്. അതിനാല്‍ തന്നെ ഇസ്‌ലാമിക പാണ്ഡിത്യം മുറ്റിനിന്നിരുന്ന ഒരന്തരീക്ഷത്തിലാണ് ഇമാം മാലിക് വളര്‍ന്ന് വന്നത്. ഇമാം മാലികിന്റെ മാതൃ സഹോദരനായിരുന്ന നാഫിഅ്ഒരു വലിയ പണ്ഡിതനായിരുന്നു. ആഇശ, അബൂഹുറൈറ, അബ്ദുല്ലാഹ്ബിന്‍ ഉമര്‍ തുടങ്ങിയ ഹദീസ് പണ്ഡിതന്‍മാരില്‍ നിന്നെല്ലാം അദ്ദേഹം ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. അലി(റ)ന്റെ കാലത്ത് മുസ്‌ലിം ലോകത്തിന്റെ രാഷ്ട്രീയ കേന്ദ്രം എന്ന സ്ഥാനം മദീനക്ക് നഷ്ടപ്പെട്ടിരുന്നുവെങ്കിലും ഇസ്‌ലാമിന്റെ ബൗദ്ധിക തലസ്ഥാനം മദീന തന്നെയായിരുന്നു. അവിടെ വെച്ചാണ് ഹദീസ്, തഫ്‌സീര്‍, ഫിഖ്ഹ് തുടങ്ങിയ വിജ്ഞാന ശാഖകളിലെല്ലാം ഇമാം മാലിക് പാണ്ഡിത്യം കരസ്ഥമാക്കിയത്.

മദീനയിലെ പണ്ഡിതന്‍
ദീര്‍ഘകാലം നീണ്ടുനിന്ന പഠനത്തിന്റെ ഫലമായി തന്റെ കാലത്ത് മദീനയിലെ ഏറ്റവും വലിയ പണ്ഡിതനായി ഇമാം മാലിക് മാറുകയുണ്ടായി. ഒരുപാട് ശിഷ്യന്‍മാരുള്ള അധ്യാപകനായിരുന്നു അദ്ദേഹം. മദീനത്തുന്നബവിയില്‍ വെച്ചാണ് അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നുനല്‍കിയിരുന്നത്. ഒരു കൈയ്യില്‍ ഖുര്‍ആനും മറുകൈയ്യില്‍ ഹദീസ് സമാഹാരവും വെച്ചുകൊണ്ട് അവയെ അടിസ്ഥാനമാക്കി നിയമവിധികള്‍ നല്‍കുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്.

മുസ്‌ലിം ലോകത്തിന്റെ പല മേഖലകളില്‍ നിന്നും അദ്ദേഹത്തിന്റെ അധ്യാപനം സ്വീകരിക്കാനായി വിദ്യാര്‍ത്ഥികള്‍ വരാറുണ്ടായിരുന്നു. അബൂയൂസുഫ്, മുഹമ്മദ് അല്‍-ശൈബാനി (അവര്‍ അബൂഹനീഫയുടെ പ്രമുഖരായ വിദ്യാര്‍ത്ഥികളായിരുന്നു), ഇമാം ശാഫി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളായിരുന്നു.

ഇമാം മാലികിന്റെ ഫിഖ്ഹീ രീതിശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രത്യേകത എന്നത് അദ്ദേഹം മദീനയിലെ ജനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഒരു മുഖ്യസ്രോതസ്സായി സ്വീകരിച്ചിരുന്നു എന്നതാണ്. നിയമ നിര്‍ധാരണത്തിനായി ഫിഖ്ഹില്‍ പല സ്രോതസ്സുകളും സ്വീകരിക്കാറുണ്ട്. ഖുര്‍ആനും തിരുസുന്നത്തുമാണ് പ്രധാനപ്പെട്ട രണ്ട് സ്രോതസ്സുകള്‍. അവക്ക് ശേഷം എന്തിനെയാണ് പ്രധാനമായും നിയമ നിര്‍ധാരണത്തിനായി ആശ്രയിക്കേണ്ടത് എന്ന വിഷയത്തില്‍ ഫിഖ്ഹ് പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവിത്യാസങ്ങളുണ്ടായിട്ടുണ്ട്. ഇമാം മാലികിനെ സംബന്ധിച്ചിടത്തോളം മദീനയിലെ ജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നത് വളരെ പ്രധാനപ്പെട്ട ഒരു സ്രോതസ്സാണ്.

പ്രവാചകന്റെ കാലത്തെ മദീനയും തന്റെ കാലത്തെ മദീനയും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നാണ് ഇമാം മാലിക് അതിന് കാരണമായി പറഞ്ഞത്. ഇതര മുസ്‌ലിം രാഷ്ട്രങ്ങളിലും പ്രദേശങ്ങളിലുമൊക്കെ നടന്നിരുന്ന രാഷ്ട്രീയ സംഭവവികാസങ്ങളൊന്നും മദീനയെ ബാധിച്ചിരുന്നില്ല. മാത്രമല്ല, പ്രവാചകാനുയായികളില്‍ നിന്നാണ് മദീനക്കാര്‍ ഇസ്‌ലാം പഠിച്ചിരുന്നത്. അതിനാല്‍ തന്നെ ഖുര്‍ആനിനും ഹദീസിനും വിരുദ്ധമല്ലാത്ത ഒരു കാര്യം മദീനയിലെ എല്ലാവരും ഒരുപോലെ ചെയ്യുകയാണെങ്കില്‍ അത് ഫിഖ്ഹിന്റെ ഒരു മുഖ്യസ്രോതസ്സായി സ്വീകരിക്കാം എന്നായിരുന്നു ഇമാം മാലികിന്റെ പക്ഷം. നാല് ഇമാമുമാരില്‍ അദ്ദേഹത്തിന് മാത്രമാണ് ഈ അഭിപ്രായമുള്ളത്.

ഫിഖ്ഹിന്റെയും ഹദീസിന്റെയും പഠനം കൂടുതല്‍ എളുപ്പമാക്കുന്നതിന് വേണ്ടി അദ്ദേഹം അല്‍-മുവത്ത എന്ന ഒരു പുസ്തകം സമാഹരിക്കുകയുണ്ടായി. പ്രവാചക വചനങ്ങളെ ഒരു പുസ്തകത്തിലേക്ക് സമാഹരിക്കാനുള്ള ആദ്യശ്രമമായിരുന്നു അത്. മദീനയില്‍ അന്നുണ്ടായിരുന്ന എഴുപതോളം പണ്ഡിതരെ പുസ്തകം കാണിക്കുകയും അവരതംഗീകരിക്കുകയും ചെയ്തു എന്നാണ് ഇമാം മാലിക് പറയുന്നത്. അതിന് ശേഷമാണ് അദ്ദേഹം അല്‍മുവത്വഎന്ന പേര് അതിന് നല്‍കുന്നത്. അംഗീകരിക്കപ്പെട്ടത് (The approved) എന്നാണതിനര്‍ത്ഥം.

മുവത്വഎന്ന പുസ്തകം യഥാര്‍ത്ഥത്തില്‍ ഒരു നാഴികക്കല്ലായിരുന്നു. അതാണ് പിന്നീട് ഹദീസ് എന്ന വിജ്ഞാനശാഖയുടെ വികാസത്തെയും സനദ് പരമ്പരയുടെ നിര്‍ണ്ണയങ്ങളെയും സഹായിച്ചത് എന്ന് കാണാന്‍ സാധിക്കും. ഇമാം മാലികിന്റെ ഹദീസ് തെരെഞ്ഞെടുപ്പുകള്‍ വളരെ സൂക്ഷമമായിരുന്നു. ഇമാം ബുഖാരിയുടെയും മുസ്‌ലിമിന്റെയും ഹദീസ് സമാഹാരങ്ങള്‍ക്കുള്ള തുല്യപ്രാധാന്യം തന്നെയാണ് അവക്കുമുള്ളത്. ഖുര്‍ആന് ശേഷം മുവത്തയോളം ആധികാരികമായ മറ്റൊരു ഗ്രന്ഥമില്ല എന്നാണ് ഇമാം ശാഫിഇയുടെ പക്ഷം.

ഇമാം മാലികിന്റെ ഹദീസ് സമാഹാരത്തിനുണ്ടായ സ്വാധീനം മൂലം അക്കാലത്തെ ഖലീഫയായിരുന്ന ഹാറൂണ്‍ അല്‍-റശീദ് അത് പ്രസിദ്ധീകരിക്കാനും ആ അബ്ബാസിയാ സാമ്രാജ്യത്വത്തിന്റെ ഔദ്യോഗിക ഗ്രന്ഥമാക്കാനും ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇമാം മാലിക് അത് നിരസിക്കുകയാണുണ്ടായത്. ഇസ്‌ലാമിക നിയമത്തിന്റെ ഒരു വ്യാഖ്യാനവും പൂര്‍ണ്ണമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതിനാല്‍ തന്നെയാണ് ജയിലിലടക്കുമെന്ന ഭീഷണിയുണ്ടായിട്ടും തന്റെ ഫിഖ്ഹ് സമാഹരണം ഔദ്യോഗികമാക്കാന്‍ അദ്ദേഹം വിസമ്മതിച്ചത്.

ഇമാം മാലികിന്റെ സ്വഭാവം
ഒരു വലിയ ഫിഖ്ഹ് പണ്ഡിതനായിരുന്നിട്ടും ലാളിത്യവും വിനയവുമായിരുന്നു ഇമാം മാലികിന്റെ സ്വഭാവമുദ്ര. പ്രവാചകനോടും അദ്ദേഹത്തിന്റെ വാക്കുകളോടുമുള്ള ആദരം മൂലം നടക്കുമ്പോള്‍ ഇമാം ഹദീസ് ഉദ്ധരിക്കാറുണ്ടായിരുന്നില്ല. ഇരുന്നുകൊണ്ടാണ് അദ്ദേഹം ഹദീസ് വചനങ്ങള്‍ പറയാറുണ്ടായിരുന്നത്. മദീനാ നഗരത്തിലൂടെ അദ്ദേഹം ഒരു മൃഗത്തിന്റെ പുറത്തും യാത്ര ചെയ്യാറുണ്ടായിരുന്നില്ല. പ്രവാചകന്‍ നടന്ന മണ്ണിലൂടെ അങ്ങനെ യാത്ര ചെയ്യുന്നത് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഈ രൂപത്തില്‍ പ്രവാചകനോട് ആദരവ് കാണിക്കല്‍ ഇസ്‌ലാമിക നിയമപ്രകാരം നിര്‍ബന്ധമുള്ള കാര്യമൊന്നുമല്ല. അതേസമയം, പ്രവാചകന്‍(സ)ക്ക് തന്റെ ജീവിതത്തില്‍ എത്ര വലിയ സ്ഥാനമാണ് അദ്ദേഹം നല്‍കിയിരുന്നത് എന്നാണത് കാണിക്കുന്നത്.

ഇമാം മാലികിന്റെ ഉദ്ധരണികളില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു:

‘സുന്നത്ത് (പ്രവാചകചര്യ) നൂഹിന്റെ കപ്പലാണ്. അതില്‍ അതില്‍ കയറിയവന്‍ സുരക്ഷിതനായി, അതിനോട് പിന്തിരിഞ്ഞവന്‍ നശിക്കുകയും ചെയ്തു.”
‘അറിവ് (ഹദീസ്) നിവേദനങ്ങളുടെ ആധിക്യമല്ല, മറിച്ച് അല്ലാഹു ഹൃദയത്തില്‍ നിക്ഷേപിക്കുന്ന പ്രകാശമാണത്.’
‘ഈ ലോകത്തെ വെടിയുന്നവനും അതിലൂടെ സ്വന്തത്തോട് ജാഗ്രത പുലര്‍ത്തുന്നവനും ജ്ഞാനമാണ് സംസാരിക്കുന്നത്.”

ഒരു ഗുരുവിന് കീഴില്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ കരസ്ഥമാക്കാന്‍ പുറപ്പെട്ട സമയത്ത് ഇമാം മാലികിന് അദ്ദേഹത്തിന്റെ മാതാവ് നല്‍കിയ ഉപദേശം ഇതായിരുന്നു: ‘ഗുരുവില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങള്‍ ആര്‍ജ്ജിച്ചെടുക്കുക.’

ഇമാം മാലികിന്റെ ഫിഖ്ഹാണ് പിന്നീട് മാലികി മദ്ഹബ് എന്നറിയപ്പെട്ടത്. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ആ മദ്ഹബ് ഒരിക്കലും ഇസ്‌ലാമിക നിയമത്തിന്റെ ഏക അടിസ്ഥാനം എന്ന നിലയില്‍ ജനങ്ങളുടെ മേല്‍ ഒരുകാലത്തും അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടില്ല. ഹനഫി, ശാഫിഈ, ഹമ്പലീ മദ്ഹബുകളുടെ കൂട്ടത്തില്‍ തന്നെയാണ് അതിന്റെയും സ്ഥാനം. വടക്ക്-പടിഞ്ഞാറ് ആഫ്രിക്കയിയിലും മുസ്‌ലിം സ്‌പെയ്‌നിലും മാലികി മദ്ഹബിന് ഏറെ പ്രചാരം ലഭിക്കുകയുണ്ടായി. ഇന്ന്, വടക്ക്-പടിഞ്ഞാറ് ആഫ്രിക്കയിലെ പ്രധാനപ്പെട്ട മദ്ഹബാണിത്.

795ല്‍ 85ാം വയസ്സിലാണ് ഇമാം മാലിക് മരണപ്പെടുന്നത്. മദീനയിലെ ബഖീഅ്ഖബര്‍സ്ഥാനിയിലാണ് അദ്ദേഹം മറവ് ചെയ്യപ്പെട്ടത്.

വിവ: സഅദ് സല്‍മി

ഇമാം അബൂഹനീഫയുടെ ജീവിതം

Related Articles