Current Date

Search
Close this search box.
Search
Close this search box.

സമൂഹം കാത്തിരിക്കുന്ന ഭാവി നേതാക്കള്‍

സമൂഹം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും പ്രതിബന്ധങ്ങളെക്കുറിച്ചുമാണ് നാം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. നമുക്ക് ബോധ്യപ്പെട്ട ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാന്‍ നാം ബാധ്യസ്ഥരാണ്. അത് മുമ്പ് നാം ചര്‍ച്ച ചെയ്ത രാഷ്ട്രീയവും സാങ്കേതികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയെപ്പോലെ ഏതെങ്കിലും വിഭാഗമോ ഗോത്രമോ നേരിടുന്ന പ്രതിസന്ധികളായാലും, സാംസ്‌കാരിക പിന്നാക്കാവസ്ഥ പോലെ മുസ്‌ലിം സമുധായത്തിന്റെ മുഴുവന്‍ സ്ഥാനത്തെയും ചലനത്തെത്തന്നെയും ബാധിക്കുന്ന പ്രശ്‌നങ്ങളായാലും അതിനെല്ലാം കൃത്യമായ പരിഹാരം കണ്ടെത്തി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതേ പ്രാധാന്യത്തോട് കൂടി ചര്‍ച്ച ചെയ്യേണ്ട മറ്റൊരു പ്രശ്‌നമാണ് ഭാവിയില്‍ സമൂഹത്തെ നയിക്കാന്‍ പ്രാപ്തരായ നേതൃത്വത്തിന്റെ അഭാവവും നേതൃബലഹീനതയും.

ഭാവി നേതൃത്വം: തയ്യാറെടുപ്പുകളുടെ അഭാവം

മിക്ക അറബ്, അറബേതര മുസ്‌ലിം രാജ്യങ്ങളിലും വര്‍ത്തമാന ഭാവി കാലത്തെ അമര്‍ത്യനായ നേതാവായി കണക്കാക്കപ്പെടുന്നത് അവിടത്തെ ഭരണാധികാരികളെയാണ്. അവര്‍ ഉറപ്പ് നല്‍കുന്ന സുരക്ഷിത വലയത്തിലാണ് നാം ജീവിക്കുന്നത്. അവരുടെ സുദൃഢമായ നേതൃത്വത്തിന് ചുവടെ നിന്ന് തന്നെ നമുക്ക് നമ്മുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാനാകും. ശത്രുക്കളെ പ്രതിരോധിക്കാനാകും. അങ്ങനെയുള്ള ഭരണാധികാരികള്‍ക്കെതിരെ രംഗപ്രവേശം നടത്തുകയും അവരുടെ സാന്നിധ്യത്തില്‍ അഹങ്കാരപൂര്‍വ്വം സ്വന്തമായി തീരുമാനമെടുക്കുകയോ അധികാരത്തിന് വേണ്ടി ദുര്‍മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്നവര്‍ എത്ര ദുഷ്ടരാണ്. തന്ത്രപ്രധാനമായ ലക്ഷ്യങ്ങളും ഭാവിയെ നോക്കിക്കാണാനുള്ള ദീര്‍ഘദൃഷ്ടിയും ഇല്ലായ്മ ചെയ്യുന്ന ഇത്തരം നീച ചിന്താഗതികള്‍ നിലനില്‍ക്കുമ്പോള്‍ പിന്നെ എങ്ങനെയാണ് നമുക്ക് നല്ലൊരു നേതൃത്വത്തെ വാര്‍ത്തെടുക്കാനാകുക? വരുംകാലം മുസ്‌ലിം ഉമ്മത്തിനെ നയിക്കാന്‍ തന്റേടവും ഉള്‍കാഴ്ചയുള്ള നേതൃത്വത്തെയും അവരാല്‍ നയിക്കപ്പെടുന്ന ഉത്തമമായ ഉമ്മത്തിനെയും എങ്ങനെ നമുക്ക് സൃഷ്ടിച്ചെടുക്കാനാകും?

അര്‍ത്ഥം:

ലക്ഷ്യത്തിന് നേരെ ജനങ്ങളെ നയിക്കാനുള്ള കഴിവും ശേഷിയുമാണ് നേതൃത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് അടിസ്ഥാനമായി വരുന്നത് മൂന്ന് കാര്യങ്ങളാണ്:
1- ജനങ്ങളെ നയിക്കാന്‍ ആവശ്യമായ ഒരു ഉത്തമ ലക്ഷ്യം ഉണ്ടായിരിക്കുക.
2- നേതൃത്വം തേടുന്ന ആവശ്യമായ സമൂഹം ഉണ്ടായിരിക്കുക.
3- സമൂഹത്തെ നയിക്കാന്‍ പ്രാവീണ്യവും ബുദ്ധിസാമര്‍ത്ഥ്യവുമുള്ള ഒരു നേതാവിന്റെ സാന്നിധ്യം.
നേതൃത്വം എന്നതിന് നമ്മുടെ പണ്ഡിതന്മാര്‍ യോചിച്ചൊരു നിര്‍വ്വചനം വച്ചിട്ടില്ലയെന്നത് ഒരിക്കലും ഒരു പ്രശ്‌നമല്ല. അനാവശ്യമായി അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്ത് നമ്മുടെ മുസ്‌ലിം ഉമ്മത്തിന് വ്യക്തമായ ഒരു ലക്ഷ്യമില്ലെന്ന അപകടകരമായ പ്രശ്‌നം നേരിടേണ്ടതായുണ്ട് എന്ന് നാം മറന്ന് പോകരുത്.

Also read: വ്യക്തിത്വരൂപീകരണവും അഹംബോധവും

നേതൃത്വവും ഭരണനിര്‍വ്വഹണവും തമ്മിലുള്ള വ്യത്യാസം:

നേതൃത്വത്തെയും ഭരണനിര്‍വ്വഹണത്തേയും ഒരേ അര്‍ത്ഥത്തിലാണ് പലരും കാണാറുള്ളത്. നിര്‍വ്വചനത്തില്‍ തമ്മില്‍ സാദൃശ്യമുണ്ടെങ്കിലും ഓരോന്നിനും അതിന്റേതായ വ്യത്യാസവും പ്രാധാന്യമുണ്ട്. മാനുഷിക ബന്ധങ്ങളും സാമൂഹത്തിന്റെ ഭാവിയുമാണ് നേതൃത്വത്തിന്റെ ശ്രദ്ധാകേന്ദ്രം. സമൂഹത്തിന്റെ നല്ല ഭാവിയെക്കുറിച്ചുള്ള ദീര്‍ഘവീക്ഷണത്തിനും അതിനുവേണ്ട പദ്ധതികള്‍ക്കും തന്ത്രപ്രധാന ചുവടുകള്‍ക്കുമായിരിക്കും നേതൃത്വം പ്രാധാന്യം നല്‍കുക. ചുറ്റുമുള്ളവര്‍ക്കൊപ്പം സുദീര്‍ഘമായി ഇടപഴകി അവരെ നേതൃപാടമുള്ളവരാക്കുന്നതിലും അവര്‍ക്ക് മാനുഷികമായ എല്ലാ പരിഗണയും നല്‍കി കൂടെ നിര്‍ത്തുന്നതിലുമായിരിക്കും നേതൃത്വത്തിന്റെ ശ്രദ്ധ. ചുരുക്കത്തില്‍ മാനുഷിക ബന്ധങ്ങളും അവരുടെ ഭാവിയെക്കുറിച്ചുള്ള ദീര്‍ഘവീക്ഷണവുമാണ് നേതൃത്വം കൊണ്ട് ഉദ്ദേശിക്കുന്നത്.

എന്നാല്‍, നിലവിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങളെ ശരിയായ രീതിയില്‍ നടപ്പില്‍ വരുത്തുന്നതിനാണ് ഭരണനിര്‍വ്വഹണം എന്ന് പറയുന്നത്. നിയമങ്ങളെ കാര്യക്ഷമമായി പരിഗണിക്കലും പ്രശ്‌നങ്ങള്‍ക്കെല്ലാം കൃത്യമായ പരിഹാരം നിര്‍ദ്ദേശിക്കലുമൊക്കെയാണ് ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമായി വരുന്നത്. ചുരുക്കത്തില്‍ കാര്യങ്ങള്‍ അതിന്റെ ഉചിതമായ രീതിയില്‍ നടപ്പില്‍ വരുത്തലാണ് ഭരണനിര്‍വ്വഹണം കൊണ്ട് ലക്ഷ്യം വെക്കുന്നത്. ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ടെങ്കിലും നേതൃത്വമാണ് അതിലേറ്റവും അനിവാര്യവും സുപ്രധാനവുമായത്. രണ്ടിനെക്കുറിച്ചുമുള്ള കൂടുതല്‍ വിശദീകരണങ്ങള്‍ ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നേതൃത്വം’, ‘നേതൃ നിര്‍മ്മിതി’ എന്നീ രണ്ട് പുസ്തകങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന്റെ അഭാവത്തിനുള്ള കാരണങ്ങള്‍:

പൊതുജനങ്ങളില്‍ പൊതുവായും യുവാക്കളില്‍ പ്രത്യേകിച്ചും നേതൃത്വ മനോഭാവം ചോര്‍ന്ന് പോകുന്നതിന് ഒരിക്കലും സര്‍ക്കാര്‍ സ്ഥാപനങ്ങളെ മാത്രം കുറ്റം പറയാന്‍ സാധിക്കില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളും സംരംഭങ്ങള്‍ നന്നായി പ്രയത്‌നിച്ചാലും അതിലൂടെ മാത്രം നേതൃത്വത്തെ വാര്‍ത്തെടുക്കാനാകുമെന്നും വാദിക്കാനാകില്ല. മറിച്ച്, വീടകങ്ങളില്‍ തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരുമടക്കം സമൂഹം മുഴുവനും ഈ നേതൃ നിര്‍മ്മിതിയില്‍ പങ്കാളികളാകേണ്ടതുണ്ട്. പിന്നീട് അവര്‍ക്ക് അവരുടെ നേതൃപാടവം തെളിയിക്കാന്‍ ഉചിതമായ പ്രവൃത്തി മണ്ഡലങ്ങളും അവസരങ്ങളും ഉണ്ടാക്കിക്കൊടുക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. നമ്മുടെ സമൂഹത്തില്‍ നിന്ന് നേതൃത്വ മനോഭാവത്തിന്റെ ആത്മാവ് തന്നെ നഷ്ടപ്പെട്ട് പോകാന്‍ കാരണമായിത്തീരുന്ന കാര്യങ്ങളാണ് ചുവടെ പറയുന്നത്:

1- കുട്ടികളെ വിദ്യഭ്യാസപരമായി അശക്തരാക്കിത്തീര്‍ക്കുന്ന വിദ്യഭ്യാസ നിക്ഷേപങ്ങള്‍, പദ്ധതികള്‍, ജിജ്ഞാസയെയും അന്വേഷണ ത്വരതയെയും നിരുത്സാഹപ്പെടുത്തല്‍ തുടങ്ങിയവ അവരെ മാനസികമായി അശക്തരാക്കുകയും കാര്യങ്ങളെ നേരിടാനുള്ള ധൈര്യത്തെ ചോര്‍ത്തിക്കളയുകയും ചെയ്യുന്നതോടെ അവര്‍ നിഷ്‌ക്രിയരായിത്തീരുന്നു.

Also read: ഇസ്‌ലാം വംശീയതയോട് പോരാടിയത് ?

2- പ്രയാസമേറിയ ദിനചര്യയോടൊപ്പം തന്നെ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയും മോശം പെരുമാറ്റങ്ങളും വ്യക്തികളുടെ ആത്മവിശ്വാസത്തെ ചോര്‍ത്തിക്കളയുന്നു.

3- സമൂഹത്തിന്റെ ഭാവിക്ക് അനുയോജ്യമായ രീതിയില്‍ വിദ്യാര്‍ത്ഥികളെ നേര്‍വഴി കാണിക്കാന്‍ നൈപുണ്യവും ബുദ്ധിസാമര്‍ത്ഥ്യവുമുള്ള അധ്യാപകരുടെ അഭാവം.

4- യുവാക്കള്‍ക്ക് അവരുടെ നേതൃപാടവം പ്രവര്‍ത്തിച്ച് തെളിയിക്കാനുചിതമായ സാഹചര്യങ്ങളുടെയും അവസരങ്ങളുടെയും കുറവ്.

5- നൈപുണ്യവും നേതൃത്വ മനോഭാവവും വികസിപ്പിക്കാന്‍ ആവശ്യമായ സ്ഥാപനങ്ങളില്ല. ഈ രംഗത്ത് പുതിയ ശ്രമങ്ങള്‍ക്ക് നാം ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. അതിനിയും ഒരുപാട് വികസിക്കാനുണ്ട്. എന്നിരുന്നാലും ഈ ഉദ്യമം വലിയൊരു മുന്നേറ്റം തന്നെയാണെന്ന് മാത്രമല്ല നേതൃ നിര്‍മ്മിതി രംഗത്ത് എഴുതിച്ചേര്‍ക്കേണ്ട പുതിയൊരു അധ്യായം കൂടിയാണ്. ഇത്തരത്തില്‍ സമൂഹത്തിലെ യുവാക്കളില്‍ നിന്ന് നല്ല കാര്യപ്രാപ്തിയുള്ള നേതൃത്വത്തെ വാര്‍ത്തെടുക്കാനും അവര്‍ക്ക് വേണ്ട പരിശീലനങ്ങള്‍ നല്‍കാനും ലക്ഷ്യം വെച്ച് തുടങ്ങിയതാണ് കുവൈത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍. ഈ രംഗത്ത് അറബ് ലോകത്ത് വന്ന ആദ്യ ചുവടുവെപ്പും പ്രതീക്ഷയുമാണ് ഈ സംഘടന.

6- ഗാര്‍ഹികവും സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ വ്യക്തമായ തീരുമാനം സ്വീകരിക്കാന്‍ യുവാക്കള്‍ക്ക് അവസരം നല്‍കാത്തതാണ് മറ്റൊരു കാരണം. തീരുമാനമെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ട് പോകുമോ എന്ന ഭയമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ചെറുപ്പത്തില്‍ സ്വയം തീരുമാനം എടുക്കാന്‍ അവസരം ലഭിച്ച് അതില്‍ പരാജയപ്പെട്ട് പോയവരാണ് അങ്ങനെയൊരു ദുരനുഭവം ഉണ്ടാകാത്തവരേക്കാള്‍ ഭാവിയില്‍ പ്രാവീണ്യമുള്ള നേതാക്കള്‍ ആയിത്തീരുന്നതെന്നാണ് പഠനം.

Also read: മാനസിക സംഘര്‍ഷങ്ങള്‍

7- ജീവിതത്തിന്റെ എല്ലാ മേഖലകളേയും ഗ്രസിച്ച നെഗറ്റീവ് സംസ്‌കാരങ്ങള്‍. ജോലി ചെയ്യുന്നവര്‍ക്കെല്ലാം മാസാവസാനം ലഭിക്കേണ്ട ശമ്പളത്തില്‍ മാത്രമാണ് ശ്രദ്ധ. ഓരോ പൗരനും ഭരണകൂടത്തില്‍ നിന്നും ജനങ്ങളില്‍ നിന്നും തനിക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ട വഴികളെക്കുറിച്ചുള്ള ആലോചനകളില്‍ മാത്രമാണ്. അതിനെല്ലാം അപ്പുറം അയാള്‍ നിര്‍ബന്ധമായും ചെയ്തു തീര്‍ക്കേണ്ട കടമകളും ബാധ്യതകളുമെല്ലാം മറ്റൊരു സമയത്തേക്ക് നീട്ടിവെക്കുക മാത്രമല്ല സ്വന്തം വീട്ടിലും കുടുംബത്തിലും അധികാര ഭാവം നടിക്കുകയും ചെയ്യുന്നു. സ്വയം ഒരു ബാധ്യതയും കടമയും വഹിക്കാന്‍ ഒരുത്തനും തയ്യാറല്ലെന്ന് സാരം.

8- യുവാക്കളുടെ സംരംഭങ്ങള്‍ക്കും സര്‍ഗാത്മകതക്കും സമൂഹം നല്‍കുന്ന ഭൗതികവും ധാര്‍മ്മികവുമായ അവഗണന.

നേതൃ നിര്‍മ്മിതി സാധ്യമാണോ?

ഈ ചോദ്യത്തിന് നേതൃത്വം പഠിച്ചെടുക്കാനാകുമോ എന്ന മറുചോദ്യം ഉണ്ടായെന്ന് വരാം. അതുകൊണ്ടാണ് നാം ചര്‍ച്ച ചെയ്യുന്നത് നല്ല നേതാക്കളെ കണ്ടെത്തുന്നതും വാര്‍ത്തെടുക്കുന്നതും എങ്ങനെയാണെന്നതാണെന്ന് നേരത്തെ സൂചിപ്പിച്ചത്. അറുപതിനായിരത്തോളം പ്രഗല്‍ഭരായ പരിശീലകരെ വാര്‍ത്തെടുത്ത അല്‍-റവാദ് സെന്റര്‍ ഫോര്‍ ലീഡര്‍ഷിപ്പ് ട്രെയ്‌നിങ്ങ് എന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ചോദ്യത്തിന് ഞാന്‍ മറുപടി പറയുന്നത്.
ലോകത്ത് ജനിക്കുന്ന ശിശുക്കളില്‍ രണ്ട് ശതമാനം മാത്രമാണ് പ്രകൃത്യാ നേതാക്കളായി പിറക്കുന്നത്. അവര്‍ക്ക് ബാഹികമായ ഒരു സഹായവും ആവശ്യമില്ല. ഖാലിദ് ഇബ്‌നു വലീദ്, അംറ് ഇബ്‌നു ആസ്വ് എന്നിവരെപ്പോലെ ചരിത്രത്തില്‍ അതിന് ഒരുപാട് ഉദാഹരണങ്ങള്‍ കാണാനാകും.

അംറ് ഇബ്‌നു ആസ്വിനെക്കുറിച്ച് ഉമര്‍(റ) പറയുന്നു: ‘ഭരണാധികാരിയായിട്ടായിരിക്കും അംറ് ഭൂമുഖത്തിലൂടെ സഞ്ചരിക്കുക’. അതുപോലെ പ്രകൃത്യാ നേതൃ സ്ഥാനത്തിന് അനുചിതിരായും രണ്ട് ശതമാനം ശിശുക്കള്‍ പിറക്കുന്നുണ്ട്. ശാരീരികമോ മാനസികമോ ബൗദ്ധികമോ ആയ അശക്തതകളായിരിക്കും അവര്‍ക്ക് തടസ്സമായി വരുന്നത്. നബി(സ്വ) അബൂ ദര്‍റ്(റ)നോട് പറഞ്ഞു: ‘രണ്ടാളുകളുടെ മേല്‍ പോലും അധികാരം ചെലുത്താന്‍ അശക്തരാണ് താങ്കള്‍’. അഥവാ, നിങ്ങള്‍ മറ്റൊരാളുടെ കൂടെയാണെങ്കില്‍ അദ്ദേഹമായിരിക്കും ഭരണാധികാരി, നിങ്ങള്‍ ആയിരിക്കില്ല. സ്വഹാബികളുടെ കൂട്ടത്തില്‍ സ്രേഷ്ഠതയാല്‍ വലിയവനായിരുന്നു അബൂ ദര്‍റ്(റ). എന്നിട്ടും അദ്ദേഹം ഭരണാധികാരിയാവാന്‍ മാത്രം യോഗ്യനായിരുന്നില്ല. ബാക്കി വരുന്ന 96 ശതമാനം ശിശുക്കളും ഉചിതമായ പരിശീലനവും അധ്യാപനവും ലഭിച്ചാല്‍ നല്ല നേതാക്കളും ഭരണാധികാരികളും ആയിത്തീരാന്‍ പ്രാപ്തിയുള്ളവരാണ്.

അതിനാല്‍ തന്നെ അവസരവും പങ്കാളിത്തവും നല്‍കി പ്രാവീണ്യരും നിപുണരുമായ ആളുകളെ കണ്ടെത്തുന്നതിലൂടെയും അതിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലൂടെയും അതിനുചിതമായ സ്ഥാപനങ്ങലും കേന്ദ്രങ്ങളും ഉണ്ടാക്കിയെടുക്കുന്നതിലൂടെയും നമ്മുടെ സമൂഹം നേരിടുന്ന നേതൃ പ്രതിസന്ധിയെ നമുക്ക് തരണം ചെയ്യാനാകും. നേതാക്കളെ എങ്ങനെ വാര്‍ത്തെടുക്കുമെന്നതിനെക്കുറിച്ച് നാം ഒന്നും ചര്‍ച്ച ചെയ്തിട്ടില്ല. അത് അടുത്ത ചില ലേഖനങ്ങളിലൂടെയാകാം. നേതൃ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യലായിരുന്നു ഈ ലേഖനത്തിന്റെ ഉദ്ദേശം. അതുകൊണ്ടാണ് ഉമ്മത്തിന്റെ ഭാവിയെത്തന്നെ ബാധിക്കുന്ന ഇത്തരം പ്രതിസന്ധിയെക്കുറിച്ച് ആദ്യം ബോധവാന്മാരാക്കാന്‍ ശ്രമിച്ചത്. രാഷ്ട്രീയ നേതാക്കളെക്കുറിച്ച് മാത്രമല്ല നാം ചര്‍ച്ച ചെയ്യേണ്ടത്. സാമ്പത്തികം, വിദ്യഭ്യാസം, ആരോഗ്യം, സമൂഹം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലയിലും സമൂഹത്തെ നയിക്കേണ്ട നേതൃത്വത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം, നേതൃത്വം ഒരിക്കലും ഏതെങ്കിലുമൊരു മേഖലയില്‍ മാത്രം പരിമിതമല്ല.

വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

Related Articles