Current Date

Search
Close this search box.
Search
Close this search box.

സൈനികവത്കരണത്തിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ

21-ാം നൂറ്റാണ്ടും പുതിയ സഹസ്രാബ്ദവും ആരംഭിക്കുമ്പോൾ, നമ്മുടെ ശാസ്ത്ര-സാങ്കേതിക നാഗരികത ഒരു പ്രതിസന്ധി ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് തോന്നുന്നു. ഇന്ന്, വിശപ്പും തണുപ്പും ഇല്ലാത്തതും പകർച്ചവ്യാധിയുടെ നിരന്തരമായ ഭീഷണികളിൽ നിന്ന് മുക്തവുമായ, സുഖപ്രദമായ ജീവിതത്തിനുള്ള സാധ്യത ശാസ്ത്രം ചരിത്രത്തിലാദ്യമായി മനുഷ്യർക്ക് നൽകി. അതേസമയം, തെർമോ ന്യൂക്ലിയർ യുദ്ധത്തിലൂടെ നാഗരികതയെ നശിപ്പിക്കാനും മലിനീകരണത്തിലൂടെ നമ്മുടെ ഗ്രഹത്തെ വാസയോഗ്യമല്ലാതാക്കാനുമുള്ള ശക്തിയും ശാസ്ത്രം നൽകിയിട്ടുണ്ട്. ഈ ബദലുകളിൽ ഏതാണ് നാം തിരഞ്ഞെടുക്കുന്നതെന്ന ചോദ്യം നമ്മുടെയും നമ്മുടെ കുട്ടികളുടെയും ജീവിതവും മരണവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്.

ശാസ്ത്ര-സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വികാസമാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന നാഗരികതയുടെ പ്രതിസന്ധി സൃഷ്ടിക്കപ്പെടാൻ കാരണമായത്. നമ്മുടെ സ്ഥാപനങ്ങളും ആശയങ്ങളും വളരെ സാവധാനത്തിലാണ് മാറ്റവുമായി പൊരുത്തപ്പെടുന്നത്. ആധുനിക സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്ന പുതിയ അന്താരാഷ്ട്ര രാഷ്ട്രീയഘടനകൾ കെട്ടിപ്പടുക്കുകയെന്നതാണ് ചരിത്രം നമ്മുടെ തലമുറയ്ക്ക് നൽകിയ വലിയ വെല്ലുവിളി. അതേസമയം തന്നെ, ഒരു പുതിയ ആഗോള നൈതികത നാം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്, അത് നമ്മുടെ സങ്കുചിത മനസ്സിന്റെ അടിവേരറുത്ത് മനുഷ്യരാശിയോടുള്ള വിശാലമായ കൂറിനെ സ്ഥാപിക്കും.

Also read: ഇസ്രയേലിന്‍റെ ചതിയില്‍ അകപ്പെടാതിരിക്കാനുള്ള നിരവധി മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു

ശാസ്ത്രത്തിന്റെ ദുരുപയോഗത്തിലൂടെ ഉൽ‌പാദിപ്പിക്കപ്പെടുന്ന വൻതോതിലുള്ള വിനാശകരമായ ആയുധങ്ങൾ കാരണം, യുദ്ധം എന്ന സ്ഥാപനത്തെ തകർക്കാൻ നമുക്ക് കഴിയുമെങ്കിൽ മാത്രമേ നാഗരികതയുടെ നിലനിൽപ്പ് ദീർഘകാലാടിസ്ഥാനത്തിൽ ഉറപ്പുവരുത്താൻ കഴിയൂ.

ലോകം ഓരോ വർഷവും 1.8 ട്രില്യൺ ഡോളർ ആയുധങ്ങൾക്കായി ചെലവഴിക്കുന്നുണ്ട്, അതായത് നിരവധി ആളുകളെ സംബന്ധിച്ചിടത്തോളം യുദ്ധം ഒരു ഉപജീവനമാർഗമാണ്. ഒരു സാമൂഹിക സ്ഥാപനമെന്ന നിലയിൽ യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നത് ശരിയാണെന്നതിന്റെ കാരണവും യുദ്ധം നിലനിൽക്കുന്നതിന്റെ കാരണവും ഇതാണ്, മനുഷ്യരാശിയെ ബാധിക്കുന്ന മിക്ക കഷ്ടപ്പാടുകളുടെയും കാരണമാണിതെന്ന് എല്ലാവരും മനസ്സിലാക്കുന്നുണ്ട്. യുദ്ധം ഭ്രാന്താണെന്ന് നമുക്കറിയാം, പക്ഷേ അത് നിലനിൽക്കുന്നു.

യുദ്ധം നമ്മുടെ ജീവിവർഗങ്ങളുടെ ഭാവി നിലനിൽപ്പിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് നമുക്കറിയാം, പക്ഷേ ചരിത്രകാരന്മാർ, പത്രാധിപന്മാർ, ടെലിവിഷൻ നിർമ്മാതാക്കൾ എന്നിവരുടെ മനോഭാവങ്ങളാലും, രാഷ്ട്രീയക്കാർ അവരുടെ പ്രചാരണങ്ങൾക്ക് ധനസഹായം ലഭ്യമാക്കുന്ന രീതികളാലും, ആയുധ നിർമ്മാതാക്കളുടെ സാമ്പത്തിക ശക്തിയാലും, യുദ്ധത്തിന്റെ അതിശയകരവും ചെലവേറിയതുമായ ഹാർഡ്‌വെയർ, യുദ്ധക്കപ്പലുകൾ, ബോംബറുകൾ, ടാങ്കുകൾ, ന്യൂക്ലിയർ മിസൈലുകൾ തുടങ്ങിയവയാലും യുദ്ധ സാഹചര്യം ലോകം മുഴുവൻ അന്ത്യമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നു.

Also read: വ്യക്തിത്വവും വിദ്യാഭ്യാസവും

നിരപരാധിത്വം അവകാശപ്പെടാൻ ശാസ്ത്രത്തിന് കഴിയില്ല: ഐസൻ‌ഹോവറിന്റെ വിടവാങ്ങൽ പ്രസംഗത്തിൽ, വ്യാവസായിക-സൈനിക സമുച്ചയത്തിന്റെ വർദ്ധിച്ചുവരുന്ന ശക്തിയെക്കുറിച്ച്, അത് ജനാധിപത്യ സമൂഹത്തിന് ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് അദ്ദേഹം അതേ പ്രസംഗം നടത്തുകയാണെങ്കിൽ, വ്യാവസായിക-സൈനിക-ശാസ്ത്ര സമുച്ചയത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചേക്കാം. ഹിരോഷിമ സംഭവിച്ചതു മുതൽ, പുതിയ അറിവ് എല്ലായ്പ്പോഴും നല്ലതല്ലെന്ന് നമുക്കറിയാം. ആണവായുധങ്ങൾ തീവ്രവാദികൾക്കും മാഫിയകൾക്കും പോലും ലഭ്യമാകുന്ന തരത്തിൽ വ്യാപകമാകുമെന്ന ഭയാനകമായ അപകടമുണ്ട്. രാസ, ജൈവ ആയുധങ്ങളും ഗുരുതരമായ ഭീഷണിയാണ്.

അന്താരാഷ്ട്ര നിയമത്തിന്റെയും ഭരണനിർവഹണത്തിന്റെയും മാനുഷികവും ജനാധിപത്യപരവും നീതിയുക്തവുമായ ഒരു ചട്ടക്കൂടിനു പുറമെ, അടിയന്തിരമായി ഒരു പുതിയ ആഗോള നൈതികത നമുക്ക് ആവശ്യമാണ്,- മതം, വംശം, ദേശീയത തുടങ്ങിയവക്കതീതമായി, കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയോടുള്ള കൂറ്, എല്ലാ മനുഷ്യരും സാഹോദരരാണെന്ന ശക്തമായ ബോധത്താൽ പരിപൂർണമായിത്തീരുന്ന നൈതികത.

ബീഥോവന്റെ ഒമ്പതാമത്തെ സിംഫണിയുടെ പാഠരൂപമായ “Ode to Joy” ൽ ഷില്ലർ ഈ വികാരം പ്രകടിപ്പിക്കുന്നുണ്ട്. ബീഥോവന്റെ സംഗീതവും ഷില്ലറുടെ വാക്കുകളും കേൾക്കുമ്പോൾ, നമ്മിൽ മിക്കവരും അവ നൽകുന്ന സന്ദേശത്തിന്റെ അനുരണനത്തിന്റെയും ഐക്യത്തിന്റെയും വികാരം അനുഭവിക്കുന്നുണ്ട്: അതായത് എല്ലാ മനുഷ്യരും സഹോദരീസഹോദരന്മാരാണ് – ചിലർ മാത്രമല്ല – എല്ലാവരും! ഇത് ഏറെക്കുറെ മനുഷ്യരാശിയുടെ ദേശീയഗാനമാണ്. സംഗീതവും വാക്കുകളും പ്രചോദിപിപ്പിക്കുന്ന വികാരങ്ങൾ ദേശസ്‌നേഹത്തിന് സമാനമാണ്, എന്നാൽ അതിനേക്കാൾ വിശാലമാണ്. ഒരു സാർവത്രിക മനുഷ്യകുടുംബത്തിന്റെ ഈ അർത്ഥമാണ് വിദ്യാഭ്യാസത്തിലും സമൂഹമാധ്യമങ്ങളിലും മതത്തിലും നാം വളർത്തിയെടുക്കേണ്ടത്.

ലോറ സ്റ്റീഷൻ, ലിൻഡ്സെ കോഷ്ഗേറിയൻ എന്നിവരുടെ ലേഖനത്തിൽ നിന്നുള്ള ഒരു ഉദ്ധരണിയാണിത്.

“ഈ റിപ്പോർട്ടിൽ, സൈനിവത്കരണവും കാലാവസ്ഥാ പ്രതിസന്ധിയും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പരസ്പരം ശക്തിപ്പെടുത്തുന്നുവെന്നും ഞങ്ങൾ വിശദീകരിക്കാം. സൈന്യം സ്വയം തന്നെ ഒരു വലിയ മലിനീകരണമാണ് – നമ്മുടെ കാലാവസ്ഥയെ അസ്ഥിരപ്പെടുത്തുന്ന ഖനന വ്യവസായങ്ങളെ നിലനിർത്താനാണ് പലപ്പോഴും സൈന്യം വിന്യസിക്കപ്പെടുന്നത്. കാലാവസ്ഥാ കുഴപ്പങ്ങൾ വൻതോതിലുള്ള പലായനം, സൈനികവൽക്കരിക്കപ്പെട്ട അതിർത്തികൾ, കൂടുതൽ സംഘട്ടന സാധ്യത എന്നിവയിലേക്ക് നയിക്കുന്നു.

യഥാർത്ഥ കാലാവസ്ഥാ പരിഹാരങ്ങളുടെ കേന്ദ്രസ്ഥാനത്ത് സൈനികവിരുദ്ധത ഉണ്ടായിരിക്കണം എന്ന് ഞങ്ങൾ വാദിക്കുന്നു.

Also read: ഖുര്‍ആന്‍ കേരളത്തിൽ ചര്‍ച്ചചെയ്യുന്ന വിധം ?!

കോവിഡ്-19 ന്റെയും കാലാവസ്ഥാ പ്രതിസന്ധിയുടെയും ഈ കാലഘട്ടത്തിൽ, യുദ്ധ സംസ്കാരത്തിൽ നിന്ന് ഒരു പരിചരണ സംസ്കാരത്തിലേക്ക് നാം അടിയന്തിരമായി മാറേണ്ടതുണ്ട്. അനന്തമായ യുദ്ധങ്ങൾ നടത്താനും സൈനിക ആധിപത്യം സ്ഥാപിക്കാനും വേണ്ടി ട്രില്യൺ കണക്കിന് പണം സൈന്യത്തിൽ നിക്ഷേപിച്ചു കൊണ്ടിരുന്നപ്പോൾ, യഥാർത്ഥ സുരക്ഷയിലും സഹകരണത്തിലും നിക്ഷേപിക്കാൻ ഭരണാധികാരികൾ മറന്നു. സമൂഹത്തെയും പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന രീതിയെയും നാം പരിവർത്തന വിധേയമാക്കിയില്ലെങ്കിൽ, കാലാവസ്ഥാ വ്യതിയാനം സംഭവിച്ച ഭാവിയിൽ കൂടുതൽ അന്യായവും മനുഷ്യത്വരഹിതവുമായ യാഥാർത്ഥ്യങ്ങളെ നാം അഭിമുഖീകരിക്കേണ്ടി വരും.”

സുരക്ഷയെ കുറിച്ചുള്ള സൈനികവത്കരണത്തിലധിഷ്ടിതമായ നമ്മുടെ സങ്കൽപ്പത്തിന്റെ പോരായ്മകളിലേക്ക് കോവിസ്-19 വെളിച്ചം വീശുന്നുണ്ട്. നമ്മുടെ സൈനിക സ്ഥാപനങ്ങൾക്ക് നമ്മെ വൈറസിൽ നിന്ന് സംരക്ഷിക്കാൻ കഴിഞ്ഞില്ല. പകർച്ചവ്യാധി ഇല്ലാതെ പോലും നമ്മുടെ “പ്രതിരോധ വകുപ്പുകൾ” നമ്മെ യഥാർത്ഥത്തിൽ സംരക്ഷിക്കുന്നില്ല. ഒരു ആണവ യുദ്ധത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇത് വളരെ വ്യക്തമാണ്, അതിൽ ദശലക്ഷക്കണക്കിന് നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെടാം. നിലവിൽ രാഷ്ട്രീയക്കാരുടെ അധികാര വടംവലിയിൽ സാധാരണ ജനങ്ങൾ ബന്ദികളാണ്. പകർച്ചവ്യാധിക്കുശേഷം നാം ലോകത്തെ പുനർനിർമ്മിക്കുമ്പോൾ, അത് കേവലം “സാധാരണ നിലയിലേക്ക്” ആയിരിക്കരുത്. പഴയ സാധാരണനില പ്രശ്നത്തിന്റെ ഭാഗമായിരുന്നു. കാലാവസ്ഥാ അടിയന്തിരാവസ്ഥയെ അഭിസംബോധന ചെയ്യുന്ന, അത് തടയാൻ ദ്രുതഗതിയിലുള്ള നടപടികൾ കൈക്കൊള്ളുന്ന ഒരു പുതിയ ലോകം നാം കെട്ടിപ്പടുക്കണം. അടിയന്തിരമായി ആവശ്യമുള്ള പുനരുപയോഗ ഊർജ്ജ ഇൻഫ്രാസ്ട്രക്ചർ ഉൽ‌പാദിപ്പിക്കുന്ന, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന The Green New Deal, നാം ആഗ്രഹിക്കുന്ന പുതിയ ലോകത്തിന് മികച്ച മാതൃക വാഗ്ദാനം ചെയ്യുന്നുണ്ട്.

Also read: ഇസ്രായേലുമായുള്ള ബന്ധത്തിനായി ക്യൂ നില്‍ക്കുന്നവര്‍

ദി ഗ്രീൻ ന്യൂ ഡീലിന് ധനസഹായം നൽകാൻ മതിയായ പണമില്ലെന്ന് പറയുന്നവർ, സൈനികവത്കരണത്തിനു വേണ്ടി ഊഹിക്കാനാകാത്തവിധം പണം പാഴാക്കുന്നത് മറക്കുന്നു.

ദുഷിച്ച ഉപയോഗത്തിൽ നിന്ന്, കാലാവസ്ഥാ വ്യതിയാനത്തിന്റെ അസ്തിത്വ ഭീഷണിയിൽ നിന്ന് നമ്മുടെ ഗ്രഹത്തെ രക്ഷിക്കാനുള്ള ക്രിയാത്മക ദൗത്യത്തിലേക്ക് പണത്തിന്റെ ഈ വിശാലമായ നദിയെ നാം വഴിതിരിച്ചുവിടണം.

(കോപ്പൻഹേഗൻ സർവകലാശാലയിലെ സൈദ്ധാന്തിക രസതന്ത്രജ്ഞനാണ് ജോൺ സ്കെയിൽസ് അവേരി. ക്വാണ്ടം കെമിസ്ട്രി, തെർമോഡൈനാമിക്സ്, പരിണാമം, ശാസ്ത്ര ചരിത്രം എന്നിവയിലെ പുസ്തകങ്ങളും ഗവേഷണ പ്രസിദ്ധീകരണങ്ങളും കൊണ്ട് അദ്ദേഹം ശ്രദ്ധേയനാണ് )

വിവ- അബൂ ഈസ

Related Articles