Current Date

Search
Close this search box.
Search
Close this search box.

സയണിസം; പാശ്ചാത്യ പ്രൊട്ടസ്റ്റന്റ് പ്രൊജക്ട്

us-zionism.jpg

ഫലസ്തീന്‍ മണ്ണിലെ സയണിസ്റ്റ് സാന്നിദ്ധ്യം പാശ്ചാത്യ പദ്ധതിയുടെ ഭാഗമായിട്ടുണ്ടായതാണ്. തങ്ങളുടെ മതവിശ്വാസം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യമാണ് അവര്‍ക്ക് അതിന് പിന്നിലുള്ളത്. പാശ്ചാത്യ പൊട്ടസ്റ്റന്റ് വിശ്വാസ പ്രകാരം സന്തുഷ്ടമായ ആയിരം വര്‍ഷത്തെ ഭരണം നടത്തുന്നതിനായി യേശുക്രിസ്തു മടങ്ങി വരുന്നതിന് അനിവാര്യമായ സംഗതിയാണ് ഫലസ്തീനില്‍ ജൂതന്മാരെ ഒരുമിച്ചു കൂട്ടി ഒരു രാഷ്ട്രം സ്ഥാപിക്കലും മസ്ജിദുല്‍ അഖ്‌സ തകര്‍ത്ത് തല്‍സ്ഥാനത്ത് ‘ദൈവം സവിശേഷമായി തെരെഞ്ഞെടുത്ത’ ജനതയായ ജൂതന്‍മാരുടെ മൂന്നാമത്തെ ദേവാലയത്തിന്റെ നിര്‍മാണവും.

അറബ് നാടിന്റെ അഖണ്ഡത തകര്‍ത്ത് അതിന്റെ ഹൃദയഭാഗത്ത് വിതച്ചിട്ടുള്ള ഒരു സ്വത്വത്തിന്റെ സ്ഥാപനത്തിനായുള്ള പാശ്ചാത്യ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഒരുക്കപ്പെട്ടതാണ് ഈ വിശ്വാസ പ്രമാണം. അറബ് സമൂഹത്തിന്റെ നവോത്ഥാനത്തെ അലസിപ്പിക്കുകയും അവരുടെ വിമോചനവും പുരോഗതിയും തടയുന്നതിനുള്ള പാശ്ചാത്യ തത്വം തന്നെയാണത്.

ഈ മത-സാമ്രാജ്യത്വ പദ്ധതി ഉണ്ടാക്കിയെടുത്തതിന് ശേഷം ജൂതവിഭാഗങ്ങള്‍ക്കിടയില്‍ ഇതിന്റെ ‘വിപണനം’ നടത്തുകയാണ് ചെയ്തത്. ഇത് നടപ്പാക്കുന്നതിനായി പാശ്ചാത്യ സാമ്രാജ്യത്വ സംവിധാനങ്ങളുടെ പ്രത്യയശാസ്ത്രം നിര്‍ണയിക്കുന്ന പാശ്ചാത്യ ക്രൈസ്തവ സയണിസവും നാമിന്ന് കാണുന്ന ആധുനിക സയണിസ്റ്റ് പ്രസ്ഥാനവും കൈകോര്‍ത്തു.

നാം ഈ പറയുന്നതിനെ സത്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകള്‍ ചരിത്ര സംഭവങ്ങളില്‍ ഉണ്ടായേക്കാം:
1. അമേരിക്കയില്‍ ക്രൈസ്തവ സയണിസത്തെ സംബന്ധിച്ച രണ്ടായിരത്തോളം പുസ്തകങ്ങളാണ് 1800നും 1875നും ഇടയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്.
2. 1866ല്‍ അമേരിക്കന്‍ പ്രൊട്ടസ്റ്റന്റുകള്‍ ആദ്യ ജൂത കുടിയേറ്റ സംഘത്തെ ഫലസ്തീനിലേക്ക് അയച്ചു. പാസ്റ്റര്‍ ആദമിന്റെ നേതൃത്വത്തിലുള്ള ആ സംഘത്തില്‍ 150 അമേരിക്കന്‍ പുരോഹിതന്‍മാരുണ്ടായിരുന്നു. തൊട്ടടുത്ത വര്‍ഷം 1867ല്‍ ഫലസ്തീന്‍ മണ്ണില്‍ ആദ്യ കുടിയേറ്റ കേന്ദ്രം സ്ഥാപിക്കപ്പെട്ടു. 70 അമേരിക്കന്‍ ക്രൈസ്തവ സയണിസ്റ്റുകളുടെ പങ്കാളിത്തത്തോടെയായിരുന്നു അത്.
3. 1918ല്‍ അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ ബാല്‍ഫര്‍ കരാര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. 1922ല്‍ ഔദ്യോഗികമായി അത് അംഗീകരിക്കുകയും ചെയ്തു. ജൂതന്‍മാരുടെ പഴയ ഭൂമി നിഷേധിക്കപ്പെട്ട ജൂതന്‍മാര്‍ക്ക് അവിടെ തങ്ങളുടെ ജീവിതവും സംസ്‌കാരവും വീണ്ടും ഉണ്ടാക്കിയെടുക്കുന്നതിന് അവസരം നല്‍കേണ്ടത് അനിവാര്യമാണെന്ന് അമേരിക്കന്‍ സെനറ്റ് തീരുമാനിച്ചു.
4. 1948ല്‍ ഇസ്രയേലിന്റെ സ്ഥാപനത്തെ ആദ്യമായി അംഗീകരിച്ച രാഷ്ട്രം അമേരിക്കയായിരുന്നു. ആ വര്‍ഷം പൊട്ടിപ്പുറപ്പെട്ട സയണിസ്റ്റ് അറബ് യുദ്ധത്തില്‍ അമേരിക്കയും പാശ്ചാത്യ ലോകവും സയണിസ്റ്റുകളെയാണ് പിന്തുണച്ചത്. അതിന്റെ ഫലമായി 538 ഫലസ്തീന്‍ ഗ്രാമങ്ങള്‍ തകര്‍ക്കാനും അവിടത്തുകാരെ ആട്ടിയോടിച്ച് അവരുടെ ഭൂമിക്ക് മേല്‍ ആധിപത്യം നേടാനും സയണിസ്റ്റുകള്‍ക്ക് സാധിച്ചു. ഫലസ്തീന്‍ മണ്ണില്‍ സയണിസ്റ്റ് അധിനിവേശമാണ് അതിലൂടെ നടന്നത്.
5. 1967 ജൂണ്‍ 5ന് ഫലസ്തീനും സീനായും ജൂലാനും പിടിച്ചടക്കിയ ഇസ്രയേലിന്റെ യുദ്ധത്തിന് അമേരിക്ക പിന്തുണ നല്‍കി. അപ്രകാരം 1982ല്‍ തെക്കന്‍ ലബനാന്‍ പിടിച്ചടക്കിയ യുദ്ധത്തിലും അമേരിക്കയുടെ പിന്തുണ അവര്‍ക്ക് ലഭിച്ചു.
6. 1995 ആഗസ്റ്റ് 24ന് അമേരിക്കന്‍ കോണ്‍ഗ്രസ് ഇസ്രയേലിന്റെ സ്ഥിരം തലസ്ഥാനായി ഖുദ്‌സിനെ തെരെഞ്ഞെടുക്കാന്‍ തീരുമാനിച്ചു. ജൂതന്‍മാരുടെ ആത്മീയ രാജ്യം എന്ന കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. പ്രസ്തുത തീരുമാനം 2002ല്‍ പുതുക്കി കൊണ്ട് ജോര്‍ജ് ബുഷ് രണ്ടാമന്‍ അതില്‍ ഒപ്പുവെച്ചു. ഖുദ്‌സില്‍ – യഥാര്‍ഥത്തില്‍ ഇസ്‌ലാമിക് ഔഖാഫിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ – എംബസി നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അമേരിക്ക ആരംഭിച്ചു.
7. വെസ്റ്റ്ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ ഇസ്രയേലിന്റെ ഭാഗമായി നിലനിര്‍ത്തുമെന്ന് ഉറപ്പു നല്‍കിക്കൊണ്ട് 2004 ഏപ്രില്‍ 14ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഷാരോണിന് കത്ത് നല്‍കി. ഒത്തുതീര്‍പ്പില്‍ അന്തിമമായി പരിഗണിക്കുക നിലവിലെ അവസ്ഥയായിരിക്കുമെന്ന ഉറപ്പാണ് അതില്‍ അദ്ദേഹം നല്‍കിയത്. അഥവാ മുഴുവന്‍ ഭൂമിയും തങ്ങളുടേതാക്കി കൊണ്ടുള്ള തല്‍സ്ഥിതി പരിഗണിച്ചായിരിക്കും ഒത്തുതീര്‍പ്പ്.

അമേരിക്ക – ഇസ്രയേല്‍ ബന്ധത്തിന്റെ ചെറിയൊരു ഭാഗത്തെ കുറിച്ച് മാത്രമാണ് നാം സൂചിപ്പിച്ചത്. ഈ യാഥാര്‍ഥ്യങ്ങളെല്ലാം നിലനില്‍ക്കെ തന്നെ അറബ് ഇസ്‌ലാമിക ലോകത്തെ ഒരു വിഭാഗത്തിന്റെ ഒത്തുതീര്‍പ്പ് പ്രതീക്ഷകള്‍ അമേരിക്കയിലാണ്. ബോധമില്ലാതെയും ചരിത്രയാഥാര്‍ഥ്യങ്ങള്‍ വായിക്കുക പോലും ചെയ്യാതെയുമാണിത്. ”താങ്കളെ കുറിച്ച് താങ്കളോട് തന്നെ പരാതിപ്പെടുന്നു” എന്ന് പറയുന്നത് പോലെയാണ് അവരുടെ അവസ്ഥ.

വിവ: നസീഫ്‌

Related Articles