Current Date

Search
Close this search box.
Search
Close this search box.

ദി വൈറ്റ് ഹെല്‍മെറ്റ്‌സ്; നിസ്വാര്‍ത്ഥ സേവനത്തിന്റെ മഹനീയ മാതൃക

white-helmets.jpg

ബശ്ശാറുല്‍ അസദിന്റെ ഏകാധിപത്യ സര്‍ക്കാറിനെതിരെയുള്ള സിറിയന്‍ വിപ്ലവത്തിന്റെ ധീരവും മാനുഷികവുമായ മുഖം ദര്‍ശിക്കാന്‍ അവസാനം ലോകത്തിന് അവസരം ലഭിച്ചിരിക്കുന്നു. ഒരുപാട് ന്യൂസ് റിപ്പോര്‍ട്ടര്‍മാരും പണ്ഡിറ്റുകളും പരാജയപ്പെട്ടിടത്ത് ‘ദി വൈറ്റ് ഹെല്‍മെറ്റ്‌സ്’ വിജയിച്ചിരിക്കുകയാണ്. സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ എല്ലാവിധ ക്രൂരതകളും അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനതക്ക് മേല്‍ സുരക്ഷിതത്വത്തിന്റെ കവചം നിര്‍മിച്ച്, നിസ്വാര്‍ത്ഥതയുടെ അര്‍ത്ഥമെന്താണെന്ന് ലോകത്തിന് മുന്നില്‍ കാണിച്ച് കൊടുത്ത ഒരു കൂട്ടം സ്വയം സന്നദ്ധസേവകര്‍, അവരുടെ പേരാണ് ‘ദി വൈറ്റ് ഹെല്‍മെറ്റ്‌സ്’.

സിറിയന്‍ യുദ്ധത്തിന്റെ ഭീകരതയും ചോരമരവിക്കുന്ന ക്രൂരമുഖവും അതിന്റെ എല്ലാവിധ തീവ്രതയോടെയും ചിത്രം ഒപ്പിയെടുക്കുന്നുണ്ട്. അക്കാദമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയപ്പെട്ട ഒര്‍ലാണ്ടോ വോന്‍ ഐന്‍സീഡെല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിറിയയിലെ ചരിത്രപ്രധാന നഗരങ്ങളില്‍ ഒന്നായ അലപ്പോയില്‍ വെച്ചാണ് ‘ദി വൈറ്റ് ഹെല്‍മെറ്റ്‌സിലെ’ രംഗങ്ങളില്‍ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഡോക്യുമെന്റിയുടെ സ്വഭാവമാണ് ചിത്രത്തിനുള്ളത്. ഒരു കെട്ടിട നിര്‍മാണ തൊഴിലാളി, കൊല്ലപ്പണിക്കാരന്‍, ടൈലര്‍ എന്നിവരുടെ ആഖ്യാനത്തിലൂടെയാണ് ചിത്രത്തിന്റെ മുന്നോട്ട് പോക്ക്. ‘ഒരു ജീവന്‍ രക്ഷിക്കുന്നത് മൊത്തം മാനവകുലത്തെയും രക്ഷിക്കുന്നതിന് സമമാണ്’ എന്ന ആപ്തവാക്യം ജീവിതത്തില്‍ പ്രായോഗികമാക്കിയവരാണ് ആ മൂന്ന് പേര്‍. അതുതന്നെയാണ് ഈ ചിത്രം മുന്നോട്ട് വെക്കുന്ന ആപ്തവാക്യം.

തീര്‍ച്ചയായും പരിശുദ്ധ ഖുര്‍ആനിലെ ഒരു സൂക്തത്തിന്റെ ആശയം തന്നെയാണ് പ്രസ്തുത ആപ്തവാക്യവും ഉള്‍വഹിക്കുന്നത്. അതുതന്നെയാണ് വൈറ്റ് ഹെല്‍മെറ്റ്‌സ് പ്രായോഗികമാക്കുന്നതും. സിറിയയുടെ കാര്യത്തില്‍, അന്താരാഷ്ട്രസമൂഹം ഒന്നടങ്കം സിറിയന്‍ ജനതയെ തോല്‍പ്പിച്ച് കളഞ്ഞപ്പോഴും, മനുഷ്യകുലത്തിലുള്ള പ്രതീക്ഷ കെടാതെ കാത്തുസൂക്ഷിക്കാന്‍ വൈറ്റ് ഹെല്‍മെറ്റ്‌സ് മാത്രമേ യുദ്ധഭൂമിയില്‍ സിറിയന്‍ ജനതക്ക് ആശ്വാസമായി ഉണ്ടായിരുന്നുള്ളു.

സുരക്ഷാപ്രശ്‌നങ്ങള്‍ കാരണം ഷൂട്ടിംഗ് നടക്കുന്ന സമയത്ത് വോന്‍ ഐന്‍സീഡെലിന് സിറിയയിലെത്താന്‍ സാധിച്ചിരുന്നില്ല. എന്നിരുന്നാലും, അദ്ദേഹവും അദ്ദേഹത്തിന്റെ സംഘവും തുര്‍ക്കിയില്‍ വെച്ച് വൈറ്റ് ഹെല്‍മെറ്റ്‌സിനെ ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. സിറിയയില്‍ വേണ്ടത്ര സൗകര്യങ്ങളും, പിന്തുണയും ഇല്ലാതിരുന്നതിനാല്‍ തുര്‍ക്കിയില്‍ വെച്ചായിരുന്നു വൈറ്റ് ഹെല്‍മെറ്റ്‌സ് തങ്ങളുടെ പ്രഥമ പരിശീലന പരിപാടികള്‍ നടത്തിയിരുന്നത്.

വോന്‍ ഐന്‍സീഡെലിന്റെ അസാന്നിധ്യം പക്ഷെ ഡോക്യുമെന്ററിയെ ഒരു വിധത്തിലും ബാധിച്ചിട്ടില്ല. റിയലിസത്തിന്റെ തനിമ ചോര്‍ന്ന് പോവാതിരിക്കാന്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ തന്നെയാണ് അതില്‍ ചിത്രീകരിച്ചിട്ടുള്ളത്. സിറിയയില്‍ വെച്ചുള്ള രംഗങ്ങളെല്ലാം വൈറ്റ് ഹെല്‍മെറ്റ്‌സ് തന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഇത് ബോംബാക്രമണം നടന്ന സ്ഥലത്തേക്ക് തല്‍ക്ഷണം ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ ഉദ്വോഗജനകമായ നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്ക് കൂടി അനുഭവേദ്യമാക്കുന്നുണ്ട്.

തല്‍ഫലമായി, ഓരോ രംഗവും നമ്മെ ഏറെ വേദനിപ്പിക്കും. ബോംബാക്രമണത്തില്‍ തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും മണ്ണില്‍ പുതഞ്ഞ കുഞ്ഞിളം പൈതങ്ങളുടെ ജീവനറ്റ ശരീരങ്ങള്‍ പുറത്തെടുക്കുന്നതിന്റെ രംഗങ്ങള്‍ നമ്മുടെ മനസ്സില്‍ നീറ്റല്‍ നിറക്കും. ചോരയില്‍ കുളിച്ച്, അന്ധാളിച്ച് ആംബുലന്‍സിന് പിന്നില്‍ ഇരുന്ന അഞ്ചു വയസ്സുകാരന്‍ ഉംറാന്‍ ദഖ്‌നീഷിനെ ഓര്‍ക്കുന്നില്ലെ, ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും അവനെ രക്ഷപ്പെടുത്തിയത് വൈറ്റ് ഹെല്‍മെറ്റ്‌സായിരുന്നു. അസദ് ഭരണകൂടവും അവര്‍ക്ക് പിന്തുണ നല്‍കുന്ന റഷ്യയും വ്യോമാക്രമണം നടത്തുന്നതില്‍ എല്ലാവിധ നിയന്ത്രണരേഖകളും ലംഘിക്കുന്നതിന്റെ ഒരു ഉദാഹരണമാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്നും രക്ഷപ്പെടുത്തപ്പെട്ട ഒരാഴ്ച്ച പ്രായമുള്ള കുഞ്ഞുപൈതല്‍.

രക്ഷാദൗത്യത്തിനിടെ വൈറ്റ് ഹെല്‍മെറ്റ്‌സിന് അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാവിധ അപകടങ്ങളെയും അതേപടി ചിത്രം അവതരിപ്പിക്കുന്നുണ്ട്. തങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നത് യഥാര്‍ത്ഥ ജീവിത നിമിഷങ്ങള്‍ തന്നെയാണെന്ന് വിശ്വസിക്കാന്‍ ഹോളിവുഡ് സിനിമകളിലെ യുദ്ധരംഗങ്ങള്‍ കണ്ട് ശീലിച്ച പ്രേക്ഷകര്‍ക്ക് ചിലപ്പോള്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അത്തരത്തിലാണ് വോന്‍ ഐന്‍സീഡെലും സംഘവും സിനിമ സംവിധാനിച്ചിരിക്കുന്നത്. ചിത്രത്തിന് നെറ്റ്ഫ്‌ലിക്‌സിന്റെ പിന്തുണകൂടി ലഭിച്ചതോടെ ലോകത്താകമാനമുള്ള പ്രേക്ഷകരിലേക്ക് സിനിമ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇത് വൈറ്റ് ഹെല്‍മെറ്റ്‌സിനെ കൂടുതല്‍ ആളുകള്‍ പരിചയപ്പെടുന്നതിനും, അവര്‍ അര്‍ഹിച്ച അംഗീകാരം അവര്‍ക്ക് ലഭിക്കുന്നതിനും സഹായകരമാവും.

അടുത്തിടെ അവര്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും, സ്വീഡിഷ് റൈറ്റ് ലിവ്‌ലിഹുഡ് അവാര്‍ഡിന് അര്‍ഹരാവുകയും ചെയ്തിരുന്നു. അതേ സമയം വൈറ്റ് ഹെല്‍മെറ്റ്‌സിനെ സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദ് പുച്ഛിച്ച് തള്ളിയതില്‍ വലിയ അത്ഭുതമൊന്നുമില്ല. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് വൈറ്റ് ഹെല്‍മെറ്റ്‌സിനെ നാമനിര്‍ദ്ദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ‘സിറിയയില്‍ എന്ത് നേട്ടമാണ് അവര്‍ ഉണ്ടാക്കിയത്? സിറിയയില്‍ സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ ഞാന്‍ അവാര്‍ഡ് നല്‍കുകയുള്ളു.’ എന്നാണ് അസദ് പറഞ്ഞത്. അതിലൂടെ താനാണ് അതിന് ഏറ്റവും യോഗ്യനെന്ന് പറയാതെ പറയുകയാണ് അസദ്.

രാജ്യം കഠിനമായ യുദ്ധസാഹചര്യങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ എന്തുകൊണ്ടാണ് താന്‍ ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിന് ജീവിതം ഉഴിഞ്ഞുവെച്ചതെന്ന് ‘ദി വൈറ്റ് ഹെല്‍മെറ്റ്‌സ്’-ലെ ഒരു കഥാപാത്രം വിശദീകരിക്കുന്നുണ്ട്; ‘ജീവനെടുക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് ഒരു ജീവന്‍ രക്ഷിക്കുന്നതാണ്.’

മിസ്റ്റര്‍ ബശ്ശാര്‍, താങ്കള്‍ ഒന്നല്ല, മറിച്ച് പതിനായിരക്കണക്കിന് ജീവനുകളാണ് എടുത്തിട്ടുള്ളത്. ഒരുപക്ഷെ അതായിരിക്കും ഈ ചലചിത്രാവിഷ്‌കാരത്തില്‍ നിന്നും ജനങ്ങള്‍ പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട പാഠവും.

കടപ്പാട്: middleeastmonitor

Related Articles