Current Date

Search
Close this search box.
Search
Close this search box.

ക്രിസ്ത്യാനികളെ ഇസ്‌ലാമിലെത്തിച്ച സഹിഷ്ണുതയുടെ ചരിത്ര സാക്ഷ്യങ്ങള്‍

ഇസ്‌ലാമിനെ വികൃതമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവിധ പാശ്ചാത്യ അധിനിവേശ മാധ്യമങ്ങളും വളരെയേറെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് ‘ഇസ്‌ലാമിക തീവ്രവാദം’. ആഗോളവല്‍കരണം, ഉദാരവല്‍കരണം എന്നൊക്കെ പേര്‍ വിളിച്ച് അവര്‍ കൊണ്ടുവരുന്ന കാര്യങ്ങളില്‍ അലിഞ്ഞു ചേരാത്ത സമ്പൂര്‍ണ ജീവിതവ്യവസ്ഥിതിയാണ് ഇസ്‌ലാം എന്നതാണ് അതിന് പിന്നിലെ കാരണം. അപ്രകാരം ഇസ്‌ലാമിനെ അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് തെറ്റിക്കലും അവരുടെ ഉദ്ദേശ്യമാണ്. തീവ്രവാദികളും മിതവാദികളും എല്ലാ മതങ്ങളിലും ദര്‍ശനങ്ങളിലും ഏറിയും കുറഞ്ഞും ഉണ്ടെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇസ്‌ലാമിലും അത്തരത്തിലുള്ള വളരെ ചെറിയൊരു ന്യൂനപക്ഷമുണ്ട്.

ഇസ്‌ലാമിന് നേരെയുള്ള ഈ ആക്രമണം ലോകതലത്തില്‍ മുസ്‌ലിംകള്‍ക്ക് ദുഷ്‌പേരുണ്ടാക്കിയിട്ടുണ്ടെന്നത് നിഷേധിക്കാനാവാത്ത കാര്യം തന്നെയാണ്. പാശ്ചാത്യ ലോകത്ത് അത് വളരെ പ്രകടവുമാണ്. ഇസ്‌ലാമിന്റെ എല്ലാ നന്മകളെയും പ്രശസ്തിയെയും ചോര്‍ത്തിയെടുക്കുന്ന ഇരുണ്ട ഗര്‍ത്തമായി ഈ ആരോപണം മാറിയിരിക്കുന്നു. യൂറോപില്‍ നിന്നും വരുന്ന ടൂറിസ്റ്റുകള്‍ക്കിടയില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു തുര്‍ക്കി പ്രബോധകന്‍ പറയുന്നത് ടൂറിസ്റ്റുകള്‍ ഒന്നാമതായി ചോദിക്കുന്ന ചോദ്യം ഭീകരതക്ക് ഇസ്‌ലാമുമായുള്ള ബന്ധത്തെ കുറിച്ചാണെന്നത് എത്രത്തോളമാണ് അതിന്റെ വ്യാപ്തിയെന്ന് അറിയിക്കുന്നു.

സഹിഷ്ണുതയും വിട്ടുവീഴ്ച്ചയും ആവശ്യപ്പെടുന്ന നിരവധി ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. അല്ലാഹു പറയുന്നത് കാണുക:
‘അവര്‍ പുറംതിരിഞ്ഞുകളയുന്നുവെങ്കിലോ, അപ്പോള്‍ അവര്‍ക്കു സന്ദേശമെത്തിച്ചുകൊടുപ്പാന്‍ മാത്രമേ നിനക്കു ബാധ്യതയുള്ളൂ. ശേഷം, അല്ലാഹുതന്നെ അവന്റെ അടിമകളുടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നവനത്രെ.’ (ആലുഇംറാന്‍: 20)
‘നിങ്ങള്‍ വേദക്കാരോട് സംവാദത്തിലേര്‍പ്പെടരുത്, ഏറ്റം ശ്രേഷ്ഠമായ രീതിയിലല്ലാതെ,  അവരില്‍ ധിക്കാരികളായവരോടൊഴിച്ച്. അവരോട് പറയുവിന്‍: `ഞങ്ങളിലേക്കിറക്കപ്പെട്ടതിലും നിങ്ങളിലേക്കിറക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ. ഞങ്ങള്‍ അവന്റെ മാത്രം ആജ്ഞാനുവര്‍ത്തികള്‍ ആകുന്നു.`’ (അല്‍-അന്‍കബൂത്: 46)
‘നിന്റെ റബ്ബിന്റെ ഇച്ഛ (ഭൂമിയിലെല്ലാവരും വിശ്വാസികളും അനുസരണമുളളവരും തന്നെ ആകണമെന്നു) ആയിരുന്നുവെങ്കില്‍ ഭൂവാസികളഖിലം വിശ്വാസം കൈക്കൊളളുമായിരുന്നു. എന്നിരിക്കെ, ജനങ്ങള്‍ വിശ്വാസികളാകാന്‍, നീ അവരെ നിര്‍ബന്ധിക്കുകയോ?’ (യൂനുസ്: 99)
‘ദീന്‍ കാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല. സന്മാര്‍ഗം മിഥ്യാധാരണകളില്‍നിന്ന് വേര്‍തിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ഇനി ആര്‍ ത്വാഗൂത്തിനെ നിഷേധിച്ച് അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ, അവന്‍ ബലിഷ്ഠമായ അവലംബപാശത്തില്‍ പിടിച്ചിരിക്കുന്നു. അത് ഒരിക്കലും അറ്റുപോകുന്നതല്ല. (അവന്‍ അവലംബമായി സ്വീകരിച്ച) അല്ലാഹു, എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രേ.’ (അല്‍ബഖറ: 256)
‘വരുംനാളില്‍ അവരുടെ വഞ്ചനകള്‍ ഓരോന്നായി നീ അറിഞ്ഞുകൊണ്ടേയിരിക്കും. ഈ ദോഷത്തില്‍ നിന്നൊഴിവായവര്‍ അക്കൂട്ടത്തില്‍ തുഛമാകുന്നു. (ഇവര്‍ ഇത്രത്തോളമെത്തി കഴിഞ്ഞിട്ടുണ്ടെങ്കില്‍, ദുഷ്ടനടപടികള്‍ അവരില്‍നിന്ന് പ്രതീക്ഷിക്കേണ്ടതുതന്നെയാണ്). അതിനാല്‍ അവരോടു ക്ഷമിക്കുക. അവരുടെ ചെയ്തികളുടെ നേരെ കണ്ണടക്കുക. നിശ്ചയം, നന്മയില്‍ താല്‍പര്യമുള്ളവരെ അല്ലാഹു സ്‌നേഹിക്കുന്നുണ്ട്.’ (അല്‍-മാഇദ : 13)
‘പ്രവാചകാ, കനിവിന്റെയും വിട്ടുവീഴ്ചയുടെയും വഴി സ്വീകരിക്കുക. നല്ല കാര്യങ്ങള്‍ ഉപദേശിച്ചുകൊണ്ടിരിക്കുക. മൂഢന്മാരോടു തര്‍ക്കിക്കാതിരിക്കുക.’ (അല്‍-അഅ്‌റാഫ്: 199)
സഹിഷ്ണുതയുടെ അങ്ങേയറ്റമാണ് വിട്ടുവീഴ്ച്ചയെന്ന് പ്രത്യേകം പറയേണ്ടതില്ല. അതിനെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക. ‘പ്രവാചകന്‍, ഇവരോട് വിട്ടുവീഴ്ച ചെയ്യുക. സലാം എന്നു പറയുക. താമസിയാതെ ഇവര്‍ അറിയുന്നുണ്ട്.’ (അസ്സുഖുറുഫ് : 87)

വിട്ടുവീഴ്ച്ചയുടെയും സഹിഷ്ണുതയുടെയും ഏറ്റവും മികച്ച മാതൃകകള്‍ കൊണ്ട് നിറഞ്ഞതാണ് പ്രവാചക ജീവചരിത്രം. അതില്‍ തന്നെ ഏറ്റവും ഉയര്‍ന്ന തലമാണ് മക്കാവിജയ വേളയില്‍ നാം ദര്‍ശിക്കുന്നത്. തങ്ങളെ അക്രമിക്കുകയും ബന്ധികളാക്കുകയും യുദ്ധം ചെയ്യുകയും സ്വഭവനങ്ങളില്‍ നിന്ന് പുറത്താക്കുകയും ചെയ്തവരോടാണ് അദ്ദേഹം വിട്ടുവീഴ്ച്ച കാണിച്ചത്. സ്വതന്ത്രമായ ഒരു പഠനം തന്നെ അര്‍ഹിക്കുന്ന വിഷയമാണത്.

ഏകദൈവ വിശ്വാസത്തിന്റെ അടിത്തറ സ്ഥാപിച്ച ശേഷം പ്രസ്തുത സന്ദേശം മുഴുലോകത്തിനും പകര്‍ന്നു നല്‍കാനാണ് പ്രവാചകന്‍(സ) ചുമതലപ്പെടുത്തിയത്. അതിനെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക: ‘പ്രവാചകാ, ലോകര്‍ക്ക് അനുഗ്രഹമായിട്ടു മാത്രമാകുന്നു നാം നിന്നെ നിയോഗിച്ചിട്ടുള്ളത്.’
‘തന്റെ ദാസന്ന്, അദ്ദേഹം ലോകര്‍ക്കൊക്കെയും മുന്നറിയിപ്പുകാരനായിരിക്കാന്‍ ഈ ഫുര്‍ഖാന്‍ അവതരിപ്പിച്ചു കൊടുത്തവന്‍ അളവറ്റ അനുഗ്രഹമുടയവനത്രെ.’ (ഫുര്‍ഖാന്‍: 1)
‘ഇതാവട്ടെ സര്‍വ ലോകര്‍ക്കുമുള്ള ഉദ്‌ബോധനമാകുന്നു. അല്‍പകാലത്തിനുശേഷം അതിന്റെ ഗതി തീര്‍ച്ചയായും നിങ്ങള്‍ക്കുതന്നെ അറിയാറാകും.’ (സ്വാദ്: 87-88)
സാര്‍വലൗകിക സമത്വവും സഹിഷ്ണുതയും വിട്ടുവീഴ്ച്ചയും ഇസ്‌ലാമിന്റെ അടിസ്ഥാന സന്ദേശങ്ങളാണെന്നതിന്റെ സൂചനകളാണിവയെല്ലാം.

അക്കാരണത്താല്‍ തന്നെ ഇസ്‌ലാമിലെ വിജയങ്ങളെ സാമ്രാജ്യത്വ ശക്തികള്‍ ഭീകരതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ചരിത്രപരമായി തന്നെ യാതൊരു അടിസ്ഥാനവുമില്ലാത്ത ബന്ധിപ്പിക്കലാണത്.

വാളിനെ കുറിച്ച കള്ളം
നിരവധി പാശ്ചാത്യ എഴുത്തുകാര്‍ ഇസ്‌ലാമിനെ മനസ്സിലാക്കുകയും അതിനെ പ്രതിരോധിച്ചു കൊണ്ട് എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മാധ്യമ പ്രചരണങ്ങളുടെ ബഹളത്തില്‍ അവക്ക് വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടില്ല. തോമസ് വാകര്‍ ആര്‍നോഡിന്റെ The Preaching of Islam എന്ന വിഖ്യാത ഗ്രന്ഥം അക്കൂട്ടത്തിലെ ശ്രദ്ധേയമായ ഒന്നാണ്. വ്യത്യസ്ത ഭാഷകളിലുള്ള നൂറുകണക്കിന് സ്രോതസ്സുകളെ അവലംബിച്ച് തയ്യാറാക്കിയ ഈ ഗ്രന്ഥം വേറിട്ട ഒന്ന് തന്നെയാണ്.

ഇസ്‌ലാമിന്റെ വന്‍വിജയങ്ങള്‍ ഇസ്‌ലാമിന്റെ പ്രചാരണത്തിനായി നടത്തിയ വിശുദ്ധ യുദ്ധങ്ങളുടെ ഫലമായിരുന്നില്ല എന്നാണ് അതില്‍ അദ്ദേഹം ആണയിടുന്നത്. വിജയങ്ങളെ തുടര്‍ന്ന് വ്യാപകമായ തോതില്‍ ക്രിസ്തുമതത്തില്‍ നിന്ന് വലിയ തോതില്‍ മതപരിവര്‍ത്തനം നടന്നു. എന്നാല്‍ പൊതുവെ കരുതപ്പെടുന്നത് അറബ് ജേതാക്കളുടെ ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നു എന്നാണ്. ആര്‍നോഡ് പറയുന്നു: ക്രിസ്ത്യാനികള്‍ക്കും അറബ് മുസ്‌ലിംകള്‍ക്കുമിടയിലുണ്ടായ സ്‌നേഹ ബന്ധം ശക്തികൊണ്ടോ ആധിപത്യം കൊണ്ടോ ഉണ്ടായതല്ല. മറിച്ച് ജയിച്ചടക്കപ്പെട്ട നാട്ടിലുള്ളവരും മതവ്യക്തിതങ്ങളും ജേതാക്കളുടെ സഹിഷ്ണുതയില്‍ ആകൃഷ്ടരായതിന്റെ ഫലമായിരുന്നു അത്.

ഇസ്‌ലാമിക പ്രബോധനത്തിന്റെ ഒരുപകരരണമായി വാളിനെ ചില ക്രിസ്ത്യന്‍ ചരിത്രകാരന്‍മാര്‍ പരിചയപ്പെടുത്തുന്നുണ്ട്. പുതിയ മതത്തോടുള്ള തങ്ങളുടെ പകയും വിദ്വേഷവുമായിരുന്നു അതിന് പിന്നില്‍. അപ്രകാരം തങ്ങളുടെ മതകീയ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടതും അതിനവരെ പ്രേരിപ്പിച്ചു. നൂറ്റാണ്ടുകളോളം കാലം ക്രിസ്തുമത വിശ്വാസികളായിരുന്ന പല അറബ് ഗോത്രങ്ങളും ഇസ്‌ലാമിലേക്ക് കടന്നുവെന്നുവെന്നു ആര്‍നോഡ് വിശദീകരിക്കുന്നുണ്ട്. അത്തരത്തിലുള്ള ഗോത്രങ്ങളില്‍ പ്രമുഖ ഗോത്രമാണ് ശാം മുഴുവനും അടക്കിവാണിരുന്ന ഗസാസിന. ഈ ഗോത്രങ്ങളുടെ ഇസ്‌ലാമിലേക്കുള്ള കടന്നുവരവിനെകുറിച്ച് ഉമര്‍(റ)നെ ഉണര്‍ത്തിയപ്പോള്‍ ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ അവര്‍ക്ക് അറിയിച്ചു കൊടുക്കാനുള്ള സംവിധാനം ഒരുക്കി. ഓരോ നാട്ടിലും അധ്യാപകരെ നിശ്ചയിച്ചു കൊടുത്തു. ആളുകള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കലും ദീനിനെ കുറിച്ച് അവഗാഹമുണ്ടാക്കലുമായിരുന്നു അവരുടെ ജോലി. മുതിര്‍ന്നവരും കുട്ടികളുമായ ഇസ്‌ലാമിലേക്ക് കടന്നു വന്ന ആളുകളെ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിന് പ്രേരിപ്പിക്കാന്‍ ഗവര്‍ണര്‍മാരെയും ചുമതലപ്പെടുത്തി. പ്രത്യേകിച്ചു ജുമുഅ ദിനങ്ങളിലും റമദാന്‍ മാസത്തിലും. എന്നാല്‍ മറ്റു മതങ്ങളിലുണ്ടായിരുന്ന പോലെ അവര്‍ക്ക് മേല്‍ മതമേധാവികളെയോ പുരോഹിതന്‍മാരെയോ നിശ്ചയിച്ചില്ല. ഇസ്‌ലാമില്‍ പുരോഹിതന്‍മാര്‍ക്ക് സ്ഥാനമില്ല പണ്ഡിതന്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ജോര്‍ദാന്‍ താഴ്‌വരയില്‍ അബൂഉബൈദ(റ) സൈനിക നീക്കം നടത്തിയപ്പോള്‍, മുസ്‌ലിംകളുടെ സഹിഷ്ണുതയും അനുകമ്പയും കണ്ട് ശാമിലെ ക്രിസ്ത്യാനികള്‍ അദ്ദേഹത്തിനെഴുതി: ‘അല്ലയോ മുസ്‌ലിംകളേ, റോമിനേക്കാള്‍ നിങ്ങളാണ് ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍, അവര്‍ ഞങ്ങളുടെ മതത്തിലാണെന്നത് ശരി തന്നെ. നിങ്ങളാണ് ഞങ്ങള്‍ക്ക് ഏറ്റവും വിശ്വാസമുള്ളവരും ഞങ്ങളോട് ഏറ്റവും കരുണ കാണിക്കുന്നവരും ഞങ്ങളെ അക്രമത്തില്‍ നിന്ന് തടയുകയും എറ്റവും നന്നായി ഞങ്ങളെ ഭരിക്കുകയും ചെയ്യുന്നവര്‍.’ ബൈസന്റിയക്കാരുടെ കടുത്ത പീഢനത്തിന് ഇരയാക്കപ്പെട്ട യഅ്ഖൂബി, നസ്ത്വൂരി വിഭാഗത്തില്‍ പെട്ടവരാണ് ജയിച്ചടക്കിയ ആ പ്രദേശങ്ങളിലുണ്ടായിരുന്നത്.

ജിസ്‌യയെ കുറിച്ച അപവാദം
മുസ്‌ലിംകള്‍ക്ക് മേലുണ്ടായിരുന്ന നിര്‍ബന്ധിത സൈനിക സേവനത്തിന് പകരം മുസ്‌ലിംകളല്ലാത്തവരില്‍ നിന്ന് സ്വീകരിച്ചിരുന്ന നികുതിയായിരുന്നു ജിസ്‌യ. വളരെ തുച്ഛമായ ഒരു സഖ്യയായിരുന്നു അത്. ധനികനായ ഒരാള്‍ ഒരു വര്‍ഷത്തേക്ക് 48 ദിര്‍ഹമായിരുന്നു നല്‍കേണ്ടിയിരുന്നത്. ഇടത്തരം സാമ്പത്തിക ശേഷിയുള്ളവര്‍ 24 ഉം സാധാരണക്കാരായ ആളുകള്‍ക്ക് 12 ഉം ദിര്‍ഹമായിരുന്നു അത്. റോമാക്കാരില്‍ നിന്ന് ശാം ജനതയെ സംരക്ഷിക്കാനാവില്ലെന്ന് തോന്നിയ സന്ദര്‍ഭത്തില്‍ അബൂഉബൈദ അവിടെ നിന്നും പിരിച്ചെടുത്ത ജിസ്‌യ അവര്‍ക്ക് തന്നെ മടക്കി നല്‍കുകയാണ് ചെയ്തത്. ഉമര്‍(റ) വേദക്കാരായ ആളുകളോട് യാതൊരുവിധ വിവേചനവും കാണിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകളുണ്ട്. മറ്റ് ഖലീഫമാരും മുസ്‌ലിംകളുമെല്ലാം ക്രിസ്ത്യാനികളോട് അതേ സമീപനം തന്നെയാണ് തുടര്‍ന്നത്.

റോമിന്റെയോ പേര്‍ഷ്യയുടെയോ ഭരണത്തില്‍ കിട്ടാത്ത സ്വാതന്ത്ര്യമാണ് മുസ്‌ലിംകളുടെ വിജയത്തിന് ശേഷം കിഴക്കിലെ ക്രിസ്ത്യാനികള്‍ അനുഭവിച്ചത്.  വാളിനെയും ഭീകരതയെയും കുറിച്ച പ്രചരണങ്ങളുടെ പൊള്ളത്തരമാണ് ചരിത്ര സത്യങ്ങള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുന്നത്. കിഴക്കിലെ ചര്‍ച്ചുകള്‍ക്കുണ്ടായ ധാര്‍മികവും ആത്മീയവുമായ തകര്‍ച്ചയായിരുന്നു ക്രിസ്ത്യാനികള്‍ ഇസ്‌ലാമിലേക്ക് കടന്നു വരാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്. അവരന്വേഷിച്ചിരുന്ന തെളിഞ്ഞ ആത്മീയാന്തരീക്ഷവും ഏകദൈവത്വവും ഇസ്‌ലാമില്‍ അവര്‍ കണ്ടെത്തി.

കിഴക്കന്‍ ചര്‍ച്ചുകളില്‍ ഇസ്‌ലാമിന് പ്രചാരം ലഭിക്കാനുണ്ടായ കാരണം ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് ഗ്രീക്ക് ഹെലനിക് സ്വാധീനത്തിലൂടെ കടന്നു കൂടിയ വിഭാഗീയതയായിരുന്നുവെന്ന് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ ഓറിയന്റലിസ്റ്റുകളിലൊരാളായ കിതാനി അഭിപ്രായപ്പെടുന്നുണ്ട്. പൊതുവെ മുസ്‌ലിംകളുടെ ഭാഗത്തു നിന്നും ഇതരവിഭാഗക്കാര്‍ സഹിഷ്ണുതാപരമായ സമീപനമാണ് അനുഭവിച്ചതെങ്കിലും അപൂര്‍വായി ഇതിന്നപവാദങ്ങളും ഉണ്ടായിട്ടുണ്ട്. അബ്ബാസി ഖലീഫയായ മുതവകില്‍ തന്നെ എതിര്‍ത്തവരോടെല്ലാം വളരെ കടുത്ത സമീപനമാണ് സ്വീകരിച്ചിരുന്നത്. മുസ്‌ലിംകളും അതിന് ഇരയാക്കപ്പെട്ടിരുന്നു എന്നതാണ് വസ്തുത.

ബോഗോമിലുകളുടെ ഇസ്‌ലാം സ്വീകരണം
ആധുനിക ചരിത്രത്തില്‍ നിന്ന് ഒരുദാരഹരണം മാത്രം നിങ്ങളുടെ മുന്നില്‍ വെക്കട്ടെ. ബോസ്‌നിയക്കാരുടെ ഇസ്‌ലാം സ്വീകരണമാണത്. ബോഗോമിലുകള്‍ (Bogomiles) എന്ന പേരിലുള്ള മതവിശ്വാസം വെച്ചുപുലര്‍ത്തിയിരുന്ന സെര്‍ബുകളായിരുന്നു അവര്‍. കത്തോലിക്കാ ചര്‍ച്ച് അവരെ തങ്ങളുടെ കൂട്ടത്തിലുള്ളവരായി കണക്കാക്കിയിരുന്നില്ല. മാത്രമല്ല അവര്‍ക്കെതിരെ കുരിശു യുദ്ധങ്ങള്‍ക്ക് കല്‍പന പുറപ്പെടുവിക്കുകയും ചെയ്തു. അവരുടെ പല വിശ്വാസങ്ങളും ഇസ്‌ലാമിനോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നതായിരുന്നു എന്നതാണ് കാരണം. അവര്‍ മദ്യപാനം നിഷിദ്ധമായി കാണുകയും കന്യാമര്‍യത്തെ ആരാധിക്കാന്‍ വിസമ്മതിക്കുകയും കുരിശ് ഒരു മത ചിഹ്നമായി അംഗീകരിക്കാത്തവരുമായിരുന്നു. യേശു കുരിശിലേറ്റപ്പെട്ടിട്ടില്ല എന്നതായിരുന്നു അവരുടെ വിശ്വാസം. അതുകൊണ്ട് തന്നെ തുര്‍ക്ക് മുസ്‌ലിംകള്‍ സെര്‍ബിയയില്‍ കടന്നപ്പോള്‍ അവര്‍ ഇസ്‌ലാം സ്വീകരിച്ചു. തുടര്‍ന്ന് കൂട്ടകശാപ്പുകള്‍ക്കും ആട്ടിയോടിക്കപ്പെടുന്നതിനും അവര്‍ ഇരയാക്കപ്പെട്ടു. അവരുടെ സ്ത്രീകള്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടു. പാശ്ചാത്യ ചരിത്രത്തിലെ കറുത്ത പാടായി ഇന്നും ആ സംഭവം അവശേഷിക്കുന്നു. അതിനെയാരും ഭീകരതയെന്നോ അതുപോലുള്ള മറ്റെന്തെങ്കിലും പേരോ നല്‍കി വിശേഷിപ്പിച്ചില്ല.

Related Articles