Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റെ സ്ത്രീ വിമോചനം

woman1.jpg

സ്ത്രീ വിമോചനത്തിലും അവളോടുള്ള നീതിയിലും സമത്വത്തിലും പുതിയ തത്വശാസ്ത്രം സ്ഥാപിക്കുകയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളത്. പരസ്പര പൂരകങ്ങളായ രണ്ട് ഭാഗങ്ങള്‍ക്കിടയിലെ സമത്വമാണത്. പരസ്പരം ചേര്‍ച്ചയില്ലാത്ത രണ്ട് തുല്യഭാഗങ്ങള്‍ക്കിടയിലെ സമത്വമല്ല അത്.

പിശാചിന്റെ പ്രേരണക്കടിപ്പെട്ട് തെറ്റ് ചെയ്തതും പശ്ചാത്തപിച്ചതും ആദമും ഹവ്വയും ഒരുമിച്ചായിരുന്നു എന്ന പ്രഖ്യാപനത്തിലൂടെ ആദ്യപാപത്തിന്റെ പേരിലുള്ള ശാപത്തില്‍ നിന്ന് അവളെ മോചിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. അക്കാര്യത്തില്‍ ഹവ്വയേക്കാള്‍ ഉത്തരവാദിത്വം ആദമിനാണെന്നും ഇസ്‌ലാം സൂചിപ്പിക്കുന്നു. ”പിന്നീട് ആദമിനോടു നാം പറഞ്ഞു: ‘നീയും പത്‌നിയും സ്വര്‍ഗത്തില്‍ വസിച്ചുകൊള്ളുക. നിങ്ങള്‍ അതില്‍നിന്ന് യഥേഷ്ടം സുഭിക്ഷമായി ആഹരിച്ചുകൊള്‍ക. പക്ഷേ, ഈ വൃക്ഷത്തോടടുക്കരുത്. അടുത്തുപോയാല്‍ നിങ്ങള്‍ അതിക്രമകാരികളുടെകൂട്ടത്തില്‍ പെട്ടുപോകും.’ ഒടുവില്‍ പിശാച് അവരിരുവരിലും ആ വൃക്ഷത്തോട് മോഹം ജനിപ്പിച്ച്, നമ്മുടെ കല്‍പന പാലിക്കുന്നതില്‍നിന്ന് തെറ്റിച്ചു. അവരെ തങ്ങളുടെ നിലവിലുള്ള അവസ്ഥയില്‍നിന്ന് പുറംതള്ളുകയും ചെയ്തു.” (അല്‍ബഖറ: 35, 36)
”അല്ലയോ ആദമേ, നീയും നിന്റെ ഭാര്യയും ഈ സ്വര്‍ഗത്തില്‍ വസിച്ചുകൊള്ളുക. ഇരുവരും ഇഷ്ടമുള്ളതൊക്കെയും ഭുജിച്ചുകൊള്ളുക. പക്ഷേ, ഈ വൃക്ഷത്തോട് അടുക്കരുത്. അടുത്താല്‍ നിങ്ങള്‍ അക്രമികളില്‍ പെട്ടുപോകും.” (അല്‍അഅ്‌റാഫ്: 19)
”നാം ഇതിനുമുമ്പ് ആദമിന് ഒരു ശാസനം നല്‍കിയിരുന്നു.പക്ഷേ, അദ്ദേഹമതു മറന്നുപോയി. നാം അദ്ദേഹത്തില്‍ നിശ്ചയദാര്‍ഢ്യം  കണ്ടില്ല.” (ത്വാഹ: 115)

ആദമിന്റെ വളഞ്ഞ വാരിയെല്ലില്‍ നിന്നാണ് ഹവ്വയെ സൃഷ്ടിച്ചതെന്ന അഥവാ ‘സ്ത്രീ പുരുഷനില്‍ നിന്നാണ്, പുരുഷന്‍ സ്ത്രീയില്‍ നിന്നല്ല’ എന്ന മതചിന്ത നിലനിന്നിരുന്നിടത്തേക്കാണ് ഒരൊറ്റ ആത്മാവില്‍ നിന്നാണ് അവര്‍ ഇരുവരെയും സൃഷ്ടിച്ചിട്ടുള്ളതെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇസ്‌ലാം വരുന്നത്. ”അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍ നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതുംഅവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു.” (അര്‍റൂം: 21)
”ഒരൊറ്റ ആത്മാവില്‍നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവന്‍.” (അന്നിസാഅ്: 1)
”ഒരൊറ്റ ആത്മാവില്‍ നിന്നു നിങ്ങളെ സൃഷ്ടിച്ചതും അവനാകുന്നു.” (അല്‍അന്‍ആം: 98)
”സ്ത്രീയാവട്ടെ പുരുഷനാവട്ടെ, നിങ്ങളില്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍പെട്ടവരാണല്ലോ.” (ആലുഇംറാന്‍: 195)
”അവര്‍ നിങ്ങള്‍ക്ക് വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു.” (അല്‍ബഖറ: 187)
”്‌നിങ്ങള്‍ പരസ്പരം ചേരുകയും അവര്‍ നിങ്ങളില്‍നിന്ന് ബലിഷ്ഠമായ പ്രതിജ്ഞ വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ നിങ്ങളതു തിരിച്ചുവാങ്ങിക്കുന്നതിനെന്തു ന്യായം?” (അന്നിസാഅ്: 21)

പൊതുഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന സ്ത്രീകള്‍ക്ക് ഇസ്‌ലാം അവയില്‍ പുരുഷനൊപ്പം പങ്കാളിത്തം നല്‍കി. ”സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം രക്ഷാധികാരികളാകുന്നു.” (അത്തൗബ: 71) ഒന്നാമതായി ഇസ്‌ലാം സ്വീകരിച്ചത് ഖദീജയെന്ന ഒരു സ്ത്രീയായിരുന്നു. അപ്രകാരം ഇസ്‌ലാമിലെ ഒന്നാമത്തെ രക്തസാക്ഷിയായ സുമയ്യ ബിന്‍ത് ഖയ്യാത്തും ഒരു പെണ്ണായിരുന്നു.

ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിന് അടിത്തറ പാകിയ അഖബ ഉടമ്പടിയില്‍ രണ്ട് സ്ത്രീകളും പങ്കെടുത്തിരുന്നു. അന്‍സാരി വനിതകളായ ഉമ്മു അമ്മാറ നുസൈബ ബിന്‍ത് കഅ്ബ്, അസ്മാഅ് ബിന്‍ത് യസീദ് ബിന്‍ സകന്‍ എന്നിവരാണവര്‍. അതിലൂടെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള രാഷ്ട്രീയ പ്രാതിനിധ്യമാണ് നല്‍കപ്പെട്ടത്. ഇസ്‌ലാമില്‍ പ്രവേശിക്കുന്നതിന് സ്ത്രീകള്‍ക്ക് സ്വതന്ത്രമായ അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ഉണ്ടായിരുന്നു. സാമ്പത്തിക രംഗത്തും അവള്‍ക്ക് സ്വതന്ത്രമായ ഉത്തരവാദിത്വം ഇസ്‌ലാം വകവെച്ചു നല്‍കി.

മതപരമായ ഉത്തരവാദിത്വങ്ങളും അവള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. അവര്‍ ഹദീസുകള്‍ റിപോര്‍ട്ട് ചെയ്യുകയും പുരുഷന്‍മാരെ പോലെ കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഫത്‌വകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രസംഗപീഠങ്ങളെ വിറപ്പിച്ച സ്ത്രീ പ്രാസംഗികര്‍ അവരിലുണ്ടായിരുന്നു. നബി(സ)യോട് തര്‍ക്കിച്ച സ്ത്രീയുടെ സംഭാഷണം അല്ലാഹു കേള്‍ക്കുകയും അതിന് ഖുര്‍ആനില്‍ ഇടം നല്‍കുകയും ചെയ്തിട്ടുണ്ട്. ഉഹ്ദ് യുദ്ധത്തില്‍ പതറാതെ അടിയുറച്ച് നിലകൊണ്ടവര്‍ക്കൊപ്പം സ്ത്രീകളുമുണ്ടായിരുന്നു.

പ്രവാചകന്‍(സ)യുടെ കാലത്ത് സംറാഅ് ബിന്‍ നുഹൈകിനെയും ഉമര്‍ ബിന്‍ അല്‍ഖത്താബിന്റെ കാലത്ത് ശിഫാ ബിന്‍ത് അബ്ദുല്ലയെയും മാര്‍ക്കറ്റിന്റെ മേല്‍നോട്ട ചുമതല ഏല്‍പിച്ചത് സാമ്പത്തിക ഉത്തരവാദിത്വം നല്‍കിയതിന്റെ ഉദാഹരണങ്ങളാണ്.

നബി(സ) ഇഹലോകവാസം വെടിയുമ്പോള്‍ ഇസ്‌ലാമില്‍ പ്രവേശിച്ചവരുടെ എണ്ണം 124000 ആയിരുന്നു. അതില്‍ പ്രവാചകന്റെ ശിക്ഷണത്തില്‍ വളര്‍ന്ന പ്രമുഖര്‍ എണ്ണായിരത്തോളമാണെന്ന് പണ്ഡിതന്‍മാര്‍ കണക്കാക്കിയിട്ടുണ്ട്. അതില്‍ ആയിരത്തിലേറെ സ്ത്രീകളാണ്. സ്ത്രീ നേതൃത്വത്തിന്റെ കാര്യത്തില്‍ ചരിത്രത്തില്‍ മറ്റെവിടെയും കാണാത്ത ഉയര്‍ന്ന നിരക്കാണത്. അവര്‍ ദീനിന്റെ സംസ്ഥാപനത്തിലും ഹിജ്‌റയിലും രാഷ്ട്രസ്ഥാപനത്തിലും ചരിത്രം നിര്‍മിക്കുന്നതിലും പങ്കാളികളായി. ഇത്തരത്തിലാണ് ഇസ്‌ലാം സ്ത്രീയെ വിമോചിപ്പിച്ചത്. ചരിത്രത്തില്‍ നൂറ്റാണ്ടുകളോളം സ്ത്രീയെ അപമാനിക്കുകയും നിന്ദിക്കുകയും പാര്‍ശ്വവല്‍കരിക്കുകയും സ്ത്രീ വിമോചന ആശയത്തിന്റെ ഏടുകള്‍ അവസാനിപ്പിക്കുകയാണത് ചെയ്തത്.

വിവ: നസീഫ്

Related Articles