Current Date

Search
Close this search box.
Search
Close this search box.

അല്‍-ഇദ്‌രീസിയുടെ ലോകം

idrisi.jpg

ഭൂപട നിര്‍മാണം ആദ്യകാലത്ത് ഒരു ശാസ്ത്രമെന്നതിനേക്കാള്‍ ഒരു കലയായാണ് പരിഗണിക്കപ്പെട്ടിരുന്നത്. ഭൂമിയുടെ ആകൃതിയോ ഭൂഖണ്ഡങ്ങളുടെ കിടപ്പോ കണക്കാക്കാന്‍ സാധിക്കാതിരുന്ന അക്കാലത്ത് സഞ്ചാരങ്ങളിലൂടെ ലഭിക്കുന്ന ഏകദേശ ചിത്രവും അനുമാനങ്ങളുമാണ് ഭൂപടങ്ങള്‍ക്ക് ആസ്പദമാക്കിയിരുന്നത്. നിരവധി പരിമിതികള്‍ക്കകത്ത് നിന്നും ആധുനിക ലോകഭൂപടങ്ങള്‍ക്ക് സമാനമായ ചിത്രം ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചത് 12-ാം നൂറ്റാണ്ടിലെ മുസ്‌ലിം സഞ്ചാരിയും ഭൂമിശാസ്ത്രകാരനുമായിരുന്ന അല്‍-ഇദ്‌രീസിയായിരുന്നു. ഏ.ഡി 1099-ല്‍ ആധുനിക സ്‌പെയിനിലെ ക്വെറ്റയില്‍ ജനിച്ച അദ്ദഹേത്തിന്റെ പൂര്‍ണനാമം മുഹമ്മദ് അബ്ദുല്ലാഹ് ബിന്‍ ഇദ്‌രീസ് അല്‍ ഹമൂദി അല്‍ ഹസനി എന്നാണ്. മൊറോക്കന്‍ വേരുകളുള്ള കുലീന ബെര്‍ബര്‍ കുടുംബത്തിലാണ് അല്‍-ഇദ്‌രീസി ജനിച്ചത്.

ഇസ്‌ലാമിക് സ്‌പെയിനിലെ വിഖ്യാത നഗരമായിരുന്ന കൊര്‍ദോവയിലായിരുന്നു അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കവിത, വൈദ്യശാസ്ത്രം എന്നിവയില്‍ വളരെ തല്‍പരനായിരുന്ന ഇദ്‌രീസി വലിയൊരു യാത്രാപ്രിയന്‍ കൂടിയായിരുന്നു. അന്ന് ഇസ്‌ലാമിക ഖിലാഫത്ത് വ്യാപിച്ചിരുന്ന എല്ലാ നാടുകളിലും ഇദ്‌രീസിയും ചെന്നെത്തി. സിസിലിയിലെ നോര്‍മന്‍ രാജാവായ റോജര്‍ രണ്ടാമന്‍ ഇദ്‌രീസിയുടെ പ്രതിഭയെ തിരിച്ചറിയുകയും അദ്ദേഹത്തെ തന്റെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇദ്‌രീസിയെ പോലെ തന്നെ വൈജ്ഞാനിക കുതുകിയായ രാജാവിന് ഒരു നല്ല സുഹൃത്തിനെയാണ് ഇദ്‌രീസിയുടെ വരവോടെ ലഭിച്ചത്. അല്‍-ഇദ്‌രീസിയുടെ സഞ്ചാരങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും രാജാവ് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

1154-ല്‍ റോജര്‍ രണ്ടാമന്‍ മരണപ്പെട്ടതിന് ശേഷം ലോകഭൂപടം ആലേഖനം ചെയ്ത ഒരു വെള്ളി ഗോളം അല്‍-ഇദ്‌രീസി നിര്‍മിക്കുകയുണ്ടായി. രാജാവിന് സമര്‍പ്പിച്ചുകൊണ്ട് ‘കിതാബു നുസ്ഹത്തുല്‍ മുശ്താഖ് ഫീ ഇഖ്തിറാകുല്‍ ആഫാഖ്’ എന്ന വിജ്ഞാനകോശവും അദ്ദേഹം രചിച്ചു. 1592-ല്‍ റോമില്‍ അച്ചടിച്ച ഒരു പുസ്തകത്തിലാണ് ഇദ്‌രീസിയുടെ ഭൂപടം യൂറോപ്പില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 1619-ല്‍ അത് ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നും പൂര്‍ണമായി ഈ കയ്യെഴുത്തുപ്രതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. ഇദ്‌രീസിയുടെ ഭൂപടമാണ് അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ തേടിയുള്ള കൊളംബസിന്റെ യാത്രക്ക് പ്രേരകമായത്. ഭൂമി ഗോളമാണെന്ന് വാദിച്ചിരുന്ന ഇദ്‌രീസിയോട് സമുദ്രമെങ്ങനെ ഗോളപ്രതലത്തില്‍ നില്‍ക്കുന്നു എന്ന് ആളുകള്‍ ചോദിക്കുമായിരുന്നു. അതിന് അദ്ദേഹം നല്‍കിയ മറുപടി, ഏറ്റക്കുറച്ചിലില്ലാത്ത ഒരു സന്തുലിതാവസ്ഥയാണ് ഈ ജലാശയങ്ങളെ പിടിച്ചുനിര്‍ത്തുന്നത് എന്നായിരുന്നു. ഗുരുത്വാകര്‍ഷണ ബലത്തെ കുറിച്ചുള്ള ഒരു അനുമാനം ഈ മറുപടിയില്‍ കാണാം.

‘കിതാബുല്‍ മമാലിക് വല്‍ മസാലിക്’, ‘ജിബാലുല്‍ ഖമര്‍’ എന്നിവയും അദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥങ്ങളാണ്. നൈജര്‍, സുഡാന്‍ എന്നീ പ്രദേശങ്ങളിലെ ഭൂമിശാസ്ത്ര വിജ്ഞാനീയങ്ങളടങ്ങിയതാണ് കിതാബുല്‍ മമാലിക് വല്‍ മസാലിക്. ജിബാലുല്‍ ഖമറില്‍ നൈല്‍ നദിയുടെ ഉത്ഭവ സ്ഥാനം കിഴക്കന്‍ ആഫ്രിക്കയിലാണെന്ന് ഇദ്‌രീസി പ്രവചിച്ചിരിക്കുന്നതായി കാണാം. എന്നാല്‍ 19-ാം നൂറ്റാണ്ടില്‍ മാത്രമാണ് യൂറോപ്യന്‍മാര്‍ നൈല്‍ നദിയുടെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നത്. ഭൂമിശാസ്ത്രത്തിന് പുറമേ ഔഷധച്ചെടികളെ കുറിച്ചും ഇദ്‌രീസി ഗ്രന്ഥം രചിക്കുകയുണ്ടായി. തന്റെ ദീര്‍ഘയാത്രകളില്‍ പരിചയപ്പെട്ടതും മനസ്സിലാക്കിയതുമായ ധാരാളം ഔഷധച്ചെടികളെ കുറിച്ച് സവിസ്തരം അദ്ദേഹം ‘കിതാബുല്‍ ജാമിഅ് ലിസിഫാത്തി അശ്താത്തിന്നബാത്ത്’ എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു. സിറിയന്‍, ഗ്രീക്ക്, പേര്‍ഷ്യന്‍, ലാറ്റിന്‍, ബെര്‍ബര്‍, ഹിന്ദുസ്ഥാനി ഭാഷകളില്‍ അദ്ദേഹം ചെടികളെ നാമകരണം ചെയ്തിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. അതുപോലെ ജന്തുശാസ്ത്രത്തിലും സസ്യശാസ്ത്രത്തിലും അദ്ദേഹം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി.

‘അന്ധകാര സമുദ്രം’ എന്നറിയപ്പെട്ടിരുന്ന അറ്റ്‌ലാന്റിക്കില്‍ കപ്പലോടിക്കാന്‍ യൂറോപ്യന്മാര്‍ക്ക് ധൈര്യവും കരുത്തും പകര്‍ന്നത് ഇദ്‌രീസിയുടെ രചനകളായിരുന്നു. പോര്‍ച്ചുഗീസുകാരും സ്‌പെയിന്‍കാരും പുതിയ ഭൂമികകള്‍ തേടി പര്യവേക്ഷണങ്ങള്‍ ആരംഭിച്ചതും അതിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇദ്‌രീസിയുടെ രചനകള്‍ പ്രസിദ്ധീകരിച്ച പല യൂറോപ്യന്‍ പ്രസാധകരും അദ്ദേഹത്തിന്റെ രചനകളായല്ല അവ പ്രസിദ്ധീകരിച്ചത്. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ കയ്യെഴുത്തു പ്രതികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അതിന്റെ പകര്‍പ്പുകളായി ലാറ്റിനിലും മറ്റ് യൂറോപ്യന്‍ ഭാഷകളിലും വന്ന കയ്യെഴുത്തുപ്രതികളൊക്കെ യൂറോപ്യന്‍മാര്‍ക്കാണ് ഈ ഭൂപടങ്ങളുടെ കുത്തകാവകാശം വകവെച്ചു നല്‍കിയത്. ഇദ്‌രീസിയുടെ രചനകള്‍ അവലംബിച്ച് പലരും പ്രഗത്ഭ ഭൂമിശാസ്ത്രകാരന്മാരും പര്യവേക്ഷകന്മാരുമായി പേരെടുത്തു. എന്നാല്‍ ഇദ്‌രീസി എന്ന പ്രതിഭയുടെ രചനകള്‍ വെളിച്ചത്തു വരുന്നതും പഠിക്കപ്പെടുന്നതും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മാത്രമാണ്.

വിവ: അനസ് പടന്ന

Related Articles