Current Date

Search
Close this search box.
Search
Close this search box.

കർഷകവിരുദ്ധമായ ബ്രാഹ്മണിസം -1

ചൈനയിൽ ബി.സി 770നും ബി.സി 221നും ഇടയിൽ അഗ്രികൾച്ചറിസം എന്നൊരു ദാർശനിക വിദ്യാലയം ഉണ്ടായിരുന്നു. ആ തത്ത്വചിന്തയ്ക്കു നൂതനമായ വിശദീകരണം നൽകികൊണ്ട് അതിനെ പ്രതിനിധീകരിച്ച പ്രധാന തത്തത്വചിന്തകനായിരുന്നു സൂ സിൻങ് ( ബിസി 372-289). ആളുകളുടെ സ്വഭാവരൂപീകരണം മറ്റേതിനേക്കാളും കൃഷിയെ അടിസ്ഥാനമാക്കിയാണ് എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന തത്വചിന്ത. ബി.സി മൂന്ന്, നാല് നൂറ്റാണ്ടുകളോടെ ചൈനീസ് സമൂഹം ഇടയൻമാരുടെ നാടോടി ജീവിതത്തിൽ നിന്ന് പുറത്തുകടക്കുകയും അഗ്രികൾച്ചറിസത്തിന്റെ ശക്തമായ പിന്തുണയോടെ കാർഷിക ഉൽപാദനത്തിലേക്ക് സ്ഥിരമായി നീങ്ങുകയും ചെയ്തു. സൂ സിൻങിന്റെ ദാർശനിക മണ്ഡലത്തിൽ കൃഷിക്കാരൻ ‘ദിവ്യ കർഷകൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്. മതപ്രബോധകനേക്കാൾ ഉയർന്ന ബഹുമാനാദരവുകളോടെയാണ് ദിവ്യ കർഷകൻ പരിഗണിക്കപ്പെട്ടിരുന്നത്.

ഇന്ത്യയിൽ കർഷകന് അത്തരമൊരു പദവി ഒരിക്കലും ലഭിച്ചിട്ടില്ല. അഗ്രികർച്ചറിസം എന്താണെന്ന് അറിയാത്ത ഒരു ബ്രാഹ്മണ പുരോഹിതന് കാർഷിക സമൂഹത്തിലും ഉന്നത സ്ഥാനം ലഭിച്ചു. അഗ്രികൾച്ചറിസ്റ്റുകളെ അഥവാ കർഷകരെ ശൂദ്രൻമാരായാണ് ബ്രാഹ്മണ പുരോഹിതൻമാർ കണക്കാക്കിയത്, ദാർശനികവും ആദരണീയവുമായ ദിവ്യ പദവി നേടാൻ കർഷകരെ അവർ ഒരിക്കലും അനുവദിച്ചില്ല. ശൂദ്രൻമാർ അവരുടെ കാർഷിക ആത്മീയ ദൈവങ്ങളെ ആവിഷ്കരിച്ചിരുന്നുവെങ്കിലും ആ ദൈവങ്ങളെ അയോഗ്യരായാണ് ബ്രാഹ്മണ സാഹിത്യത്തിൽ കാണിക്കപ്പെട്ടത്. അങ്ങനെ ഉൽപ്പാദനം സ്വയം തന്നെ വിലകുറഞ്ഞ കാര്യമായി കണക്കാക്കുകയും, അതിന് തത്ത്വചിന്താപരമായ പ്രധാന്യം കരസ്ഥമാക്കാൻ അനുവദിക്കുകയും ചെയ്തില്ല.

അഗ്രികൾച്ചറിസം ഒരു ദാർശനിക ചിന്താസരണി എന്ന നിലയിൽ തൊഴിൽ വിഭജനത്തെ എതിർത്തു, അത് ചൈനയിൽ ‘ഷെന്നോംഗ്’ എന്നൊരു ആശയം മുന്നോട്ടുവെച്ചു, ‘കാർഷിക, സാമുദായിക, സമത്വ’ വ്യവസ്ഥയിൽ ആളുകൾ ജീവിക്കണം എന്നതായിരുന്നു അതിന്റെ സത്താപരമായ അർഥം.

Also read: ദേശാതിർത്തികൾക്കുള്ളിൽ മനുഷ്യൻ

കൺഫ്യൂഷനിസം ഈ ചിന്താധാരയെ എതിർത്തു, കൂടാതെ തൊഴിൽ വിഭജനവും പ്രവർത്തന നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ ശ്രേണിബദ്ധ സമൂഹത്തിന്റെ സംസ്ഥാപനവും നിർദ്ദേശിച്ചു. അഗ്രികൾച്ചറിസ്റ്റ് ചിന്താധാര ദാർശനിക പിടിവാശിയുള്ള ഒരു ചിന്താധാരയായിരുന്നില്ല. കാർഷിക ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ‘നൂറുകണക്കിന് ചിന്താധാരകളെ’ അത് പ്രോത്സാഹിപ്പിച്ചിരുന്നു. ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ധൃതുക്കൾ, വിത്തുകൾ, വിളരീതികൾ, വിതയ്ക്കൽ രീതികൾ, കളനിയന്ത്രണം, വിളവെടുപ്പ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള കർഷകർക്കിടയിലെ സ്വതന്ത്ര ചർച്ച ഈ നൂറു കണക്കിന് ചിന്താധാരകളുടെ ഭാഗമായിരുന്നു. മനുഷ്യ സമൂഹത്തെയും ദൈവത്തെയും അവർ തമ്മിലുള്ള ബന്ധത്തെയും കുറിച്ചുള്ള സംവാദങ്ങളും പ്രോത്സാഹിപ്പിക്കപ്പെട്ടു. എല്ലാ കാർഷിക സമൂഹങ്ങളും ദൈവത്തെ പ്രതിനിധീകരിക്കുന്നതിനും ദൈവികതയെ കുറിച്ചുള്ള അവരുടെ അമൂർത്തമായ ആശയങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ദിവ്യദേവതകളെ നിർമിച്ചു. ചൈനീസ് സമൂഹം അവരുടെ ആഴമേറിയ കാർഷിക നാഗരിക വളർച്ചയുടെ ഭാഗമായി വളരെക്കാലം പ്രകൃതി ആരാധനയിൽ വിശ്വസിച്ചിരുന്നു.

ഈ ചൈനീസ് കാർഷിക തത്ത്വചിന്തയാണ് പിന്നീട് കൺഫ്യൂഷനിസം, താവോയിസം, ലീഗലിസം തുടങ്ങിയ പോസിറ്റീവ് ചിന്താധാരകളെ സൃഷ്ടിക്കുകയും ബുദ്ധമതത്തെ ഉൾക്കൊള്ളുകയും ചെയ്തത്. എന്നാൽ അതൊരിക്കലും ഇന്ത്യൻ തരമായ ബ്രാഹ്മണിസത്തെ (ഹിന്ദുയിസം) ആ രാജ്യത്ത് വേരുറപ്പിക്കാൻ അനുവദിച്ചില്ല. ഉപഭൂഖണ്ഡത്തിലേക്കുള്ള ആര്യൻമാരുടെ മൂന്നാമത്തെ കുടിയേറ്റ തരംഗത്തിനു ശേഷം ഉയർന്നുവന്ന ഇന്ത്യൻ ബ്രാഹ്മണിസം (ടോണി ജോസഫ്, 2018), ഹാരപ്പൻ നാഗരികതയിൽ നിലനിന്നിരുന്ന കാർഷിക തത്ത്വചിന്തയുടെ വേരുകളെ എങ്ങനെ നശിപ്പിച്ചുവെന്ന് നമുക്ക് ഇപ്പോൾ കാണാൻ കഴിയും. എന്റെ അനുമാനത്തിൽ, ഹാരപ്പൻ കാലഘട്ടത്തിൽ അഗ്രികൾച്ചറിസം ഇല്ലായിരുന്നുവെങ്കിൽ കാർഷിക മിച്ചോൽപ്പാദനം നടക്കാനും നഗര നാഗരികത കെട്ടിപ്പടുക്കാനുമുള്ള ഒരു തലത്തിലേക്ക് കാർഷികരംഗം വളരുകയില്ലായിരുന്നു.

Also read: മുഹമ്മദിനെ അൽഫാതിഹാക്കിയ മാതാവ് ഹുമാ ഖാതൂൻ

എന്നിരുന്നാലും, ബി.സി രണ്ടാം നൂറ്റാണ്ടിൽ ചൈന ഭരിച്ചിരുന്ന ക്വിൻ രാജവംശം ലീഗലിസത്തിൽ (നിയമവാദം) വിശ്വസിച്ചിരുന്നതിനാൽ, അഗ്രികൾച്ചറിസ്റ്റ് തത്ത്വചിന്തയെ എതിർക്കുകയും അതിന്റെ പല ഗ്രന്ഥങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു. മനുഷ്യനെ മനുഷ്യനായി ബഹുമാനിക്കുന്ന ഒരു നിയമത്തിലും വിശ്വസിക്കാത്ത ഇന്ത്യൻ ബ്രാഹ്മണിസത്തേക്കാൾ വളരെയധികം പുരോഗമനപരമായിരുന്നു ലീഗലിസം.

അഗ്രികൾച്ചറിസ്റ്റുകൾ ആയിരുന്നെങ്കിലും, ദാർശനിക വ്യവഹാര എഴുത്തുകൾ ഒന്നും തന്നെ അവശേഷിപ്പിച്ചിട്ടില്ലാത്ത പൗരാണിക ഇന്ത്യൻ ശൂദ്രരിൽ നിന്നും വ്യത്യസ്തമായി, ചൈനീസ് അഗ്രികൾച്ചറിസ്റ്റുകൾ മികച്ച എഴുത്തുകാരും തത്ത്വചിന്തകരുമായിരുന്നു. ചൈനയിൽ വർണ-ജാതി സമ്പ്രദായം ഇല്ലാതിരുന്നതിനാൽ പുരാതന കാലം മുതൽ തന്നെ ഓരോരുത്തർക്കും വായിക്കാനും എഴുതാനുമുള്ള അവകാശമുണ്ടായിരുന്നു, അതിനാൽ എല്ലാ തൊഴിൽ ശക്തികളുടെയും രചനകൾ ക്വിൻ രാജവംശം അട്ടിമറിക്കപ്പെട്ടതിനു ശേഷം വന്ന ഭരണാധികാരികളാൽ സംരക്ഷിക്കപ്പെട്ടു. ചൈനീസ് കാർഷിക വികസനത്തിന്റെയും ഇന്ത്യൻ കാർഷിക അവികസത്തിന്റെയും വേരുകൾ ഇവിടെയാണ്.

കാർഷിക തത്ത്വചിന്തയെ കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങൾ ക്വിൻ ഭരണാധികാരികൾ അഗ്നിക്കിരയാക്കിയെങ്കിലും, അതിനെ അതിജീവിച്ച കൃതികൾ ചൈനീസ് നാഗരികതയെ എന്നെന്നേക്കുമായി സ്വാധീനിച്ചു. നിർഭാഗ്യവശാൽ, അത്തരമൊരു ദാർശനിക സ്വാധീനം ഉണ്ടാക്കാൻ ഇന്ത്യൻ ശൂദ്ര കർഷകർക്ക് കഴിഞ്ഞിട്ടില്ല, കാരണം ശൂദ്ര കർഷകരെ ചിന്തകരായും എഴുത്തുകാരായും ഉയർന്നുവരാൻ പുരാതന, മധ്യകാലഘട്ടങ്ങളിലെ ബ്രാഹ്മണർ അനുവദിച്ചിരുന്നില്ല. ഒരിക്കൽ ബ്രാഹ്മണിസം ശൂദ്രരെ അടിമകളാക്കുകയും നിരക്ഷരതയിൽ തളച്ചിടുകയും ചെയ്തതോടെ ശൂദ്രരുടെ ദാർശനിക വളർച്ച മുരടിക്കപ്പെട്ടു. ബ്രാഹ്മണ വേദങ്ങൾ, ഉപനിഷത്തുകൾ, രാമായണം, മഹാഭാരതം, കൗടില്ല്യന്റെ അർഥശാസ്ത്രം, മനുവിന്റെ ധർമശാസ്ത്രം എന്നിവ കൃഷിയെ കുറിച്ച് യാതൊന്നും പരാമർശിക്കുന്നില്ല, എന്നിട്ടും ഇന്ത്യൻ നാഗരികതയുടെയും സംസ്കാരത്തിന്റെയും ഉറവിടമായാണ് പ്രസ്തുത പുസ്തകങ്ങളെ ഇന്ത്യൻ എഴുത്തുകാർ കണക്കാക്കുന്നത്. ഈ പുസ്തകങ്ങൾക്കൊന്നും തന്നെ കാർഷികസംസ്കാരവുമായി യാതൊരു ബന്ധവുമില്ല.

ഇന്ത്യൻ ദാർശനിക പരിണാമത്തിന്റെ ഒരു ഘട്ടത്തിലും അഗ്രികൾച്ചറിസത്തെ ഒരു ദാർശനിക ചിന്താധാരയായി വേരൂന്നാൻ അനുവദിച്ചില്ല എന്നതാണ് ഇന്ത്യയുടെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന്.

Also read: റോബർട്ട് ക്രേൻ : വൈറ്റ് ഹൗസിൽ നിന്ന് ഇസ്ലാമിന് സംരക്ഷകൻ

18, 19 നൂറ്റാണ്ടുകളിൽ ചൈനയിൽ നിന്നും അഗ്രികൾച്ചറിസ്റ്റ് തത്ത്വചിന്ത യൂറോപ്പ് കടമെടുക്കുമ്പോൾ ഇന്ത്യൻ ചിന്ത അപ്പോഴും ബ്രാഹ്മണിസത്തിന്റെ പിടിയിലായിരുന്നു. സ്വന്തം ബദൽ ചിന്ത വികസിപ്പിക്കാൻ ശൂദ്ര കർഷകർ അനുവദിക്കപ്പെട്ടിരുന്നില്ല. 19ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കൃഷിയുടെയും കർഷകന്റെയും പ്രാധാന്യം ഉയർത്തിപിടിച്ച ആദ്യത്തെ ശൂദ്ര ചിന്തകനായിരുന്നു മഹാത്മാ ജ്യോതിറാവു ഫൂലെ. ശൂദർക്ക് ദാർശനിക പദവി നിഷേധിക്കപ്പെട്ടതായും കേലം അടിമകളുടെ (ഗുലാം) പദവിയിലേക്ക് ചുരുക്കപ്പെട്ടതായും ഫൂലെ മനസ്സിലാക്കി. അടിമയായിരിക്കുന്നിടത്തോളം ഒരു അടിമയ്ക്കും സ്വന്തമായി ഒരു ദാർശനിക ചിന്താധാര നിർമിക്കാൻ കഴിയില്ല. അതിനാൽ ശൂദ്ര കർഷനെ കേന്ദ്രമാക്കി അദ്ദേഹം ഗുലാംഗിരി എഴുതി. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ചിന്തകൾ ചൈനീസ് ചിന്താധാരയെ പോലെ സമ്പൂർണ അഗ്രികൾച്ചറിസത്തിലേക്ക് വളർന്നില്ല, കാരണം നിരവധി രചനകളോടെ ഒരു ചിന്താധാര കെട്ടിപ്പടുക്കുന്നതിനുള്ള ചരിത്ര പൈതൃകം അദ്ദേഹത്തിനുണ്ടായിരുന്നില്ല. വ്യവസ്ഥാപിതമായ ഒരു രചനാസമ്പത്തിലാതെ ഒരു ചിന്താധാരയും വികസിക്കുകയില്ല.

(തുടരും)

(കാഞ്ച ഐലയ്യ ഷെപ്പോർഡ് ഒരു പൊളിറ്റിക്കൽ തിയറിസ്റ്റും സാമൂഹിക പ്രവർത്തകനും ചിന്തകനുമാണ്)

വിവ- അബൂ ഈസ

Related Articles