Current Date

Search
Close this search box.
Search
Close this search box.

കർഷകവിരുദ്ധമായ ബ്രാഹ്മണിസം – 2

ഇന്ത്യയിൽ ലിഖിത ചരിത്രത്തിലുടനീളം ഒരു കാർഷിക വിരുദ്ധ ബ്രാഹ്മണിസം അധികാരത്തിലുണ്ടായിരുന്നു. കാർഷികോത്പാദനത്തിൽ ഏർപ്പെട്ടിരുന്ന ഒരേയൊരു ജാതിയാണ് ശുദ്രജാതി. അവരെ വായിക്കാൻ അനുവദിച്ചിരുന്നില്ല, അടിസ്ഥാനപരമായ മനുഷ്യാന്തസ്സും ആത്മീയാസ്തിത്വവും അവർക്ക് നിഷേധിക്കപ്പെട്ടിരുന്നു. കാർഷിക വികസനം കൃഷി ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും അത് സ്വഭാവികമായും സ്വന്തം തത്ത്വചിന്തയെ വികസിപ്പിക്കുന്നുണ്ട്. ആ തത്ത്വചിന്ത ലിഖിതരൂപത്തിൽ ക്രോഡീകരിക്കപ്പെടുമ്പോൾ മാത്രമേ തലമുറകളിൽ നിന്ന് തലമുറകളിലേക്കും കാലങ്ങളിൽ നിന്ന് കാലങ്ങളിലേക്കും അത് കൈമാറ്റം ചെയ്യപ്പെടുകയുള്ളു. ശൂദ്രകർഷകരുടെ കാർഷിക തത്ത്വചിന്ത ലിഖിതരൂപത്തിലാക്കാൻ ബ്രാഹ്മണ എഴുത്തുകാരും ക്ഷത്രിയ ഭരണാധികാരികളും അനുവദിച്ചില്ല. പൗരാണിക ഇന്ത്യയിൽ ശൂദ്ര കർഷകർക്കും ബ്രാഹ്മണർക്കും ഇടയിലായിരുന്നു വൈശ്യൻമാർ. എ.ഡി മൂന്നാം നൂറ്റാണ്ട് മുതൽ അഞ്ചാം നൂറ്റാണ്ടു വരെയുണ്ടായിരുന്ന ഗുപ്ത ഭരണത്തിൽ മാത്രം സമ്പൂർണ കച്ചവടാവകാശങ്ങളും വിദ്യാഭ്യാസ അവകാശങ്ങളുമുള്ള ദ്വിജൻമാരായി വൈശ്യൻമാർ മാറി. തുടർന്ന് അവരും ശൂദ്ര കൃഷിയെ എതിർത്തു. മോഹൻദാസ് കരംചന്ദ് ഗാന്ധി അവരുടെ ദേശീയ തത്ത്വചിന്തയെ കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും ആ തത്ത്വചിന്തയ്ക്ക് അഗ്രികൾച്ചറിസത്തെ കുറിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല. പൂർണമായും ഒരു കച്ചവട സമൂഹമായി മാറിയ ഇന്ത്യൻ ബനിയകൾക്ക് കൃഷിയുമായുള്ള എല്ലാവിധ ബന്ധവും നഷ്ടപ്പെട്ടിരുന്നതിനാൽ, അദ്ദേഹം ചൈനീസ് ചരിത്രം ഒരിക്കലും പഠിച്ചിട്ടില്ല, അദ്ദേഹം യൂറോപ്യൻ ചരിത്രമാണ് പഠിച്ചത്. പിന്നീട് പ്രശസ്ത ദലിത് (മുമ്പ് തൊട്ടുകൂടാത്തവർ) ചിന്തകനും തത്ത്വചിന്തകനുമായ ഡോ. അംബേഡ്കർ ബ്രാഹ്മണിസത്തെ വിമർശന വിധേയമാക്കി, അതുപക്ഷേ കാർഷിക കാഴ്ചപ്പാടിൽ നിന്നായിരുന്നില്ല, മറിച്ച് മതധാർമികത, ജാതി-സാംസ്കാരിക ചൂഷണം എന്നീ വീക്ഷണകോണിൽ നിന്നായിരുന്നു.

വേദകാല ഗ്രന്ഥകൾ എഴുതപ്പെട്ടതു മുതൽ വേദകാലത്തിനു മുമ്പുള്ള കാർഷികതത്ത്വശാസ്ത്രം അരികുവത്കരിക്കപ്പെട്ടു, കാരണം കാർഷികോത്പാദനം, സാമൂഹികത (കമ്യൂണിറ്റേറിയനിസം), സമത്വവാദം എന്നിവയ്ക്കു മേലാണ് കാർഷികവൃത്തി നിലനിൽക്കുന്നത്. ഇന്ത്യൻ ബ്രാഹ്മണിസം സാമൂഹികതയെ നഖശിഖാന്തം എതിർത്തു, കാരണം അഗ്രികൾച്ചറിസത്തിന്റെ വളർച്ചയിൽ സാമൂഹികത ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ജീവിതത്തിന്റെ ഒരു മേഖലയിലും ജാതീയതയെ പ്രവർത്തിക്കാൻ സാമൂഹികത അനുവദിക്കില്ല. തൊഴിൽ വിഭജനത്തിനു പകരം ശൂദ്രൻമാർക്കു മേലുള്ള ആത്മീയവും സാമൂഹികവുമായ അധികാരത്തെ അടിസ്ഥാനമാക്കിയുള്ള ജാതി വിഭജനം വേദകാലം കൊണ്ടുവന്നതോടെ, അഗ്രികൾച്ചറിസത്തിന്റെ പുരോഗതി തടയപ്പെട്ടു.

Also read: രചനാത്മക രാഷ്രീയ ശൈലി രൂപപ്പെടേണ്ടതുണ്ട്

തങ്ങളുടെ അറിവുകളെ ഗ്രന്ഥരൂപത്തിലേക്ക് മാറ്റി എഴുതാൻ ബ്രാഹ്മണിസം ശൂദ്രരെ അനുവദിച്ചില്ല, അങ്ങനെ തുടക്കം മുതൽ തന്നെ ബ്രാഹ്മണിസം ശൂദ്ര അഗ്രികൾച്ചറിസ്റ്റുകളെ നിരായുധരാക്കി. ശൂദ്ര ചിന്തകർ നേതൃത്വം വഹിക്കുമെന്ന കാരണത്താൽ അഗ്രികൾച്ചറിസത്തെ ഒരു തത്ത്വശാസ്ത്ര ചിന്താധാരയായി വികസിക്കാൻ യുദ്ധകേന്ദ്രീകൃത ബ്രാഹ്മണ വേദിസവും ക്ഷത്രിയ വീരത്വവും അനുവദിച്ചില്ല. ചൈനയിൽ അഗ്രികൾച്ചറിസം ശക്തമായ ഒരു ദാർശനിക വിദ്യാലയമായി വളർന്നുവന്ന സമയത്ത് ശൂദ്ര കാർഷിക ചിന്തകർ ജീവിച്ചിരുന്നില്ല എന്നല്ല, മറിച്ച് കൗടില്ല്യൻ അർഥശാസ്ത്രവും, മനു ധർമശാസ്ത്രവും എഴുതുന്ന കാലം മുതൽക്കു തന്നെ ശൂദ്ര കർഷക ചിന്തകർ ഉരുക്കുമുഷ്ടിയാൽ അടിച്ചമർത്തപ്പെടുകയാണ് ഉണ്ടായത്.

ക്രി.മു 3ാം നൂറ്റാണ്ട് മുതൽ എ.ഡി ഒന്നാം നൂറ്റാണ്ടു വരെ, കാർഷികോത്പാദനത്തിലൂടെ അഗ്രികൾച്ചറിസം വികസിച്ച സമയത്ത്, കാർഷികോത്പാദനത്തെ താറടിച്ചു കൊണ്ടാണ് കൗടില്ല്യൻ അർഥശാസ്ത്രവും മനു ധർമശാസ്ത്രവും എഴുതിയത്. ഇന്ത്യയിൽ കർഷകർക്ക് ദിവ്യ കർഷക പദവി ഒരിക്കലും അനുവദിക്കപ്പെട്ടിരുന്നില്ല. ഉൽപാദനത്തിലും കാർഷികമേഖലയിലും യാതൊരു പങ്കുമില്ലാത്ത സാമൂഹ്യവിരുദ്ധരായ സന്യാസികളെയും വിശുദ്ധൻമാരെയും ഇന്ത്യൻ സമൂഹത്തിന്റെ ആത്യന്തിക മാതൃകയായി ബ്രാഹ്മണിസം ഉയർത്തികാട്ടി.

കൗടില്ല്യന്റെയും മനുവിന്റെയും പാരമ്പര്യത്തെ ആധുനിക കാലത്ത് സവർക്കറും ഗോൾവാൾക്കും തങ്ങളുടെ എഴുത്തുകളിലൂടെ മുന്നോട്ടുകൊണ്ടുപോയി. ക്രിസ്തുമതം, ഇസ്ലാം, ബുദ്ധമതം തുടങ്ങിയ മതങ്ങളോട് പ്രത്യക്ഷ ശത്രുത പുലർത്തുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രം ഘടനാപരമായി കർഷക വിരുദ്ധമാണ്. ദേശീയതയുടെ പേരിലാണ് അവരുടെ പ്രത്യയശാസ്ത്രം നിർമിച്ചിട്ടുള്ളതെങ്കിലും, വികസനോന്മുഖമായ കാർഷികോത്പാദനം അവരുടെ വ്യവഹാരത്തിന്റെ ഭാഗമായിരുന്നില്ല.

Also read: ലോക നവോത്ഥാന പ്രസ്ഥാനത്തിന് ഇസ് ലാം നൽകിയ അമൂല്യ സംഭാവനകൾ

പ്രകാശസംശ്ലേഷണം, രാസവിയോജനം എന്നീ രണ്ടു പ്രക്രിയകളാണ് കൃഷിയുടെ ശാസ്ത്രീയാടിത്തറ. ഈ രണ്ടു പ്രക്രിയകൾ കാരണം നവീകരണം സാധ്യമായി മാറി. മണ്ണിൽ നിന്ന് ഉത്ഭവിച്ച മനുഷ്യനോട് മണ്ണിൽ അധ്വാനിക്കാനും, അതിൽ നിന്ന് ഉൽപ്പാദിപ്പിക്കാനും, ദീർഘകാലം ജീവിക്കാനും ദൈവം കൽപ്പിച്ചു എന്നൊരു ആത്മീയവീക്ഷണമുണ്ട്. ഇതൊരു ശാസ്ത്രീയമായ ആത്മീയ കൽപ്പനയാണ്. ഭൂമിയും അധ്വാനവും പരസ്പരം കൂടിചേർന്ന് സമാന ഇനങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന എന്ന ദാർശനിക വ്യവഹാരത്തിലൂടെ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ കൃഷിശാസ്ത്രം വളരെക്കാലമായി വ്യാപൃതമാണ്, അത് മനുഷ്യന്റെ നിലനിൽപ്പിന് ഉപയോഗപ്രദമായി മാറി.

ഭൂമി, സസ്യങ്ങൾ, മൃഗങ്ങൾ എന്നിവയുമായി നിരന്തരമായ ഇടപെടലിലൂടെ കാർഷിക തത്ത്വചിന്തയെ മുന്നോട്ടു കൊണ്ടുപോകാൻ ഇന്ത്യയിലെ ശൂദ്ര ഉൽപ്പാദകർക്ക് കഴിവുണ്ടായിരുന്നു. ശൂദ്ര ഉൽപ്പാദകർ പ്രസ്തുത തത്ത്വചിന്ത വിശദമായി ഗ്രന്ഥരൂപത്തിൽ എഴുതിയിട്ടില്ലാത്തതിനാൽ അവ ഇപ്പോഴും വാമൊഴി രൂപത്തിലാണ്. ഒരു തത്ത്വചിന്ത എന്ന നിലയിൽ അഗ്രികൾച്ചറിസത്തെ വികസിപ്പിക്കാൻ നമ്മുടെ കാർഷിക സർവകലാശാലകൾ ഘടനാപരമായി അനുയോജ്യമല്ല. കാരണം അവയെല്ലാം ബ്രാഹ്മണവാദത്താൽ നിറഞ്ഞിരിക്കുകയാണ്.

മണ്ണ്, വിത്ത്, മൃഗം എന്നിവയുമായുള്ള ശാസ്ത്രീയമായ ഇടപെടലിനെയും യുക്തിയെയും, വിശാലമായ ചിന്തയെയും അടിസ്ഥാനമാക്കിയുള്ളതാണ് അഗ്രികൾച്ചറിസം. കാർഷിക വിരുദ്ധവും കൃഷിയുടെ അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കാത്തതുമാണ് ഹിന്ദുത്വ പാരമ്പര്യം, കാരണം കൃഷിക്ക് വേണ്ടത് നിർമാണാത്മക മനസ്സാണ്, സംഹാരാത്മക മനസ്സല്ല; ധനാത്മക മനസ്സാണ്, നിഷേധാത്മക മനസ്സല്ല.

Also read: മഹ്മൂദ് ദർവീഷിനെ കല്ലെറിയുന്നവർ

താഴെ പറയുന്ന കാര്യങ്ങളാണ് മനു ശൂദ്രരോട് ചെയ്യാൻ പറഞ്ഞത്. കാർഷിക മേഖലയിലെ അവരുടെ ജോലി ഒരു ജോലിയായി ഒരിക്കലും കണക്കാക്കപ്പെട്ടിട്ടില്ല.

123. ഒരു ശൂദ്രനെ സംബന്ധിച്ച് അവന്റെ ഏറ്റവും മികച്ച തൊഴിൽ ബ്രാഹ്മണനെ സേവിക്കൽ മാത്രമാണ്. ഇതല്ലാതെ അവൻ എന്തുതന്നെ ചെയ്താലും അതുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടാകില്ല.

129. ഒരു ശൂദ്രനും സ്വന്തമായി സ്വത്ത് ഉണ്ടായിരിക്കരുത്, അവനു സ്വന്തമായി ഒന്നുമുണ്ടാകരുത്. സമ്പന്നനായ ഒരു ശൂദ്രന്റെ നിലനിൽപ്പ് ബ്രാഹ്മണർക്കു ദോഷകരമാണ്.

ദലിത് നിയമജ്ഞനും തത്ത്വചിന്തകനുമായ ഡോ അംബേഡ്കർ വന്ന് നിലവിലെ ഭരണഘടനയെഴുതി മനുവിനെ തള്ളിക്കളയുന്നതു വരെ മനുവിന്റെ ഈ നിഷ്ഠൂരമായ പ്രസ്താവനക്കെതിരെ ഒരു ശൂദ്രനും ഒന്നും എഴുതിയിട്ടില്ല. മനുവിന്റെ ധർമശാസ്ത്രം ഇപ്പോഴും പിന്തുടരുന്ന ഭാരതീയ ജനതാ പാർട്ടി 2014ൽ അധികാരത്തിലേറിയതിനു ശേഷം, കാർഷിക രംഗം ഏറെ അവഗണിക്കപ്പെട്ട മേഖലയായി തുടരുകയാണ്, കാരണം അത് അവരുടെ പ്രത്യയശാസ്ത്രത്തിന്റെ ഭാഗമല്ല.

(കാഞ്ച ഐലയ്യ ഷെപ്പോർഡ് ഒരു പൊളിറ്റിക്കൽ തിയറിസ്റ്റും സാമൂഹിക പ്രവർത്തകനും ചിന്തകനുമാണ്)

വിവ- അബൂ ഈസ

Related Articles