Current Date

Search
Close this search box.
Search
Close this search box.

‘ഈ സര്‍ക്കാരിനു മുന്‍പില്‍ മുട്ടുമടക്കില്ല’

കഴിഞ്ഞ ഡിസംബര്‍ 20നായിരുന്നു ആസാദിനെ പൗരത്വ ഭേദഗതി നിയമത്തിനെതിരം പ്രതിഷേധിച്ചതിന് ഡല്‍ഹി പൊലിസ് അറസ്റ്റു ചെയ്തത്. ജമാ മസ്ജിദിന്റെ പടികളില്‍ കയറി പ്രകോപനപരമായി പ്രസംഗിച്ചു എന്ന കുറ്റമാണ് അദ്ദേഹത്തിനു മേല്‍ ചാര്‍ത്തിയത്. ഇത് ആക്രമണത്തിനും തീവയ്പ്പിനും കാരണമായി എന്നാണ് പൊലിസ് ആരോപണം. ജനുവരി 15നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. 24 മണിക്കൂറിനകം ഡല്‍ഹി വിടണമെന്നും നാല് ആഴ്ചത്തേക്ക് ഡല്‍ഹിയിലേക്ക് പ്രവേശിക്കരുതെന്നുമായിരുന്നു ജാമ്യവ്യവസ്ഥ. 24 മണിക്കൂര്‍ രാജ്യതലസ്ഥാനത്ത് തുടരുന്നതിനിടെ എന്‍.ആര്‍.സി,സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കാളികളാകരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.

യു.പിയിലെ സഹാറന്‍പൂര്‍ സ്വദേശിയായ ദലിത് നേതാവ് ജനുവരി 16ന് വൈകീട്ടാണ് തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ജയ് ഭീം,ഇങ്ക്വിലാബ് വിളികളുമായി നൂറുകണക്കിന് അനുയായികളാണ് ആസാദിനെ വരവേല്‍ക്കാന്‍ ജയിലിന് പുറത്തെത്തിയിരുന്നത്. പ്രകടനത്തില്‍ പങ്കെടുത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും 17ന് വിവിധ ആരാധനാലയങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ജമാ മസ്ജിദ്,ജോര്‍ ബാഗിലെ കര്‍ബല,മന്ദിര്‍ മാര്‍ഗിലെ രവിദാസ് ക്ഷേത്രം,ബംഗ്ലാ സാഹിബിലെ ഗുരുദ്വാര എന്നിവിടങ്ങളായിരുന്നു അവ. ഇന്ത്യന്‍ വിമന്‍സ പ്രസ് കോര്‍പ്‌സ് അദ്ദേഹത്തെ ഒരു ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നെങ്കിലും രാത്രി 9ന് മുന്‍പ് ഡല്‍ഹി അതിര്‍ത്തി കടക്കേണ്ടതിനാല്‍ അദ്ദേഹം അവസാന നിമിഷം അതില്‍ നിന്നും പിന്മാറി.

Also read: സി.എ.എ: യുക്തിരഹിതവും അധാര്‍മികവും അനവസരത്തിലുമുള്ളത്

അഭയാര്‍ഥികള്‍ക്ക് ആശ്വാസം നല്‍കുന്ന സി.എ.എ പോലുള്ള ഒരു നിയമത്തെ ഞാന്‍ എതിര്‍ക്കുകയില്ല, എന്നാല്‍ ഈ സര്‍ക്കാര്‍ അഭയാര്‍ഥികളെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന ഒരു വിഭജന നിയമമാണ് കൊണ്ടുവന്നത്. കഴുത്തില്‍ തന്റെ സ്ഥിരം അടയാളമായ നീല ഷാള്‍ അണിഞ്ഞ് ആസാദ് പറഞ്ഞു.

ഇന്ന് ഞാന്‍ ഈ വസ്ത്രം ധരിക്കുന്നത് പോലും ഡോ. ബി.ആര്‍ അംബേദ്കര്‍ കാരണമാണ്. അദ്ദേഹം ഇന്ത്യന്‍ ഭരണഘടന രചിക്കുകയും ഞങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നില്ലെങ്കില്‍, എന്നെപ്പോലുള്ളവരും മറ്റ് അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളും നിത്യേന അപമാനം നേരിടേണ്ടിവരുമായിരുന്നു. ആസാദ് പറഞ്ഞു. പ്രകോപനപരമായ എന്റെ പ്രസംഗം ഇന്ന് വീണ്ടും ഞാന്‍ ആവര്‍ത്തിക്കട്ടെ എന്നു പറഞ്ഞ് അദ്ദേഹം ഇന്ത്യന്‍ ഭരണഘടന ഉറക്കെ വായിച്ചു.

കരിനിയമങ്ങള്‍ എന്ന് ഞാന്‍ കരുതുന്ന സി.എ.എ,എന്‍.പി.ആര്‍,എന്‍.ആര്‍.സി എന്നിവക്കെതിരേ പ്രതിഷേധിച്ചാണ് ഞാന്‍ ജമാമസ്ജിദിലേക്ക് പോയത്.
ജമാ മസ്ജിദിന് നമ്മുടെ ദേശീയ പ്രസ്ഥാനത്തില്‍ ചരിത്രപരമായ പ്രസക്തിയുള്ളതിനാലാണ് ഞാന്‍ അങ്ങോട്ട് പോയത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കുന്നതിനെ എതിര്‍ക്കണമെന്ന് ഇന്ത്യന്‍ ജനതയെ അദ്ദേഹം അവിടെ വെച്ച് ഉത്‌ബോധിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള മറ്റൊരു വിഭജനത്തിന്റെ വക്കിലാണ് ഇന്ത്യ ഇന്ന്. ഈ നിയമങ്ങളെ എതിര്‍ക്കേണ്ടത് ഭരണഘടനാപരമായി എന്റെ കടമയാണ്. ആസാദ് പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും അടിസ്ഥാന കടമയാണെന്ന് എടുത്തുകാണിക്കുന്നതിനായി അദ്ദേഹം ഭരണഘടനയുടെ ഭാഗം IV A യിലെ (ആര്‍ട്ടിക്കിള്‍ 51) നെക്കുറിച്ച് സംസാരിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രം ഭിന്നിപ്പിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുമ്പോള്‍, അത് ഭരണഘടനയെ ദുര്‍ബലപ്പെടുത്തുകടയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇതിനെതിരെ ഞാന്‍ തെരുവില്‍ പോരാടുന്നത്. എനിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ശഹീന്‍ ബാഗ് സന്ദര്‍ശിക്കുമായിരുന്നു.

ഒരു മാസമായി ധര്‍ണയില്‍ ഇരിക്കുന്ന ഷഹീന്‍ ബാഗിലെ സ്ത്രീകളെ ഞാന്‍ അഭിനന്ദിക്കുന്നു. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രിക്ക് അവരുടെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്തതില്‍ ഞാന്‍ വിഷമിക്കുന്നു. ഷഹീന്‍ ബാഗിലെ എന്റെ സഹോദരിമാരുടെയും അമ്മമാരുടെയും പ്രതിഷേധം നമ്മുടെ പ്രധാനമന്ത്രിയുടെ ചെവിയില്‍ എത്തിയില്ലെങ്കില്‍, ഇന്ത്യയിലെ ഗ്രാമങ്ങളില്‍ താമസിക്കുന്ന കോടിക്കണക്കിന് ആളുകളുടെ ശബ്ദം എങ്ങിനെ അദ്ദേഹത്തില്‍ എത്തിക്കും?’

Also read: പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇസ്‌ലാമോഫോബിയ വളരുന്നത്?

അസമിലെ എന്‍.ആര്‍.സി 19 ലക്ഷം പേരെയാണ് പുറത്താക്കിയത്. അപ്പോള്‍ ഇത് ഇന്ത്യയില്‍ മുഴുവന്‍ നടപ്പിലാക്കുകയാണെങ്കില്‍ എത്ര ആളുകളാകും പുറത്താകുക. ഇന്ത്യ മുഴുവന്‍ നടപ്പാക്കുമെന്ന് അമിത് ഷായും ഇല്ലെന്ന് നരേന്ദ്ര മോദിയും പറയുന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു.

വരും ദിവസങ്ങളില്‍, പ്രതിഷേധിക്കുന്ന എല്ലാ സംഘടനകള്‍ക്കും ഐക്യദാര്‍ഢ്യമര്‍പ്പിക്കാന്‍ ഞാന്‍ ശ്രമിക്കും. ഈ കരിനിയമങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുമെന്നും ആസാദ് പറഞ്ഞു.

ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും റാം മന്ദിര്‍ അജണ്ട പൂര്‍ത്തിയായി. അടുത്ത വിഭജന അജണ്ടയാണിത്. ഈ സര്‍ക്കാരിനേക്കാള്‍ കൂടുതലും ഇന്ത്യക്കാരാണുള്ളതെന്ന് ഞാന്‍ ഇന്ത്യക്കാരോട് പറയും. എന്റെ രക്തം ഞാന്‍ ഈ രാജ്യത്തിന് വേണ്ടി നല്‍കും.

ജനങ്ങളുടെ കോടതിയെക്കാള്‍ വലിയ കോടതി ഒന്നുമില്ലെന്നാണ് എനിക്ക് ഞങ്ങളുടെ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ഓര്‍മ്മപ്പെടുത്താനുള്ളത്.
പ്രധാനമന്ത്രി ഭരണഘടനയേക്കാള്‍ വലുതാണെന്ന് കരുതരുത്. ഈ രാജ്യത്തിന്റെ സാഹോദര്യം നിങ്ങളുടെ രാഷ്ട്രീയത്തേക്കാള്‍ വലുതാണ്, ‘
അവരെ സംബന്ധിച്ചിടത്തോളം, ഇത് ഒരു തിരഞ്ഞെടുപ്പ് അജണ്ടയായിരിക്കാം. പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന് ശേഷം അവര്‍ ഇത് പിന്‍വലിച്ചേക്കാം. എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തെ, അതിന്റെ മതേതര ധാര്‍മ്മികതയെ രക്ഷിക്കാനുള്ള പോരാട്ടമാണിത്. ഞങ്ങള്‍ ഒരിഞ്ച് പിന്നോട്ട് പോകില്ല. ഈ യുദ്ധത്തില്‍ ഞങ്ങള്‍ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഈ പ്രക്ഷോഭത്തെക്കുറിച്ച് അമിത് ഷാ പറഞ്ഞത് ഇത് പ്രതിപക്ഷം സംഘടിപ്പിക്കുന്ന സമരമാണെന്നാണ്. എന്നാല്‍ ”സര്‍ക്കാര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത് തീര്‍ത്തും ജനങ്ങളുടെ പ്രതിഷേധമാണ്. പ്രതിഷേധത്തിന്റെ വേഗത കുറയുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഞാന്‍ മുന്നോട്ട് പോകും. പ്രതിപക്ഷം അതിന്റെ പങ്ക് ചെയ്യുന്നു. ഞാനും എന്റേതായത് ചെയ്യും. ജാതിയെയും വിശ്വാസത്തെയുംക്കാള്‍ വലിയ മതമുണ്ട്, അതാണ് മാനവികത.’ ജനക്കൂട്ടത്തിന്റെ ഹര്‍ഷാരവത്തിനിടെ ആസാദ് പറഞ്ഞു നിര്‍ത്തി.

അവലംബം: thewire.in
വിവ: സഹീര്‍ വാഴക്കാട്

Related Articles