Current Date

Search
Close this search box.
Search
Close this search box.

പടർന്നു പിടിക്കുന്ന മുസ്ലിം വിരുദ്ധ വൈറസ്

ഈ ആഴ്ച, ഒരു ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ഞാൻ ലെഫ്റ്റ് അടിച്ചു പോരുകയുണ്ടായി. സ്റ്റീൽ രാജാവ് ലക്ഷ്മി മിത്തലിന്റേതെന്ന പേരിൽ കഴിഞ്ഞ വർഷം വാട്സാപ്പിൽ പ്രചരിച്ചിരുന്ന, അന്നു തന്നെ വ്യാജമാണെന്ന് തെളിഞ്ഞ, ഒരു ഓഡിയോ സന്ദേശമാണ് കാരണം. ഹിന്ദുക്കളിൽ വർഗീയ വികാരം ഉണർത്തുന്നതും, ഹിന്ദുക്കൾക്കു വേണ്ടി നിലകൊള്ളുന്നതു കൊണ്ടാണ് നരേന്ദ്ര മോദി വിമർശിക്കപ്പെടുന്നത് എന്ന് വാദിക്കുന്നതുമായ, തീർത്തും അബദ്ധജഡിലവും വസ്തുതാവിരുദ്ധവുമായ പരാമർശങ്ങൾ അടങ്ങുന്ന ഒന്നായിരുന്നു പ്രസ്തുത ഓഡിയോ സന്ദേശം.

വസ്തുതാവിരുദ്ധമായ കാര്യങ്ങൾ, വ്യാജ വാർത്തകൾ എന്നിവ ഞാൻ ചൂണ്ടിക്കാണിക്കുമായിരുന്നു, നിയമവാഴ്ചയെ കുറിച്ച് ഞാൻ വിശ്വസിക്കുന്ന കാര്യങ്ങൾ സൗമ്യമായ ഭാഷയിൽ പറയുകയും ചെയ്തിരുന്നു. എന്നാൽ കുടുംബത്തിലെ ചില മതഭ്രാന്തൻമാരെ സംബന്ധിച്ചിടത്തോളം അതൊന്നും അവരിൽ യാതൊരു മാറ്റവും ഉണ്ടാക്കിയില്ല.

കോപാകുലരായ ഹിന്ദുക്കളെ എല്ലായിടത്തും കാണാം. ഞാൻ വ്യക്തമായും അത്തരമൊരു ഹിന്ദുവല്ല. ഞാൻ ദേഷ്യപ്പെടുന്നുണ്ടെങ്കിൽ, അത് മനസ്സിൽ വെറുപ്പു സൂക്ഷിക്കുന്ന, കപടൻമാരായ, മുസ്ലിം വിരുദ്ധ വിഷത്തുള്ളികൾ ആവേശത്തോടെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന എന്റെ സഹഹിന്ദുക്കളോടാണെന്ന് മാത്രം. ആ ചെറു തുള്ളികൾ ഒരു പ്രളയമായി മാറിക്കൊണ്ടിരിക്കുകയാണ്, ജീവിതത്തിനും മരണത്തിനും ഇടയിലെ ദൂരം ചെറുതായി കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിഘട്ടത്തിലും യാതൊരു തടസ്സവുമില്ലാതെ പ്രസ്തുത വിഷം ഒഴുകിപ്പരന്നുകൊണ്ടിരിക്കുന്നു, പ്രോത്സാഹിപ്പിക്കപ്പെടുന്നു.

ഇന്ത്യൻ മുസ്ലിംകൾ വിധേയരായിക്കൊണ്ടിരിക്കുന്ന വാക്കാലുള്ളതും ശാരീരികവുമായ ആക്രമണങ്ങൾ, ബഹിഷ്കരണങ്ങൾ, മറ്റു മുൻവിധികൾ എന്നിവക്കെതിരെ രോഷപ്പെടുക എന്നത് നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. നിരാശയും അസ്വസ്ഥതയും മനസ്സാകെ ചൂഴ്ന്നുനിൽക്കുന്ന ഒരു അവസ്ഥ.

ഭൂരിപക്ഷവാദത്തിനെതിരെ പ്രതിരോധം തീർക്കുന്നതിൽ പരാജയപ്പെട്ട സുപ്രീം കോടതിയുടെ അംഗീകാരത്തോടെ, ഭരണകക്ഷിയുടെ താൽപര്യപ്രകാരം, പ്രകോപനപരമായ വാർത്തകൾ പടച്ചുവിടുന്ന മാധ്യമങ്ങൾക്ക് ഹിന്ദുക്കൾ നൽകുന്ന പ്രാമുഖ്യത്തിന്റെ ബലത്തിൽ, ഇന്ത്യ ആവേശത്തോടെ ഇസ്ലാമോഫോബിയയെ പുൽകിക്കൊണ്ടിരിക്കുകയാണ്.

Also read: ഇമാം മുസ്ഹഫിൽ നോക്കി ഓതൽ

കൊറോണ വൈറസ് ഒന്നടങ്ങിയാൽ അതിനേക്കാൾ മോശമായത് വന്നേക്കാമെന്ന തോന്നൽ, ഹിന്ദു ഇന്ത്യയാകെ അലയടിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ ആഘോഷത്തിൽ പങ്കുചേരാത്ത ഞങ്ങളിൽ ഉള്ളവർക്കും ഒട്ടുമിക്ക മുസ്ലിംകൾക്കും ഉണ്ട്. തബ്ലീഗ് ജമാഅത്തിന്റെ ആഗോള സമ്മേളത്തിനു ശേഷമുണ്ടായ വൈറസിന്റെ വ്യാപനത്തെ, സന്തോഷപൂർവം മുസ്ലിംകളെ പൈശാചികവത്കരിക്കാൻ ഉപയോഗിച്ച സംഭവം, സ്ഥിതി എത്ര മോശമാണെങ്കിലും ഒരവസരവും പാഴാക്കില്ല എന്നതിലേക്കാണ് വിരൽചൂണ്ടുന്നത്.

പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ഡൽഹിയിലെ ദൈനംദിന പത്രസമ്മേളനങ്ങളിൽ, ഒരു സർക്കാർ വക്താവ് തബ്ലീഗിനെ സംബന്ധിച്ച ഒരു വിശദാംശവും ഒഴിവാക്കിയില്ല. അതേസമയം കോവിഡിന് മതപരമായ മാനം നൽകുന്ന ഇന്ത്യയുടെ നടപടി അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ലോകാരോഗ്യ സംഘടനയുടെ എമർജൻസി പ്രോഗ്രാം ഡയറക്ടർ വ്യക്തമാക്കിയിരുന്നു.

“തബ്ലീഗി സ്റ്റോറി പൊട്ടിപ്പുറപ്പെട്ടതു മുതൽ, കിറ്റുകളുടെ ലഭ്യതക്കുറവ്, കുടിയേറ്റ പ്രതിസന്ധി, സൗജന്യ ചികിത്സ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനേക്കാൾ കൂടുതൽ സമയം, മുസ്ലിംകളെ കുറ്റപ്പെടുത്താനാണ് ആരോഗ്യ-ആഭ്യന്തര മന്ത്രാലയം ചെലവഴിച്ചത്,” ഹെൽത്ത് റിപ്പോർട്ടർ വിദ്യാ കൃഷ്ണൻ ട്വിറ്ററിൽ കുറിച്ചു. ഗവൺമെന്റിന്റെ കെടുകാര്യസ്ഥതകളെ ചൂണ്ടികാണിക്കുന്നതിന്റെ പേരിൽ അവർ സ്വസമുദായത്തിലെ ഹിന്ദുക്കളിൽ നിന്ന് വലിയ തരത്തിലുള്ള വിമർശനവും അധിക്ഷേപവും നേരിടുന്നുണ്ട്.

തബ്ലീഗ് പ്രവർത്തകർക്കിടയിലെ വൈറസ് പകർച്ചയെ ഉപയോഗിച്ച് മുസ്ലിംകളെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ഭ്രഷ്ട് കൽപ്പിക്കാൻ ആഹ്വാനം നൽകുകയും ചെയ്യുന്ന വ്യാജ വാർത്തകളെ – വിവേചന രഹിതമായ നീതിനിർവഹണത്തിന്റെ വക്താക്കളല്ലെങ്കിലും – ഉത്തർപ്രദേശ് പോലിസ് ഈ ആഴ്ച തുറന്നുകാട്ടിയിരുന്നെങ്കിലും, അതുകൊണ്ടൊന്നും കാര്യമുണ്ടായില്ല. ഒരുപാട് തബ്ലീഗ് പ്രവർത്തകർ കൊറോണ പോസിറ്റീവാകാൻ കാരണം അവരിൽ ഒരുപാടു പേരെ ടെസ്റ്റ് ചെയ്തതു കൊണ്ടാണെന്ന വസ്തുതയും ആരും കണ്ടില്ല: ഇന്ത്യയിൽ കാര്യമായ ടെസ്റ്റുകൾ നടക്കുന്നില്ല, ടെസ്റ്റുകൾ വ്യാപകമായി നടന്നു കഴിഞ്ഞാൽ, തബ്ലീഗ് കൊറോണ എന്നത് ഒരു കെട്ടുകഥ മാത്രമായി ഒടുങ്ങും. എന്താണ് ശരിയായ വസ്തുതകൾ എന്നത് ഒരു വിഷയമേയല്ല, കാരണം മുസ്ലിംകളെ രണ്ടാം കിട പൗരത്വത്തിലേക്ക് തള്ളിവിടുന്നതിനായി ഹിന്ദു ഇന്ത്യയും മോദി സർക്കാറും സന്തോഷപൂർവം മുതലെടുക്കുന്ന ഒരു പുതിയ വിഷയം മാത്രമാണ് തബ്ലീഗ് പ്രശ്നം.

Also read: മക്കള്‍ക്കിടയിലെ വഴക്ക് നിങ്ങള്‍ക്കൊരു തലവേദനയാണോ?

“എല്ലാ ജനങ്ങളും തുല്ല്യരല്ല,” ഈ ആഴ്ച ‘Vice News’ റിലീസ് ചെയ്ത ഒരു ഡോക്യുമെന്ററിയിൽ, ബി.ജെ.പിയുടെ സുബ്രമണ്യൻ സ്വാമി പറഞ്ഞതാണിത്. “അവർ (മുസ്ലിംകൾ) തുല്ല്യ വിഭാഗത്തിലല്ല.” അതായത് മുസ്ലിംകൾ തുല്യരല്ല, അഥവാ തുല്യരാവാൻ പാടില്ല എന്നത് സർവസാധാരണമായ ഒരു വികാരമാണെന്ന് അർഥം. സ്വാമി മോദി സർക്കാറിൽ ഇല്ലാത്ത ആളായിരിക്കാം, എന്നാൽ ഒരിക്കൽ ഹിന്ദുത്വ സംഘത്തെ പ്രതിനിധീകരിച്ച ഒരു മനുഷ്യന്റെ ചിന്തകൾ ഇപ്പോൾ തികച്ചും മുഖ്യധാരയുടെ ഭാഗമാണ്. ഇന്ത്യയിലെ 200 മില്യൺ വരുന്ന മുസ്ലിംകളോടുള്ള അദ്ദേഹത്തിന്റെ പാർട്ടിയുടെ സമീപനം തന്നെയാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ കൃത്യമായും പ്രതിനിധീകരിക്കുന്നത്. അത്തരം കാഴ്ചപ്പാടുകൾ ദിനേനയെന്നോണം പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്; അതായത്, “മുസ്ലിംകൾ എണ്ണത്തിൽ വളരെ കൂടുതലാണ്, അവർ ന്യൂനപക്ഷമല്ല; നൂറുകണക്കിന് വർഷങ്ങൾ മുസ്ലിംകൾ നമ്മെ അടിച്ചമർത്തി; 1947-ൽ തന്നെ അവർ പാകിസ്ഥാനിലേക്ക് പോകേണ്ടതായിരുന്നു; അവർക്ക് അവരുടെ സ്ഥാനം എവിടെയാണെന്ന് കാണിച്ചു കൊടുക്കുക തന്നെ വേണം.”

2014-ൽ അധികാരത്തിലേറിയതു മുതൽക്കു തന്നെ, മുസ്ലിം വിരുദ്ധ വികാരം മോദി സർക്കാർ പുറത്തേക്ക് കാണിച്ചിട്ടുണ്ട്, ഭരണകക്ഷിയിലെ മന്ത്രിമാരും മറ്റു അംഗങ്ങളും വളരെ വ്യക്തമായി തന്നെ അതു ആവർത്തിച്ചു കൊണ്ടിരിക്കുന്നതുമാണ്. വിവേചനപരമായ നിയമനിർമാണങ്ങൾ നടത്തിയും, മുസ്ലിംകൾ ആക്രമിക്കപ്പെടുമ്പോഴൊക്കെ ആസൂത്രിതമായ നിശബ്ദത പാലിച്ചും അതു കൂടുതൽ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ മുസ്ലിം വിരുദ്ധ വികാരത്തെ പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ജീവൻ നൽകുകയും ചെയ്തത് വ്യാജ വാർത്തകളും ഉന്മാദ ഭാവനകളുമാണ്. അവ രണ്ടും മതിയായ അളവിൽ ഹിന്ദു സമൂഹത്തിൽ ലഭ്യവുമാണ്.

അതുകൊണ്ടാണ് പശുവിന്റെ പേരിലുള്ളതും അല്ലാത്തതുമായ ആൾക്കൂട്ട കൊലപാതകങ്ങൾ, മുത്തലാഖ് കുറ്റകൃത്യമാക്കി കൊണ്ടുള്ള നിയമനിർമാണം, ആർട്ടിക്കൾ 370 പിൻവലിച്ച് കശ്മീരിന്റെ പ്രത്യേക പദവി റദ്ദു ചെയ്ത നടപടി, സംശയാസ്പദമായ മാർഗങ്ങളിലൂടെ അയോധ്യയിൽ രാമക്ഷേത്രത്തിനുള്ള അനുമതി, സ്വാമി ചൂണ്ടാക്കാട്ടിയതു പോലെയുള്ള രണ്ടാം തരം പൗരൻമാരെ സൃഷ്ടിക്കാൻ ലക്ഷ്യംവെച്ചു കൊണ്ടുള്ള ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന മുസ്ലിംകൾക്കെതിരെയുള്ള പോലീസ് അതിക്രമങ്ങൾ തുടങ്ങിയവക്കെതിരെ വ്യാപകമായ തരത്തിലുള്ള പ്രതിഷേധം ഹിന്ദു സമൂഹത്തിൽ നിന്നും ഉണ്ടാവാതിരുന്നത്. ഇന്ത്യൻ മുസ്ലിംകളെ പാർശ്വവൽക്കരിക്കാൻ ഉപയോഗിക്കുന്ന മാർഗങ്ങളിൽ ഒന്നു മാത്രമാണ് ഹിന്ദുത്വരെ സംബന്ധിച്ച് കൊറോണ വൈറസ്.

  • article-14.com ന്റെ എഡിറ്ററാണ് ലേഖകൻ

വിവ. അബൂ ഈസ

Related Articles