Current Date

Search
Close this search box.
Search
Close this search box.

തന്‍റെ ദിവസങ്ങള്‍ എണ്ണപ്പെട്ടതാണെന്ന് മുര്‍സിക്ക് അറിയാമായിരുന്നെന്ന് കുടുംബം

തന്‍റെ പ്രസിഡന്‍റ് കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരിക്കലും  തനിക്കാകില്ലെന്നും ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ആദ്യ നേതാവാകാനുള്ള വില തന്‍റെ ജീവനായിരിക്കാമെന്നും തെരെഞ്ഞെടുക്കപ്പെട്ട ആദ്യ ദിവസം തന്നെ മുഹമ്മദ് മുര്‍സിക്ക് അറിയാമായിരുന്നെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയും മകനും മിഡില്‍ ഈസ്റ്റ് ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മാത്രമല്ല, ഈജിപ്തില്‍ ഇസ്ലാമിസ്റ്റുകളുടെ ഭരണത്തിന് പാശ്ചാത്യ ശക്തികള്‍ ഒരിക്കലും സമ്മതിക്കില്ലെന്നും 2012-13 പ്രസിഡന്‍സി കാലയളവില്‍ മുര്‍സി തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി അദ്ദേഹത്തിന്‍റെ ഭാര്യ നജ്ലാ മഹ്മൂദും മകന്‍ അഹ്മദും മുര്‍സിയുടെ മരണ ശേഷമുള്ള അവരുടെ ആദ്യ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ത്ഥിയായിരുന്ന മുര്‍സി 2012ല്‍ നടന്ന ആദ്യ സ്വതന്ത്ര പ്രസിഡന്‍ഷ്യല്‍ തെരെഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. ദീര്‍ഘകാലം ഈജിപ്തിനെ ഭരിച്ചുകൊണ്ടിരുന്ന സ്വേച്ഛാധിപതി ഹുസ്നി മുബാറക്കിന്‍റെ പതനമാണ് ഈ തെരെഞ്ഞെടുപ്പിന് വഴി വെച്ചത്. എന്നാല്‍, ഒരേ സമയം ഈജിപ്തിനകത്തും പുറത്തുമുള്ള രാഷ്ട്രീയ ശക്തികള്‍ ബ്രദര്‍ഹുഡിനെക്കുറിച്ചും രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചും ജാഗ്രതയിലായിരുന്നു.

‘ഈജിപ്തിലെ രാഷ്ട്രീയ ഇസ്ലാം മുന്നോട്ട് വെച്ച പദ്ധതി വ്യക്തവും പരിഷ്കൃതവും മൂല്യവത്തും ആകുന്നതോടൊപ്പം സമാധാനപൂര്‍വ്വമായ സഹവര്‍ത്തിത്വത്തിന് നിലകൊള്ളുന്നതുമാണെങ്കിലും മേഖലയിലെ മറ്റു രാജ്യങ്ങള്‍ അതിന്‍റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുമെന്നും താന്‍ നിസ്സംശയം കൊല്ലപ്പെടുമെന്നും ഹുസ്നി മുബാറക്കിന്‍റെ പ്രാസ്ഥാനികരോ അഴിമതിക്കാരായ മറ്റു പാര്‍ട്ടികളോ തന്നെ സ്വീകരിക്കില്ലെന്നും അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു. മുര്‍സി സത്യസന്ധനായിരുന്നു. സ്വതന്ത്ര ജനാധിപത്യ ഇസ്ലാമിക പദ്ധതിയായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നം. ഇങ്ങനെയൊക്കെ ആയിരുന്നിട്ടും ജനങ്ങളുടെ ആഗ്രഹവും ആവശ്യങ്ങളും നിറവേറ്റാനാണ് മുര്‍സി ശ്രമിച്ചത്’ മിഡില്‍ ഈസ്റ്റ് ഐയുടെ ഈ-മെയില്‍ സംഭാഷണത്തില്‍ നജ്ലാ മഹ്മൂദ് പറഞ്ഞു.

2012ല്‍ കെയ്റോയില്‍ വെച്ച് നടന്ന മുര്‍സിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നജ്ലാ മഹ്മൂദ് പങ്കെടുക്കുന്നു

‘എന്നെ സംബന്ധിച്ചെടുത്തോളം, ഇതൊന്നും ഞാന്‍ ഒരിക്കലും തന്നെ പ്രതീക്ഷിച്ചതായിരുന്നില്ല. എന്നാലും അദ്ദേഹത്തിന്‍റെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു. അതിനാല്‍ തന്നെ എന്തും നേരിടാന്‍ തയ്യാറായിരുന്നു’.

2103ല്‍ പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് പ്രസിഡന്‍റ് സ്ഥാനത്ത് തുടരുന്ന മുര്‍സി ഗവണ്‍മെന്‍റില്‍ പ്രതിരോധമന്ത്രിയായിരുന്ന അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ സര്‍ക്കാരാണ് പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതെന്ന് കുടുംബത്തിന് ബോധ്യപ്പെട്ടതായി മകന്‍ അഹ്മദ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Also read: പ്ലാസ്മ തെറാപ്പി: പ്രതീക്ഷയുടെ പൊൻകിരണം

പുറത്താക്കപ്പെട്ട ഉടനെ മുര്‍സിയും ബ്രദര്‍ഹുഡിന്‍റെ മറ്റു നൂറോളം പ്രവര്‍ത്തകരും നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 2019 ജൂണില്‍ നടന്ന കോടതി വിസ്താരത്തിനിടെയാണ് മുര്‍സി ഹൃദയസ്തംഭനം വന്ന് മരിക്കുന്നത്.
‘വിചാരണ വേളകളില്‍ തനിക്ക് തന്‍റെ ആരോഗ്യ നില ശരിയല്ലെന്നും ജീവിതം അപകടത്തിലാണെന്നും ആവര്‍ത്തിച്ച് പരാതിപ്പെട്ടിരുന്നെങ്കിലും ഒരു പ്രാവശ്യം പോലും അതിനോട് അവര്‍ പ്രതികരിച്ചില്ല. തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ ആരോഗ്യ നില കൂടുതല്‍ വഷളായത്. അദ്ദേഹത്തിന്‍റെത് ഒരിക്കലും സ്വാഭാവിക മരണമല്ല. ഞങ്ങള്‍ അതിനെക്കുറിച്ച് അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ട്. അന്വേഷണത്തില്‍ എല്ലാ സത്യവും പുറത്ത് വരും. സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ വ്യക്തതയും സത്യത്തെക്കുറിച്ച് കൂടുതല്‍ അറിവും ഇപ്പോള്‍ അനിവാര്യമാണെന്ന് വിശ്വസിക്കുന്നു’അഹ്മദ് എഴുതുന്നു.

പിതാവും മകനും

പിതാവിന്‍റെ മരണ ശേഷം ദുരൂഹ സാഹചര്യത്തില്‍ മകന്‍ അബ്ദുല്ല മുര്‍സിയും കൊല്ലപ്പെട്ടു

അഹ്മദിന്‍റെ ഇളയ സഹോദരന്‍ അബ്ദുല്ലയാണ് മുര്‍സിയുടെ മരണത്തെക്കുറിച്ച് അന്താരഷ്ട്ര തലത്തിലുള്ള അന്വേഷണം വേണമെന്ന് പ്രചാരണം നടത്തിയത്. ഹൃദയാഘാതമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും മരണത്തിന് മുമ്പ് ഒരു രോഗവും 25 വയസ്സ് മാത്രം പ്രായമുള്ള അബ്ദുല്ലക്ക് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. ‘ഒരു മാറാവ്യാധിയും അബ്ദുല്ലയെ വേട്ടയാടിയിരുന്നില്ല. അബ്ദുല്ലയുടെ മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം അറിയില്ലെങ്കിലും അവന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. നിസ്കാരത്തിന് വേണ്ടി പുറത്തിറങ്ങിയ അബ്ദുല്ല കാറില്‍ വെച്ചാണ് മരിക്കുന്നത്. മാത്രമല്ല, സംഭവ സ്ഥലത്ത് നിന്ന് ഒരുപാട് ദൂരെയുള്ള ഹോസ്പിറ്റലിലേക്കാണ് അവനെ കൊണ്ടുപോയതും’ അഹ്മദ് പറയുന്നു. അപകടം നടന്ന സ്ഥലത്തെ ദൃശ്യങ്ങളില്‍ കണ്ട അപരിചിതരായ രണ്ടു പേരെക്കുറിച്ചും അഹ്മദ് ഊന്നിപ്പറയുന്നു.

 

‘അബ്ദുല്ലക്ക് ഒരിക്കലും പരിചയമുണ്ടാകാന്‍ സാധ്യതയില്ലാത്ത ഒരു സ്ത്രീയും പുരുഷനും അപകടസ്ഥലത്തുണ്ടായിരുന്നു. നിഗൂഢവും സംശയാസ്പദവുമായ രീതിയില്‍ അവരാണ് അവനെ ഹോസ്പിറ്റലില്‍ എത്തിച്ചത്. അവരുടെ പ്രവര്‍ത്തികളിലെ ദുരൂഹതയെക്കുറിച്ച് സുരക്ഷ വൃത്തങ്ങളും നേരത്തെ വ്യക്തമാക്കിയതാണ്. അബ്ദുല്ലയുടെ മരണവും സ്വാഭാവികമല്ല. അതും അന്വേഷിക്കേണ്ടിയിരിക്കുന്നു’.
അബ്ദുല്ലയുടെ മരണത്തിന് മുമ്പ് അടുത്ത കാലത്തും താന്‍ അവനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് മുര്‍സി ഗവണ്‍മെന്‍റിലെ മന്ത്രിയായിരുന്ന യഹിയ ഹമീദ് പറയുന്നു.

Also read: ഇസ്രയേല്‍-യുഎഇ കരാര്‍: മിഡില്‍ ഈസ്റ്റിലെ പുതിയ ആധിപത്യം

‘തന്‍റെ പിതാവിന്‍റെ മരണവുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ യുഎന്നിന് രഹസ്യമായി കൈമാറിയ ഉടനെയാണ് ദുരൂഹ സാഹചര്യത്തില്‍ അബ്ദുല്ല മരണപ്പെടുന്നത്’, മുര്‍സിയുടെ മരണത്തില്‍ പ്രതികരിച്ച് യുഎന്‍ സമിതിക്ക് നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ‘അബ്ദുല്ല മുര്‍സിയുമായി എനിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. യുഎന്നുമായി ചേര്‍ന്ന് കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹം കാണിച്ച ധൈര്യമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു’.

മുര്‍സിയുടെയും മകന്‍റെയും മരണാനന്തര ചടങ്ങുകള്‍ക്ക് വലിയ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. രണ്ട് പേരെയും രാത്രിയാണ് സംസ്കരിച്ചത്. ‘പിതാവിനും സഹേദരനും വേണ്ടി പള്ളിയില്‍ വെച്ച് നടത്താനിരുന്ന പ്രാര്‍ത്ഥന വിലക്കി. മുര്‍സിയുടെ ആഗ്രഹം പോലെ സ്വന്തം പട്ടണത്തില്‍ മറവ് ചെയ്യാന്‍ അദ്ദേഹത്തോടുള്ള വെറുപ്പ് കാരണം അവര്‍ സമ്മതിച്ചില്ല. സമാന സാഹചര്യമായിരുന്നു അബ്ദുല്ലയുടെ കാര്യത്തിലും സംഭവിച്ചത്’, അഹ്മദ് പറയുന്നു.

 

2015ലെ പിതാവിന്‍റെ വിചാരണയില്‍ ഉസാമ മുര്‍സി പങ്കെടുക്കുന്നു

2016 ഡിസംബര്‍ 16ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് അഹ്മദിന്‍റെ മറ്റൊരു സഹോദരന്‍ ഉസാമയെ സീസിയുടെ പട്ടാളം അറസ്റ്റ് ചെയ്തു. മുര്‍സിയുടെ മകനായത് കൊണ്ടും കിടയറ്റ അഭിഭാഷകനായത് കൊണ്ടുമാണ് അവര്‍ ഉസാമയെ അറസ്റ്റ് ചെയ്തത്. അഹ്മദിനും മറ്റു മുര്‍സി കുടുംബാംഗങ്ങള്‍ക്കും ഇതുവരെ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങളായി സന്ദര്‍ശനങ്ങളും അവര്‍ നിരോധിച്ചിരിക്കുകയാണ്. വളരെ കഠിനമായ സാഹചര്യത്തിലൂടെയാണ് ഉസാമയും കടന്നുപോകുന്നത്. ക്രൂരമായ പീഢനം കാരണം ഉസാമ ചിലപ്പോള്‍ ജയിലില്‍ വിഷം കഴിച്ചേക്കാമെന്ന് മുര്‍സി കുടുംബത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷക സംഘം പറയുന്നു. ഇതേ സാധ്യതയെക്കുറിച്ച് മുമ്പ് ഗൂര്‍ണിക്ക 37 ഇന്‍റര്‍നാഷണല്‍ ജസ്റ്റിസ് ചാംബറും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Also read: “ ഞങ്ങള്‍ പള്ളി പൊളിച്ചു… അപ്പുറത് പള്ളി പൊളിച്ച് കക്കൂസ് പണിയുന്നു…”

 

അട്ടിമറി വിരുദ്ധ പ്രക്ഷോഭകരില്‍ നിന്ന് 1150 ഓളം ആളുകളെ ഈജിപ്ഷ്യന്‍ സുരക്ഷാ സേന കൂട്ടക്കശാപ്പ് നടത്തിയ റബാ കൂട്ടക്കൊലയുടെ ഏഴാം വാര്‍ഷികത്തിന്‍റെ തലേന്ന് വ്യാഴാഴ്ചയാണ് ബ്രദര്‍ഹുഡിന്‍റെ മറ്റൊരു പ്രമുഖ വ്യക്തി കൂടി ജയിലില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചതായി വാര്‍ത്ത പുറത്തുവന്നത്. ഈജിപ്ത് ബ്രദര്‍ഹുഡിന്‍റെ മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായിരുന്ന എസ്സാം അല്‍ അറൈനും കെയ്റോയിലെ തോറാ പ്രിസണ്‍ കോംപ്ലക്സില്‍ വെച്ച് മരിച്ചു. വന്‍ സുരക്ഷയുള്ള കുപ്രസിദ്ധമായ അഖ്റബ് കേന്ദ്രത്തില്‍ ഏഴ് വര്‍ഷത്തോളം ഏകാന്ത തടവിലായിരുന്നു അദ്ദേഹം. കോടതിമുറിയില്‍ വെച്ച് തനിക്ക് ഹെപ്പാറ്റിറ്റിസ് സി ഉണ്ടെന്ന് അദ്ദേഹവും ജഡ്ജിയോട് പരാതിപ്പെട്ടിരുന്നു. ചികിത്സ തേടിയുള്ള അദ്ദേഹത്തിന്‍റെ നിരന്തരമായ അഭ്യര്‍ത്ഥന നിഷ്കരുണം നിരസിക്കപ്പെടുകയായിരുന്നു.

സാമൂഹിക ശുദ്ധീകരണം

ഒരു സാമൂഹിക ശുദ്ധീകരണത്തെയാണ് മുര്‍സി കുടുംബം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്‍റിന്‍റെ ബന്ധുക്കളായതിനാല്‍ ഇപ്പോള്‍ തങ്ങളെല്ലാം ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അഹ്മദ് പറയുന്നു. ‘മുര്‍സി കുടുംബത്തെ സംബന്ധിച്ചെടുത്തോളം യാത്രയടക്കം എല്ലാം നിഷിദ്ധമാണ്. രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഒരു പ്രവര്‍ത്തികളിലും ഞങ്ങള്‍ പങ്കാളികളല്ല. ഒരുതരത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ക്കില്ല. സ്വന്തം രാജ്യത്ത് പറയാന്‍ ഒരു തൊഴില്‍ പോലും ഞങ്ങള്‍ക്കില്ല. എന്നിരുന്നാലും മുര്‍സിയുടെ മക്കളാണ് എന്ന ഒറ്റ കാരണത്താല്‍ ഞങ്ങളെ നിരോധന പട്ടകിയില്‍ ചേര്‍ത്തിരിക്കുന്നു. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ആദ്യ സിവിലിയന്‍ പ്രസിഡന്‍റിന്‍റെ മക്കളായതിനാല്‍ അധികാരികള്‍ ഞങ്ങളോട് പ്രതികാരം ചെയ്യുകയാണ്. മുര്‍സിയുടെ മക്കളായതിനാല്‍ പീഢിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്കതില്‍ അഭിമാനം മാത്രമേയുള്ളൂ’.
ഭര്‍ത്താവ് പ്രസിഡന്‍റായിരുന്നപ്പോഴും കെയ്റോയിലെ അഞ്ചാം അധിവാസ കേന്ദ്രത്തിലെ വാടക ഫ്ളാറ്റില്‍ താമസിച്ചിരുന്ന അവര്‍ ലളിത ജീവിതമാണ് നയിച്ചിരുന്നതെന്ന് ഈജിപ്തിലെ പ്രഥമ വനിതാ പട്ടം നിരസിച്ച നജ്ലാ മഹ്മൂദ് തുറന്നു പറയുന്നുണ്ട്.

‘ഒരു പ്രസിഡന്‍റിന് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം അദ്ദേഹം നിരസിച്ചു. സാധാരണ പൗരന്മാരെപ്പോലെ ജീവിക്കാനായിരുന്നു അദ്ദേഹത്തിന് ആഗ്രഹം. അദ്ദേഹത്തിനെതിരെ ആസൂത്രിതമായ ഗൂഢാലോചനകള്‍ നടത്തുന്നതും മാധ്യമങ്ങള്‍ വഴി നുണ പ്രചരണങ്ങള്‍ നടത്തുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും ഞങ്ങള്‍ നേരിട്ടും ചാനലുകള്‍ വഴിയും കണ്ടു. എന്ത് തന്നെയായാലും അവരുടെ തന്ത്രങ്ങള്‍ക്കെല്ലാം മുകളില്‍ അദ്ദേഹത്തിന്‍റെ സത്യസന്ധത ലോകം തിരിച്ചറിഞ്ഞു. മാധ്യമങ്ങളില്‍ നിന്നും ആഢംബര ചടങ്ങുകളില്‍ നിന്നുമെല്ലാം ഒഴിഞ്ഞ് നിന്നുള്ള ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. ഞങ്ങളൊടൊപ്പം ഫോട്ടോ എടുക്കാന്‍ പോലും അദ്ദേഹം താല്‍പര്യപ്പെട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന തൊഴിലാളിയായ ഒരു പ്രസിഡന്‍റെന്ന മുഖഛായ ഉണ്ടാക്കിയെടുക്കാനുള്ള പ്രയത്നത്തിലായിരുന്നു അദ്ദേഹം’, നജ്ലാ മഹ്മൂദ് തുടരുന്നു.

Also read: പഴ വര്‍ഗങ്ങളുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം, ശരിയോ ?

സീസിയും അദ്ദേഹത്തിന്‍റെ കുടുംബവും കാണിക്കുന്ന സ്വഭാവത്തിന് നേര്‍വിപരീതമായി പൊതു പ്രവര്‍ത്തനങ്ങളോട് വിനയാന്നിതനും കുലീന സ്വഭാവക്കാരനുമായിരുന്നു മുഹമ്മദ് മുര്‍സി. ഇത്തിഹാദിയ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ മുര്‍സിയുടെ അനുയായികളും പ്രതിപക്ഷവും തമ്മില്‍ ശക്തമായ രാഷ്ട്രീയ തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍ സീസിയും കുടുംബവും ഹെല്‍മിയ ജില്ലയില്‍ പുതുതായി പണികഴിപ്പിച്ച മള്‍ട്ടി മില്ല്യണ്‍ ഡോളര്‍ വിലയുള്ള കൊട്ടാരത്തില്‍ ഉലാത്തുകയായിരുന്നുവെന്ന് മില്ല്യണയര്‍ കോണ്‍ട്രാക്റ്ററായ മുഹമ്മദ് അലി വെളിപ്പെടുത്തിയിരുന്നു.

1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധ സമയത്ത് ഈജിപ്ഷ്യന്‍ പട്ടാളത്തെ നയിച്ചിരുന്ന അന്നത്തെ ഈജിപ്ഷ്യന്‍ ജനറല്‍ അബ്ദുല്‍ ഹകീം അമീര്‍ ഒരിക്കല്‍ താമസിച്ച വീട്ടില്‍ സ്ഥിരമായി താമസിക്കാന്‍ സീസി പ്രതിരോധമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ ഇന്‍തിസാര്‍ സമ്മതിച്ചില്ല. അതിനാല്‍ തന്നെ സീസി അത് പൊളിച്ച് മാറ്റി പുതിയ വീട് പണിയാന്‍ കല്‍പ്പക്കുകയായിരുന്നുവെന്നും കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം ആക്ഷേപിക്കുന്നുണ്ട്. സീസി ഇടക്കിടെ വീട് കാണാന്‍ വരുമായിരുന്നു. ഡിസംബറില്‍ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ട അന്ന് വൈകുന്നേരവും സീസി ആ വീടിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു.

‘എത്രമാത്രം അല്‍പനാണ് അദ്ദേഹമെന്ന് എനിക്ക് ശരിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. രാജ്യം കത്തുമ്പോഴും തെരുവുകളില്‍ ജനം പരസ്പരം കൊലവിളി നടത്തുമ്പോഴും അദ്ദേഹം വീടിനെക്കുറിച്ചും വീട്ടില്‍ സംവിധാനിക്കേണ്ട പൂള്‍, മാസ്റ്റര്‍ സ്യൂട്ട് റൂമുകള്‍, കുട്ടികള്‍ക്കുള്ള വ്യത്യസ്ത റൂമുകള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിലും ചിന്തയിലുമായിരുന്നുവെന്ന് മുഹമ്മദ് അലി സീസിയെ പരിഹസിക്കുന്നുണ്ട്.

‘തന്‍റെ പ്രതിരോധമന്ത്രിയും എതിരാളികളും ഉയര്‍ത്തുന്ന അപകടത്തെക്കുറിച്ച് മുര്‍സി നല്ല ബോധവാനായിരുന്നെങ്കിലും തനിക്ക് വന്നേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം ആലോചിച്ചതേയില്ല. ജനുവരി 25ലെ വിപ്ലവകാലത്ത് അറസ്റ്റിലായപ്പോഴും തന്നെക്കുറിച്ച് അദ്ദേഹത്തിന് ഒരു ചിന്തയുമുണ്ടായിരുന്നില്ല. അചഞ്ചലമായ ആത്മവിശ്വാസമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. പോരാട്ട പാത ആഢംബരങ്ങളുടെയും സ്ഥാനമാനങ്ങളുടെതുമല്ല, ചിലപ്പോള്‍ അതിന് വലിയ ത്യാഗങ്ങള്‍ തന്നെ ആവശ്യമായി വരുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അഴിമതിയും സ്വേച്ഛാധിപത്യവും നിയന്തിച്ചിരുന്ന ജന്മനാടിനെ ചിട്ടയായ രീതിയിലേക്ക് മാറ്റിയെടുക്കാനുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം’, നജ്ലാ മഹ്മൂദ് പറയുന്നു.

റബാ കൂട്ടക്കൊലയുടെ ഒരു മാസം മുമ്പ് 2011 വിപ്ലവം സംരക്ഷിക്കാന്‍ താന്‍ ആത്മബലി നല്‍കാന്‍ തയ്യാറാണെന്ന് മുര്‍സി ഈജിപ്തിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അട്ടിമറി നടന്ന വൈകുന്നേരം അദ്ദേഹം പ്രസംഗിച്ചു: ‘രാജ്യത്ത് നിയമസാധുത സംരക്ഷിക്കാനുള്ള വില എന്‍റെ ജീവിതമാണ്. നിയമസാധുത നിയന്ത്രിക്കാന്‍ എന്‍റെ രക്തം നല്‍കേണ്ടി വരുമെങ്കില്‍ രാജ്യത്തിന്‍റെ സുസ്ഥിരതക്ക് വേണ്ടി അതിനും ഞാന്‍ തയ്യാറാണ്’.

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles