Current Date

Search
Close this search box.
Search
Close this search box.

ബംഗ്ലാദേശ് : ശൈഖ് ഹസീന ഇന്ദിരാഗാന്ധിക്ക് പഠിക്കുകയാണ്

1971-ല്‍ നടന്ന പോരാട്ടത്തില്‍ ഇന്ദിരാഗാന്ധി പ്രസവിച്ചതാണ് ബംഗ്ലാദേശ് എന്ന രാഷ്ട്രം. രാഷ്ട്രീയഭീഷണിയുണ്ടാവുമ്പോഴെല്ലാം കോണ്‍ഗ്രസ് ഒരു മരുന്ന് പരീക്ഷിച്ച് ജയിക്കാറുണ്ട്. കറകളഞ്ഞ പാക് വിരോധം. ഭൂരിപക്ഷ വര്‍ഗീയതയെ തിളപ്പിക്കാനും തണുപ്പിക്കാനുമാണിത്. 57 വര്‍ഷത്തെ ഇന്ത്യയുടെ ഭരണത്തില്‍ കോണ്‍ഗ്രസ് ഈ മരുന്ന് വേണ്ടത്ര ഉപയോഗിച്ചിട്ടുണ്ട്. പാക്കിസ്ഥാനോടുള്ള യുദ്ധത്തില്‍ ബംഗ്ലാദേശിന്റെ (കിഴക്കന്‍ പാക്കിസ്ഥാന്‍) കൂടെ കക്ഷിചേര്‍ന്ന് ഇന്ത്യരൂപകല്‍പന ചെയ്തതാണ് ഈ ബംഗ്ലാരാജ്യം. ഇന്ത്യയുടെ ശത്രുവിന്റെ ശത്രു മിത്രമാണെന്ന നയമാണ് ബംഗ്ലാദേശിലെത്തിച്ചത്. അയല്‍ രാജ്യങ്ങളും ആത്മമിത്രങ്ങളുമായ രണ്ട് രാഷ്ട്രങ്ങള്‍ (ബംഗ്ലാദേശും ശ്രീലങ്കയും) വംശീയ അടിയന്തരാവസ്ഥകളിലൂടെ കടന്നു പോവുകയാണ്. തമിഴ് ജനതയെ വീണ്ടും വേട്ടയാടി ലോകത്തെ ‘ അഹിംസ’ വാദത്തിന്റെ ബുദ്ധമതാനുയായികള്‍ സിംഹളക്രൂരത പുറത്തെടുത്തിരിക്കുകയാണ്. ഇതിനെതിരെ ക മാ എന്ന് ഉച്ചരിക്കാന്‍ ഇന്ത്യ അതീവ ശ്രദ്ധപുലര്‍ത്തുന്നുണ്ട്. ഇന്ദിരാഗാന്ധിയുടെ ശരീരഘടനയും ഭരണഘടനാഭാഷയും പുലര്‍ത്തുന്ന ഭരണാധികാരിയാണ് ശൈഖ് ഹസീന. ഒന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പുത്രിയും മറ്റേത് മുജീബ് റഹ്മാന്റെ മകളും. രണ്ടാളുടെയും  പിതാക്കന്മാര്‍ രാജ്യപൈതൃകത്തിന്റെ അവകാശികളായി മനസ്സിലാക്കപ്പെടുന്നവരുമാണ്.

1975-ല്‍ അടിയന്തരാവസ്ഥയിലൂടെ ഇന്ദിരാഗാന്ധി നേടിയെടുത്ത ഏകാധിപത്യത്തിന്റെ കരുത്താണ് ഹസീനയും ബംഗ്ലാദേശില്‍ നടപ്പില്‍ വരുത്തുന്നത്. ഇന്ത്യയില്‍ നടന്ന അടിയന്തരാവസ്ഥയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പാടുകളും യാതനകളും അനുഭവിച്ചത് മുസ്‌ലിംകളും മറ്റു ദുര്‍ബല വിഭാഗങ്ങളുമായിരുന്നു. സ്വത്തുകച്ചവടക്കാര്‍ക്കുവേണ്ടി ദല്‍ഹി ജുമാ മസ്ജിദിന്റെ പരിസരത്തെ മുസ് ലിം വീടുകള്‍ തകര്‍ത്താണ് അടിയന്തരാവസ്ഥയുടെ വിധിനിര്‍ണയിച്ചത്. മുസ് ലിം നേതാക്കളും പണ്ഡിതന്മാരും ഇന്ദിരാഗാന്ധിയെയും സഞ്ജയിനേയും കടുത്ത വര്‍ഗീയവാദിയായിരുന്ന ദല്‍ഹി വികസന സമിതിയുടെ ഉപാധ്യക്ഷന്‍ ജഗമോഹനെയും കണ്ടു. ഫലമുണ്ടായില്ലെന്ന് മാത്രമല്ല, ‘ഡല്‍ഹിയുടെ ഹൃദയഭാഗത്ത് നിങ്ങള്‍ക്ക് കൊച്ചു പാക്കിസ്ഥാന്‍ ഉണ്ടാക്കണമല്ലേ’ എന്നായിരുന്നു ജഗ് മോഹന്‍ മുസ് ലിം നേതാക്കളോട് പരിഹാസപൂര്‍വം പ്രതികരിച്ചത്. ബംഗ്ലാദേശിലെ മതേതരവാദികളും ഏകാധിപതികളും ഒത്ത്‌ചേര്‍ന്ന് ധാക്കയില്‍ കൊച്ചുപാക്കിസ്ഥാന്‍ നിര്‍മിക്കുമെന്ന ഭീതിയാണ് നിര്‍മിക്കുമെന്ന ഭീതിയോടെയാണ് ഇസ്‌ലാമിസ്റ്റുകളെയും പ്രതിപക്ഷത്തെയും വേട്ടയാടുന്നത്. 1971- ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെ സഹായിച്ചുവെന്ന കുറ്റമാണ് ജമാഅത്ത് നേതാക്കള്‍ക്കെതിരെ ചുമത്തിയത്. മുജീബ് റഹ്മാന്‍ പരിഗണിച്ച് വിട്ടയച്ച കേസില്‍ മകള്‍ കടുംപിടുത്തക്കാരിയാവാന്‍ കാരണം ബംഗ്ലാദേശില്‍ ജമാഅത്തിനു വര്‍ധിച്ചുവരുന്ന ജനപിന്തുണയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കൂടെ പ്രധാനവകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് ജമാഅത്ത് നേതാക്കളായിരുന്നു. കാര്‍ഷിക വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി കൈവരിക്കാനും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വ്യാപിപ്പിക്കാനും ഈ കാലയളവില്‍ സാധിച്ചിരുന്നു. ഈ ജനസ്വാധീനത്തെ ഇല്ലായ്മ ചെയ്യാന്‍ മീഡിയകളുടെയും സോഷ്യല്‍ നെറ്റവര്‍ക്കുകളുടെയും മതേതര നാട്യക്കാരുടെയും ഒത്താശയോടെ ഇന്ധിരാഗാന്ധിക്ക് പഠിക്കുകയാണ് ശൈഖ് ഹസീന. രാജ്യത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് തെരഞ്ഞെടുപ്പുകളെ നീട്ടിക്കൊണ്ടുപോകാനും ദീര്‍ഘകാലത്തേക്കുള്ള സിംഹാസനം ഉറപ്പുവരുത്താനുമാണ് പ്രധാനമന്ത്രിയിതിലൂടെ ശ്രമിക്കുന്നത്.

ലോകത്ത് ഏകാധിപത്യവാഴ്ചക്കെതിരെ ചെറുപ്പക്കാര്‍ സ്‌ക്വയറുകളില്‍ അമര്‍ന്നിരുന്നപ്പോള്‍ ഉണ്ടായ മാറ്റങ്ങളാണ് അറബുനാടുകളില്‍ വസന്തം വിരിച്ചത്. എന്നാല്‍ ബംഗ്ലാദേശിലെ ചെറുപ്പക്കാര്‍ ധാക്കയില്‍ ശഹ്ബാസ് സ്‌ക്വയറില്‍ ഒരുമിച്ചുകൂടി പറയുന്നത് ഭരണകൂടം ഏകാധിപത്യത്തിലേക്ക് തിരിച്ചുപോകണമെന്നാണ്. 1971-ലെ യുദ്ധക്കുറ്റവാളികളെ പിടികൂടി വധശിക്ഷക്ക് വിധേയമാക്കണമെന്നാണ് ഇവര്‍ മുറവിളികൂട്ടുന്നത്. അങ്ങനെയാണ് ‘ നീ ചെയ്തില്ലെങ്കിലും നിന്റെ മുത്തച്ചന്‍ ചെയ്തിട്ടുണ്ട്’ എന്ന ന്യായവുമായി ജമാഅത്ത് നേതാക്കളെ ഭരണകൂടം വേട്ടയാടാനിറങ്ങിയത്. ഈ നരനായാട്ടില്‍ അബ്ദുല്‍ ഖാദര്‍ മുല്ലയടക്കമുള്ള സമുന്നതരായ ജമാഅത്തെ ഇസ്‌ലാമി നേതാക്കളും ചാത്ര്ശിബ്‌റിന്റെ (ജമാഅത്ത് വിദ്യാര്‍ഥി സംഘടന) 72000 പ്രവര്‍ത്തകരെയും തടവിലാക്കിയിട്ടുണ്ട്. വധശിക്ഷയും ജീവപര്യന്തവുമാണ് അധികപേരിലും ചുമത്തിയിട്ടുള്ള ശിക്ഷ. അനുദിനം താഴ്ന്നുകൊണ്ടിരിക്കുന്ന ദേശിയവരുമാന നിരക്കും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും മറച്ചുവെക്കാന്‍കൂടി സര്‍ക്കാറിന് ഈ പ്രതിപക്ഷവേട്ടയിലൂടെ സാധിക്കും. കൂട്ടബലാല്‍സംഗക്കേസുകളാണ് ഈ നേതാക്കന്മാര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ഭീകരകൃത്യം. സ്ത്രീ മുഖാവരണമണിഞ്ഞ് പുറത്ത്‌പോകാന്‍ പാടുള്ളൂവെന്നും സ്ത്രീയുടെ ശബ്ദം പോലും നിഷിദ്ധമെന്ന് വിശ്വസിക്കുന്ന മതപണ്ഡിതന്മാര്‍ കൂട്ടബലാല്‍സംഗത്തിനു നേതൃത്വം നല്‍കി എന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശകളിലൊന്നാണ്. ഇത്തരം ബാലിശമായ തമാശകളാണ് വധശിക്ഷകളുടെ മൂലകാരണങ്ങളായി ഭരണകൂടം വിലയിരുത്തുന്നത്. ഇന്ത്യപറഞ്ഞാല്‍ കവാത്ത് മറക്കുന്ന രാഷ്ട്രമാണ് ബംഗ്ലാദേശ്. നുഴഞ്ഞ്കയറ്റക്കാരാണെന്ന് ഇന്ത്യ പറഞ്ഞാല്‍ അവരെ ശിക്ഷിക്കാന്‍ മാത്രം വിധേയത്വപ്പെട്ട് കിടക്കുന്ന ഒരു രാജ്യം. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ പോലും ലോകം വലിയ മൗനത്തിലാണ്. മനുഷ്യാവകാശവും പ്രതികരണവുമൊക്കെ സി.ഐ.എ നിശ്ചയിക്കുന്നതിനനുസരിച്ചാണ് ലോകം ഏറ്റെടുക്കുന്നത്. മലാലയുടെ ട്രാജഡിയെങ്ങനെയാണ് ലോകം ഏറ്റെടുത്തതെന്ന് നമുക്ക് അറിയാവുന്നതാണ്. 11 ലക്ഷം കുഞ്ഞുങ്ങളെ ഇറാഖില്‍ മാത്രം വകവരുത്തിയ അമേരിക്കയാണ് മനുഷ്യാവകാശ പോരാട്ടത്തിന്റെ അവസാനത്തെ ശബ്ദമാകുന്നത്. ഇങ്ങനെ നീണ്ടുകിടക്കുന്ന വൈരുധ്യങ്ങളുടെ ലോകത്ത് ബംഗ്ലാദേശ് ഏതാനും ചിലരുടെ ഹൃദയങ്ങളില്‍ നീറ്റലായി അവശേഷിക്കും. സ്വന്തം രാജ്യത്തെ നരാധമനായ മോഡിയില്‍ നിന്ന് ഗുജറാത്തിലെ ന്യൂനപക്ഷങ്ങളെ രക്ഷിക്കാന്‍ കഴിയാത്ത ഇന്ത്യയെങ്ങനെ മറ്റുരാജ്യത്തെ മനുഷ്യാവകാശ ലംഘനത്തിനെതിരെ ധീരമായ നിലപാടെടുക്കും. കിരാതമായൊരു ഭരണനിര്‍വ്വഹണത്തിലേക്ക് ജനാധിപത്യത്തിന്റെ പേരില്‍ ചുവട് വെച്ച് നൃത്തംചെയ്ത് കൊണ്ടിരിക്കുന്ന ഏകാധിപതിയെ പിടിച്ചുകെട്ടാന്‍ മനുഷ്യപറ്റുള്ള മുഴുവനാളുകളും അവരുടെ കൂട്ടായ്മകള്‍ രൂപീകരിക്കേണ്ടതുണ്ട്.

ഫ്ലാഷ്ബാക്ക് : ബംഗ്ലാദേശില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ ഇന്ത്യയിലേക്ക് വഴിനിര്‍മിക്കാമെന്ന് രാഷ്ട്രപതി. എന്നിട്ടുവേണം ആസാമിലും പശ്ചിമബംഗാളിലുമുള്ള അറബിപേരുള്ളവരെ നുഴഞ്ഞുകയറ്റക്കാരെന്നാരോപിച്ച് വരിക്ക് നിര്‍ത്തി വെടിവെച്ചുകൊല്ലാന്‍! ഇങ്ങനെയുള്ള ഹിംസകളുടെ വൈവിധ്യത്തെയാണ് നാം ജനാധിപത്യമെന്ന് വിളിക്കുന്നത്!

Related Articles