Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവിനെ കാണണമെന്ന് പറയുന്ന കുട്ടിയോട് എന്തു പറയണം?

നാലു വയസ്സുകാരനായ മകന്‍ വളരെ സന്തോഷത്തോടെ അവന്‍ വരച്ച ചിത്രവുമായി ഉമ്മയുടെ അടുക്കലെത്തി. ഉമ്മ അവനോട് ചോദിച്ചു: എന്താണ് നീ വരച്ചിരിക്കുന്നത്? അവന്‍ മറുപടി നല്‍കി: ഇത് അല്ലാഹുവാണ്. ആ ഉമ്മ പറയുന്നു: അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു അതുകൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല. അപ്പോള്‍ എന്റെ മകന്‍ പറഞ്ഞു: ഉമ്മാ, എനിക്ക് ഇഷ്ടമുള്ള എല്ലാവരെയും വരക്കാന്‍ ഞാനിഷ്ടപ്പെടുന്നു, എനിക്ക് അല്ലാഹുവിനെ ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാനിത് വരച്ചത്. ഇത്തരം സന്ദര്‍ഭങ്ങളിലെ ശരിയായ സമീപനത്തെ കുറിച്ച് ആ ഉമ്മ വളരെ വിശദമായി എന്നോട് സംസാരിച്ചു. ചെറിയ കുട്ടിയോട് ഞാനെങ്ങനെ അല്ലാഹുവിനെ കുറിച്ച് പറഞ്ഞു കൊടുക്കുമെന്ന് ചോദിച്ച അവരോട് ഞാന്‍ ചോദിച്ചു: നിങ്ങള്‍ക്കിത്തരമൊരു സന്ദര്‍ഭം ജീവിതത്തിലുണ്ടായപ്പോള്‍ എങ്ങനെയാണ് നിങ്ങളതിനോ കൈകാര്യം ചെയ്തത? അവര്‍ പറഞ്ഞു: നമ്മള്‍ കാണുന്ന വസ്തുക്കളെ മാത്രമേ വരക്കാവൂ, നമ്മള്‍ കാണാത്തവയെ വരക്കുന്നത് ശരിയല്ല. കാരണം അവയുടെ രൂപം നമുക്ക് അറിയില്ലല്ലോ. എന്നിട്ട് അവന്‍ വരച്ച കടലാസ് ഞാന്‍ വാങ്ങി അവന്റെ കൈയ്യില്‍ ഒരു കളിപ്പാട്ടം കൊടുത്തു. പിന്നെ അവന്‍ വരച്ച കടലാസ് ഞാന്‍ കീറിക്കളഞ്ഞു. ഞാന്‍ പറഞ്ഞു: വളരെ ശരിയായ രീതിയിലാണ് നിങ്ങളതിനെ കൈകാര്യം ചെയ്തത്. കാരണം നിങ്ങള്‍ വിഷയം ഗ്രഹിക്കുകയും കുട്ടിയെ അത് ബോധ്യപ്പെടുത്തുകയും പിന്നെ അവന്റെ ശ്രദ്ധ മറ്റൊരു വസ്തുവിലേക്ക് തിരിക്കുകയും ചെയ്തു. ആ സംഭവത്തെ കൈകാര്യം ചെയ്യുന്നതില്‍ ആ മൂന്ന് തീരുമാനങ്ങളും ശരിയായതായിരുന്നു.

എന്നാല്‍ എന്തുകൊണ്ട് അവന്‍ ഈ ചിത്രം തന്നെ വരച്ചു എന്നതിനെ കുറിച്ചാണ് ഞാന്‍ ചോദിക്കുന്നതെന്ന് ആ ഉമ്മ പറഞ്ഞു. ഞാന്‍ പറഞ്ഞു: അതിന്റെ കാരണം അവന്‍ തന്നെ പറഞ്ഞല്ലോ. അവന് എന്തിനെയെങ്കിലും ഇഷ്ടപ്പെട്ടാല്‍ വരക്കുമെന്ന്. ശരിയും തെറ്റും വേര്‍തിരിച്ചറിയാത്ത കൊച്ചു കുട്ടിയാണവന്‍. ഈ പ്രായത്തിലുള്ള കുട്ടിയുടെ ഭാവന വളരെ വിശാലമാണ്. അവന്‍ വസ്തുക്കളോട് സംസാരിക്കുന്നത് നിങ്ങള്‍ തന്നെ ചിലപ്പോള്‍ കണ്ടിട്ടുണ്ടാവും. ഒരുപക്ഷേ അല്ലാഹുവിനെ കുറിച്ച് നല്ലരീതിയില്‍ വളരെയേറെ നിങ്ങളവനോട് സംസാരിച്ചിട്ടുണ്ടാവാം. അതവനില്‍ അല്ലാഹുവോടുള്ള സ്‌നേഹമുണ്ടാക്കുകയും അതിന് രൂപം നല്‍കി അവന്‍ വരക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: എന്നാല്‍ അവന്‍ വരച്ച ചിത്രം മനുഷ്യരൂപത്തോട് സാദൃശ്യമുള്ളതായിരുന്നു. ഞാന്‍ പറഞ്ഞു: അത് തീര്‍ത്തും സ്വാഭാവികമാണ്. കാരണം കുട്ടി മനുഷ്യനാണ്, അവന്‍ തന്റെ ചുറ്റും കാണുന്നതും മനുഷ്യരെയാണ്. അതുകൊണ്ട് മനുഷ്യരൂപത്തില്‍ അല്ലാഹുവെയും അവന്റെ ഭാവന കണ്ടു. അല്ലാഹുവിനെ പോലെ മറ്റൊന്നുമില്ല എന്ന കാര്യത്തില്‍ ഊന്നിക്കൊണ്ടുള്ള ശിക്ഷണവും പാഠങ്ങളും അവന് പകര്‍ന്നു കൊടുക്കുകയാണ് വേണ്ടത്. അല്ലാഹു ഏറ്റവും ശക്തനും വലിയവനും സ്രഷ്ടാവും സംരക്ഷകനുമാണ്. ഇങ്ങനെ അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും കുട്ടിയെ പഠിപ്പിക്കണം. അല്ലാഹു സൃഷ്ടിയല്ലെന്നും സൃഷ്ടികളിലൊന്നിനോടും അവന് സാമ്യമില്ലെന്നും അതുകൊണ്ട് നമ്മള്‍ അല്ലാഹുവിനെ വരക്കുകയോ അവന്റെ രൂപം ഭാവനയില്‍ കാണുകയോ ചെയ്യുന്നില്ലെന്നും കുട്ടി അതിലൂടെ മനസ്സിലാക്കണം.

Also read: വിശുദ്ധ റമദാനിലെ മൂന്ന് അവസരങ്ങൾ!

തങ്ങളുടെ മനസ്സിലുള്ള കാര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള മാധ്യമമാണ് കുട്ടികളെ സംബന്ധിച്ചടത്തോളം അവരുടെ വരകള്‍. കുട്ടി ഉമ്മയെ വരക്കുമ്പോള്‍ അവരുടെ ഉടലിനേക്കാള്‍ നീളം കൈകള്‍ക്കുണ്ടെങ്കില്‍ അവര്‍ അവനെ അടിക്കാറുണ്ടെന്നാണ് പൊതുവെ നല്‍കുന്ന ആശയം. കുട്ടികളുടെ വികാരങ്ങള്‍ക്കനുസൃതമായ അതിശയോക്തിയും അവരുടെ ചിത്രങ്ങളിലുണ്ടാവും. സാധാരണയായി കുട്ടികള്‍ അവരെ ആകര്‍ഷിക്കുന്നതും പരിഗണിക്കുന്നതുമായ കാര്യങ്ങളാണ് വരക്കുക. അപ്രകാരം കുട്ടികള്‍ സാധാരണയായി കാര്യങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ ചികയുന്നവരാണ്. കാരണം ഈ ലോകത്തെ മനസ്സിലാക്കാനും പരിചയപ്പെടാനും അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ അവര്‍ എന്താണ്, എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും. ഒരൊറ്റ ദിവസം തന്നെ അവര്‍ പരിചയപ്പെടാനുദ്ദേശിച്ചു കൊണ്ട് മൂന്നൂറിലേറെ ചോദ്യങ്ങള്‍ ചോദിക്കുമെന്നാണ് പറയപ്പെടുന്നത്. നാം അവരുടെ ചോദ്യങ്ങള്‍ക്ക് നിര്‍ബന്ധമായും ഉത്തരം നല്‍കണം. കാരണം അറിവിന്റെയും ജ്ഞാനത്തിന്റെയും സ്രോതസ്സായി അവര്‍ നമ്മെയാണ് കാണുന്നത്. അതിന്റെ പേരില്‍ നാമവരെ ശകാരിക്കുകയോ നിശബ്ദരാക്കുകയോ ചെയ്യരുത്. കാരണം അവര്‍ അറിവ് വര്‍ധിപ്പിക്കുകയാണ്.

Also read: നാമെല്ലാവരും ഇപ്പോൾ നിഖാബികളാണ്

അതുകൊണ്ട് തന്നെ ആ ഉമ്മ വളരെ നല്ല ഇടപെടലാണ് നടത്തിയതെന്ന് പറയാം. കാരണം അല്ലാഹുവിനെ വരച്ചപ്പോള്‍ കുട്ടിയോട് ദേഷ്യപ്പെട്ടില്ല എന്ന് മാത്രമല്ല ശരി അവനെ പഠിപ്പിക്കുകയും ചെയ്തു. നമ്മള്‍ എന്തുകൊണ്ടാണ് അല്ലാഹുവിനെ കാണാത്തത് എന്ന് കുട്ടി ചോദിക്കുകയാണെങ്കില്‍ അവനോട് ദേഷ്യപ്പെടുകയല്ല അവന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് വേണ്ടത്. ചോദ്യങ്ങള്‍ ഒരിക്കലും ഒരു ന്യൂനതയോ കുറച്ചിലോ ആയി കാണേണ്ടതല്ല, അറിവ് നേടാനുള്ള മാധ്യമമാണ്. പ്രവാചകന്‍ മൂസാ(അ) ചോദിച്ച ചോദ്യം നമുക്ക് ഖുര്‍ആനില്‍ കാണാം: ”നാം നിശ്ചയിച്ച സമയത്ത് മൂസാ വരുകയും റബ്ബ് അദ്ദേഹത്തോടു സംസാരിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം അപേക്ഷിച്ചു: ‘എന്റെ നാഥാ, നീ എനിക്കു ദര്‍ശനമരുളിയാലും. ഞാന്‍ നിന്നെ കണ്ടുകൊള്ളട്ടെ.’ അവന്‍ അരുളി: ‘നിനക്ക് എന്നെ കാണാന്‍ കഴിയില്ല. എങ്കിലും നേരെ മുമ്പിലുള്ള പര്‍വതത്തിലേക്കു നോക്കുക. അത് തല്‍സ്ഥാനത്ത് നിലകൊള്ളുന്നുവെങ്കില്‍ നിനക്ക് എന്നെ കാണാന്‍ കഴിയും.” അല്ലാഹുവിനെ കാണണമെന്നാണ് കുട്ടി പറയുന്നതെങ്കില്‍ അവനോട് ഇങ്ങനെ പറയാം: ഈ ലോകത്ത് നമുക്ക് അല്ലാഹുവിനെ കാണാന്‍ കഴിയില്ല, എന്നാല്‍ സ്വര്‍ഗത്തില്‍ വെച്ച് നമുക്ക് അല്ലാഹുവിനെ കാണാം ഇന്‍ശാ അല്ലാഹ്. എന്നാല്‍ നമ്മുടെ നാഥന്‍ ഈ ലോകത്ത് അവന്റെ സൃഷ്ടികളെ നമുക്ക് കാണിച്ചു തരുന്നുണ്ട്. ആകാശം, ഭൂമി, കടല്‍, ജീവികള്‍ അങ്ങനെ എത്രയെത്ര സൃഷ്ടികള്‍. അതിലൂടെ കുട്ടിയുടെ ശ്രദ്ധ സ്രഷ്ടാവിന്റെ മഹത്വത്തിലേക്ക് തിരിക്കാനും അല്ലാഹുവിന്റെ സ്വത്വത്തിന് പകരം അവന്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കുന്നവനാക്കി മാറ്റാനും സാധിക്കും. ഇനി കുറിച്ച് വലിയ കുട്ടിയാണെങ്കില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി അവനോട് പറയാം. സ്‌നേഹം, വിശപ്പ് തുടങ്ങിയ കാര്യങ്ങള്‍ നീ അനുഭവിക്കുന്നു എന്നാല്‍ അതിനെയൊന്നും നീ കാണുന്നില്ല, അതേസമയം അതിന്റെ അടയാളങ്ങളും ലക്ഷണങ്ങളും കാണുകയും ചെയ്യുന്നു. അതുപോലെ ഈ ലോകത്ത് അല്ലാഹു അവന്റെ അടയാളങ്ങളെയും സൃഷ്ടികളെയും നമുക്ക് കാണിച്ചു തരുന്നു. അന്ത്യദിനത്തില്‍ നമുക്കവനെ കാണാം -ഇന്‍ശാ അല്ലാഹ്. ‘നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രങ്ങളെ കുറിച്ച് ചിന്തിക്കുക, അവന്റെ സ്വത്വത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ല.’ എന്ന് മഹാന്‍മാര്‍ പറഞ്ഞിട്ടുണ്ട്.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles