Parenting

കുട്ടികളുടെ ശിക്ഷണത്തിന് പത്ത് കാര്യങ്ങള്‍

കുടുംബവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ വിഷയങ്ങളില്‍ ഒന്നാണ് കുട്ടികളുടെ ശിക്ഷണം. അവരിലാണ് നമ്മുടെ മുഴുവന്‍ പ്രതീക്ഷയും. സന്താനങ്ങള്‍ നമ്മുടെ പ്രതീക്ഷക്കൊത്തുയര്‍ന്നാല്‍ അതിനെക്കാള്‍ സൗഭാഗ്യകരമായി മറ്റെന്താണുള്ളത്? നമ്മുടെ പ്രതീക്ഷ എന്ന് പറയുന്നത് അവര്‍ ഭൗതികമായി നമുക്ക് താങ്ങും തണലുമാവണമെന്നും പണം കായ്ക്കുന്ന മരമായി മാറുക എന്നൊന്നുമല്ല അര്‍ത്ഥമാക്കുന്നത്. ധര്‍മ്മബോധമുള്ളവരും സദ്സ്വഭാവികളും കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ളവരായിത്തീരുക എന്നാണ് അത്കൊണ്ട് ഉദ്ദേശിക്കുന്നത്.

കുട്ടികള്‍ അവരുടെ ജീവിതത്തില്‍ പല കാലഘട്ടങ്ങളിലൂടെയാണ് കടന്ന്പോവുന്നത്. മന:ശ്ശാസ്ത്രജഞന്മാര്‍ അതിനെ പിച്ചനടക്കുന്ന കാലം (Toddler), ശൈശവം (Infancy), ബാല്യം (Childhood), കൗമാരം (Adolescence), എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ഓരോ ഘട്ടത്തിലും വിത്യസ്തമായ ശിക്ഷണ രീതികളാണ് സ്വീകരിക്കേണ്ടത്. ഇരുലോകത്തും വിജയിക്കാന്‍ പ്രായഭേദമന്യേ എല്ലാ കുട്ടികളുടേയും ശിക്ഷണത്തില്‍ രക്ഷിതാക്കള്‍ എപ്പോഴും ശ്രദ്ധിക്കേണ്ട പത്ത് മൂല്യാധിഷ്ടിത കാര്യങ്ങള്‍ ചുവടെ:

Also read: ഭാവി കാത്തിരുന്ന് കാണാം

1. രക്ഷിതാക്കള്‍ മാതൃകയാവുക
ഉത്തമ സന്താനങ്ങളായി തങ്ങളുടെ കുട്ടികള്‍ മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ട പ്രഥമ കാര്യം രക്ഷിതാക്കള്‍ മാതൃകാ വ്യക്തിത്വങ്ങളായി മാറുക എന്നതാണ്. കാരണം അവര്‍ക്ക് കാര്യങ്ങള്‍ പഠിക്കാന്‍ ഒരു മാതൃക അനിവാര്യം. ആ വാര്‍പ്പ് മാതൃകള്‍ക്കനുസരിച്ചാണ് കുട്ടികളുടെ സ്വഭാവരീതികളും രൂപപ്പെട്ട് വരുക. അതിനാല്‍ രക്ഷിതാക്കള്‍ നല്ല മാതൃകകള്‍ സ്വീകരിച്ച് ജീവിക്കുന്നത് അവര്‍ക്ക് മാത്രമല്ല അവരുടെ സന്താനങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നതാണ്.

2. ഉദ്ദേശ ശുദ്ധി നന്നാക്കുക
കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണ് ഉദ്ദേശ ശുദ്ധി. ഒരു കര്‍മ്മം ചെയ്യുമ്പോള്‍ അതിന്‍റെ പിന്നില്‍ പല ഉദ്ദേശങ്ങള്‍ ഉണ്ടാവാം. അധികാര ലബ്ധി, ധനമോഹം, പ്രശംസ തുടങ്ങി പലതുമാവാം. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിന്‍റെ പ്രീതി സമ്പാദിക്കുവാനും തദ്വാര സ്വര്‍ഗ്ഗം കരസ്ഥമാക്കുവാനുമാണ് എന്ന് കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ ബേധ്യപ്പെടുത്തണം. ഇസ്ലാമിക മൂല്യങ്ങളില്‍ സുപ്രധാനമായ ഒന്നാണ് ഉദ്ദേശ ശുദ്ധി.

3. ദൈവിക നിരീക്ഷണം
ഒരു നിരീക്ഷണവും ഇല്ലാതെ സ്വതന്ത്രരായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരല്ല നാമെന്നും നമ്മുടെ ഓരോ പ്രവര്‍ത്തനവും അല്ലാഹു നിരീക്ഷിക്കുന്നുണ്ട് എന്ന ബോധം കുട്ടികളില്‍ ചെറുപ്പത്തില്‍ തന്നെ വളര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രമിക്കേണ്ടതുണ്ട്. അത്തരമൊരു ബോധമുണ്ടായാല്‍ കുട്ടികളെ ഏത് പാതിരക്കും എവിടെ അയക്കാനും രക്ഷിതാക്കള്‍ ഭയപ്പെടേണ്ടി വരില്ല. ലുഖ്മാന്‍ എന്ന മഹാന്‍ തന്‍റെ പുത്രന് നല്‍കുന്ന ഉപദേശങ്ങളില്‍ ഒന്ന് ഇതാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

Also read: പക്ഷി നിരീക്ഷണവും ഇസ് ലാമും

4. സ്വയം വിചാരണ
പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളാണ് ഉദ്ദേശ ശുദ്ധി നന്നാക്കലും ദൈവിക നിരീക്ഷണവുമെങ്കില്‍, പ്രവര്‍ത്തനത്തിന് ശേഷം ചെയ്യേണ്ട കാര്യമാണ് സ്വയം വിചാരണ. ചെയ്ത പ്രവര്‍ത്തനത്തല്‍ അപാകത സംഭവിച്ചൊ, ഇതിനെക്കാള്‍ നന്നായി ചെയ്യാമായിരുന്നൊ, പരീക്ഷയില്‍ ഇതിനെക്കാള്‍ മികവ് കാണിക്കാമായിരുന്നൊ തുടങ്ങിയ എല്ലാ കാര്യങ്ങളുമാണ് സ്വയം വിചാരണ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതെല്ലാം കുട്ടികളുടെ വ്യക്തിത്വത്തെ മാറ്റ് കുട്ടുകയാണ് ചെയ്യുക.

5. അല്ലാഹുവില്‍ ഭരമേല്‍പിക്കല്‍
നിസ്സാരമായ കാര്യങ്ങളുടെ പേരില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുകയും വീട്ടില്‍ നിന്ന് ഒളിച്ചോടി പോവുകയും നാഡി ഞരമ്പുകള്‍ മുറിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണ്. ജീവിതത്തില്‍ എന്ത് പ്രയാസങ്ങള്‍ നേരിട്ടാലും അതില്‍ ക്ഷമിക്കുവാനും അല്ലാഹുവില്‍ ഭരമേല്‍പിക്കാനും കുട്ടികളെ ചെറുപ്രായത്തിലെ പഠിപ്പിക്കേണ്ടതുണ്ട്. അല്ലാഹു തന്നെ കൈവെടിയുകയില്ല, അവന്‍ എനിക്ക് മറ്റൊരു വഴി കാണിച്ച് തരും എന്ന ഒരു വിശ്വാസമാണത്.

6. കുട്ടികളെ സ്നേഹിക്കുക
കുട്ടികളുടെ ഭൗതികമായ ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുന്നതില്‍ രക്ഷിതാക്കള്‍ ബദ്ധശ്രദ്ധരാണ്. മനുഷ്യന്‍ എന്ന് പറഞ്ഞാല്‍ കേവലം ജഡികമായ വസ്തുവല്ല. ശരീരത്തെ പോലെ ആത്മാവും മനസ്സും വൈകാരിക ബന്ധങ്ങളും മനുഷ്യനെ സംബന്ധിച്ചേടുത്തോളം പ്രധാനമാണ്. സ്നേഹം ലഭിക്കുന്ന കുട്ടികളും അത് ലഭിക്കാത്ത കുട്ടികളും വലിയ വിത്യാസമുണ്ടാവും. ഇതി്ന് ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് തന്നെ ജീവിക്കാന്‍ പരമാവധി പരിശ്രമിക്കേണ്ടതാണ്.

Also read: കാക്ക കണ്ടറിയും കൊക്ക് കൊണ്ടാലും അറിയില്ല

7. അവരോട് കാരുണ്യം കാണിക്കുക
കുട്ടികളോട് കാരുണ്യവന്മാരായിരിക്കുക എന്നത് വളരെ പ്രധാനമാണ്. അവരോട് ക്രൂരമായി പെരുമാറുകയാണെങ്കില്‍ അതിനെക്കാള്‍ ക്രൂരന്മാരായിട്ടായിരിക്കും അവര്‍ നമ്മോടും സമൂഹത്തോടും പെരുമാറുക. ലോകം കണ്ട ഏറ്റവും വലിയ ക്രൂരന്മാരില്‍ ഒരാളായ ഹിറ്റ്ലര്‍ ആയിരുന്നുവല്ളൊ? ഹിറ്റ്ലര്‍ അങ്ങനെ ആവാന്‍ കാരണം അദ്ദേഹത്തിന് കുട്ടിക്കാലത്ത് രക്ഷിതാക്കളില്‍ നിന്ന് കിട്ടിയ കടുത്ത ശിക്ഷയുടെ ഫലമാണ്.

8. കുട്ടികളോട് സല്ലപിക്കുക
പുതിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വന്നതോടെ കുട്ടികളോട് ഇടപെടാനും സല്ലപിക്കാനുമുള്ള സമയം കുറഞ്ഞുവന്നു എന്നതാണ് സത്യം. തമാശയായിട്ടാണെങ്കിലും, കുട്ടികള്‍ ഞാനൊരു ടി.വി.യായിരുന്നെങ്കില്‍, ഞാനൊരു മൊബൈലായിരുന്നെങ്കില്‍ എന്നൊക്കെ ആഗ്രഹിക്കുന്ന രൂപത്തിലുള്ള മെസേജുകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം. ഇതില്‍ അല്‍പം അത്യൂക്തിയുണ്ടാവാമെങ്കിലും കുട്ടികളുമായി സല്ലപിക്കാന്‍ സമയം നീക്കിവെക്കണമെന്ന കാര്യത്തില്‍ സംശയമില്ല.

9. അനുഭവങ്ങള്‍ കൈമാറുക
കഥകള്‍ കേട്ടിരിക്കുക കുട്ടികള്‍ക്ക് വലിയ താല്‍പര്യമുള്ള കാര്യമാണ്. ഒരു കാലത്ത് നമ്മുടെ മുത്തശ്ശിമാരുടെ കഥകള്‍ കേട്ടായിരുന്നല്ളൊ കുട്ടികള്‍ സന്തോഷിച്ചിരുന്നത്. രക്ഷിതാക്കള്‍ സ്വന്തം അനുഭവങ്ങള്‍ കൈമാറുമ്പോള്‍ അതിന് പത്തരമാറ്റിന്‍റെ പതക്കമാണുള്ളത്. അത്തരം അനുഭവങ്ങള്‍ കൈമാറുന്നതിലൂടെ അവര്‍ പുതിയ ലോകത്ത് ജീവിക്കുന്നു എന്ന് മാത്രമല്ല അതില്‍ നിന്നും പലതും പഠിക്കുവാനും അവര്‍ക്ക് സാധിക്കും. ഖുര്‍ആന്‍ കഥകള്‍, പ്രവാചക കഥകള്‍, ചരിത്ര കഥകള്‍ എല്ലാം പറയാം.

Also read: സ്ത്രീകളോടുള്ള ആദരവ്

10. നന്മയും തിന്മയും വേര്‍തിരിച്ച് കാണിക്കുക
നന്മ ഏതാണ് തിന്മ ഏതാണ് എന്നൊന്നും സ്കൂളിലൊ കോളേജിലൊ കുട്ടികളെ പഠിപ്പിച്ച്കൊള്ളണമെന്നില്ല. അത് രക്ഷിതാക്കള്‍ ബോധപൂര്‍വ്വം അവരെ പഠിപ്പിക്കേണ്ട കാര്യമാണ്. ഇതിന് ഒരു പത്ത് മിനിറ്റെങ്കിലും സമയം കണ്ടത്തെിയേ മതിയാവൂ. നമ്മുടേത് പോലുള്ള ഒരു സെകുലര്‍ രാജ്യത്ത് കുട്ടികളുടെ ധാര്‍മ്മിക വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കള്‍ ഉല്‍സാഹം കാണിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ നന്മ ഏത് തിന്മ ഏത് എന്ന് അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ.

Facebook Comments

ഇബ്‌റാഹിം ശംനാട്

ജനനം 1960 ഏപ്രില്‍ 9, കാസര്‍ഗോഡ് ജില്ലയിലെ ചെംനാട്. 1975- 1983 ശാന്തപുരം ഇസ്ലാമിയ കോളേജില്‍ എഫ്.ഡി. കോഴ്‌സിന് പഠിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദം. ഇഗ്‌നോയില്‍ നിന്ന് ജേര്‍ണലിസം & പബ്ലിക് റിലേഷന്‍സ് പി. ജി. ഡിപ്‌ളോമയും കരസ്ഥമാക്കി. പങ്കെടുത്ത െ്രെടയിനിംഗുകള്‍: കമ്മ്യുണിറ്റി ഡവലപ്‌മെന്റെ് വര്‍ക്ക്‌ഷോപ്പ് (Conducted by Islamic Development Bank, Jeddah), ടോസ്റ്റ്മാസ്‌റ്റേര്‍സ് ഇന്റെര്‍നാഷണലില്‍ നിന്ന് പ്രസംഗ പരിശീലനം, Basic Pscychology, Neuro Lingistic Program, Transactional Analysis, കൃതികള്‍: പ്രവാചകനും കുട്ടികളുടെ ലോകവും, വധശിക്ഷ, ഇസ്ലാമിന്റെ ആവശ്യകത (വിവര്‍ത്തനം). പ്രബോധനം, ആരാമം, മലര്‍വാടി എന്നിവയില്‍ എഴുതുന്നു. പിതാവ് സി.എച്ച്. അബ്ദുല്ല ഹാജി. മാതാവ്: ബി.എം. ഖദീജബി. ഭാര്യ: സൗജ ഇബ്‌റാഹീം, മക്കള്‍: ഹുദ, ഈമാന്‍, ഖദീജ, ഇല്‍ഹാം, മനാര്‍

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker