Current Date

Search
Close this search box.
Search
Close this search box.

നവജാത ശിശുവിനോടുള്ള പത്ത് ബാധ്യതകള്‍

നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രസാദപൂര്‍ണ്ണമായ നിമിഷങ്ങളാണ് നവജാത ശിശുവിന്‍റെ ആഗമനം. ഗര്‍ഭ ധാരണം മുതല്‍ പ്രസവിക്കുന്നത് വരേയുള്ള കാലം ദമ്പതികള്‍ക്ക് മാത്രമല്ല അവരുടെ കുടുംബത്തിനും ഒരു ആഘോഷ കാലമാണ്. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും പഠിപ്പിച്ച് തന്ന പ്രവാചക തിരുമേനി (സ), നവജാത ശിശുവിനോടുള്ള രക്ഷിതാക്കളുടെ ബാധ്യതകള്‍ കൃത്യമായി പഠിപ്പിച്ച് തന്നിട്ടുണ്ട്. അതില്‍ വീഴ്ച വരുത്താതെ നിര്‍വ്വഹിക്കാന്‍ ശ്രമിക്കുന്നത് പുണ്യവും കുട്ടികളെ ശരിയായ പാരമ്പര്യത്തില്‍ വളര്‍ത്താനും സഹായിക്കും. രക്ഷിതാക്കള്‍ അവരോട് ചെയ്യേണ്ട പത്ത് ബാധ്യതകള്‍ ചുവടെ:

1. ബാങ്ക്, ഇഖാമത്ത് വിളികള്‍
കുട്ടി ജനിച്ചതിന് ശേഷം എത്രയും പെട്ടെന്ന് ചെയ്യേണ്ട സുപ്രധാന കര്‍മ്മമാണ് ബാങ്ക് വിളിയും ഇഖാമത്ത് വിളിയും. ഭൂമിയില്‍ നിന്ന് അവന്‍ ആദ്യം കേള്‍ക്കുന്ന ശബ്ദം തൗഹീദിന്‍റെ ശബ്ദമായ ബാങ്ക് വിളിയായിരിക്കണമെന്ന് ഇസ്ലാം നിഷ്കര്‍ശിക്കുന്നു. നബി (സ) പറയുന്നു: ഒരാള്‍ക്കൊരു കുഞ്ഞുണ്ടായാല്‍ അവന്‍റെ വലത്തേ ചെവിയില്‍ ബാങ്കും, ഇടത്തേ ചെവിയില്‍ ഇഖാമത്തും കൊടുക്കുകയാണെങ്കില്‍, അല്ലാഹു ഉദ്ദേശിച്ചെങ്കില്‍, ചെകുത്താന്‍ അവനെ ശല്യപ്പെടുത്തുകയില്ല. (ബൈഹഖി)

2. മധുരം നല്‍കുക
അബൂമൂസ (റ) വില്‍ നിന്നുദ്ധരിക്കുന്നത്: എനിക്ക് ഒരു കൈകുഞ്ഞ് പിറന്നപ്പോള്‍ ഞാനവനെ നബി തിരുമേനിയുടെ സന്നിധിയിലേക്ക് കൊണ്ട്പോയി. അദ്ദേഹം അവന് ഇബ്റാഹീം എന്ന് നാമകരണം ചെയ്തു. ഈത്തപ്പഴത്തിന്‍റെ ചെറിയൊരു ചീന്ത് അവന്‍റെ വായില്‍വെക്കുകയും ചെയ്തു. അങ്ങനെയായിരുന്നു അവന് മധുരം നല്‍കിയത്. പിന്നീട് അവനെ എനിക്ക് തന്നെ തിരിച്ചേല്‍പിക്കുകയും ചെയ്തു. ബുഖാരി ഉദ്ധരിച്ച ഹദീസ് 5150.

Also read: ചിന്തകളാൽ വ്യക്തതയേകും വ്യക്തിത്വം

3. പ്രാര്‍ത്ഥിക്കുക
കുട്ടികളെ സച്ചരിതരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. കാരണം അത് നമ്മുടെ കര്‍മ്മങ്ങളുടെ തുലാസില്‍ തൂക്കം വര്‍ധിക്കാന്‍ ഇടയാക്കുകയും അവര്‍ ഉത്തമ സന്താനങ്ങളായി വളരുകയും ചെയ്യും. നബി (സ) പറഞ്ഞൂ: ആദം സന്തതി മരിച്ച് പോവുമ്പോള്‍ മൂന്ന് കാര്യങ്ങളൊഴിച്ച് എല്ലാ പ്രവര്‍ത്തനങ്ങളും മുറിഞ്ഞു പോവുന്നു. എന്നെന്നും നിലനില്‍ക്കുന്ന ദാനധര്‍മ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സച്ചരിതരായ സന്താനങ്ങള്‍.

4. സല്‍ പേര് വിളിക്കുക
നവജാത ശിശുവിന് നല്ല പേര് വിളിക്കുക എന്നതാണ് മറ്റൊരു ബാധ്യത. കാരണം അത് അവന് നല്‍കുന്ന കേവലം ഒരു നാമം മാത്രമല്ല. മറിച്ച് അത് ഒരു പദവിയും അവനുമായി ആശയ വിനിമയം നടത്താനുള്ള നിര്‍ണ്ണായക ഘടകവുമാണ്. ഈ ലോകത്ത് മാത്രമല്ല നാളെ പരലോകത്തും അവന്‍ അറിയപ്പെടുക ആ പേര് കൊണ്ട് തന്നെ. അത് ഒരു വ്യക്തിയുടെ അലങ്കാരവും അവന്‍ ഏത് മതത്തില്‍ ഉള്‍പ്പെടുന്നു എന്നതിന്‍റെ പ്രതീകവുമാണ്. ഇസ്ലാമില്‍ അനുവദനീയമായ പേരുകള്‍ കൊണ്ടായിരിക്കണം അവന് നാമകരണം ചെയ്യേണ്ടത്. അല്ലാഹുവിനല്ലാതെ അടിമത്തം ചേര്‍ത്ത് വിളിക്കുന്നത് നിരോധിക്കപ്പെട്ട പേരുകളാണ്. ഉദാ: അബ്ദുല്‍ കഅ്ബ, അബ്ദുല്‍ റസൂല്‍ തുടങ്ങിയ നാമങ്ങള്‍. അത്പോലെ അല്ലാഹുവിനെ മാത്രം അഭിസംബോധന ചെയ്യുന്ന നാമങ്ങളും ഉപയോഗിക്കരുത്. ഉദാ: അല്‍ ഖാലിഖ്, അര്‍റാസിഖ്. കുട്ടികള്‍ക്ക് പേര് വിളിക്കുന്നത് പിതാവിന്‍റെ അവകാശമാണെങ്കിലും സഹധര്‍മ്മിണിയെ കൂടി പങ്കാളിയാക്കുന്നത് ഉത്തമമാണ്.

5. അഖീഖ അറുക്കുക
നവജാത ശിശുവിന് വേണ്ടി ഒരു ആടിനേയൊ മറ്റേതെങ്കിലും മൃഗത്തേയൊ അറുക്കുകയും കൂട്ടുകുടുംബാദികളെ സല്‍ക്കരിക്കുന്നത് പ്രബലമായ സുന്നത്താണ്. നബി (സ) പറഞ്ഞു: ഓരോ കുട്ടിയും ജനിച്ച് ഏഴാം ദിവസം നല്‍കുന്ന അഖീഖ കൊണ്ട് മോചിപ്പിക്കപ്പെടുന്നു. അഖീഖ അറുക്കുന്നതിന്‍റെ പ്രയോജനത്തെ കുറിച്ച് ഇബ്നു ഖയ്യിം പറയുന്നു:
അഖീഖ ബലികര്‍മ്മത്തിലൂടെ ശിശു ഈ ലോകത്തേക്ക് വന്ന ഉടന്‍ തന്നെ അവനെ അല്ലാഹുവുമായി അടുപ്പിക്കുന്നു. നവജാത ശിശുവിനുള്ള മോചനദ്രവ്യമാണ് ബലികര്‍മ്മം. അതിനാല്‍ രക്ഷിതാക്കള്‍ക്ക് വേണ്ടി ഇടപെടന്‍ കഴിയുന്നു. നവജാത ശിശു മോചിപ്പിക്കപ്പെട്ട മോചനദ്രവ്യമാണത്. അല്ലാഹു ആടിന്‍ കുഞ്ഞിനെ നല്‍കി ഇസ്മായിലിനെ മോചിപ്പിച്ചത് പോലെ.

Also read: ശഹീദ് വാരിയംകുന്നത്തിനെ പാരായണ വഴിയിൽ കണ്ടുമുട്ടിയപ്പോൾ

6.ചേലാകര്‍മ്മം ചെയ്യുക
സല്‍മാന്‍ ഇബ്നു ആമിര്‍ (റ) വില്‍ നിന്നുദ്ധരിക്കുന്നത്: നബി (സ) പറഞ്ഞു: ആണ്‍കുഞ്ഞിന് വേണ്ടി അഖീഖ അറുക്കുക. ചേലാ കര്‍മ്മം ചെയ്യുക. അബൂഹുറൈറയില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസ് ഇങ്ങനെ: മനുഷ്യ പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഞ്ച്: ചേലാകര്‍മ്മം ചെയ്യല്‍, മുടി നീക്കം ചെയ്യല്‍, കക്ഷത്തിലെ രോമം പറിച്ചെടുക്കല്‍, നുഖം മുറിക്കല്‍, മീശ വെടിപ്പാക്കല്‍ ബുഖാരി: 5550 ആണ്‍കുട്ടികളുടെ ചേലാകര്‍മ്മം ചെയ്യല്‍ ഒരു പ്രകൃതിചര്യയാണ്. ശരീര ശുദ്ധിയുമായി അത് ഏറെ ബന്ധപ്പെട്ടിരിക്കുന്നു. നമസ്കാരത്തിന്‍റെ അനിവാര്യ ഉപാധികളില്‍ ഒന്നാണ് ശുദ്ധി. ഏഴാം ദിവസം അവന് വേണ്ടി ബലി അറുക്കുകയും അവന് പേര് വിളിക്കുകയും അവന്‍റെ തലമുണ്ഡനവും ചെയ്യുക. തിര്‍മുദി:1522

7. തലമുണ്ഡനം ചെയ്യുക
തലമുണ്ഡനത്തിന് ശേഷം മുടിയുടെ തൂക്കത്തിന് തുല്യമായ സ്വര്‍ണ്ണമൊ വെള്ളിയൊ ദാനം ചെയ്യുന്നത് ഉത്തമമാണ്. അങ്ങനെ ചെയ്യാന്‍ പ്രയാസമാണെങ്കില്‍ സ്വര്‍ണ്ണത്തിനൊ വെള്ളിക്കൊ തുല്യമായ തുക നല്‍കിയാലും മതിയാവുന്നതാണ്. നമ്മേയും നമ്മുടെ സന്താനങ്ങളേയും എല്ലാവിധ തിന്മകളില്‍ നിന്നും രക്ഷിക്കുവാനും ഈ ലോകത്തും പരലോകത്തും നല്ലൊരു അവസ്ഥക്കായി പ്രാര്‍ത്ഥിക്കാം. ദാനധര്‍മ്മം പ്രാര്‍ത്ഥന സ്വീകരിക്കാനുള്ള ഉപാധിയായി മാറുകയും ചെയ്തേക്കാം. നബി (സ) അവിടത്തെ പൗത്രനായ ഹസന് വേണ്ടി ജനിച്ച ഏഴാം ദിവസം ഒരു ആടിനെ അറുത്ത് നല്‍കിയിരുന്നു. പിന്നീട് കുട്ടിയുടെ തല മൊട്ടയടിക്കാനും മുടിയുടെ തൂക്കം വെള്ളി ദാനം ചെയ്യാനും നിര്‍ദേശിച്ചു.

8. മുലയൂട്ടുക
നവജാത ശിശുക്കള്‍ക്ക് രണ്ട് വര്‍ഷം വരെ മുലയുട്ടുന്നത് ഉത്തമമാണെന്നും അത് അവരുടെ പ്രതിരോധശേഷി വളര്‍ത്തുമെന്നും ഉമ്മമാരുടെ സ്തനാര്‍ഭുദ സാധ്യത കുറക്കുമെന്നും ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. തങ്ങളുടെ സൗന്ദര്യത്തിന് ഭംഗം വരുമൊ എന്ന ഭയത്താല്‍ മുലകുടി മാറ്റാന്‍ സ്ത്രീകള്‍ ഒൗല്‍സുക്യം കാണിച്ചിരുന്നു. ലോകാരോഗ്യ സംഘടന മുലകുടിയുടെ പ്രധാന്യം ബോധ്യപ്പെടുത്താന്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് ആദ്യവാരാചാരമായി കൊണ്ടാടുന്നു. എന്നാല്‍ ഇസ്ലാം ഇക്കാര്യം പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഉണര്‍ത്തിയത് ഇങ്ങനെ: മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ടുവര്‍ഷം പൂര്‍ണമായും മുലയൂട്ടണം. മുലകുടികാലം പൂര്‍ത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിലാണിത്……… 2: 233

Also read: തൂക്കു മരത്തിൻറെ താഴെ നിന്ന്

9. രക്ഷിതാക്കളുടെ പരിലാളനം
നവജാത ശിശുവിന് ലഭിക്കേണ്ട മറ്റൊരു സുപ്രധാന അവകാശമാണ് രക്ഷിതാക്കളില്‍ നിന്നുള്ള പരിലാളന. തലയില്‍വെച്ചാല്‍ പേനരിക്കും താഴെവെച്ചാല്‍ ചിതലരിക്കും എന്ന ഭാഷാ പ്രയോഗം കുട്ടികളോടുള്ള നമ്മുടെ സ്നേഹത്തിന്‍റെ ആഴവും പരപ്പുമാണ് വ്യക്തമാക്കുന്നത്. ഈ സ്നേഹ പരിലാളനം അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ഒരിക്കല്‍ നബി (സ) പേരക്കുട്ടിയായ ഹസന്‍ (റ) ചുംബിക്കുന്നത് കണ്ട് അഖ്റഉബ്നു ഹാരിസ എന്ന സഹാബി ഇങ്ങനെ പറഞ്ഞു: എനിക്ക് പത്ത് കുട്ടികളുണ്ട്. ഞാനൊരിക്കലും അവരില്‍ ഒരാളെയും ഉമ്മവെച്ചിട്ടില്ല. നബിയുടെ പ്രതികരണം: കാരുണയില്ലാത്തവന്‍റെ മേല്‍ കാരുണ്യം ചൊരിയപ്പെടുകയില്ല. ഇതിന് ദമ്പതികള്‍ തമ്മിലുള്ള ബന്ധവും ഊഷ്മളമായിരിക്കണം.

10. ശിക്ഷണം
കുട്ടികളുടെ മുലകുടി മാറുന്നതോടെ രക്ഷിതാക്കളുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുകയാണ്. ഓരോ പ്രായത്തിനനുസരിച്ച ശിക്ഷണം അവര്‍ക്ക് ലഭിച്ചിരിക്കണം. മുലപ്പാലിന്‍റെ രുചിഭേദം പോലെയാണ് ശിക്ഷണവും. പ്രസവിച്ച ഉടന്‍ ലഭിക്കുന്ന മുലപ്പാലും മാസങ്ങള്‍ പിന്നിടുമ്പോള്‍ ലഭിക്കുന്ന മുലപ്പാലും തമ്മില്‍ മാറ്റമുണ്ടാവുന്നത് പോലെ വിവിധ പ്രായത്തില്‍ കുട്ടികള്‍ക്ക് ലഭിക്കേണ്ട ശിക്ഷണത്തിലും മാറ്റം ഉണ്ടാവണം. നബി (സ) പറഞ്ഞു: നല്ല വിദ്യാഭ്യാസത്തേക്കാള്‍ ഉത്തമമായ ഒന്നും ഒരു പിതാവ് തന്‍റെ കുഞ്ഞിന് നല്‍കുന്നില്ല. (മിശ്കാത്ത്)

Related Articles