Parenting

സന്താന പരിപാലനം രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്

മാതാപിതാക്കളിൽ നിന്ന് മക്കൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം ശരിയായ പരിപാലനമാണ്. പക്ഷേ, പലപ്പോഴും മക്കൾക്കത് ലഭിക്കാതെ പോകുന്നുണ്ട്. എങ്ങനെയാണ് മക്കളെ വളർത്തേണ്ടതെന്ന് രക്ഷിതാക്കൾക്ക് കൃത്യമായ ധാരണയില്ലാത്തതാണ് അതിനെല്ലാം കാരണം.  മക്കൾ നമ്മുടെ അമാനത്ത് സ്വത്താണ്. അല്ലാഹു നൽകിയ അമൂല്യമായ അനുഗ്രഹമാണ്. അതിനാൽ തന്നെ അവരെ നേർവഴിയിൽ നടത്തേണ്ടതും വിജയങ്ങളുടെ ഉന്നതികളിൽ എത്തിക്കേണ്ടത്തും മാതാപിതാക്കളുടെ കടമയാണ്. ഓരോ കുട്ടിയുടേയും ജീവിത ജയപരാജയങ്ങൾ തീരുമാനിക്കുന്നത് രക്ഷിതാക്കളിലൂടെയാണ്‌. അതിനാൽ പരിപാലനം സമ്പൂർണ്ണ ഉത്തരവാദിത്വത്തോടെ നിർവഹിക്കാൻ ഓരോ രക്ഷിതാക്കളും ബാധ്യസ്ഥരാണ്. നന്മയുടെ വഴികളിൽ വളർന്ന മക്കൾ മാത്രമേ മുസ്ലിം ലോകത്തിന് ഉപകരിക്കുന്ന വ്യക്തിത്വങ്ങൾ ആയിത്തീരൂ. അവരെക്കൊണ്ട് മാത്രമേ മാതാപിതാക്കൾക്ക് പരലോകത്ത് വിജയിക്കാനാകൂ. പ്രവാചകൻ (സ്വ) പറയുന്നു: “ഒരാൾ മരിച്ചാൽ അവന്റെ എല്ലാ പ്രവർത്തികളും അതോടെ അവസാനിക്കും. മൂന്നു കാര്യങ്ങൾ മാത്രമാണ് പിന്നീട് അവന് ഉപകരിക്കുക; ജാരിയായാ സ്വദഖ, ഉപകാരപ്രദമായ ജ്ഞാനം, മരിച്ച വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഉത്തമനായ പുത്രൻ എന്നിവയാണത്”(അബൂ ദാവൂദ്).

ശുദ്ധമനസ്‌കരാണ് കുട്ടികൾ

ഓരോ വ്യക്തിയുടെയും പെരുമാറ്റം രൂപപ്പെടുത്തുന്നത് രണ്ടു വഴികളിലൂടെയാണ്. അതിൽ ഒന്നാമത്തേത് അവന്റെ ആന്തരികമായ സ്വഭാവങ്ങളുടെ സ്വാധീനത്താൽ ഉണ്ടാകുന്ന പെരുമാറ്റമാണ്. രണ്ടാമത്തേത്, സാഹചര്യങ്ങൾ വഴി അവൻ സ്വായത്തമാക്കുന്ന പെരുമാറ്റ ചട്ടങ്ങളും രീതികളുമാണ്. ഖുദുസിയായ ഒരു ഹദീസിൽ ഇങ്ങനെ കാണാം – “ശുദ്ധപ്രകൃതത്തോടെയാണ് ഓരോ കുഞ്ഞും ജനിക്കുന്നത്. പിന്നീട് അവന്റെ മാതാപിതാക്കൾ ആണ് അവനെ ക്രൈസ്തവനും ജൂതനും തീ ആരാധകനും ആക്കിത്തീർക്കുന്നത്.”
മേലുദ്ധരിച്ച തിരുവചനം വ്യക്തമാക്കുന്നത് അല്ലാഹു എല്ലാ സന്താനങ്ങളെയും ശുദ്ധപ്രകൃതക്കാരും പാപമുക്തരുമയാണ് ഭൂമിയിലേക്ക് അയക്കുന്നത് എന്നാണ്. ഓരോ കുഞ്ഞും അതിന്റെ ആന്തരിക സ്വഭാവത്തിന്റെ സ്വാധീനത്തോടെ ദു:സ്വഭാവി ആയിത്തീർന്നത് അസംഭവ്യമാണ്. അതിനാൽത്തന്നെ, ഒരു കുഞ്ഞു തെറ്റ് ചെയ്താൽ അതിന് ആ കുഞ്ഞിനെ ഒരിക്കലും പഴിക്കുകയോ ശകാരിക്കുകയോ ചെയ്യരുത്, പ്രത്യേകിച്ചും പത്ത് വയസ്സിനു താഴെ മാത്രം പ്രായം ഉള്ള കുട്ടികളോട്. ഓരോ കുഞ്ഞും അതിന്റെ ചുറ്റുപാടിൽ കാണുന്നത് എന്തോ അത് അനുകരിക്കാൻ ആണ് ശ്രമിക്കുന്നത്.

Also read: “സോഫിയുടെ ലോകം” തത്വചിന്തയിലേക്ക് വഴിതുറക്കുന്ന വാതായനം

എന്തെങ്കിലും അരുതായ്മകൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അതിനു മാതാപിതാക്കൾ മക്കളെ ശകാരിക്കുകയും അടിക്കുകയും ചെയ്യുന്നതാണ് പൊതുവെ നാം കാണാറുള്ളത്. രക്ഷിതാക്കൾ മനസ്സിലാക്കേണ്ടത്, കുഞ്ഞുങ്ങൾ ചുറ്റുപാടുകളുടെ കണ്ണാടിയാണ്. ചുറ്റുപാടിൽ നിന്ന് കണ്ടും കേട്ടും അനുഭവിച്ചും മനസ്സിലാക്കുന്നത് മാത്രമാണ് അവരിലൂടെ പ്രകടമാകുന്നത്. അതിനാൽത്തന്നെ, അവർക്കെതിരെ നടപടി എടുക്കുന്നതിന് പകരം അവർ ജീവിക്കുകയും ഇടപെടുകയും ചെയ്യുന്ന ചുറ്റുപാടുകളെ മനസ്സിലാക്കാനും അത് നന്മപൂർണമാക്കാണും ശ്രമിക്കുകയാണ് ഓരോ രക്ഷിതാവും ചെയ്യേണ്ടത്.

മാതാപിതാക്കളാണ് മാതൃകാപുരുഷന്മാർ

മക്കൾ യുവത്വത്തിന്റെ കാലഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴും അവർ തെറ്റും ശരിയും വേർതിരിച്ചു മനസ്സിലാക്കാനുള്ള കഠിന ശ്രമത്തിലാണ്. മാത്രമല്ല, തങ്ങളുടെ ചുറ്റുപാടുകളുമായി എങ്ങനെ പ്രതികരിക്കണമെന്നും മനസ്സിലാക്കുകയാണ് അവർ. എന്ത് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും ഏത് ചുറ്റുപാടുകളുമായാണ് പൊരുത്തപ്പെടേണ്ടതെന്നും മക്കളെ പഠിപ്പിക്കലാണ് ഇവിടെ രക്ഷിതാക്കളുടെ ഉത്തരവാദിത്വം. അതിനെല്ലാം പുറമേ, ഏത് രീതിയിലുള്ള ആളുകളുമായാണ് കൂട്ടുകൂടെണ്ടതെന്നും അവരോടെല്ലാം എങ്ങനെ പെരുമാറണമെന്നും രക്ഷിതാക്കൾ പഠിപ്പിച്ചു കൊടുക്കണം. അതിലൂടെ മാത്രമേ അവരെ സൽസ്വഭാവികളാക്കി മാറ്റിയെടുക്കാനാകൂ. പ്രവാചകൻ  പറയുന്നു:”നിങ്ങളിൽ ഓരോരുത്തരും സംരക്ഷകരും രക്ഷാകർത്താക്കളുമാണ്. നിങ്ങളുടെ സംരക്ഷണ ചുമതലയേക്കുറിച്ചും രക്ഷാ കർതൃത്വത്തെക്കുറിച്ചും നിങ്ങള്‍ പരലോകത്ത് വെച്ച് ചോദ്യം ചെയ്യപ്പെടും. പ്രജകളുടെ ഉത്തരവാദിത്വം ഭരണാധികാരിക്കാണ്, അതിനെക്കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടും. ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം അവിടത്തെ ഭർത്താവിനാണ്, അതിനെക്കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടും. ഭർത്താവിന്റെ വീടിന്റെയും മക്കളുടെയും ചുമതല ഭാര്യക്കാണ്, അതിനെക്കുറിച്ച് അവൾ‌ ചോദ്യം ചെയ്യപ്പെടും. ഓരോ അടിമയും ഉടമയുടെ സമ്പത്തിന്റെ മേൽ ഉത്തരവാദിയാണ്, അതിനെക്കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടും. അതിനാൽത്തന്നെ, നിങ്ങളെല്ലാവരും സംരക്ഷകരും രക്ഷാകർത്താക്കളുമാണ്. അതിനെല്ലാം ഉത്തരവാദികളുമാണ്” (സ്വഹീഹുൽ ബുഖാരി).

Also read: ഡൽഹിയിലെ രാജകീയ ജലസംഭരണി

എന്ത് ചെയ്യണമെന്നും തന്റെ ഉത്തരവാദിത്വം എന്തെന്നും അറിയാതെയാണ് ഓരോ കുട്ടിയും  പിറന്നു വീഴുന്നത്. അവിടെ രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ് അവരെ സംരക്ഷിക്കുകയും നേർവഴിയിൽ നടത്തുകയും ചെയ്യുകയെന്നത്. ഒരാൾ തന്റെ മക്കളെ സ്വതന്ത്രമായി വിട്ടു കഴിഞ്ഞാൽ അവർ ആരെയാണോ കണ്ടുമുട്ടുന്നത് അവരുമായിട്ടായിരിക്കും അവന്റെ പിന്നീടുള്ള സമ്പർക്കം. അത് ചിലപ്പോൾ തിന്മയുടെ മാർഗവും ആയേക്കാം. അതുകൊണ്ട് തന്നെയാണ് ഫിത്വറത്തിന്റെ കാലത്ത് തന്നെ മക്കൾ അല്ലാഹുവിന്റെ മാർഗത്തിലൂടെ ചലിക്കാൻ ബദ്ധശ്രദ്ധരാകണം എന്ന് പറയുന്നത്. അത് അവരെ നന്മയിലും സത്യത്തിലും മാത്രമേ കൊണ്ടെത്തിക്കൂ. മക്കൾ ഏറ്റവും കൂടുതൽ അനുകരിക്കാൻ ശ്രമിക്കുക സ്വന്തം മാതാപിതാക്കളെ തന്നെയായിരിക്കും.  സ്വന്തം മക്കളിൽ വല്ല ദു:സ്വഭാവമോ മോശമായ പെരുമാറ്റങ്ങളോ കണ്ടാൽ, ആദ്യം അത് നിങ്ങളിൽ ഉണ്ടോ എന്നാണ്  അന്വേഷിക്കേണ്ടത്.

പരിപാലനത്തിന്റെ കാതൽ കരുണയും വാത്സല്യവുമാണ്

കരുണയും വാത്സല്യവും ഏതൊരു നേതാവിനും നിർബന്ധമായും ഉണ്ടാകേണ്ട നേതൃഗുണമാണ്. പ്രവാചകശ്രേഷ്ഠരിൽ അതുൾചേർന്നിരുന്നു. ശത്രുക്കളോട് പോലും പ്രവാചകർ ദയാവായ്‌പോടെയാണ് പെരുമാറിയത്. കുട്ടികളോടും തിരുനബിക്ക് വലിയ വാത്സല്യമായിരുന്നു. തിരുനബി സുജൂദിലായിരിക്കുമ്പോൾ പേരമക്കളായ ഹസനും ഹുസൈനും പ്രവാചകന്റെ മുതുകത്ത് കയറി ഇരിക്കാറുണ്ടായിരുന്നുവെന്നത് ചരിത്രം.

അബ്ദുല്ലാഹി ബ്നു ശദ്ദാദ്‌ തന്റെ പിതാവിനെക്കുറിച്ച് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം. ശദ്ദാദ്‌ പറയുന്നു: ഒരു ദിവസം രാത്രി നമസ്കാരത്തിന് തിരുനബി ഞങ്ങൾക്കിടയിലേക്ക് കടന്നുവന്നു. ഹസനോ ഹുസൈനോ അപ്പോൾ നബിയുടെ ചുമലിൽ ഉണ്ടായിരുന്നു. തിരുനബി മുന്നോട്ട് വന്നു അവനെ അരികത്തിരുത്തി. എന്നിട്ട് തക്ബീർ ചൊല്ലി നിസ്കാരം ആരംഭിച്ചു. നിസ്കാരത്തിനിടയിലെ ഒരു സുജൂദ് നബി വല്ലാതെ ദീർഘിപ്പിച്ചു. എഴുന്നേറ്റ് നോക്കുമ്പോൾ ചുമലിൽ നബിയുടെ മുതുകിൽ കയറി ഇരിക്കുന്ന കുട്ടിയെയാണ് ഞാൻ കണ്ടത്. ഞാൻ വീണ്ടും സുജൂദിലേക്ക് തന്നെ പോയി. നിസ്കാര ശേഷം സ്വഹാബാക്കൾ നബിയോട് സുജൂദ് ദീർഘിപ്പിച്ചതിനെക്കുറിച്ച് ചോതിച്ചു. അന്നേരം വല്ല വഹ്‌യും ഇറങ്ങിയിട്ടുണ്ടാകും എന്നാണ് അവർ കരുതിയത്. പ്രവാചകൻ സ്വാഹാബാക്കളോടായി പറഞ്ഞു:”വഹ്‌യൊന്നും ഇറങ്ങിയിട്ടില്ല. എന്റെ കുട്ടി എന്റെ മുതുകത്ത് കയറി സവാരി നടത്തുകയായിരുന്നു. അവനെ ശല്യപ്പെടുത്താൻ എനിക്ക് മനസ്സ് വന്നില്ല. അവന് മതിയാകുന്നത് വരെ ഞാൻ കാത്തിരുന്നു”(സുനന് നസാഈ).

Also read: വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഇന്‍റര്‍നെറ്റിന്‍റെസഹായത്തോടെ ?

എത്ര മാതാപിതാക്കൾ തങ്ങളുടെ മക്കളെ ഇങ്ങനെ കളിക്കാൻ അനുവദിച്ചിട്ടുണ്ടാകും? ഇത് അനുവദിച്ചു കൊടുക്കുന്നത് ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങളിൽ പെട്ടതൊന്നും അല്ലല്ലോ എന്ന് കരുതി നിങ്ങൾ മക്കളോട് ദേഷ്യപ്പെട്ട് അടങ്ങിയിരിക്കാൻ കൽപ്പിക്കും. അത് കുഞ്ഞുങ്ങളുടെ പ്രകൃതമാണെന്നും അവരുടെ കളികൾ അത്തരത്തിലായിരിക്കും എന്നും പ്രവാചകന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ നബി അവരെ തടഞ്ഞില്ല. കുട്ടികളോടൊത്തുള്ള കളികൾ അവരുടെ ശരിയായ വളർച്ചയിൽ വലിയ സ്വാധീനം ഉണ്ടാക്കുമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. സാമൂഹികവും, വൈകാരികവും, ശാരീരികവുമായി അത് കുട്ടികളിൽ വലിയ രീതിയിലുള്ള ക്രിയാത്മക പ്രതിഫലനം സൃഷ്ടിക്കും.

അബൂ ഹുറൈറ(റ) പറയുന്നു: നബി ഒരിക്കൽ ഹസനെയും ഹുസൈനേയും ചുംബിക്കുമ്പോൾ നബിക്ക് അരികിൽ അഖ്റ ബിനു ഹാബിസ് ഇരിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് അൽഭുതത്തോടെ അഖ്റ ചോദിച്ചു: നബിയെ, എനിക്ക് പത്ത് മക്കളുണ്ട്. അതിൽ ഒരാളെപ്പോലും ഇത് വരെ ഞാൻ ചുംബിച്ചിട്ടില്ല. തിരുനബി അഖ്റഇനെ ഒന്ന് നോക്കിയിട്ട് പറഞ്ഞു: “കരുണ കാണിക്കാത്തവൻ കരുണ ചെയ്യപ്പെടുകയുമില്ല”(സ്വഹീഹുൽ ബുഖാരി).

വാത്സല്യവും സ്നേഹലാളനയും കുട്ടികളെ എത്രത്തോളം സന്തുഷ്ടരാക്കുമെന്ന് പറയേണ്ടതില്ലല്ലോ. വളർന്നു വലുതാകുന്നത് വരെ ഒരിക്കലും ഇത് ഒഴിവാക്കാൻ പാടില്ല. കുട്ടികൾ നമ്മോട് വല്ല അബദ്ധവും ചെയ്താൽ ദേഷ്യപ്പെടുന്നതിന് പകരം അവന് മാപ്പ് കൊടുക്കുകയും അവൻ ചെയ്ത അബദ്ധത്തെക്കുറിച്ച് അവനെ ബോധവാനാക്കുകയും ചെയ്യുക. ആരാധനക്കിടയിൽ ശല്യം ചെയ്യുന്നെങ്കിൽ അപ്പോൾ ക്ഷമ കൈക്കൊള്ളുകയും പിന്നീട് നിസ്കാരത്തെക്കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും അവർക്ക് പറഞ്ഞു കൊടുക്കുക.

മക്കൾക്ക്  എവിടെ അതിര് നിർണ്ണയിക്കും?

സഅലബത്തുൽ ഖഷ്‌നി(റ) ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു:”ശരീഅത്തിൽ നിർബന്ധമായ കാര്യങ്ങളെല്ലാം തീർച്ചയായും അല്ലാഹു വ്യക്തമാക്കിത്തന്നിട്ടിണ്ട്, അത് നഷ്ടപ്പെടുത്തിക്കളയരുത്. ചില അധിരുകൾ നിർണയിച്ചിട്ടുണ്ട്, അത് ലംഘിക്കരുത്. ചിലത് നിഷിദ്ധമാക്കിയിട്ടുണ്ട്, അതിലേക്ക് അടുക്കരുത്. ചില കാര്യങ്ങളെക്കുറിച്ച് മൗനം ദീക്ഷിച്ചിട്ടുണ്ട്, അത് അന്വേഷിക്കാൻ ശ്രമിക്കരുത്(നവവി).

Also read: പകർച്ചവ്യാധിക്കു മുന്നിൽ പകച്ചുനിൽക്കുന്ന യുദ്ധകൊതിയൻമാർ

ജീവിതത്തിന് കൃത്യമായ അതിരുകളില്ലാത്ത സമൂഹം ആഭാസങ്ങളിലും അതുവഴി നാശത്തിലുമാണ് എത്തിച്ചേരുക. അതുപോലെയാണ് സന്താനങ്ങളും. അവരുടെ സ്വഭാവ പെരുമാറ്റങ്ങളെ നിയന്ത്രിക്കാനും മാർഗദർശനം നടത്താനും കൃത്യമായ അതിരുകൾ അനിവാര്യമാണ്. അതാണ് അവരെ പരിമിതമായ ഇടങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കാനും പെരുമാറാനും പ്രാപ്തരാക്കൂ. അതിരുകളില്ലെങ്കിൽ ഏതാണ് നല്ലതെന്നും ദുഷിച്ചതെന്നും അവരുടെ സ്വഭാവ മാറ്റങ്ങളിലൂടെ അവർ നിങ്ങളെ പരീക്ഷിക്കും. ഭാര്യ, ഭർത്താക്കന്മാർ അടക്കം കുടുംബത്തിലെ എല്ലാവർക്കും കൃത്യമായ പെരുമാറ്റ, പ്രവർത്തി പരിമിതികളുണ്ടാകണം. എന്തിനാണ് മാതാപിതാക്കളെ അനുസരിക്കേണ്ടതെന്ന് മക്കളെ പറഞ്ഞു ബോധ്യപ്പെടുത്തണം. കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ സാമൂഹികവും ബൗദ്ധികവുമായ ഉദാഹരണങ്ങൾ ഒപ്പം ചേർക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. പറഞ്ഞു കൊടുക്കുന്നതിനെക്കുറിച്ച് അത് അവരിൽ ആഴത്തിലുള്ള വേരോട്ടം ഉണ്ടാക്കും. അല്ലാഹു  സന്താനങ്ങളെ നമുക്ക് കൺകുളിർമ്മയാക്കിത്തരട്ടെ- ആമീൻ.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker